Family

ദാമ്പത്യം കുട്ടിക്കാലത്തിന്റെ തുടർച്ച

തകർന്നു പോയില്ലെങ്കിലും ചിതലരിക്കാത്ത ദാമ്പത്യ ജീവിതങ്ങൾ വളരെ കുറവായിരിക്കും. പുതുമ നഷ്ടപ്പെട്ടു ആർക്കാനും വേണ്ടി ഓക്കാനിക്കുന്ന അവസ്ഥയിലാണ് മിക്ക ദാമ്പത്യങ്ങളും. നിലനിൽപ് ഭീഷണി നേരിടുന്ന സാമൂഹ്യ സ്ഥാപങ്ങളുടെ പട്ടികയിൽ സ്ഥിരമായി ഒന്നാം സ്ഥാനം നേടുന്നത് ഭാര്യാ ഭർതൃ ബന്ധങ്ങളായിരിക്കും. ഇനിയൊരു വിശദീകരണം ആവശ്യമില്ലാത്ത അത്രയും ചർവിത ചർവണം ചെയ്യപ്പെട്ട വിഷയമായിരിക്കാം ദാമ്പത്യ ബന്ധങ്ങളുടെ ഉള്ളറകൾ. അപ്പോഴും വിസ്മരിക്കപ്പെടുന്ന ഒരു വസ്തുതയാണ് ദമ്പതികൾക്ക് യഥാർത്ഥത്തിൽ എന്ത് വേണമെന്ന ചോദ്യം? ഇത് പറയുമ്പോഴാണ് മനുഷ്യ സൃഷ്ടിയെ പറ്റി പ്രചാരത്തിലുള്ള ഒരു കഥ ഓർമ വരുന്നത്. ഇതൊരു പൊട്ടക്കഥയാവാം. ഏതോ ഒരു വിഡ്ഡി പറഞ്ഞ കഥ. ചിലപ്പോൾ വിഡ്ഡികൾ പറയുന്ന കഥകളെയും അവലംബിക്കേണ്ടി വരുമല്ലോ. അതല്ല ഇനി വല്ലവരുടെയും വിശുദ്ധ കഥയാണോ എന്നും അറിയില്ല.

കഥ ഇങ്ങനെയാണ്. ദൈവം മനുഷ്യനെ സൃഷ്ഠിച്ച ശേഷം അവനോടു പറഞ്ഞു, നീ ലോകം നിയന്ത്രിക്കും. ഇരുപത്തിയഞ്ചു വർഷമായിരിക്കും നിന്റെ ആയുസ്സ്. മനുഷ്യൻ പരിതപിച്ചു. ലോകം മുഴുവൻ ഭരിക്കാനുള്ള യോഗ്യത ലഭിച്ച ഒരാൾക്ക് ആയുസ്സായി വെറും ഇരുപത്തിയഞ്ചു വർഷം മാത്രം നൽകുന്നത് തീരെ അപര്യാപ്തമായ നടപടിയാണെന്നായി മനുഷ്യൻ. ഇരുപത്തിയഞ്ചു വർഷം ചുരുങ്ങിയ കാലയളവാണെന്നത് ശരിതന്നെ. പക്ഷെ, അത് വളരെ പുഷ്കലമായ കാലമായിരിക്കും. ആസ്വദിക്കാനും ആനന്ദിക്കാനും ആർമാദിക്കാനുമൊക്കെ പറ്റിയ ആഘോഷ പൂർണമായ കാലഘട്ടം. കളിക്കാനും ചിരിക്കാനും സ്നേഹിച്ചും പ്രേമിച്ചും ഉല്ലസിക്കാനും വേണ്ടി മാത്രമുള്ള കാലഘട്ടം.

Also read: പ്രവര്‍ത്തനങ്ങൾ സ്വീകരിക്കപ്പെടുന്നതിന്റെ രഹസ്യം?

