Current Date

Search
Close this search box.
Search
Close this search box.

സ്നേഹവും കരുണയും; ഔദാര്യമോ സഹായമോ? ( 2 )

ഒരുപാടാളുകളിൽ നിന്നും അനവധി സന്ദേശങ്ങൾ എനിക്ക് ലഭിച്ചിരുന്നു, അവയിലൊന്നിനെ നമുക്കിങ്ങനെ സംഗ്രഹിക്കാം: മുസ്ലിം കുടുംബങ്ങൾക്ക് വേണ്ടി ഇത്തരമൊരു പരമ്പര തയ്യാറാക്കുന്നത് സ്തുത്യർഹമാണ്. ഈ ലേഖനപരമ്പര അതിൽ സുപ്രധാന പങ്ക് വഹിക്കുന്നു. ദാമ്പത്യ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കുന്നവർക്ക് ഇത്തരം പരമ്പരകൾ ഉപകാരപ്രദമാണ്. എന്നാൽ വർഷങ്ങൾക്ക് മുന്നേ വിവാഹം കഴിഞ്ഞ ഞങ്ങളെപോലെയുള്ളവരെ സംബന്ധിച്ച് ഒരുപാട് വർഷങ്ങൾ കഴിഞ്ഞ്പോയിരിക്കുന്നു. അഞ്ചും ആറും വർഷങ്ങൾക്ക് ശേഷം ജീവിതരീതിയിൽ ഇനിയൊരു മാറ്റം സാധ്യമാണോ?.

ഇത്തരമൊരു സന്ദേശത്തിന് മറുപടിയായി എനിക്ക് പറയാനുള്ളത് അഞ്ചും പത്തും വർഷങ്ങൾ പിന്നിട്ടവരെന്നല്ല, അൻപതും അറുപതും കഴിഞ്ഞവർക്കും ആവശ്യമെങ്കിൽ മാറ്റങ്ങൾ സാധ്യമാണ്. ദമ്പതികൾ കഴിഞ്ഞ് പോയ വ്യതിചലിച്ചുപോയ വർഷങ്ങളെ പിന്നിലാക്കി കൊണ്ട്, ഇപ്പോൾ സത്യം മനസ്സിലാക്കാനും അത് പിന്തുടരാനുള്ള ശ്രമങ്ങളുണ്ടാവുകയും ചെയ്തതിന് ദൈവത്തിന് നന്ദിയർപ്പിക്കേണ്ടതുണ്ട്. കുടുംബപ്രശ്നങ്ങളുമായി സംബന്ധിച്ച കൗൺസിലിംഗുകളിലെ എന്റെ രീതിശാസ്ത്രം ഇണകളെ അവലോകനം ചെയ്ത് തെറ്റിദ്ധാരണകൾ തിരുത്തിയ ശേഷം ഒരു പ്രോഗ്രാം സജ്ജീകരിക്കുക എന്നതാണ്. നിഷേധാത്മകമായ പെരുമാറ്റങ്ങൾ നീക്കികളയുകയും, ഓരോരുത്തരോടും അവരവരുടെ പങ്കാളിയോട് “ഞാൻ നിങ്ങളോട് ക്ഷമിച്ചുവെന്നും നിങ്ങളുടെ തെറ്റുകൾ ഞാൻ മറന്നുവെന്നും ഞാൻ ദൈവത്തോട് സാക്ഷ്യം വഹിക്കുന്നു, ഞാൻ നിങ്ങൾക്ക് ഏറ്റവും മികച്ച ഇണയായിരിക്കുമെന്ന് വാഗ്ദാനവും ചെയ്യുന്നു.” എന്ന് പറയാനാവശ്യപ്പെടുകയും ചെയ്യും. സ്നേഹവും കാരുണ്യവും പരസ്പരം പകർന്നു നൽകി ജീവിതരീതികൾ ചിട്ടപ്പെടുത്താൻ തീരുമാനിക്കുന്ന ദമ്പതികൾ ആദ്യം തെറ്റുകളെ പൊറുക്കുകയും വിട്ടുവീഴ്ച ചെയ്യുകയും, ശേഷം മുന്നോട്ടുള്ള ജീവിതത്തിൽ നല്ല പാതിയായി കൂടെനിൽക്കാനുള്ള സഹായം അല്ലാഹുവിനോട് തേടുകയുമാണ് ചെയ്യേണ്ടത്.

