Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ബലാത്സംഗം

പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ നിയമത്തിന്റെയും ജുഡീഷ്യറിയുടെയും ഇടപെടൽ ആവശ്യമായ കുറ്റകൃത്യമായി ഇതിനെ കണക്കാക്കുകയും ചെയ്യുന്നു. പാശ്ചാത്യ സംസ്കാരമനുസരിച്ചള്ള ഇത്തരം നിലപാടുകൾ ഇണകൾ തമ്മിലുള്ള ദാമ്പത്യബന്ധം ഇല്ലാതാക്കുന്നതിനാണ് നിമിത്തമാവുക. ഇതിനെ ബലാത്സംഗം എന്ന പദം ഉപയോഗിക്കുന്നത് തന്നെ തെറ്റാണെന്നാണ് നമുക്ക് പറയാനുള്ളത്. നിയമപരമായി ആ പദം കൊണ്ട് ഉദ്ധേശിക്കുന്നത് , ബലപ്രയോഗത്തിലൂടെ ചെയ്യുന്ന വ്യഭിചാരത്തെയാണ് ബലാത്സംഗം എന്ന് പറയുക. അല്ലെങ്കിൽ ബലപ്രയോഗത്തിലൂടെയും നിർബന്ധിച്ചും ഒരു സ്ത്രീയെ കീഴ്പ്പെടുത്തി ആക്രമിക്കുന്നതിനെയാണ് അങ്ങനെ പറയേണ്ടത്. ഇങ്ങനെയാണ് സംഭവിക്കുന്നതെങ്കിൽ ഇസ്ലാമിക നിയമമനസരിച്ചുള്ള വ്യഭിചാരത്തിനും പീഡനത്തിനുമുള്ള ശിക്ഷയിൽ ഇത് ഉൾപ്പെടുന്നുവെന്നതാണ് പ്രധാന കാര്യം.

എന്നാൽ ഭർത്താവ് ഭാര്യയെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചാൽ, ഈ പെരുമാറ്റത്തെ ഭർതാവിന്റെ മോശമായ സഹവാസം എന്ന് നമുക്ക് വിളിക്കാം. അതല്ലാതെ ബലാത്സംഗം എന്ന് വിളിക്കാൻ പറ്റില്ല. അല്ലാഹു പുരുഷൻമാരോട് സ്ത്രീകളുമായി ദയയോടെ സഹവസിക്കാനാണല്ലോ കൽപ്പിച്ചിരിക്കുന്നത്. അവരോട് ദയയോടെ വർത്തിക്കുക എന്നാണല്ലോ ഖുർആൻ നൽകുന്ന ഉപദേശം. ലൈംഗിക ബന്ധത്തിലായാലും ജീവിതത്തിലായാലും ഭാര്യയെ വേണ്ടമാതിരി പരിപാലിക്കാത്ത, അവളോട് ദയയോടും ആർദ്രതയോടും പെരുമാറാത്ത ഒരു പുരുഷൻ ദൈവത്തിന്റെയും അവന്റെ ദൂതന്റെയും കൽപ്പനക്ക് വിപരീതം നിൽക്കുന്നവനും മോശക്കാരനുമാണന്നതിൽ സംശയമില്ല. നിങ്ങൾ സ്ത്രീകളുമായി ഇണചേരുമ്പോൾ അവരോട് ദയകാണിക്കാൻ പുരുഷൻമാരോട് കൽപ്പിച്ച പ്രവാചകനാണ് നമുക്കുള്ളത്. ചുംബനത്തിലൂടെയും സംസാരത്തിലൂടെയുമുള്ള ആമുഖലീലകളിലൂടെ അവളിലേക്ക് കൂടുതൽ അടുക്കാനാണ് ശ്രമിക്കേണ്ടത്. അതല്ലാതെ അടിച്ചമർത്തിയും പരാക്രമം കാണച്ചുമല്ല. “നിങ്ങളിൽ ആരും തന്റെ ഭാര്യയുടെമേൽ ഒരു മൃഗം അതിന്റെ കാമപൂർത്തീകരണം നടത്തുന്നത് പോലെ ചെയ്യരുതെന്നും” പ്രവാചകൻ പറഞ്ഞിട്ടുണ്ട് . മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു, അവർക്കിടയിൽ ഒരു മധ്യവർത്തി ഉണ്ടായിരിക്കട്ടെ, അപ്പോൾ ചോദിക്കപ്പെട്ടു അല്ലാഹുവിന്റെ ദൂതരേ, എന്താണത് ? പ്രവാചകൻ പറഞ്ഞു: ചുംബനവും സംസാരവും. അക്രമവും ബലപ്രയോഗവും മൃ​ഗങ്ങളുടെ സഹവാസത്തിൽ പതിവാണ്. കളി തമാശകളിലേർപ്പെട്ട് കൊണ്ടുള്ള ഇണകൾ തമ്മിലുള്ള ബന്ധത്തെ മനോഹരമായി വിവരിച്ച മറ്റൊരു ഹദീസും കാണാം. കളിയിൽ നിർബന്ധവും അക്രമവും അടിച്ചമർത്തലും ഉൾപ്പെടുന്നില്ലല്ലോ. ജാബിറു ബിനു അബ്ദുല്ലയിൽ നിന്നുള്ള ഒരു ഹദീസിൽ ഇങ്ങനെ കാണാം- (നിനക്കൊരു കന്യകയെ വിവാഹം ചെയ്ത് കൂടായിരുന്നോ, എന്നാൽ നിനക്ക് അവളോടപ്പവും അവൾക്ക് നിന്നോടപ്പവും കളിക്കാമായിരുന്നല്ലോ. )

നമുക്കിതിനെ നിർബന്ധിത ലൈംഗികബന്ധം (ബലാത്സംഗം) എന്ന് വിളിക്കാൻ സാധിക്കില്ല. ഒരുവൻ തന്റെ ഭാര്യയുമായി അക്രമാസക്തമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത്, ഉദാഹരണമായി അവൾക്ക് ആർത്തവം, അസുഖം, പ്രസവാനന്തരമുള്ള നിഫാസ്, നോമ്പ് തുടങ്ങിയ സമയങ്ങളിൽ അവളെ ലൈംഗിക ബന്ധത്തിന് നിർബന്ധിക്കുന്നത് നിഷിദ്ധവും അത്തരം പെരുമാറ്റം തെറ്റുമാണ്. ഭർത്താവ് അവളുമായി ശാരീരികമോ വൈകാരികമോ ആയി അക്രമാസക്തമായ രീതിയിൽ ലൈംഗിക ബന്ധത്തിലേർപ്പെടുന്നതും, മലദ്വാരം പോലെ നിരോധിത സ്ഥലത്തിലൂടെയോ മറ്റേതങ്കിലും അസാധാരണ രീതിയിലൂടെ അവളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നുവെങ്കിൽ ആ പ്രവൃത്തികളെല്ലാം ഒരു വലിയ പാപവും നിഷിദ്ധമാക്കിയ പ്രവൃത്തിയുമാണന്നതിൽ തർക്കമില്ല. എന്നാലും അതിനെ ബലാത്സംഗം എന്ന് വിളിക്കാവതല്ല. പക്ഷേ അവൻ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കൽപ്പനയും ഭാര്യയുടെ അവകാശവും ലംഘിച്ചതിനാൽ പശ്ചാത്തപിക്കുകയും പാപമോചനം തേടുകയും ചെയ്യണം. ഇത്തരം ഘട്ടങ്ങളിൽ കാര്യ കാരണങ്ങൾ സഹിതം അവൾക്ക് വിവാഹമോചനം വരെ ആവശ്യപ്പെടാവുന്നതുമാണ്. അല്ലെങ്കിൽ അവനെ ഉപദേശിക്കാനും നേർവഴിക്ക് നടത്താനും മാതാപിതാക്കളോട് ഇടപെടാൻ ആവശ്യപ്പെടുകയും ചെയ്യാം. ആവശ്യമെങ്കിൽ ന്യയാധിപന്റെ ശ്രദ്ധയിൽപ്പെടുത്തി ശിക്ഷിക്കുകയും ചെയ്യാം. ഇനി അയാൾ ഇങ്ങിനെയൊക്കെ ചെയ്യുന്നത് എന്തോ രോ​ഗം കാരണമാണെങ്കിൽ ആവശ്യമായ ചികിത്സയും നൽകണം.

സ്ത്രീക്ക് തന്റെ ഭർത്താവിനെക്കുറിച്ച് പരാതിപ്പെടാനും തമ്മിൽ വേർപിരിയൽ ആവശ്യപ്പെടാനും ഇസ്ലാം അനുവദിക്കുന്നുണ്ട്. ഭർത്താവിന് തന്റെ ശരീര ശുദ്ധിയിലുള്ള അശ്രദ്ധയും അവന്റെ അസുഖകരമായ ഗന്ധവുമൊക്കെ മേൽപറഞ്ഞ ആവശ്യത്തിന് മതിയായ കാരണവുമാണല്ലോ, പ്രത്യേകിച്ച് ലൈംഗിക ബന്ധത്തിൽ. കാര്യങ്ങൾ അങ്ങനെയായിരിക്കെ അവൻ അവളോട് അക്രമാസക്തമായും നിർബന്ധമായും പെരുമാറിയാലത്തെ അവസ്ഥ എന്താണ്? അവൾക്ക് നല്ല ആരോഗ്യകരമായ രീതിയിൽ ദാമ്പത്യബന്ധം ആസ്വദിക്കാനുള്ള അവകാശമുള്ളത് പോലെത്തന്നെ അക്രമാസക്തമായ ലൈംഗികബന്ധം നിരസിക്കാനുള്ള അവകാശവും ഉണ്ടന്ന തിരിച്ചറിവാണ് വേണ്ടത്.

ഭര്യാ-ഭർതൃ സഹവാസം ചിലപ്പോൾ ബലപ്രയോഗത്തിലൂടെ സംഭവിക്കാം, ലജ്ജയോ മറ്റോകാരണമായി ഭാര്യ നിശബ്ദത പാലിക്കുന്നതിനാലാണത്. എന്നാലത് ലൈംഗിക ബന്ധത്തിലുള്ള ഒരു സ്ഥിരമായ സമീപനമാകാൻ നിർബന്ധിക്കാവതല്ല. അത് നിരസിക്കപ്പെടുകയും ഭാര്യ ഭർത്താവിനോട് പ്രതികരിക്കുകയും വേണം. അവൻ അവളുമായുളള സഹവാസം മെച്ചപ്പെടുത്തുകയാണെങ്കിൽ അവനെ തടയരുത്. കാരണം പുരുഷന്മാർ പലപ്പോഴും സ്ത്രീകളേക്കാൾ ലൈംഗിക ബന്ധത്തിന് കൂടുതൽ താൽപര്യമുള്ളവരാണ്. ഒരു സ്ത്രീ തന്റെ ഭർത്താവിനോട് ആവശ്യപ്പെടുന്ന കാര്യങ്ങളിൽ, അവളോട് മാപ്പ് നൽകാനും അവളെ തൃപ്തിപ്പെടുത്താനും നല്ലനിലയിൽ അവളോട് പ്രതികരിക്കാനും ഭർത്താവിന് ബാധ്യതയുണ്ട്. അവളുടെ അപേക്ഷ ആവർത്തിച്ച് നിരസിച്ചാൽ ഭർത്താവ് പാപമാണ് ചെയ്യുന്നത്. അല്ലാഹുവിന്റെ പ്രവാചകൻ പഠിപ്പിച്ചതോർമ്മയില്ലേ- (നിങ്ങൾ സ്വന്തത്തിനും മറ്റുള്ളവർക്കും ഉപദ്രവമേൽപ്പിക്കരുത്)

ചുരുക്കത്തിൽ, “വൈവാഹിക ബലാത്സംഗം” എന്നൊന്നില്ല എന്ന് നാം മനസ്സിലാക്കണം. എന്നാൽ, തെറ്റായ സഹവാസങ്ങളും, അല്ലാഹുവിന്റെ അതിരുകൾക്കെതിരായ അതിക്രമങ്ങളും, മാനസികവും ശാരീരികവുമായ ഉപദ്രവങ്ങളും യഥേഷ്ടം നടക്കുന്നുമുണ്ട്. വൈവാഹിക ജിവിതത്തെ കുറിച്ച ശരിയായ അറിവുകളും നിയമങ്ങളും നമുക്ക് പാശ്ചാത്യ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യേണ്ടതില്ല. ദാമ്പത്യബന്ധം മുതൽ അന്താരാഷ്ട്ര ബന്ധങ്ങൾ വരെയുള്ള സകലതും ഇസ്‌ലാം കണിശമായും വ്യക്തമായും പറഞ്ഞുതന്ന് നമ്മുടെ ജീവിതത്തെ ക്രമീകരിച്ചിരിക്കുന്നുവെന്നത് തർക്കമില്ലാത്ത കാര്യമാണല്ലോ.

വിവ- അബൂ ഫർവാൻ

Related Articles