Current Date

Search
Close this search box.
Search
Close this search box.

വിട്ടുവീഴ്ചയാണ് ദാമ്പത്യത്തെ മനോഹരമാക്കുന്നത്

വി.ഖുര്‍ആന്‍ പറയുന്നു: തീര്‍ച്ചയായും നിങ്ങള്‍ അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവിനേയും അന്ത്യദിനത്തേയും പ്രതീക്ഷിച്ചുകൊണ്ടിരിക്കുകയും അല്ലാഹുവിനെ ധാരാളമായി ഓര്‍മ്മിക്കുകയും ചെയ്യുന്നവര്‍ക്ക് (അഹ്‌സാബ്:21). സര്‍വ്വ ഗുണ വിശേഷണങ്ങളും സമ്മേളിച്ച പൂര്‍ണ്ണ മനുഷ്യനായിരുന്നു പ്രവാചകര്‍ എന്നത് കൊണ്ട് തന്നെ, മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സര്‍വ്വ മേഖലകളിലും പ്രവാചകരില്‍ നമുക്ക് മാതൃകയുണ്ട്. മനുഷ്യജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവാണ് വിവാഹം. വിവാഹത്തിലൂടെ ഒരു പുതിയ ബന്ധവും പുതിയ ജീവിതശൈലിയും രൂപപ്പെടുന്നു. വിവാഹാനന്തരം ഭാര്യയും ഭര്‍ത്താവും എങ്ങനെ പെരുമാറണമെന്നതിനും, അവരുടെ ഹൃദയബന്ധം എങ്ങനെയായിരിക്കണമെന്നതിനും പ്രവാചകര്‍ (സ)യുടെ വൈവാഹിക ജീവിതം തുറന്നിട്ട പുസ്തകം പോലെ നമുക്ക് മുന്നിലുണ്ട്. ഭാര്യ ഭര്‍തൃ ബന്ധത്തിലെ പ്രവാചക മാതൃക ഒരു ഉത്തമ കുടുംബത്തെ രൂപപ്പെടുത്തുന്നു. അത് ഒരു ഉല്‍കൃഷ്ട സമൂഹത്തെ സൃഷ്ടിക്കുന്നു.

ശിഥിലമാകുന്ന കുടുംബ ബന്ധങ്ങളുടെ വേദനിപ്പിക്കുന്ന കഥകളാണ് നിരന്തരമായി നാം കണ്ടും കേട്ടും കൊണ്ടിരിക്കുന്നത്. കുടുംബ കോടതികളിലും ഫാമിലി കൗണ്‍സിലര്‍മാരുടെയടുത്തും തിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ഒരു പുരുഷന്‍ വിവാഹം കഴിക്കണമെന്ന് ആലോചിക്കുന്നത് മുതല്‍ അവന്‍ കൈകൊള്ളേണ്ട തീരുമാനങ്ങളെക്കുറിച്ചും നടപടിക്രമങ്ങളെക്കുറിച്ചും പ്രവാചകര്‍ കൃത്യമായി പറഞ്ഞുതരുന്നുണ്ട്. പ്രവാചകര്‍(സ) പറയുന്നു: ഒരു സ്ത്രീയെ വിവാഹം ചെയ്യുമ്പോള്‍ നാല് കാര്യങ്ങളാണ് പരിഗണിക്കപ്പെടേണ്ടത്. അവളുടെ സമ്പത്ത്, തറവാടിത്തം, സൗന്ദര്യം, മതബോധം. നിങ്ങള്‍ മതബോധമുള്ളവരെ തെരെഞ്ഞെടുത്ത് ജീവിത വിജയം നേടുക. സൗന്ദര്യവും സമ്പത്തും മാത്രം തേടി പോകുന്നവര്‍ ഭാവി ജീവിതത്തില്‍ അനുഭവിക്കേണ്ടി വരുന്ന ഭവിഷ്യത്തുകളെക്കുറിച്ചും റസൂല്‍ (സ) ഓര്‍മ്മിപ്പിക്കുന്നുണ്ട്.

Also read: പളളികൾ തുറക്കുമ്പോൾ

ഭാര്യമാരോട് നല്ല രീതിയില്‍ വര്‍ത്തിക്കുന്നവരെ ഉന്നതശ്രേണിയിലായിട്ടാണ് പ്രവാചകര്‍ പരിചയപ്പെടുത്തുന്നത്. ആയിശ (റ) റിപ്പോര്‍ട്ട് ചെയ്യുന്നു: ഈമാനും സ്വല്‍സ്വഭാവവും പൂര്‍ത്തിയായവര്‍ ഭാര്യമാരോട് നല്ല നിലയില്‍ പെരുമാറുന്നവരാണ് (ഇബ്‌നു മാജ). സമൂഹത്തില്‍ മാന്യന്മാരായി നടക്കുകയും കുടുംബത്തില്‍ മോശമായി പെരുമാറുകയും ചെയ്യുന്നവര്‍ക്ക് കര്‍ശനമായ മുന്നറിയിപ്പാണ് ഈ ഹദീഥ്.

ഭാര്യമാരോട് സ്‌നേഹത്തോടെ പെരുമാറണമെന്നും അവരെ നല്ല പേര് ചൊല്ലി വിളിക്കണമെന്നും റസൂല്‍(സ) പഠിപ്പിച്ചു. ആയിശാ ബീവി(റ)യെ ഓ ഹുമൈറാഅ് (വെളുപ്പും ചുവപ്പും കലര്‍ന്നവളേ) എന്ന് പ്രവാചകര്‍ വിളിക്കാറുണ്ടായിരുന്നു. ആയിശാ ബീവിയെ പ്രകീര്‍ത്തിച്ചുകൊണ്ട്  നബി(സ) പലപ്പോഴും സംസാരിക്കാറുണ്ടായിരുന്നു. ഒരിക്കല്‍ ആയിശാ ബീവി നബിയോട് പറഞ്ഞു: ഇതര സ്ത്രീകളില്‍ നിന്ന് ആയിശാ (റ)വിനുള്ള മഹത്വം ഇതര ഭക്ഷണങ്ങളില്‍ നിന്ന് സരീദിനുള്ള (നുറുക്കിയ റൊട്ടിയും ചെറുതായി വെട്ടിയ മാംസത്തിന്റെ കറിയും ചേര്‍ത്തുണ്ടാക്കിയ ഒരിനം പലഹാരം) സ്ഥാനം പോലെയാണ്. (മുസ്‌ലിം). ഭാര്യമാരെ മോശം പേര് വിളിച്ച് അഭിസംബോധന ചെയ്യല്‍ ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്താന്‍ കാരണമാകും. കൃത്യമായ ഇടവേളകളില്‍ അവരെക്കുരിച്ച് നല്ലത് പറയാനും സ്‌നേഹം പ്രകടിപ്പിക്കാനും ഭര്‍ത്താക്കന്മാര്‍ സന്മസ്സ് കാണിക്കണം. തൊട്ടതിനും പിടിച്ചതിനുമൊക്കെ കുറ്റം പറയുന്നതും ചീത്തവിളിക്കുന്നതുമൊക്കെ അവരുടെ മനസ്സിനെ വല്ലാതെ മുറിവേല്‍പ്പിക്കുന്നതാണ്.

ഭാര്യമാര്‍ തയ്യാറാക്കുന്ന ഭക്ഷണത്തെക്കുറിച്ച് എപ്പോഴെങ്കിലും മുഖത്ത് നോക്കി നല്ലവാക്ക് പറയാന്‍ നാം തയ്യാറായിട്ടുണ്ടോ? ജാബിര്‍ (റ) പറയുന്നു: ഒരു ദിവസം നബി(സ) എന്റെ കൈ പിടിച്ച് വീട്ടിലേക്ക് കൊണ്ടുപോയി. ഞങ്ങള്‍ക്ക് കഴിക്കാന്‍ ഖുബ്ബൂസ് കൊണ്ടുവന്നപ്പോള്‍ നബി(സ) ചോദിച്ചു: കറിയൊന്നുമില്ലേ? ഭാര്യ പറഞ്ഞു: സുര്‍ക്ക മാത്രമാണ് ഇവിടെ ഉള്ളത്. നബി(സ) പറഞ്ഞു: സുര്‍ക്ക കൊണ്ടു വരിക, സുര്‍ക്ക എത്ര നല്ല കറിയാണ്. സുര്‍ക്ക കൊണ്ടുവന്നപ്പോള്‍ അത് കൂട്ടി റൊട്ടി കഴിച്ചു. (മുസ്‌ലിം). വീട്ടിലുള്ളത് നിറഞ്ഞ മനസ്സോടെ സ്വീകരിക്കാനും നന്മ പറയാനും പഠിപ്പിക്കുകയായിരുന്നു തിരുനബി.