മനുഷ്യൻ വിട്ടില്ല. ഇരുപത്തിയഞ്ച് വർഷത്തെ ആയുസ്സ് ഒന്നിനും തികയില്ലെന്ന വാദത്തിൽ അവൻ ഉറച്ചു നിന്ന് പരിതപിച്ചുകൊണ്ടിരുന്നു.അവസാനം ദൈവം ഒരു വാഗ്ദാനം മുന്നോട്ടു വെച്ചു. മനുഷ്യന് നിശ്ചയിച്ച ആയുസ്സ് വെറും ഇരുപതിയഞ്ചു വർഷം തന്നെ. അതിൽ മാറ്റമില്ല. അതേസമയം കഴുതക്ക് നിശ്ചയിച്ചിരുന്ന വയസ്സിൽ ഒരു ഇരുപത്തിയഞ്ച് വർഷം ബാക്കിയുണ്ട്. അത് നൽകാം. കേൾക്കേണ്ട താമസം മനുഷ്യൻ ചാടിവീണു. വാഗ്ദാനം ഇരു കൈയ്യുകളും നീട്ടി സ്വീകരിച്ചു. അങ്ങനെ കുടുംബത്തിനും അല്ലാത്തവർക്കും വേണ്ടി കഴുതയെ പോലെ ഭാരം ചുമക്കുന്ന വിധി മനുഷ്യന്റേതുമായി തീർന്നു.

എല്ലാം കൂടി അമ്പത് വയസ്സ്. മനുഷ്യൻ തൃപ്തനായില്ല. കൂടുതൽ ആയുസ്സിന് വേണ്ടി കെഞ്ചി കൊണ്ടിരുന്നു. നിരാശപെടുത്തുന്നതായിരുന്നു ദൈവത്തിന്റെ മറുപടി. ആയുസ്സായി ഇനി ഒന്നും അവശേഷിക്കുന്നില്ലെന്നും നിർബന്ധമാണെങ്കിൽ പട്ടിക്ക് വേണ്ടി നീക്കി വെച്ചതിൽ നിന്നും ഇരുപത്തി അഞ്ചു വർഷം നൽകാമെന്നും സൂചന നൽകി. ദുര മൂത്ത മനുഷ്യൻ ആയുസ്സിന്റെ പട്ടി വിഹിതവും കൈപറ്റി. അന്നുമുതൽ അമ്പതു വയസ്സിനു ശേഷം വീട്ടിൽ ഇരുന്നു കുരയ്ക്കുന്ന പണി മനുഷ്യന്റെ വിധിയിൽ വന്നു പെട്ടു.

മനുഷ്യന്റെ ആർത്തിയുണ്ടോ തീരുന്നു. അവൻ അതിനപ്പുറത്തെ ആയുസ്സിന് വേണ്ടിയും പരിശ്രമിച്ചു. അവസാനം ദൈവം കുരങ്ങിന്റെ വിഹിതത്തിൽ നിന്നും ഇരുപത്തി അഞ്ചും കൂടി നൽകി ആയുസ്സ് ദാനം അവസാനിപ്പിച്ചു. അന്നുമുതൽ കുരങ്ങിനെ പോലെ ഒരു ശാഖയിൽ നിന്നും മറ്റൊരു ശാഖയിലേക്ക് ചാടിച്ചാടി നടക്കുന്ന ഗതി മനുഷ്യന് വന്നുപെട്ടു. പ്രായമാവുമ്പോൾ മക്കളുടെ വീടുകളിൽ മാറി മാറി താമസിച്ചാണ് മനുഷ്യൻ ജീവിതം തള്ളി നീക്കുന്നത്.