ദാമ്പത്യജീവിതത്തിൽ പ്രണയവും കരുണയും നിലനിർത്താനുള്ള ആദ്യ പടികളെ പരിശോധിക്കാം;
അല്ലാഹുവിന് വേണ്ടിയാണെന്ന ആത്മാർത്ഥമായ ഉദ്ദേശശുദ്ധിയാണ് ആദ്യത്തേത്.
ലക്ഷ്യം അല്ലാഹു മാത്രമായിരിക്കലാണ് ആത്മാർത്ഥതയെന്നത്. അഥവാ പ്രീതി കാംക്ഷിക്കുന്നത് നാഥനിൽ നിന്ന് മാത്രമായിരിക്കണം. നാഥൻ പറയുന്നു: “പറയുക: എന്റെ നമസ്കാരവും മറ്റാരാധനകളും ജീവിതവും മരണവുമൊക്കെ സർവ്വലോക സംരക്ഷകനായ അല്ലാഹുവിനുള്ളതാകുന്നു ” പ്രവാചകൻ പറയുന്നു: ”തീർച്ചയായും കർമ്മങ്ങൾ ഉദ്ദേശപ്രകാരമാണ് നിശ്ചയിക്കപ്പെടുന്നത്”.

വിവാഹവും ആത്മാർത്ഥതയും തമ്മിൽ എന്താണ് ബന്ധം എന്ന് ചോദിച്ചാൽ, എതിർലിംഗത്തോടുള്ള സഹജമായ ആഗ്രഹവും ആകർഷണവും ഒരു കുടുംബം കെട്ടിപ്പടുക്കാനുള്ള ആവശ്യകതയും പരസ്പരം ജീവിതത്തിലെ അഭിലാഷങ്ങൾ നിറവേറ്റാനുള്ള ആവശ്യകതയും വിവാഹത്തിലേക്കുള്ള കാരണങ്ങളാണ് എന്നിരിക്കെ തന്നെ അല്ലാഹു കനിഞ്ഞു നൽകുന്ന ഏറ്റവും ഉദാരമായ അനുഗ്രഹങ്ങളിൽ ഒന്ന്കൂടിയാണത്. ഒരാൾ തന്റെ ഇണയെ തേടുന്നത് മുതൽ തന്റെ ദാമ്പത്യജീവിതത്തിലുടനീളം നാഥന്റെ കാരുണ്യവർഷം ഉണ്ടാവും. കാരണം പണ്ഡിതർ പറയുന്ന പോലെ, അനുവദനീയമായ കാര്യങ്ങളെ സംബന്ധിച്ച് ഓരോ വ്യക്തിയുടെയും ഉദ്ദേശശുദ്ധിക്ക് അനുസരിച്ചാണ് അവയോരോന്നും ആരാധനയായി മാറുന്നത്. വിവാഹം കഴിക്കുന്ന ഒരു വ്യക്തി തന്റെ വിവാഹത്തിനുവേണ്ടി ചെലവഴിക്കുന്ന എല്ലാ ധനവും ദാമ്പത്യ ജീവിതത്തിലുടനീളം വിനിയോഗിക്കുന്ന സർവ സമ്പത്തും അല്ലാഹുവിന്റെ പ്രീതിക്കു വേണ്ടിയാണെന്നും ഒരു നല്ല പങ്കാളിയായിരിക്കാൻ നാഥൻ തന്നെ സഹായിക്കുമെന്നും തന്റെ പങ്കാളിയോടുള്ള ക്ഷമയും വിട്ട് വീഴ്ചയും മാനസികമായും ശാരീരികമായും പരസ്പരം കൂട്ടാവുകയും ജീവിതം പുതിയ വഴിയിലേക്ക് നീങ്ങുമ്പോൾ അതിൽ മടുപ്പും നിരാശയും കടന്നു വരാതിരിക്കണേയെന്ന പ്രാർത്ഥനയുമെല്ലാം മേൽ സൂചിപ്പിച്ച ഉദ്ദേശശുദ്ധിയിൽ പെടും.

റബ്ബിന്റെ പൊരുത്തം മാത്രം പ്രതീക്ഷിക്കുന്നതിലൂടെ പിശാചിന്റെ സർവ്വ കുതന്ത്രങ്ങളിൽ നിന്നും തന്നെയും പങ്കാളിയെയും സംരക്ഷിക്കുമെന്നും വിശ്വാസി കരുതുന്നു.

അല്ലാഹു പറയുന്നു: “പിശാച് പറയുന്നു: എന്റെ നാഥാ, നീ എന്നെ ദുർമാർഗ്ഗത്തിലാക്കിയിരിക്കുന്നതു മൂലം, ഭൂതലത്തിൽ അവർക്കു ഞാൻ ദുശ്കർമ്മങ്ങൾ സുന്ദരമാക്കികൊടുക്കുകയും അവരെയൊന്നടങ്കം വഴിതെറ്റിക്കുകയും ചെയ്യും, തീർച്ച; നിന്റെ അത്മാർത്ഥമായ ദാസരൊഴികെ”
അതിനാൽ ജീവിതത്തിന്റെ ഓരോ നിമിഷത്തിലും ഉദ്ദേശശുദ്ധിയെ പുതുക്കാൻ ശ്രദ്ധിക്കണം. നാഥാ നീ ഞങ്ങളുടെ ഇണകളിൽ നിന്നും സന്താനങ്ങളിൽ നിന്നും കൺകുളിർമയുള്ളവരെ നൽകേണമേ, സൂക്ഷ്മതയുടെ അടിക്കല്ലിൽ ഞങ്ങളുടെ വീട് പടുത്തുയർത്തുകയും സ്നേഹവും കരുണയും കൊണ്ട് ഞങ്ങളെ അനുഗ്രഹിക്കുകയും ചെയ്യണമെ.

സ്നേഹവും കാരുണ്യവും അല്ലാഹുവിൽ നിന്നുള്ള ഔദാര്യമോ സഹായമോ?

അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹങ്ങളെ രണ്ടായി തരം തിരിക്കാം. റബ്ബിന്റെ ഔദാര്യമായിട്ടാണ് ഒന്ന്, സന്താനങ്ങളെ പോലെ. അല്ലാഹു പറയുന്നു: “ഭുവനവാനങ്ങളുടെ രാജാധിപത്യം അല്ലാഹുവിനാണ്; താനുദ്ദേശിക്കുന്നത് അവൻ സൃഷ്ടിക്കുന്നു. താനുദ്ദേശിക്കുന്നവർക്ക് അവൻ പെൺമക്കളെയും മറ്റുചിലർക്ക് ആൺമക്കളെയും കനിഞ്ഞേകുന്നു; അല്ലെങ്കിൽ ആണുംപെണ്ണും കലർത്തികൊടുക്കും; ഉദ്ദേശിക്കുന്നവരെ വന്ധ്യരുമാക്കും. അവൻ എല്ലാമറിയുന്നവനും സർവശക്തനുമാകുന്നു”.

ഒരുപക്ഷേ സദ് വൃത്തരായ രണ്ടിണകൾക്ക് മക്കളെ നൽകാതിരിക്കാൻ റബ്ബ് തീരുമാനിച്ചേക്കാം, സാധ്യമായ എല്ലാ വഴികളിൽ നിന്നും ആ സൗഭാഗ്യം അവരിൽ നിന്നും അകന്നു മാറി പോകാം, ചിലപ്പോൾ അവർ രണ്ടായി പിരിഞ്ഞു മറ്റൊരു ജീവിതം കെട്ടിപ്പടുക്കുകയും അതുവഴി ആഗ്രഹം സഫലമാവുകയും ചെയ്തെന്നും വരാം.