നബി (സ)യും ആയിശാ ബീവിയും തമ്മില്‍ നടന്ന ഓട്ടമത്സരം ചരിത്രത്തില്‍ നമ്മള്‍ കൗതുകത്തോടെ നോക്കിയ ഒരധ്യായമാണ്. ആയിശ (റ) പറയുന്നു: ഒരിക്കല്‍ നബി(സ) പറഞ്ഞു, വരൂ ആയിശാ, നമുക്ക് ഓടാം, ഞാന്‍ നിന്നെ തോല്‍പ്പിക്കും. പക്ഷെ അന്ന് ഞാനായിരുന്നു ജയിച്ചിരുന്നത്. എന്നാല്‍ കാലങ്ങള്‍ പിന്നിട്ട് മറ്റൊരു ദിവസം ഞാനും പ്രവാചകനും കൂടി ഓടി. അന്ന് പ്രവാചകര്‍ ജയിച്ചു. അപ്പോള്‍ ചിരിച്ച് കൊണ്ട് നബി(സ) പറഞ്ഞു: ഇത് അന്നേത്തതിന് പകരമാണ്.

Also read: കുഴിച്ചിടുന്നതോടെ കഴിഞ്ഞോ പരിസ്ഥിതിദിനാഘോഷം ? !

ഭാര്യമാരോട് സ്‌നേഹം പ്രകടിപ്പിക്കേണ്ട സര്‍വ്വ വഴികളെക്കുറിച്ചും തന്റെ ദാമ്പത്യജീവിതത്തിലൂടെ പ്രവാചകര്‍ നമ്മെ പഠിപ്പിച്ചിട്ടുണ്ടായിരുന്നു. ആയിശ(റ) പറയുന്നു: ഞാനും നബി(സ)യും ഒരേ പാത്രത്തില്‍ കുടിക്കുകയും ഞാന്‍ ചുണ്ടുവെച്ച അതേസ്ഥലത്ത് നബി(സ) ചുണ്ടുവെക്കുകയും നബി(സ) ചുണ്ടുവെച്ച അതേ സ്ഥലത്ത് ഞാന്‍ ചുണ്ട് വെക്കുകയും ചെയ്യുമായിരുന്നു. ഇറച്ചി കഴിക്കുമ്പോള്‍ ഞാന്‍ കടിച്ച ഭാഗത്ത് നബി(സ) കടിക്കുകയും നബി(സ) കടിച്ച ഭാഗത്ത് ഞാന്‍ കടിക്കുകയും ചെയ്യുമായിരുന്നു. (മുസ്ലിം).

ഉമ്മു സലമ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു, പ്രവാചകര്‍ (സ) പറഞ്ഞു: തന്റെ ഭര്‍ത്താവ് പൂര്‍ണ്ണമായും തൃപ്തിപ്പെട്ടതായ നിലയില്‍ ഒരു പെണ്ണ് മരണപ്പെട്ടാല്‍ അവള്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിച്ചിരിക്കുന്നു. (രിയാളുസ്വാലിഹീന്‍) അടിസ്ഥാന കര്‍മ്മങ്ങള്‍ ചെയ്തതിന് ശേഷം ഒരു പെണ്ണിന് സ്വര്‍ഗ്ഗ പ്രവേശം സാധ്യമാകാനുള്ള എളുപ്പവഴി ഭര്‍ത്താവിനെ അനുസരിച്ച് അവരെ തൃപ്തിപ്പെടുത്തലും സന്തോഷിപ്പിക്കലുമാണ്.

അബൂ ഹുറൈറ(റ) റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രവാചകര്‍ (സ) പറഞ്ഞു: ഞാന്‍ ആരോടെങ്കിലും ആര്‍ക്കെങ്കിലും സുജൂദ് ചെയ്യണമെന്ന് കല്‍പ്പിക്കുമായിരുന്നെങ്കില്‍ ഞാന്‍ ഭാര്യയോട് തന്റെ ഭര്‍ത്താവിന് സുജൂദ് ചെയ്യണമെന്ന് കല്‍പ്പിക്കുമായിരുന്നു. (തുര്‍മുദി). സ്ത്രീ തന്റെ ഭര്‍ത്താവിനോട് കടപ്പെട്ടിരിക്കുന്നതിന്റെ കടുപ്പമാണ് പ്രവാചകര്‍ (സ) ഈ ഹദീസിലൂടെ പഠിപ്പിക്കുന്നത്.

Related Articles