മനുഷ്യന് ജീവിത കാലാവധി ലഭിച്ചതിന്റെ ആരോ പറഞ്ഞ കഥയാണിത്. മനുഷ്യന്റെ ജീവിത ഘട്ടങ്ങളുമായി കഥക്കുള്ള ബന്ധം അനിഷേധ്യമാണ്. ആദ്യത്തെ ഇരുപത്തിയഞ്ചു വർഷമാണ് യഥാർത്ഥ ജീവിതം. അതിൽ ഭൂരിഭാഗവും കുട്ടിക്കാലവുമാണ്. കുട്ടികളോട് നാം പെരുമാറുന്നത് എപ്രകാരമാണ്? കുട്ടികളെ നാം ഓമനിക്കുകയും ലാളിക്കുകയും ചെയുന്നു. അവരോടൊത്തു നാം കളിക്കുന്നു. അവരോട് വാത്സല്യം കാണിക്കുന്നു. അവരെ ചുംബിക്കുകയും അവരോടൊത്തു ചുറ്റിക്കളിക്കുകയും ചെയ്യുന്നു. അവർക്ക് സമ്മാനങ്ങളും മറ്റും നൽകി അവരെ പ്രോത്സാഹിപ്പിക്കുന്നു. അവരെ പൊക്കിയെടുക്കുകയും അവരോടൊത്തു ഓടി കളിക്കുകയും ചെയ്യുന്നു. ചെറുപ്പത്തിൽ മനുഷ്യൻ ഉല്ലാസപ്രിയനും കൂട്ടുകെട്ടിനെ കാമിക്കുന്നവനുമായിരിക്കും. സംഭവ ബഹുലവും വർണശബളവുമായിരിക്കും കുട്ടിക്കാല ജീവിതം. പ്രായമെത്ര ചെന്നാലും ഇതിൽ പലതും മനുഷ്യനെ കൊതിപ്പിചു കൊണ്ടേയിരിക്കും. കുട്ടിയാവുമ്പോൾ പക്ഷെ മാതാപിതാക്കളും ബന്ധുക്കളുമായി അവനെ സന്തോഷിപ്പിക്കുന്നതിനായി ഒട്ടേറ പേരുണ്ടാവും.

ചിരി, കളി, ലാളന, അഭിനന്ദനം, പ്രോത്സാഹനം, ചുംബനം, ഉല്ലാസ യാത്രകൾ, കള്ളനും പോലീസും കളികൾ, ഒളിച്ചു കളികൾ, ദീർഘമായി ചിരിക്കലും തമാശകളും പൊട്ടിച്ചിരികളുമെല്ലാം വയസ്സെത്ര ചെന്നാലും മനുഷ്യർക്ക് ആവശ്യമാണ്. മുതിർന്നവർക്ക് പക്ഷെ ഇത് നൽകേണ്ടത് ഇണകളാണ്. മനുഷ്യന്റെ ജീവിതത്തിൽ നഷ്ടപ്പെടുന്ന കുട്ടികാലത്തെ പുനഃസൃഷ്ടിക്കുന്നതായിരിക്കണം ദാമ്പത്യമെന്നർത്ഥം. മനുഷ്യൻ കുട്ടിക്കാലത്തു ആസ്വദിച്ച ഉല്ലാസ ജീവിതത്തിന്റെ തുടർച്ച അത് ഉറപ്പ് വരുത്തണം.

Also read: നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റ സ്ഥാനം?

മുതിർന്നാലും പുരുഷന്മാർക്ക് പിന്നെയും ഇതൊക്കെ മറ്റുപലരിൽ നിന്നും അല്പമെങ്കിലും ലഭിച്ചു കൊണ്ടിരിക്കും. സ്ത്രീകൾക്ക് പക്ഷെ അത്തരം കാര്യങ്ങൾ അവരുടെ ഇണകളിൽ നിന്നു തന്നെ ലഭിക്കണം. ദാമ്പത്യ ജീവിതത്തിന്റെ പ്രസക്തി വർധിക്കുന്നത് ഇവിടെയാണ്. പുരുഷന്മാരേക്കാൾ സ്ത്രീകൾക്ക് ദാമ്പത്യ ജീവിതം വിലപ്പെട്ടതാവുന്നതും ഇതുകൊണ്ടാണ്.

ഖുർആൻ 30:21 പ്രസ്താവിക്കുന്നത് കാണുക. “നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌.”

Facebook Comments

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker