FamilyLife

വൈവാഹിക ജീവിതവും കുടുംബ ജീവിതവും അനുഗ്രഹമാക്കണം

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യത്തിന്റെ രണ്ടാം ഘട്ടമായാണ് വിക്രം ലാന്‍ഡര്‍ ISRO ചന്ദ്രനിലേക്ക് അയച്ചത്. ഭൂമിയില്‍ നിന്നും പുറപ്പെട്ടാല്‍ പിന്നീട് ഉപഗ്രഹം പ്രവര്‍ത്തിക്കുന്നത് അതിനുള്ളില്‍ മുന്‍കൂട്ടി തയ്യാറാക്കി വെച്ച പ്രോഗ്രാം അനുസരിച്ചാണ്. അപ്രകാരം യാത്രയുടെ എല്ലാ ഘട്ടങ്ങളും അത് വിജയകരമായി പ്രവര്‍ത്തിച്ചു. ചന്ദ്രന്റെ ഉപരിതലത്തിനു ഏകദേശം രണ്ടു കിലോമീറ്റര്‍ മേലെ നിന്നും ലാന്‍ഡര്‍ താഴെ പതിച്ചു എന്നാണു മനസ്സിലാക്കപ്പെടുന്നത്. ഇറങ്ങാന്‍ സമയത്ത് ഉപയോഗിക്കേണ്ട പ്രോഗ്രാം വേണ്ട രീതിയില്‍ ഉപയോഗപ്പെട്ടില്ല എന്നതാണ് പരാജയത്തിന്റെ കാരണമായി പറയപ്പെടുന്നതും.

മനുഷ്യനെ ഭൂമിയിലേക്ക് അയക്കുമ്പോള്‍ ഒരുപാട് പ്രോഗ്രാമുകള്‍ ദൈവം മനുഷ്യ മനസ്സുകളില്‍ നിറച്ചു വെച്ചിരിക്കുന്നു. അതിനെ കുറിച്ച് ഓര്‍മ്മിപ്പിക്കാന്‍ പ്രവാചകന്മാരെയും ഗ്രന്ഥങ്ങളും ഇറക്കി കൊണ്ടിരുന്നു. മനുഷ്യ മനസ്സില്‍ അല്ലാഹു നിറച്ചു വെച്ച ഒരു വികാരമാണ് അനുരാഗം, മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ പ്രേമം. മനുഷ്യന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒന്നാണ് ഈ ഗുണം. ആ ഗുണം വേണ്ട സമയത്ത് ഉപയോഗപ്പെടുന്നില്ല എന്നതാണ് പല കുടുംബങ്ങളും തകര്‍ന്നു വീഴാന്‍ കാരണം. രണ്ടു വ്യത്യസ്ത വഴികളിലൂടെ സഞ്ചരിച്ചിരുന്ന രണ്ടു വ്യക്തികളുടെ സമന്വയമാണ് വിവാഹത്തിലൂടെ നടക്കുന്നത്. അവരുടെ കൂടിച്ചേരലിന് അടിസ്ഥാന കാരണം സ്‌നേഹമാണ്. ഇന്നലെ വരെ ഉണ്ടായിരുന്ന പല നിപലാടുകളില്‍ നിന്നും ഇരുവരും മാറ്റം വരുത്തുമ്പോള്‍ മാത്രമാണ് ആ ബന്ധം മുന്നോട്ടു പോകുന്നത്. തന്റെ ഇണയെ എത്രമാത്രം സ്‌നേഹിക്കുന്നു എന്നതാണ് പരസ്പരമുള്ള വിട്ടുവീഴ്ച്ചയുടെ അടിസ്ഥാനവും.

സ്‌നേഹം പ്രകടിപ്പിക്കാനുള്ളതാണ്. മനുഷ്യ മനസ്സുകളില്‍ അനുരാഗവും കാരുണ്യവും നിറച്ചു എന്നത് ദൈവ ദൃഷ്ടാന്തങ്ങളില്‍ വലിയതായാണ് അള്ളാഹു പറയുന്നതും. ഇണകള്‍ പരസ്പരം സഹകരിക്കുന്നത് അനുരാഗവും കാരുണ്യവും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമാണ്. ഒരാളെ കുറിച്ച് മനസ്സില്‍ നിന്നും സ്‌നേഹം കുറഞ്ഞു വരുമ്പോള്‍ അവിടെ വെറുപ്പും വിദ്വേഷവും കയറി വരുന്നു. ആദം നബിയെ സൃഷ്ടിച്ച ദൈവം അടുത്ത് നടത്തിയ സൃഷ്ടി ആദമിന്റെ ഇണയയാണ്. ഇണയായി ജീവിക്കുക എന്നതിന്റെ ആവശ്യകത കൂടി അത് ചൂണ്ടി കാണിക്കുന്നു. എല്ലാത്തിലും ഇണകളെ ഉണ്ടാക്കി എന്നത് ദൈവത്തിന്റെ ഒരു ഔദാര്യമായി ഖുര്‍ആന്‍ പറയുന്നു.

ആധുനിക ജീവിതത്തില്‍ മനുഷ്യന് നഷ്ടപ്പെട്ടു പോകുന്ന ഒരു വികാരമാണ് സ്‌നേഹവും പ്രേമവും. പ്രേമം വൈവാഹിക ജീവിതത്തില്‍ ഒരു അനുവാര്യ ഘടകമാണ്. പ്രേമം എന്നത് ഒരു മോശം വികാരമായി നാം മനസ്സിലാക്കുന്നു. അത് വിവാഹ ജീവിതത്തിനു മുമ്പുള്ള ഘട്ടമായി നാം തെറ്റിദ്ധരിക്കുന്നു. ഇസ്ലാം ആഗ്രഹിക്കുന്ന പ്രേമം വിവാഹത്തോടെ ആരംഭിക്കണം. ചുരുക്കത്തില്‍ കുടുംബ ബന്ധങ്ങളെ ബലപ്പെടുത്തുന്നതില്‍ സ്‌നേഹത്തിന്റെ പങ്കു വലുതാണു. സമാധാനമാണ് കുടുംബ ജീവിതത്തില്‍ നിന്നും ലഭിക്കേണ്ട ഫലം. വീടുകളില്‍ അതുണ്ടാകുമ്പോള്‍ മാത്രമാണ് വീട് അനുഗ്രഹമാകുന്നത്. അതില്ല എന്നത് തന്നെയാണ് പലരെയും വീടുകളില്‍ നിന്നും പുറത്ത് കൊണ്ട് വരുന്നതും.

അനുഗ്രഹങ്ങള്‍ തിരിച്ചറിയാതെ പോകുന്നു എന്നതാണ് മനുഷ്യന്‍ നേരിടുന്ന വലിയ ദുരന്തം. അനുഗ്രഹം പൂര്‍ത്തിയാകുന്നത് അത് അനുഭവപ്പെടുമ്പോള്‍ മാത്രമാണ്. കുടുംബം പലര്‍ക്കും ആ രീതിയില്‍ ഒരു അനുഭവമാകുന്നില്ല. ഇഴകി ചേരുക എന്നൊരു പ്രയോഗവും വിവാഹത്തെ കുറിച്ച് ഖുര്‍ആന്‍ പറയുന്നു. ഇണകള്‍ എല്ലാ തലത്തിലും ലയിക്കുമ്പോള്‍ മാത്രമാണ് വൈവാഹിക ജീവിതവും കുടുംബ ജീവിതവും ഒരു അനുഭവമാകുന്നത്. പക്ഷെ പലപ്പോഴും ലയിക്കാന്‍ കൂട്ടാക്കാതെ ഒറ്റപ്പെട്ടു നില്‍ക്കുന്ന അവസ്ഥയാണു കണ്ടു വരുന്നത്. അവിടെയാണ് പിശാചിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുന്നതും. ഇണകള്‍ക്കിടയില്‍ കുഴപ്പം ഉണ്ടാക്കുന്നതിനെക്കാള്‍ ഉത്തമമായി പിശാചിന്റെ കണക്കില്‍ മറ്റൊന്നില്ല എന്നാണു പ്രവാചക വചനം.

വിശപ്പ്,ദാഹം എന്നിവ നമുക്ക് അനുഭവപ്പെടുന്നതു പോലെ സ്‌നേഹ ദാരിദ്ര്യവും നമുക്ക് അനുഭവപ്പെടണം. ഒഴിഞ്ഞ വയറ്റില്‍ ഗ്യാസ് കയറുന്നത് പോലെ മനസ്സില്‍ നിന്നും സ്‌നേഹവും കാരുണ്യവും കുറയുമ്പോള്‍ അവിടെ എതിര്‍ വികാരങ്ങള്‍ നാം അറിയാതെ കയറി വരുന്നു. അത് നമ്മെ കൊണ്ടെത്തിക്കുക വലിയ പരാജയത്തിലും. യാത്രയുടെ ഒരു സമയത്ത് ഉപകാരപ്പെടേണ്ട പ്രോഗ്രാം ഉപയോഗപ്പെട്ടില്ല എന്നതാണ് വിക്രം ലാന്‍ഡറിനെ പരാജയത്തിലേക്ക് നയിച്ചത്. അള്ളാഹു നല്‍കിയ പ്രോഗ്രാമ്മുകള്‍ ഉപയോഗപ്പെടുന്നില്ല എന്നത് തന്നെയല്ലേ പലരെയും പരാജയത്തിലേക്ക് നയിക്കുന്നതും.

Author
AS
Facebook Comments
Related Articles
Show More
Close
Close