Current Date

Search
Close this search box.
Search
Close this search box.

റബീഅയുടെ ശ്രമദാന മാംഗല്യം

റബീഅ: ബിൻ കഅബ് (റ) പ്രവാചക സ്നേഹത്തിന്റെ ഉദാത്ത മാതൃകയായി ജീവിച്ച ഹിജാസീ യുവതയുടെ പ്രതീകമായിരുന്നു. മക്കത്ത് നിന്ന് ഹിജ്റ: നടത്തി തുടർന്ന് നടന്ന ജീവൽ മരണ പോരാട്ടങ്ങളിലെല്ലാം പങ്കെടുത്ത ധീരനായ പ്രവാചക കൂട്ടാളി . സാമ്പത്തിക സുസ്ഥിതി ഇല്ലാത്തതിനാൽ മദീനത്തെ പള്ളിയിലെ ചെരുവിൽ താമസിച്ചിരുന്ന അഹ് ലുസ്സ്വുഫ്ഫയുടെ പ്രതിനിധി .

പ്രവാചകൻ തന്റെ സഹപ്രവർത്തകരോടുള്ള സ്നേഹവും അവരോടുള്ള അദ്ദേഹത്തിന്റെ നല്ല പെരുമാറ്റവും ശ്രദ്ധയും പരിഗണനയും അപാരമായിരുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു റബീഅയുടെ ജീവിതം. അനുയായികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിൽ അവരേക്കാൾ ശ്രദ്ധ അദ്ദേഹത്തിനായിരുന്നു. ഖുർആനിലെ ആലു ഇംറാൻ അധ്യായത്തിലെ 159 ാം സൂക്തം വ്യക്തമാക്കുന്നത് ആ കാരുണ്യ വർഷമാണ്. മാസങ്ങളോളം തന്നെ സേവിച്ച നിസ്വനായ റബീഅയോട് സൗഹാർദ്ദപൂർവ്വം അദ്ദേഹം ഒരിക്കൽ ചോദിച്ചു: “റബീആ, നിനക്ക് പെണ്ണുകെട്ടണമെന്നില്ലേ ?”
റബീഅ :” അല്ലാഹുവിന്റെ ദൂതരേ, എനിക്ക് വിവാഹം കഴിക്കാൻ ഇപ്പോൾ തൽക്കാലം താൽപ്പര്യമില്ല.ഒരു പെണ്ണിന് കൊടുക്കാനുള്ള ചെല്ലും ചെലവും എന്നെക്കൊണ്ട് കൂട്ടിയാൽ കൂടില്ല.”
കാലം കടന്നു പോയി , റബീഅ ഒരു വീഴ്ചയും വരുത്താതെ പ്രവാചക സ്നേഹത്തിലും സേവനത്തിലും സന്തോഷം കണ്ടെത്തി ജീവിച്ച് പോന്നു. നബി തങ്ങൾ അതേ ചോദ്യം വീണ്ടും റബീഅയോട് ചോദിച്ചു. റബീഅയുടെ മറുപടിയിലും മാറ്റമൊന്നുമുണ്ടായിരുന്നില്ല.
കാലരഥം വീണ്ടും ഉരുണ്ടു. ഉഷ്ണത്തിന് ശേഷം വസന്തം വന്നണഞ്ഞു. റബീഅ യൗവ്വനത്തിന്റെ തീക്ഷണതയിൽ എല്ലാം തികഞ്ഞ ഒരു യുവാവായിരിക്കുന്നു എന്ന് മനസ്സിലാക്കിയ പ്രവാചകൻ അദ്ദേഹത്തോട് അതേ ചോദ്യം ആവർത്തിച്ചു. പക്ഷെ ഇത്തവണ റബീഅ സകല ധൈര്യവും ശക്തിയും സംഭരിച്ച് മറുപടി കൊടുത്തു : “എന്റെ ദുൻയാവും ആഖിറവുമെല്ലാം കൃത്യമായി മനസ്സിലാക്കാൻ എന്നെക്കാൾ കൂടുതൽ താങ്കൾക്ക് സാധിക്കും . താങ്കൾ പറയുന്നതുപോലെ എന്തിനും ഞാൻ തയ്യാർ ”
നബി :”അൻസാറുകളിലെ ഇന്നാലിന്ന കുടുംബത്തിലേക്ക് പോയി ഞാൻ പറഞ്ഞിട്ട് വന്നതാണ് എന്ന് പറഞ്ഞു കല്യാണത്തിന്റെ കാര്യം വ്യക്തമാക്കി പറയുക “.

അങ്ങനെ അദ്ദേഹം നബി തിരുമേനി പറഞ്ഞ വീട്ടിലേക്ക് പോയി, അവരോട് സലാം പറഞ്ഞു കയറിയതിന് ശേഷം പ്രഖ്യാപിച്ചു:
“എന്റെ നേതാവ് മുഹമ്മദ് നബി എന്നോട് വിവാഹം കഴിക്കാൻ ആജ്ഞാപിച്ചുകൊണ്ട് നിങ്ങളുടെ കുടുംബത്തിലേക്ക് അയച്ചിരിക്കുന്നു.”
അവർ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതനും ദൂതന്റെ ദൂതനും സ്വാഗതം ”
ആ വീട്ടുകാർ റബീഅയുടെ വീട്ട് വിവരങ്ങൾ പോലും ചോദിക്കാതെ കൂട്ടത്തിലെ ഒരു പെൺകുട്ടിയെ കാണിച്ചു കൊടുക്കുകയും വിവാഹ തീയതി തീരുമാനിക്കുകയും ചെയ്തു.അങ്ങനെ റബീഅ നേതാവിന്റെ അടുത്തേക്ക് മടങ്ങി. അദ്ദേഹം റബീഅയോട് ചോദിച്ചു:
“റബീആ, നിനക്ക് എന്താണിനി പ്രശ്നം? ”
റബീഅ പറഞ്ഞു: അല്ലാഹുവിന്റെ ദൂതരേ, ഞാൻ താങ്കൾ പറഞ്ഞവരുടെ അടുത്തേക്ക് പോയി. മാന്യരായ ആളുകൾ, അവർക്ക് എന്നെ ഇഷ്ടപ്പെട്ടു. എന്നെ ബഹുമാനിക്കുകയും തീയതി നിശ്ചയിക്കുകയും
ചെയ്തു.”

ഇതു കേട്ട പ്രവാചകൻ അവിടെ സന്നിഹിതനായിരുന്ന ബുറൈദ(റ)യോട് വിളിച്ച് പറഞ്ഞു:
“ബുറൈദാ , നിന്റെ ചങ്ങാതി റബീഅക്ക് മഹ്റിന് വേണ്ടി ഒരു പണത്തൂക്കം സ്വർണം സംഘടിപ്പിക്കൂ”
അങ്ങനെ അവർ റബീഅക്ക് വേണ്ടി മഹർ സംഘടിപ്പിച്ചു. നിശ്ചയിച്ച പ്രകാരം സമയമെത്തിയപ്പോൾ അവിടെ ഹാജരുള്ളവർ ചേർന്ന് സുന്നത്തായ രീതിയിൽ ആ നികാഹങ്ങ് നടത്തി. കാനോത്തും കഴിഞ്ഞ് തിരിച്ചു വന്ന റബീഅയുടെ മുഖത്തെ മ്ലാനത കണ്ട നബി (സ) റബീഅയോട് :
“റബീആ, നീ എന്തിനാണ് ഇനിയും സങ്കടപ്പെടുന്നത്? ”
റബീഅ പറഞ്ഞു: “അല്ലാഹുവിന്റെ ദൂതരേ, ഇതിനേക്കാൾ ഉദാരരായ ഒരു ജനതയെ ഞാൻ ഇതുവരെ കണ്ടിട്ടില്ല. കൊടുത്ത ആ തരിപ്പൊന്നിൽ അവർ സംതൃപ്തരാവുകയും എന്നോടൊപ്പം വന്നവരെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്തു. എന്നാലും ഒരു വലീമ നടത്താതെ എങ്ങിനെയാണ് ? ഒരു സദ്യ ഒരുക്കാനുള്ള അവസ്ഥയിലല്ലോ ഞാനുള്ളത് !”

നബിയുടൻ ബുറൈദയോട് തന്നെ ഒരാടിനെ എത്തിച്ച് കൊടുക്കാനും പുതിയാപ്ലയോട് നേരിട്ട് നബിയുടെ വീട്ടിൽ പോയി ധാന്യപ്പൊടി കൊണ്ടുവരാനും ആവശ്യപ്പെട്ടു. ബുറൈദ കൊണ്ടുവന്ന ആടിനെയറുത്ത് ആഇശ (റ) കൊടുത്തു വിട്ട ഒരു സഞ്ചി നിറയെ യവപ്പൊടിയും കൊണ്ട് ലളിതമായ രീതിയിൽ സദ്യയൊരുക്കി വേണ്ടപ്പെട്ടവരേയും വിരുന്നുകാരേയും അതിലേക്ക് ക്ഷണിച്ച് എത്ര ലളിതമാണ് ഇസ്ലാമിലെ വിവാഹച്ചടങ്ങുകൾ എന്ന പാഠം പഠിപ്പിക്കുകയായിരുന്നു നബിയും അനുയായികളും .

തുടർന്നുള്ള ജീവിതത്തിന് പ്രവാചകൻ (സ) ആ കുടുംബത്തിന് ഉപജീവനത്തിനായി കുറച്ച് ഭൂമി നൽകി. അവിടെ നിന്നും ലഭ്യമായ ഈത്തപ്പഴങ്ങളായിരുന്നു ദരിദ്രനായ റബീഅതിന്റെ ഏക ആശ്രയവും വരുമാനവും . മരിക്കുവോളം (AH 63 ) അദ്ദേഹമവിടെയാണ് ജീവിച്ചിരുന്നത്.

ഇത് പ്രവാചക കാലഘട്ടത്തിൽ നടന്ന സുന്നത്തായ വിവാഹത്തിന്റെ ഒരു മാതൃക മാത്രമാണ്. നബിയുടേയും സ്വഹാബതിന്റേയുമെല്ലാം വിവാഹങ്ങൾ നടക്കുന്നത് ഇതു പോലെ ലളിതമായിരുന്നു എന്ന് ചരിത്രം പറയുന്നു.
അനുയായികളിൽ ചിലരുടെ വിവാഹങ്ങൾ കഴിഞ്ഞതിന് ശേഷമാണ് നബി അറിയുന്നത് പോലും (ഉദാ: അബ്ദുറഹ്മാനി ബ്നു ഔഫ്) .ഇതു സംബന്ധമായി നബി പറഞ്ഞ ഒരു വാചകം പ്രത്യേകം ശ്രദ്ധിക്കണം :
( أَعْظَمُ النِّكاح بَرَكَةً أَيْسَرُهُ مَئُونَةً )
വിവാഹങ്ങളിൽ ഏറ്റവും അനുഗ്രഹിക്കപ്പെട്ടത് ഏറ്റവും ചെലവ് കുറഞ്ഞതാണ്.

അവലംബം :
صفة الصفوة لابن الجوزي – ص265
വിക്കിപീഡിയ

Related Articles