Current Date

Search
Close this search box.
Search
Close this search box.

രണ്ടു ദിർഹമിന്റെ നികാഹ്

താബിഈ പണ്ഡിതനായിരുന്നു സഈദ് ബിനു മുസയ്യിബ് (റഹ്) ( AH 15- 94/CE 642 – 715 ). താബിഈങ്ങളുടെ നേതാവ് എന്നാണ് മദീനക്കാർ മൊത്തം അദ്ദേഹത്തെ വിളിച്ചിരുന്നത്. ഹദീസ് – ഫിഖ്ഹ് വിജ്ഞാനീയങ്ങളുടെ അവരുടെ റഫറൻസ് . ആയിരക്കണക്കിന് ശിഷ്യഗണങ്ങളുടെ ആദരണീയനായ ഗുരു. ക്ലാസിലെ സ്ഥിര സാന്നിധ്യമായിരുന്ന അബ്ദുല്ലാഹ് കുസൈർ ഇബ്‌നു അബീ വദാഅയുടെ അഭാവം നൂറുകണക്കിനാളുകൾക്കിടയിൽ ഗുരു മാത്രമേ ശ്രദ്ധിച്ചിരുന്നുള്ളൂ. ദിവസങ്ങൾക്ക് ശേഷം ക്ലാസിലെത്തിയ ശിഷ്യനോട് ശരിയായ മെന്ററായ ശൈഖ് ചോദിച്ചു:”അബ്ദുല്ലാഹ് നീ എവിടെയായിരുന്നു? ”
ശിഷ്യൻ പറഞ്ഞു: “എന്റെ ഭാര്യ മരിച്ചുപോയി ഉസ്താദേ,
അതുമായി ബന്ധപ്പെട്ട് ലേശം തിരക്കിലായിരുന്നു”
ഗുരു : “എന്തേ നമ്മളെ അറിയിക്കാഞ്ഞത് ?? മരണ വീട് സന്ദർശിക്കാമായിരുന്നുവല്ലോ ??”
ലേശം കഴിഞ്ഞ് ഗുരു തുടർന്നു :

“വേറെ വിവാഹം കഴിക്കാൻ നോക്കിയില്ലേ ?”
ശിഷ്യൻ (അത്ഭുതത്തോടെ) : “എനിക്കൊക്കെ പെട്ടെന്ന് ആരാണ് പെണ്ണ് തരിക? കയ്യിലാവട്ടെ രണ്ടോ മൂന്നോ ദിർഹമേ ഉള്ളൂ ”
ഗുരു : ഞാൻ കെട്ടിച്ചു തന്നാലോ ??
തുടർന്ന് ആ വിജ്ഞാന സദസ്സ് സാക്ഷിയായി ആ നികാഹ് നടന്നു. വളരെ ലളിതമായ രണ്ടു ദിർഹമിന്റെ നികാഹ് .അബ്ദുൽ മലിക് ഇബ്‌നു മർവാൻ തന്റെ മകൻ വലീദ് ഇബ്‌നു അബ്ദുൽ മലികിന് വേണ്ടി ആലോചിച്ച അതി സുന്ദരിയായ മകളെ രണ്ടു ദിർഹം മാത്രം നീക്കിയിരിപ്പുള്ള , നേരത്തെ ഒരു കല്യാണം കഴിഞ്ഞ തന്റെ ദീനിയായ ശിഷ്യന് കെട്ടിച്ച് കൊടുക്കാൻ കാരണവന്മാരുടെ സമ്മതമോ നാട്ടാചാരങ്ങളോ ഒന്നും ആ ഗുരുവിന് വേണ്ടി വന്നില്ല. അന്നത്തെ സദസ് അതോടെ പിരിഞ്ഞു. ശിഷ്യൻ നികാഹ് കഴിഞ്ഞപ്പോൾ എഴുന്നേറ്റു വീട്ടിലേക്ക് നടന്നു. സന്തോഷം കൊണ്ട് എന്തുചെയ്യണമെന്ന് അദ്ദേഹത്തിനറിയില്ലായിരുന്നു. വീട്ടിൽ പോയി ആരിൽ നിന്നെങ്കിലും ലേശം കാശ് കടം വാങ്ങുക എന്ന ചിന്തയിൽ വീടണഞ്ഞ പുതിയാപ്ല തനിക്ക് നോമ്പാണെന്നുള്ള കാര്യമെല്ലാം മറന്നിരുന്നു. വീടിനടുത്തുള്ള പള്ളിയിൽ നിന്നും മഗ്‌രിബ് നമസ്കരിച്ചു വീട്ടിൽ പോയി വിശ്രമിക്കാൻ നില്ക്കുമ്പോഴാണ് സ്ഥിരം കഴിക്കാറുള്ള റൊട്ടിയും എണ്ണയും വീട്ടുകാർ കൊണ്ടുവന്നു കൊടുത്തത്. അപ്പോഴേക്കും വാതിലിലൊരു മുട്ട് . ഇബ്നു അബീ വദാഅ വിളിച്ചു ചോദിച്ചു: “ആരാ ”
ആഗതൻ : ” സഈദ്”
പ്രതിശ്രുത വരൻ തന്റെ ഗുരുവല്ലാത്ത എല്ലാ സഈദുമാരെയും മനസ്സിലോർത്തു. ഈ നേരത്ത് ഏത് സഈദ് എന്ന് കരുതിയാണ് വാതിൽ തുറന്നത്. അപ്പോഴതാ തന്റെ ഗുരുവും ഇന്നു മുതൽ തന്റെ അമ്മോശനുമായ ശൈഖ് സഈദു ബ്നുൽ മുസയ്യിബ് . 40 കൊല്ലത്തിനിടയിൽ സന്ധ്യാനേരത്ത് പള്ളിക്ക് പുറത്ത് ആരും അദ്ദേഹത്തെ കണ്ടിട്ടില്ല. അങ്ങനെയുള്ള മഹാമനീഷിയാണ് തന്റെ വീട്ടു വാതിൽക്കൽ ഈ സന്ധ്യാ സമയത്ത് . ശിഷ്യൻ അത്ഭുതത്തോടെ ചോദിച്ചു:

“അബൂ മുഹമ്മദ് (ഗുരുവിന്റെ വിളിപ്പേര് ), താങ്കൾ പറഞ്ഞിരുന്നുവെങ്കിൽ ഞാൻ അങ്ങോട്ട് വരാമായിരുന്നു.”
ഗുരു : “ഇന്ന് നിന്റെയടുക്കൽ ഞാനല്ലേ വരേണ്ടത് !? ഇന്നല്ലേ നീ പുതിയ വിവാഹം കഴിച്ചത് ?? എന്നിട്ട് ഒറ്റക്ക് കിടന്നുറങ്ങുകയോ ??”
ഗുരുവിന്റെ പിന്നിൽ നിന്നിരുന്ന പ്രതിശ്രുത വധുവിനെ വാതിലിന്റെ അടുത്തേക്കു ചേർത്തു നിർത്തി “ഇതാ നിന്റെ പെണ്ണ് ” എന്ന് പറഞ്ഞു ഗുരു സലാം പറഞ്ഞു പെട്ടെന്ന് തന്നെ പോയി.

നാണത്താൽ വീട്ട് മുറ്റത്ത് നില്ക്കുന്ന പെൺകുട്ടിയെ കണ്ടപ്പോഴാണ് പുതിയാപ്ലയുടെ ഉമ്മയും അയൽവാസികളുമെല്ലാം സംഗതി അറിയുന്നത്. വീട്ടിൽ വിളമ്പി വെച്ച ഉണക്കറൊട്ടിയും എണ്ണയും പുതിയപെണ്ണ് കാണുമോ എന്ന ബേജാറായിരുന്നു പുതിയാപ്ലക്ക് .
ഏതായാലും മൂന്നുദിവസത്തെ ഉമ്മയുടെ സ്പെഷ്യൽ കൗൺസിലിങിന് ശേഷമാണ് അവർ കുടുംബ ജീവിതം തുടങ്ങിയത്. ഖുർആനും ഹദീസും ഫിഖ്ഹുമെല്ലാം പിതാവിൽ നിന്നും സൂക്ഷ്മമായി വിശകലനം ചെയ്ത് പഠിച്ചവളാണ് തന്റെ പുതിയ മരുമകളെന്ന് ഉമ്മാക്ക് ബോധ്യപ്പെട്ടു. പ്രതിശ്രുത വധൂവരന്മാരെ പോലെ ആ ഉമ്മയും ഏറെ സന്തോഷത്തിലായിരുന്നു. നികാഹ് തന്നെ അറിയിക്കാത്തതിൽ ആ ഉമ്മേയ്ക്കാ വീട്ടുകാർക്കോ അയൽവാസികൾക്കോ യാതൊരു പരാതിയുമില്ലാതിരുന്നത് ഇസ്ലാമിക വിവാഹത്തിന്റെ ലാളിത്യത്തെ കുറിച്ച് അവർക്കറിയാമായിരുന്നത് കൊണ്ട് മാത്രമാണ് ; നമുക്കറിയാത്തതും അതു തന്നെ.

അവലംബം :
حلية الأولياء لأبي نعيم الإصفهاني ص 168 – 169

Related Articles