അനുഗ്രഹത്തിന്റെ രണ്ടാമത്തെ വിഭാഗം സഹായം എന്നതാണ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളെ നിങ്ങൾ അല്ലാഹുവിനെ സഹായിക്കുന്നെങ്കിൽ അവൻ നിങ്ങളെ സഹായിക്കുന്നതും നിങ്ങളുടെ പാദങ്ങൾ ദൃഢീകരിക്കുന്നതുമാണ്”. അപ്പോൾ അന്യോന്യം അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച് ദാമ്പത്യ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയും മാനസികമായും സാമ്പത്തികമായും ശാരീരികമായും സഹായിക്കുകയും ആവശ്യങ്ങൾ നിറവേറ്റുകയും ഒരുമിച്ച് പരലോകമോക്ഷത്തിന് വേണ്ടി പ്രയത്നിക്കുകയും ജീവിതത്തിലെ പ്രതിസന്ധികളെ ഒന്നിച്ച് തരണം ചെയ്യുകയും ചിട്ടയായ ജീവിതം നയിക്കുകയും ചെയ്യുന്ന ദമ്പതികൾക്കിടയിൽ കാരുണ്യവും അല്ലാഹുവിന്റെ സഹായമാണോ ഔദാര്യമാണോ എന്നത് പ്രസക്തമായ ചോദ്യമാണ്.

തീർച്ചയായും സംതൃപ്തരായ രണ്ട് ഇണകൾക്കിടയിൽ റബ്ബ് നീട്ടുന്ന സഹായകരങ്ങളാണ് അവർക്കിടയിൽ ശാശ്വതമായ പ്രണയവും കരുണയും നിലനിർത്തുന്നത്. സുകൃതം കൊണ്ട് കോർത്തിണക്കിയ ജീവിതത്തിൽ അന്യോന്യം ന്യൂനതകളെ പരിഹരിച്ചുകൊണ്ട് അവർ പരിപൂർണ്ണരാവുന്നു. പങ്കാളിയുടെ പ്രകൃതവും രീതിയും പഠിച്ചും തിരിച്ചറിഞ്ഞും പരസ്പരം കുറവുകളെ പരിഹരിച്ചും സഹകരിച്ചും അവർ മുന്നോട്ടു പോകുന്നു. അവർ രണ്ടുപേരും സ്വർഗത്തിലേക്കുള്ള കവാടങ്ങൾ ആവുകയും പിശാചിന്റെ വഴി കൊട്ടിയടക്കുകയും ചെയ്യുന്നു. പ്രവാചകൻ പറഞ്ഞു: “നിങ്ങളിൽ ഏറ്റവും ഉത്തമർ തന്റെ കുടുംബത്തോട് നന്നായി പെരുമാറുന്നവരാണ്. നിങ്ങളിലേറ്റവും നന്നായി കുടുംബത്തോട് പെരുമാറുന്നവൻ ഞാനാകുന്നു”.

അതുകൊണ്ടുതന്നെ ശാശ്വതമായ പ്രണയവും കരുണയും കൊണ്ട് നാഥൻ അനുഗ്രഹിച്ച ഇണകളെ കാണുമ്പോൾ അവർ സൗഭാഗ്യവാന്മാരാണെന്ന് മാത്രമല്ല, അത് ദമ്പതികളുടെ അധ്വാനത്തിന്റെയും ക്ഷമയുടെയും പ്രാർത്ഥനയുടെയും ഫലമായി നാഥൻ അവർക്ക് നിശ്ചയിച്ചു നൽകിയ സഹായത്തിന്റെ ഫലമാണെന്ന് കൂടി നാം തിരിച്ചറിയണം. ചുരുക്കത്തിൽ പ്രണയവും കാരുണ്യവും ഔദാര്യമല്ല മറിച്ച് നാഥന്റെ പക്കൽ നിന്നുള്ള സഹായമാണ്. ( അവസാനിച്ചു)

 

വിവ: ഫഹ്‌മിദ സഹ്റാവിയ്യ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles