Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ജീവിതം, ഇതും അറിയണം

ഏതൊരു വ്യക്തിയുടേയും സാമൂഹ്യ ജീവിതത്തിലെ സുപ്രധാനമായൊരു നാഴിക കല്ലാണല്ലോ വൈവാഹിക ജീവിതം. ആധുനിക കാലഘട്ടത്തില്‍ മനുഷ്യനെ ഏറ്റവും കൂടുതല്‍ അലട്ടികൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് വൈവാഹിക ജീവിതം. തീര്‍ത്തും വ്യതിരിക്തമായ രണ്ട് വിത്യസ്ത ജീവിത പാശ്ചാതലത്തില്‍ ജനിച്ച് വളര്‍ന്ന് വന്ന രണ്ട് സ്വതന്ത്ര അസ്തിത്വമുള്ള വ്യക്തികളുടെ തീര്‍ത്തും പുതുമ നിറഞ്ഞ ജീവിതത്തിലേക്കുള്ള കാല്‍വെപ്പാണ് വൈവാഹിക ജീവിതം. ആദ്യ സുദിനങ്ങളിലെ മധുവിധുവിന് ശേഷം പല കാരണങ്ങളാല്‍ ദമ്പതികള്‍ക്കിടയില്‍ പൊരുത്തക്കേടുകളും അസ്വാരസ്യങ്ങളും ഉടലെടുക്കുക സ്വാഭാവികമാണെങ്കിലും അതിനെ തുടക്കത്തില്‍ തന്നെ ചികില്‍സിച്ച് ഭേദമാക്കേണ്ടതാണ്.

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കുടുംബ ജീവിതം താളം തെറ്റുന്നതിനെക്കാള്‍ വലിയ ദുരന്തം മറ്റ് എന്താണുള്ളത്? വിവാഹ മോചനവും ആക്രമങ്ങളും ആത്മഹത്യയും കൊലപാതകങ്ങളും എല്ലാം ആ ദുരന്തത്തിന്‍റെ തുടര്‍ച്ചയാണ്. വിടരാന്‍ കൊതിക്കുന്ന പൂമൊട്ടുകള്‍ തീജ്വാലയേറ്റ് കരിഞ്ഞ് പോവുന്ന പ്രതീതി. മാത്രമല്ല ഇതിന്‍റെ പ്രത്യാഘാതമാകട്ടെ തലമുറകളോളം നിലനില്‍ക്കുകയും ചെയ്യുന്നു. ഒരല്‍പം ശ്രദ്ധയും അമിത പ്രതീക്ഷയും ഒഴിവാക്കിയാല്‍ നമ്മുടെ വൈവാഹിക ജീവിതത്തിന് ശുഭകരമായ പര്യവസാനം ഉണ്ടാവുന്നതാണ്. താഴെ പറയുന്ന കാര്യങ്ങള്‍ കൂടി നിഷ്കര്‍ഷിച്ചാല്‍ വൈവാഹിക ജീവിതം ഏറെ ആസ്വാദ്യകരമാക്കാം.

Also read: ഖുര്‍ആനില്‍ ലിംഗ വ്യത്യാസമില്ല: അമന്‍ദാ ഫിഗറസ്

1. സ്നേഹ പ്രകടനം
വൈവാഹിക ജീവിതത്തിന്‍റെ അടിത്തറയാണ് സ്നേഹം. ഇണകളുടെ സ്നേഹം ദൈവികമായ സ്നേഹത്തിന്‍റെ പ്രകടനമാണ്. കാരണം ദൈവം അല്‍ വുദൂദ് ആണ് അഥവാ സ്നേഹത്തിന്‍റെ മൂര്‍ത്തിമല്‍ രൂപം. അതിനാല്‍ ദൈവികമായ പരികല്‍പനയുടെ അടിസ്ഥാനത്തിലുള്ള വിവാഹത്തിലൂടെ ദൈവികമായ സ്നേഹത്തിന്‍റെ രുചിയാണ് ഇണകള്‍  ആസ്വദിക്കുന്നത്.  പരസ്പരം സ്നേഹം പ്രകടിപ്പിക്കുന്നതില്‍ ഒരു ലജ്ജയും ഉണ്ടാവേണ്ടതില്ല. സ്വന്തം ഭാര്യയുടെ ചുണ്ടില്‍ അന്നം വെച്ച് കൊടുക്കുന്നത് പോലും പുണ്യമാണെന്ന് പഠിപ്പിച്ച നബി (സ) സഹധര്‍മ്മിണി വെള്ളം കുടിക്കുമ്പോള്‍ എവിടെയാണൊ ചുണ്ട് വെച്ചത്, അവിടെ തന്നെ നബിയും ചുണ്ട് വെച്ച് വെള്ളം കുടിക്കുന്നു.

2. കാരുണ്യമുള്ളവരാകുക
വൈവാഹിക ജീവിതത്തെ· ഭദ്രമാക്കുന്ന സുപ്രധാന ഘടകമാണ് കാരുണ്യം. ദമ്പതിമാര്‍ കാരുണ്യം കൈവിടാതെ ജീവിക്കുക. അല്ലാഹു പറയുന്നു: അല്ലാഹു നിങ്ങളില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. നിങ്ങള്‍ക്കു സമാധാനത്തോടെ ഒത്തുചേരാന്‍. നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്‍റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്. 30:21

3. പരിരക്ഷ
ഇണകള്‍ പരസ്പരം വേണ്ടത്ര ശ്രദ്ധയും പരിരക്ഷയും നല്‍കാന്‍ കഴിയാത്തതിനാല്‍ പല വിവാഹങ്ങളും തുടക്കത്തില്‍ തന്നെ താളം തെറ്റിപോവുകയും ബന്ധം വേര്‍പ്പെട്ട് പോവുകയും ചെയ്യുന്നു. തീര്‍ത്തും പുതുമയുള്ള ഒരു സാഹചര്യത്തിലേക്കാണ് പുതുമണവാട്ടി കടന്ന് വരുന്നത്. അതിന്‍റെ അങ്കലാപ്പുകളും പുതിയ വീട്ടില്‍ നിന്നുണ്ടാവുന്ന പെരുമാറ്റങ്ങളെല്ലാം അവളെ അശ്വസ്ഥപ്പെടുത്തിയേക്കാം. അപ്പോള്‍ അവള്‍ക്ക് ഒരു താങ്ങായി നിലകൊള്ളേണ്ടതും അവരുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച്കൊടുക്കേണ്ടതും ഭര്‍ത്താവ് തന്നെയാണ്. ഇത് അവരുടെ കുടുംബ ജീവിതത്തെ ഭദ്രമാക്കാന്‍ സഹായിക്കും.

4. ആദരവ് നല്‍കല്‍
തന്‍റെ ജീവിതത്തിലെ ശൂന്യത നികത്തിയ, തനിക്ക് കരുത്ത് പകര്‍ന്ന് തന്നവളാണ് തന്‍റെ സഹധര്‍മ്മിണി എന്ന ബോധം അവരോടുള്ള പെരുമാറ്റത്തില്‍ ആർദ്രതയുണ്ടാവാന്‍ സഹായിക്കും. ഇരു കൂട്ടരും പരസ്പര വികാരങ്ങള്‍ മാനിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടത് കുടുംബ ജീവിതത്തിന്‍റെ ഭദ്രതക്ക് അനിവാര്യമാണ്. പ്രതീക്ഷിച്ചത്ര സ്വര്‍ണ്ണാഭരണങ്ങള്‍ കൊണ്ട് വരാത്തതിന്‍റെ പേരില്‍ മുറുമുറുക്കുകയും വധുവിനെ അശ്വസ്ഥപ്പെടുത്തുന്ന രൂപത്തില്‍ പെരുമാറുകയും ചെയ്യുന്ന കുടുംബാംഗങ്ങള്‍ ഇന്നും നമ്മുടെ നാടുകളിലുണ്ട്.  ഇതൊക്കെ ഇനി എങ്കിലും അശ്ലീലമാണെന്ന് മനസ്സിലായില്ലെങ്കില്‍ പിന്നെ എപ്പോഴാണ് മനസ്സിലാവുക?

Also read: തെരുവുകള്‍ അണയാതിരിക്കട്ടെ

5. അവകാശങ്ങളും ഉത്തരവാദിത്തങ്ങളും
ഉത്തരാവാദിത്തങ്ങള്‍ നിര്‍വ്വഹിക്കുകയും അവകാശങ്ങള്‍ ലഭിക്കുകയും ചെയ്യുമ്പോഴാണല്ലോ എല്ലാ സാമൂഹ്യ സ്ഥാപനങ്ങളും വിജയിക്കുന്നത്. കുടുംബം ഒരു സാമൂഹ്യ സ്ഥാപനം എന്ന നിലയില്‍ സഹധര്‍മ്മിണിയുടെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ച്കൊടുക്കുന്നത് ബന്ധങ്ങള്‍ ഊഷ്മളമാകാന്‍ സഹായകമാവും. നമ്മുടെ പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെ അപേക്ഷിച്ച വളരെ മുന്‍പന്തിയിലാണ് എന്ന് കാണാം. ഉപരിപഠനത്തിനും തൊഴിലിനൊക്കെ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ ന്യായമായ ഇത്തരം ആവശ്യങ്ങളെ ഭര്‍ത്താവ് പ്രോല്‍സാഹിപ്പിക്കുന്നത് എല്ലാ നിലക്കും ഗുണകരമായിരിക്കും.

6. സത്യസന്ധത
സോഷ്യല്‍ മീഡിയയുടേയും ഇലക്ട്രോണിക് മാധ്യമങ്ങളുടേയും ആവിര്‍ഭാവത്തോട് കൂടി ഏറെ പരിക്കേല്‍പിക്കപ്പെട്ട മൂല്യമാണ് കുടുംബ ജീവിതത്തിലെ സത്യസന്ധത.  എല്ലാവരും പരസ്പരം സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്ന അവസ്ഥ. സത്യസന്ധത വിശ്വാസ്യതയെ സൃഷ്ടിക്കുന്നു. ജീവിതത്തില്‍ വിശ്വാസ്യതയില്ലെങ്കില്‍ കുടുംബത്തില്‍ മറ്റെന്ത് ഉണ്ടായാലും ഒരു പ്രയോജനവുമില്ല.  ഈ സംശയം പരിധി വിടുകയാണെങ്കില്‍ ഒരു കൗണ്‍സിലറയൊ മറ്റൊ സമീപിച്ച് മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.   ഖുര്‍ആന്‍ പറഞ്ഞു: ഇണകള്‍ പരസ്പരം വസ്ത്രങ്ങളാണ്. വസ്ത്രത്തിന്‍റെ മുമ്പില്‍ നമുക്ക് ഒന്നും മറച്ച് വെക്കാനില്ലന്ന് മാത്രമല്ല അത് നമ്മെ പലതില്‍ നിന്നും സംരക്ഷിക്കുകയും ചെയ്യുന്നു.

7. പ്രശംസിക്കുക
നിസ്സാര കാര്യങ്ങള്‍ക്ക് വഴക്കടിക്കുന്നവര്‍ എത്ര മഹത്തായ കാര്യം ചെയ്താലും ചെറുതായി പ്രശംസിക്കാന്‍ മടിയുള്ളവരാണ് നമ്മില്‍ പലരും.  നിര്‍ലോഭമായ പ്രശംസ ആളുകളെ കൂടുതല്‍ സന്തോഷിപ്പിക്കുകയും കര്‍മ്മനിരതരാവാന്‍ പ്രേരിപ്പിക്കുകയും ചെയ്യും.  ഭക്ഷണത്തില്‍ അല്‍പം പഞ്ചസാരയൊ ഉപ്പൊ കൂടിയതിന് ശകാരിക്കുന്നതിന് പകരം കഴിഞ്ഞ ദിവസം നീ ഉണ്ടാക്കിയ ഭക്ഷണം എത്ര രുചിയുള്ളതായിരുന്നു എന്ന് പറഞ്ഞാല്‍ തന്നെ കാര്യങ്ങള്‍ അവള്‍ക്ക് പിടികിട്ടേണ്ടതാണ്. സര്‍ഗ്ഗാത്മകമായ അവളുടെ കഴിവിനേയും പ്രോല്‍സാഹിപ്പിക്കുക.

8. നന്മയില്‍ വര്‍ത്തിക്കുക
മഅ്റൂഫ് എന്നാണ് അറബിയില്‍ ഇതിന് പറയുന്നത്. വിശുദ്ധ ഖുര്‍ആനില്‍ പലവുരു ആവര്‍ത്തിക്കപ്പെട്ട വിഷയമാണിത്. ഒന്നിച്ച് ജീവിച്ചിരിക്കുമ്പോഴായാലും ഇണകള്‍ തമ്മില്‍ വേര്‍പിരിയേണ്ടി വന്നാലും പരസ്പരം നന്മയില്‍ വര്‍ത്തിക്കുന്നതിന് ഒരു പോറലും ഉണ്ടാവാന്‍ പാടില്ല. സംസ്കാര സമ്പന്നരായ ജനവിഭാഗത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത് നന്മ നിറഞ്ഞ കാര്യങ്ങള്‍ മാത്രം. നന്മയുള്ള വിനോദങ്ങളില്‍ ഭാര്യയും ഭര്‍ത്താവും മുഴുകുന്നതും നല്ലാതാണ്. എത്യോപ്യക്കാരുടെ കായികാഭ്യാസങ്ങള്‍ പ്രവാചകന്‍ തന്‍്റെ ചുമലിന് മുകളിലൂടെ ആയിശക്ക് കാണിച്ചുകൊടുക്കുമായിരുന്നു.

9. പ്രാര്‍ത്ഥന
ആധുനിക കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളിലൊന്ന് കുടുംബം. ഭാര്യ ഭര്‍തൃ ബന്ധങ്ങള്‍, സന്താനങ്ങള്‍,   ഇതിന്‍റെ സുഖകമായ പ്രയാണത്തിന് അല്ലാഹുവിന്‍റെ ഉദവി ഉണ്ടായേ മതിയാവൂ. അതിന് ഏറ്റവും നല്ല മാര്‍ഗ്ഗം പ്രാര്‍ത്ഥനയാണ്.  ആത്മാര്‍ത്ഥമായ പ്രാര്‍ത്ഥനക്ക് അല്ലാഹു ഉത്തരം നല്‍കുക തന്നെ ചെയ്യും. പ്രാര്‍ത്ഥനയുടെ ഒരു മാതൃകയും അല്ലാഹു ഖുര്‍ആനിലൂടെ പഠിപ്പിച്ച് തരുകയും ചെയ്തിട്ടുണ്ട്.  അവരിങ്ങനെ പ്രാര്‍ത്ഥിക്കുന്നവരുമാണ്: ”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളില്‍നിന്നും സന്തതികളില്‍നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ നല്‍കേണമേ. ഭക്തിപുലര്‍ത്തുന്നവര്‍ക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.” ഫുര്‍ഖാന്‍ 25:74

Also read: ഡൽഹിയിൽ വിപ്ലവം തീർത്ത മദ്രസ ഇ-ഫിറോസ് ഷാഹിയുടെ ചരിത്രം

10. കൂടിയാലോചന
കുടുംബമെന്ന വാഹനം സഞ്ചരിക്കുന്ന രണ്ട് പാളയങ്ങളാണ് ഭാര്യയും ഭര്‍ത്താവും.  ഇത് രണ്ടും വിത്യസ്ത ധ്രുവങ്ങളിലേക്ക് സഞ്ചരിച്ചാല്‍ ഉണ്ടാവുന്ന ദുരന്തം പറയേണ്ടതില്ല. നമുക്കിടയിലുള്ള മിക്ക പ്രശ്നങ്ങളുടേയും കാരണം പലപ്പോഴും വിപരീത ദിശകളിലേക്കാണ് രണ്ട് കൂട്ടരും സഞ്ചരിക്കുന്നത്. ഇത് ഒഴിവാക്കാനുള്ള ഏറ്റവും ഫലപ്രദമായ മര്‍ഗ്ഗമാണ് കൂടിയാലോചന.  എത്ര നിസ്സാമാവട്ടെ ഗുരുതരമാവട്ടെ അത് കുടുംബ കാര്യമാണെങ്കില്‍ രണ്ട് പേരും ആലോചിച്ച് തീരുമാനമെടുക്കുന്നത് ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ മാത്രമല്ല കുട്ടികള്‍ക്ക് അത് നല്ല മാതൃകയാവുകയും ചെയ്യും.

മുകളില്‍ പറഞ്ഞത് തത്വങ്ങള്‍ മാത്രം. ഇനി പറയുന്നത് നിസ്സാരമാണെങ്കിലും ഫലപ്രദമാണ്. പച്ചയായ മനുഷ്യനെ ബാധിക്കുന്ന കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുമ്പോഴാണ് കുടുംബ ജീവിതം ധന്യമാവുക.  മകളുടെ വിവാഹ കാര്യത്തെ കുറിച്ച സംസാരിച്ചപ്പോള്‍ സാമൂഹ്യ പ്രവര്‍ത്തകനായ യൂസ്ഫ് ഹാജി പറഞ്ഞ കാര്യങ്ങള്‍ എപ്പോഴും ഓര്‍ക്കാറുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഭര്‍ത്താവിന്‍റെ മാതവിനേയും പിതാവിനേയും നന്നായി പരിചരിക്കലാണ്.  ജീവ കാരുണ്യ സ്പര്‍ഷത്തോടെ. അവരുടെ പതിവ് ശീലങ്ങള്‍ മനസ്സിലാക്കി ചെയ്ത് കൊടുക്കുന്നത് വലിയ പുണ്യമാണ്.  പ്രഭാതത്തില്‍ ഒരു ചായ, ഭർതൃ മാതാവിന്‍റെ തല ചീകികൊടുക്കുക അങ്ങനെ ആ പട്ടിക നീണ്ട് പോയേക്കാം.  ഇതൊക്കെ ചെയ്യുന്നതിലൂടെ ആരും ചെറുതാവുന്നില്ല. കല്‍ക്കത്തയിലെ കുഷ്ടരോഗികള്‍ക്ക് വേണ്ടി മദര്‍ തെരേസ എന്തെല്ലാം ചെയ്തു. അവര്‍ ഒരിക്കലും ചെറുതാവുകയല്ല വിശ്വത്തോളം വളരുകയാണ് ചെയ്തത്.

Related Articles