Current Date

Search
Close this search box.
Search
Close this search box.

വിവാഹവും ദാമ്പത്യവും

വിശപ്പും ദാഹവും പോലെ ലൈംഗിക വികാരവും മനുഷ്യന്റെ ശരീര തൃഷ്ണയാണ്. വിശപ്പും ദാഹവും ശമിപ്പിക്കാൻ ആഹാര പാനീയങ്ങൾ പോലെത്തന്നെ ലൈംഗിക തൃഷ്ണയെ തൃപ്തിപ്പെടുത്താനും സംവിധാനമുണ്ടാകണം. അതിനു സാധിച്ചില്ലെങ്കിൽ ഏറെപ്പേരും അസ്വസ്ഥരും അസംതൃപ്തരുമായിരിക്കും. ദാമ്പത്യജീവിതം ശരീരത്തിന്റെയും മനസ്സിന്റെയും ആവശ്യങ്ങൾ പൂർത്തീകരിക്കാൻ അവസരമൊരുക്കുന്നു. സുഖദുഃഖമുൾപ്പെടെ സമസ്ത വികാരങ്ങളും ഇണകൾക്ക് പരസ്പരം പങ്കുവെക്കാൻ സാധിക്കുന്നതിനാൽ മനസ്സിന്റെ സമ്മർദമകറ്റി സ്വസ്ഥത സമ്മാനിക്കുന്നു. സ്നേഹം, കാരുണ്യം, വാത്സല്യം, ദയ, അനുകമ്പ തുടങ്ങിയ ആത്മീയ വികാരങ്ങളുടെ പരസ്പര കൈമാറ്റങ്ങളിലൂടെ അവാച്യമായ ആത്മനിർവൃതിയും ലഭിക്കുന്നു.

ലൈംഗിക വികാരം പൂർത്തീകരിക്കാനുള്ള വിഹിതമായ മാർഗമാണ് വിവാഹം. അതിനാൽ സമൂഹത്തിന്റെ സാംസ്കാരിക മൂല്യങ്ങളും സദാചാര വിശുദ്ധിയും സംരക്ഷിക്കുന്നതിൽ വിവാഹം അനൽപമായ പങ്കുവഹിക്കുന്നു. അതോടൊപ്പം സ്ത്രീയുടെ മാതൃത്വ വികാരത്തെയും പുരുഷന്റെ പിതൃത്വ വികാരത്തെയും അത് തൃപ്തിപ്പെടുത്തുന്നു.

അതുകൊണ്ടുതന്നെ പ്രകൃതി മതമായ ഇസ്ലാമിൽ ലൈംഗികത പാപമല്ല, എന്നല്ല; വിഹിതമായ മാർഗത്തിലൂടെയുള്ള അതിന്റെ പൂർത്തീകരണം മരണാനന്തര ജീവിതത്തിൽ പ്രതിഫലാർഹമായ പുണ്യകർമം കൂടിയാണ്. അതുകൊണ്ടുതന്നെ ഇസ്ലാം സന്യാസത്തെയോ ബ്രഹ്മചര്യയെ അംഗീകരിക്കുന്നില്ല.

പ്രവാചകൻ പറഞ്ഞു: “”ഇസ്ലാമിൽ സന്യാസമില്ല.”
പ്രവാചക ശിഷ്യൻ അനസ് പറയുന്നു: “”പ്രവാചകൻ ഞങ്ങളോട് വിവാഹം കഴിക്കാൻ കൽപിച്ചു. ബ്രഹ്മചര്യമനുഷ്ഠിക്കുന്നത് ശക്തിയായി വിരോധിക്കുകയും ചെയ്തു.”

വിവാഹം കഴിക്കാൻ കൽപിച്ച പ്രവാചകൻ, ഒരാൾ വിവാഹം ചെയ്യുന്നതോടെ മതത്തിന്റെ പാതി പൂർത്തീകരിച്ചതായി പറയുകയുണ്ടായി. വിശുദ്ധി വിചാരിച്ച് വിവാഹം കഴിക്കുന്നവനെ സഹായിക്കാൻ ദൈവം ബാധ്യസ്ഥനാണെന്ന് അദ്ദേഹം അറിയിക്കുന്നു. വിവാഹം കഴിക്കാൻ കഴിവുണ്ടായിരിക്കെ അതുപേക്ഷിക്കുന്നവൻ തന്റെ ചര്യയെ നിരാകരിക്കുകയാണ് ചെയ്യുന്നതെന്ന് മുഹമ്മദ്നബി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
പ്രവാചക ശിഷ്യനായ മസ്ഉൗദ് മകൻ അബ്ദുല്ല, പ്രവാചകൻ ഇങ്ങനെ പറഞ്ഞതായി അറിയിക്കുന്നു : “”യുവസമൂഹമേ, നിങ്ങളിൽ വിവാഹം കഴിക്കാൻ കഴിവുള്ളവർ അങ്ങനെ ചെയ്യേണ്ടതാണ്. അത് കണ്ണിനെ നിയന്ത്രിക്കും, ലൈംഗിക വിശുദ്ധി നിലനിർത്തുകയും ചെയ്യും.”

ഏറ്റവും വലിയ തെരഞ്ഞെടുപ്പ്
മാതാപിതാക്കൾ, മക്കൾ, സഹോദരീ സഹോദരന്മാർ, പിതാമഹന്മാർ, മാതാമഹികൾ, മാതൃസഹോദരീ സഹോദരന്മാർ, പിതൃസഹോദരീ സഹോദരന്മാർ പോലുള്ളവരെല്ലാം ആരാകണമെന്ന് തീരുമാനിക്കാനോ അവരെ തെരഞ്ഞെടുക്കാനോ ഉള്ള സാധ്യതയോ സ്വാതന്ത്ര്യമോ ആർക്കുമില്ല. എന്നാൽ തന്റെ ജീവിത പങ്കാളി ആരാകണമെന്ന് തീരുമാനിക്കാനും തെരഞ്ഞെടുക്കാനുമുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. അതോടൊപ്പം വിവാഹം കേവലം രണ്ടു വ്യക്തികളുടെ കൂടിച്ചേരലും ബന്ധപ്പെടലും മാത്രമല്ല; മറിച്ച് രണ്ട് കുടുംബങ്ങളുടെയും പ്രദേശങ്ങളുടെയും പരസ്പരമുള്ള ബന്ധവും കൂടിച്ചേരലും അടുക്കലും കൂടിയാണ്. അതുകൊണ്ടു തന്നെ ഇസ്ലാമിക വീക്ഷണത്തിൽ ഇണകളുടെ തെരഞ്ഞെടുപ്പ് അതിപ്രധാനമാണ്. വിവാഹത്തിലൂടെ പരസ്പരം അടുക്കുകയും ബന്ധപ്പെടുകയും ചെയ്യുന്ന ഇണകൾക്കെന്ന പോലെ രണ്ടുപേരുടെയും രക്ഷിതാക്കൾക്കും കുടുംബക്കാർക്കും അതിൽ പങ്കുണ്ടാവണം. വിവാഹത്തോടെ ഒരു പിതാവിന്റെ സ്ഥാനത്ത് രണ്ട് പിതാക്കളും ഒരു മാതാവിന്റെ സ്ഥാനത്ത് രണ്ട് മാതാക്കളുമുണ്ടാകുന്നു. ഇങ്ങനെ ബന്ധം ഇരട്ടിക്കുന്നു. അതിനാൽ അവർക്കിടയിലെ പരസ്പര ധാരണയും പ്രധാനമാണ്.

എന്നാലും അന്തിമ വിശകലനത്തിൽ പരിഗണിക്കപ്പെടുക വിവാഹിതരാകുന്ന വധൂവരന്മാരുടെ ഇഷ്ടം തന്നെയാണ്.

പ്രവാചക ശിഷ്യൻ അബ്ദുല്ലാഹിബ്നുബുറൈദ തന്റെ പിതാവിൽ നിന്ന് ഉദ്ധരിക്കുന്നു: “”ഒരു യുവതി പ്രവാചക സന്നിധിയിൽ വന്നുപറഞ്ഞു: “എന്റെ പിതാവ് സ്വന്തം സഹോദര പുത്രനെ കൊണ്ട്, എന്നിലൂടെ അദ്ദേഹത്തിന്റെ പോരായ്മ പരിഹരിക്കാനായി എന്നെ വിവാഹം ചെയ്തു കൊടുത്തിരിക്കുന്നു;’ അപ്പോൾ പ്രവാചകൻ ആ വിവാഹകാര്യം തീരുമാനിക്കാനുള്ള അവകാശം അവൾക്കു തന്നെ നൽകി. അപ്പോൾ അവൾ പറഞ്ഞു: “എന്റെ പിതാവിന്റെ പ്രവൃത്തി ഞാൻ അംഗീകരിച്ചിരിക്കുന്നു. ഇക്കാര്യത്തിൽ പി
താക്കന്മാർക്ക് ഒരധികാരവുമില്ലെന്ന് സ്ത്രീകളെ പഠിപ്പിക്കലാണ് എന്റെ ഉദ്ദേശ്യം.”

വിവാഹം
വിവാഹ ബന്ധം നിഷിദ്ധമായവർ ആരെല്ലാമാണെന്ന് ഖുർആൻ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ദൈവം ഖുർആനിൽ പറയുന്നു: “”നിങ്ങളുടെ പിതാക്കൾ വിവാഹം ചെയ്തിരുന്ന സ്ത്രീകളെ നിങ്ങൾ വിവാഹം കഴിക്കരുത് -മുമ്പ് നടന്നു കഴിഞ്ഞതല്ലാതെ- തീർച്ചയായും അത് മ്ലേഛമാണ്; വെറുക്കപ്പെട്ടതും ദുർമാർഗവുമാണ്. നിങ്ങളുടെ മാതാക്കൾ, പുത്രിമാർ, സഹോദരിമാർ, പിതൃസഹോദരിമാർ, മാതൃസഹോദരിമാർ, സഹോദരപുത്രിമാർ, സഹോദരീ പുത്രിമാർ, നിങ്ങളെ മുലയൂട്ടിയവർ, മുലകുടി ബന്ധത്തിലെ സഹോദരിമാർ, നിങ്ങളുടെ ഭാര്യാമാതാക്കൾ എന്നിവരെ വിവാഹം ചെയ്യൽ നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. നിങ്ങൾ ശാരീരിക ബന്ധത്തിലേർപ്പെട്ട നിങ്ങളുടെ ഭാര്യമാരുടെ, നിങ്ങളുടെ സംരക്ഷണത്തിലുള്ള വളർത്തുപുത്രിമാരെയും നിങ്ങൾക്ക് വിലക്കിയിരിക്കുന്നു. അഥവാ നിങ്ങളവരുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടില്ലെങ്കിൽ നിങ്ങൾക്കതിൽ തെറ്റില്ല. നിങ്ങളുടെ ബീജത്തിൽ ജനിച്ച പുത്രന്മാരുടെ ഭാര്യമാരെയും നിങ്ങൾക്ക് നിഷിദ്ധമാക്കിയിരിക്കുന്നു. രണ്ടു സഹോദരിമാരെ ഒരുമിച്ചു ഭാര്യമാരാക്കുന്നതും വിലക്കപ്പെട്ടതു തന്നെ- നേരത്തെ സംഭവിച്ചതൊഴികെ. അല്ലാഹു ഏറെ പൊറുക്കുന്നവനും ദയാപരനുമാകുന്നു.”

“”ഭർത്തൃമതികളായ സ്ത്രീകളും നിങ്ങൾക്കു നിഷിദ്ധമാണ്. എന്നാൽ നിങ്ങളുടെ അധീനതയിലുള്ളവർ ഇതിൽ നിന്നൊഴിവാണ്. ഇതെല്ലാം നിങ്ങൾക്കുള്ള ദൈവികനിയമമാണ്. ഇവരല്ലാത്ത സ്ത്രീകളെയെല്ലാം വിവാഹമൂല്യം നൽകി നിങ്ങൾക്ക് വിവാഹം കഴിക്കാവുന്നതാണ്. നിങ്ങൾ വിവാഹജീവിതം ആഗ്രഹിക്കുന്നവരാകണം. അവിഹിത വേഴ്ച കാംക്ഷിക്കുന്നവരാകരുത്. അങ്ങനെ അവരുമായി ദാമ്പത്യ സുഖമാസ്വദിച്ചാൽ നിർബന്ധമായും നിങ്ങളവർക്ക് വിവാഹമൂല്യം നൽകണം. വിവാഹമൂല്യം തീരുമാനിച്ച ശേഷം നിങ്ങൾ പരസ്പര സമ്മതത്തോടെ വല്ല വിട്ടുവീഴ്ചയും ചെയ്യുന്നുവെങ്കിൽ അതിൽ തെറ്റില്ല. അല്ലാഹു എല്ലാം അറിയുന്നവനും
യുക്തിമാനുമാണ്.” (4 : 22-24)

ഇസ്ലാമിൽ വിവാഹം വളരെ ലളിതമായ ചടങ്ങാണ്
രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിൽ വധുവിന്റെ പിതാവ് “എന്റെ മകളെ ഇത്ര വിവാഹമൂല്യം നിശ്ചയിച്ച് ഞാൻ താങ്കൾക്ക് വിവാഹം ചെയ്തു തന്നിരിക്കുന്നു’ എന്നു പറയുകയും വരൻ “ഞാനത് സ്വീകരിച്ചിരിക്കുന്നു’വെന്ന് പറയുകയും ചെയ്യുന്നതോടെ വിവാഹ കർമം പൂർത്തിയായി. വധുവിന്റെ സംരക്ഷണോത്തരവാദിത്തം ഏറ്റെടുക്കുന്നതിന്റെ പ്രതീകമെന്ന നിലയിൽ വിവാഹമൂല്യം (മഹ്റ്) നിശ്ചയിക്കണം. അത് എത്രവേണമെന്ന് തീരുമാനിക്കാനുള്ള അധികാരം വധുവിനാണ്. അത് വധുവിന് അവകാശപ്പെട്ടതുമാണ്.

ഇങ്ങനെ വിവാഹം കഴിയുന്നതോടെ അതേവരെ കാമവികാരത്തോടെ നോക്കാൻ പോലും പാടില്ലാതിരുന്ന സ്ത്രീ പുരുഷന്മാർ ജീവിതത്തിൽ സ്വകാര്യതകളും പരസ്പരമറയുമില്ലാത്ത വിധം അടുത്തിടപഴകുന്ന ഇണകളായി മാറുന്നു.

ദാമ്പത്യം
ദാമ്പത്യം ഭദ്രമായാലേ കുടുംബം സംതൃപ്തമാവുകയുള്ളൂ. പൊരുത്തമുള്ള ദാമ്പത്യമാണ് പക്വമായ തലമുറയ്ക്ക് തൊട്ടിലൊരുക്കുന്നത്. ദാമ്പത്യത്തിലെ താളപ്പിഴകൾ കുടുംബ ഘടനയെ തകർക്കും. അതുകൊണ്ടു തന്നെ ദാമ്പത്യം നല്ല ഒരു കലയാണ്.

ദാമ്പത്യത്തിന്റെ അടിസ്ഥാനം സ്നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങളാണെന്ന് ഖുർആൻ പറയുന്നു. (30:21)

സ്നേഹം എന്ന പദം പോലും സുന്ദരമാണ്. അത് കേൾവിക്കാരിൽ കൗതുകമുണർത്തുന്നു. ഏവരും കിട്ടാൻ കൊതിക്കുന്നു. ജീവൻ നിലനിർത്താൻ ദാഹജലം പോലെ കുടുംബ ബന്ധങ്ങൾ ഭദ്രമാക്കാൻ സ്നേഹം അനിവാര്യമാണ്. ഹൃദയ കവാടങ്ങൾ തുറക്കാനുള്ള താക്കോലാണ് സ്നേഹം. സ്നേഹത്തിന്റെ സ്വാധീനം അതിരുകളില്ലാത്തതാണെന്നർഥം. അതിന്റെ ശക്തി അളക്കാനാവാത്ത വിധം അപാരവും.

പലതും വ്യയം ചെയ്താൽ ക്ഷയം സംഭവിക്കും. എന്നാൽ സ്നേഹത്തിന്റെ സ്ഥിതി മറിച്ചാണ്. അത് നൽകുന്നതിനനുസരിച്ച് കുറയുകയല്ല, കൂടുകയാണ് ചെയ്യുക. കൊടുക്കുന്നതിലേറെ തിരിച്ചു കിട്ടുകയും ചെയ്യും. അതോടൊപ്പം സ്നേഹിക്കപ്പെടുന്നവർക്ക് വേണ്ടി എന്തും സമർപ്പിക്കാനും സഹിക്കാനും ആരും സന്നദ്ധമായിരിക്കും. അതിനാലാണ് ദാമ്പത്യം സ്നേഹത്തിലധിഷ്ഠിതമായിരിക്കണമെന്ന് ഖുർആൻ പറഞ്ഞത്.

കാരുണ്യത്തിന്റെ സ്ഥിതിയും ഇതു തന്നെ. അതിന്റെ കരുത്ത് അപാരമാണ്. മനുഷ്യ ബന്ധങ്ങളെ കൂട്ടിയിണക്കുന്ന ശക്തമായ കണ്ണിയാണത്. മനുഷ്യ മനസ്സിന്റെ ഏറ്റവും വിശുദ്ധമായ വികാരവും.

രണ്ടു ജീവിതങ്ങൾ ചേർന്ന് ഒന്നായി മാറുന്ന മാസ്മരികവും വിസ്മയകരവുമായ പ്രക്രിയയാണ് ദാമ്പത്യം. രണ്ടു മഹാപ്രവാഹങ്ങൾ ചേർന്ന് ഒരു നദിയായി മാറുന്ന പോലെ രണ്ടുപേർ ചേർന്ന് നയിക്കുന്ന ഒരൊറ്റ ജീവിതമായി മാറുമ്പോഴാണ് ദാമ്പത്യം ഖുർആൻ വിശേഷിപ്പിച്ചത് പോലെയാവുക. ഖുർആൻ ദമ്പതികളെ വസ്ത്രത്തോടാണുപമിച്ചത്. ദൈവം പറയുന്നു: “”സ്ത്രീകൾ പുരുഷന്മാർക്കുള്ള വസ്ത്രമാണ്.പുരുഷന്മാർ സ്ത്രീകൾക്കുള്ള വസ്ത്രവും.” (2:187)

വസ്ത്രം നമ്മെ ചൂടിൽ നിന്നും തണുപ്പിൽ നിന്നും രക്ഷിക്കുന്നു. നമ്മുടെ പോരായ്മകൾ മറച്ചു വെക്കുന്നു. നമ്മുടെ ജീവിതത്തെ മനോഹരവും അലംകൃതവുമാക്കുന്നു. നമ്മുടെ വ്യക്തിത്വ നിർണയത്തിൽ പോലും വസ്ത്രത്തിന് വലിയ പങ്കുണ്ട്.ദാമ്പത്യവും ഇങ്ങനെയൊക്കെയാവണമെന്നാണ് ഖുർആൻ വിഭാവന ചെയ്യുന്നത്. ദമ്പതികൾ പരസ്പരം ലയിച്ചു ചേർന്ന് ജീവിക്കുന്നവരാണെന്ന് ഖുർആൻ പറയുന്നു. (2:187)

ദമ്പതികളെ പരിചയപ്പെടുത്താൻ മലയാളത്തിൽ പറയാറുള്ളത് ഭാര്യാഭർത്താക്കന്മാർ എന്നാണ്.ഭരിക്കുന്ന പുരുഷനും ഭരിക്കപ്പെടുന്ന സ്ത്രീയുമെന്നർഥം. ഇസ്ലാമിന് ഇത് തീർത്തും അപരിചിതമാണ്. ഇണകൾ എന്നാണ് ഖുർആനും പ്രവാചകചര്യയും ദമ്പതികളെ പരിചയപ്പെടുത്തുന്നത്. “”നിങ്ങളിൽ നിന്നു തന്നെ ദൈവം നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ച് തന്നിരിക്കുന്നു. അവരിലൂടെ നിങ്ങൾക്ക് പുത്രന്മാരെയും പൗത്രന്മാരെയും നൽകി.” (16:72)

ഖുർആനും പ്രവാചകചര്യയും പഠിപ്പിക്കുന്ന അധ്യാപനങ്ങൾ അനുധാവനം ചെയ്താൽ ദാമ്പത്യം സംതൃപ്തവും ഭദ്രവുമാകുമെന്നുറപ്പ്.

Related Articles