Current Date

Search
Close this search box.
Search
Close this search box.

കുടുംബനാഥന്റെ ബാധ്യതകൾ

കുടുംബം എന്നത് സുസ്ഥിരമായ ഒരു സ്ഥാപനമാണ്. അത് ഭദ്രവും ആരോഗ്യകരവുമാകാനാവശ്യമായ നിർദേശങ്ങൾ ഇസ്ലാം നൽകിയിട്ടുണ്ട്. ദമ്പതികളിൽ ഒാരോരുത്തരുടെയും അവകാശ- ബാധ്യതകൾ നിർണയിച്ചിട്ടുമുണ്ട്. ഖുർആൻ പറയുന്നു: “”സ്ത്രീകൾക്ക് ചില ബാധ്യതകളുള്ളതു പോലെത്തന്നെ ന്യായമായ അവകാശങ്ങളുമുണ്ട്”. (2:228)

സ്ത്രീകളും പുരുഷന്മാരെ പോലെ തന്നെ തുല്യപരിഗണന അർഹിക്കുന്നവരാണ്. ഒരേ ആത്മാവിൽ നിന്നാണ് ആണും പെണ്ണും സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടു തന്നെ പരസ്പര പൂരകമായ രണ്ട് ഘടകങ്ങളാണ്. പ്രവാചകൻ പറഞ്ഞിരിക്കുന്നു: “”സ്ത്രീകൾ പുരുഷന്മാരുടെ ഭാഗമാണ്.”

കുടുംബം എന്ന മഹത്തായ സ്ഥാപനത്തിന്റെ നേതൃത്വപരമായ ചുമതല വഹിക്കേണ്ടത് പുരുഷനാണ്. അതുകൊണ്ടു തന്നെ കുടുംബത്തിലെ മുഴുവൻ അംഗങ്ങളുടെയും സംരക്ഷണോത്തരവാദിത്തം വഹിക്കേണ്ടത് അയാൾ തന്നെയാണ്. ഖുർആൻ പറയുന്നു: “”പുരുഷന്മാർ സ്ത്രീകളുടെ കാര്യങ്ങൾ കൊണ്ടു നടത്തേണ്ടവരാണ്. അവരിൽ ഒരു വിഭാഗത്തേക്കാൾ മറ്റൊരു വിഭാഗത്തിന് ദൈവം പ്രത്യേക കഴിവ് നൽകിയതിനാലും പുരുഷന്മാർ തങ്ങളുടെ ധനം ചെലവഴിക്കുന്നതിനാലുമാണത്” (4:34)

വിവാഹമൂല്യം നൽകുന്നതിൽ നിന്നാരംഭിക്കുന്നു പുരുഷന്റെ സ്ത്രീയോടുള്ള ബാധ്യതകൾ. ദൈവം കൽപിക്കുന്നു: “”അവരുടെ രക്ഷിതാക്കളുടെ അനുമതിയോടെ അവരെ നിങ്ങൾ വിവാഹം ചെയ്യുക. അവരുടെ വിവാഹമൂല്യം ന്യായമായ നിലയിൽ അവർക്ക് നൽകുകയും ചെയ്യുക.”(4:25)

സ്ത്രീയുടെ സംരക്ഷണ ചുമതല പൂർണമായും പുരുഷനാണ്. അത് മാന്യമായി നിർവഹിക്കണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. പ്രവാചകൻ പറയുന്നു: “”ശ്രദ്ധിക്കുക; സ്ത്രീകൾക്ക് നല്ല നിലയിൽ ഭക്ഷണവും വസ്ത്രവും നൽകലാണ് നിങ്ങൾക്ക് അവരോടുള്ള ബാധ്യത.”

കുടുംബിനിയുടെ സംരക്ഷണം മതപരമായ ബാധ്യതയാണ്. അതു കൊണ്ടുതന്നെ അതിന്റെ നിർവഹണം പരലോകത്ത് പ്രതിഫലാർഹമായ പുണ്യകർമമാണ്. പ്രവാചക ശിഷ്യൻ അബൂമസ്ഉൗദ് നിവേദനം ചെയ്യുന്നു: “”പ്രവാചകൻ പറഞ്ഞു: ദൈവത്തിന്റെ പ്രതിഫലം പ്രതീക്ഷിച്ച് ആരെങ്കിലും തന്റെ കുടുംബത്തിന് വേണ്ടി ചെലവഴിക്കുന്നുവെങ്കിൽ അതും അവന്റെ ദാനമായി പരിഗണിക്കും.” വീണ്ടും പറയുന്നു.: “”നീ ചെലവഴിക്കുന്നതെന്തും നിനക്ക് ധർമമാണ്. നിന്റെ ഇണയുടെ വായിൽ വെച്ചു കൊടുക്കുന്ന ആഹാരം പോലും.”

“താൻ ചെലവിനു കൊടുക്കാൻ കടപ്പെട്ടവരെ അവഗണിക്കുന്നത് തന്നെ ഗുരുതരമായ കുറ്റമാണെന്ന്’ പ്രവാചകൻ പറഞ്ഞതായി അംറ്ബ്നുൽ ആസ്വിന്റെ മകൻ അബ്ദുല്ല ഉദ്ധരിക്കുന്നു.

കുടുംബനാഥൻ ന്യായമായ നിലയിൽ ചെലവിന് കൊടുക്കുന്നില്ലെങ്കിൽ കുടുംബനാഥന്റെ ധനം മിതമായ നിലയിൽ എടുത്തുപയോഗിക്കാൻ കുടുംബിനിക്ക് അവകാശമുണ്ട്. പ്രവാചകപത്നി ആയിശ പറയുന്നു: “”അബൂസുഫ്യാന്റെ പത്നി ഹിന്ദ് പ്രവാചകന്റെ അടുത്ത് വന്ന് പരാതി പറഞ്ഞു; “അബൂസുഫ്യാൻ വളരെ പിശുക്കനാണ്. എനിക്കും കുട്ടികൾക്കും ആവശ്യമായത് തരാറില്ല. അദ്ദേഹം അറിയാതെ ഞങ്ങൾ എടുക്കുന്നതൊഴികെ.’ അപ്പോൾ പ്രവാചകൻ പ്രതിവചിച്ചു:”നിനക്കും കുട്ടികൾക്കും ന്യായമായ ആവശ്യത്തിന് അനിവാര്യമായത് എടുത്തുകൊള്ളുക.”

സ്വഭാവവും പെരുമാറ്റവും
കുടുംബനാഥനെന്ന നിലയിൽ പുരുഷൻ തന്റെ ഇണയോട് നല്ല നിലയിൽ വർത്തിക്കണമെന്ന് ഇസ്ലാം അനുശാസിക്കുന്നു. സ്വാഭാവികമായും മനുഷ്യനെന്ന നിലയിൽ സഹധർമിണിയുടെ ഭാഗത്തു നിന്ന് നിസ്സാരമോ ഗുരുതരമോ ആയ അബദ്ധം സംഭവിച്ചേക്കാം. ഏതൊരാൾക്കും തെറ്റുപറ്റാമെന്ന വസ്തുത പരിഗണിച്ച് അത് അവഗണിക്കണമെന്നാണ് ഇസ്ലാം ആവശ്യപ്പെടുന്നത്. അവളെ ആക്ഷേപിക്കുകയോ ചീത്ത പറയുകയോ അരുത്. ഇണയും തുണയും സഖിയും സഹധർമിണിയുമെന്ന നിലയിൽ ക്ഷമിക്കുകയാണ് വേണ്ടത്. അവൾക്ക് തന്റെ ജീവിത പങ്കാളിയിൽ നിന്ന് സ്നേഹപൂർവവും കരുണാർദ്രവുമായ സൽപെരുമാറ്റം ലഭിക്കേണ്ടതുണ്ട്. ഖുർആൻ പറയുന്നു: “”നിങ്ങൾ അവരോട് നല്ല നിലയിൽ സഹവസിക്കുക. അഥവാ നിങ്ങൾക്ക് അവരോട് അനിഷ്ടം തോന്നുന്നുവെങ്കിൽ ഒാർക്കുക; നിങ്ങൾ വെറുക്കുന്ന കാര്യത്തിൽ ദൈവം നിരവധി നന്മ നിശ്ചയിച്ചു വെച്ചിരിക്കാം.”(4:19)

പ്രവാചകൻ പറയുന്നു: “”സത്യവിശ്വാസികളിൽ വിശ്വാസപരമായി പൂർണത നേടിയവർ അവരിൽ ഏറ്റവും ഉത്തമ സ്വഭാവമുള്ളവരാണ്. നിങ്ങളിൽ ഏറ്റവും നല്ലവർ സ്വന്തം കുടുംബത്തോട് ഏറ്റവും നന്നായി വർത്തിക്കുന്നവരും”

സ്ത്രീകളോട് മാന്യമായി സഹവസിക്കണമെന്നും പരുഷമായി പെരുമാറരുതെന്നും ഇസ്ലാം അനുശാസിക്കുന്നു. സഹധർമിണിയുടെ ഭാഗത്ത് നിന്ന് അബദ്ധം സംഭവിച്ചാൽ ദേഷ്യപ്പെടുകയല്ല വേണ്ടത്. വെറുപ്പും കോപവും ഒട്ടും പ്രയോജനപ്പെടുകയില്ല. അതിനാൽ സ്നേഹിച്ചും ഒാമനിച്ചും തിരുത്താൻ ശ്രമിക്കുകയാണ് വേണ്ടത്. അവളുടെ അഭിമാനം ക്ഷതപ്പെടുകയോ വികാരം വ്രണപ്പെടുകയോ ചെയ്യുന്ന സമീപനം ഒരു കാരണവശാലും ഉണ്ടാകാവതല്ല. അവരെ ആദരിക്കുകയും മാനിക്കുകയുമാണ് വേണ്ടത് .പ്രവാചകൻ പറയുന്നു: “”മാന്യനല്ലാതെ അവരെ മാനിക്കുന്നില്ല. നീചനല്ലാതെ അവരെ നിന്ദിക്കുകയുമില്ല.”

പ്രവാചകൻ പറഞ്ഞതായി അബൂഹുറയ്റ ഉദ്ധരിക്കുന്നു: “”ഒരു വിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്.അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായി തോന്നിയാൽ മറ്റൊന്ന് ആനന്ദദായകമായിരിക്കും.”

പ്രവാചകൻ തന്റെ ജീവിതസായാഹ്നത്തിലാണ് ഹജ്ജ്കർമം നിർവഹിച്ചത്. അതിനോടനുബന്ധിച്ച് നിർവഹിച്ച ചരിത്ര പ്രസിദ്ധമായ വിടവാങ്ങൽ പ്രഭാഷണത്തിൽ പറഞ്ഞു. “”അറിയുക; സ്ത്രീകളോട് നല്ല നിലയിൽ വർത്തിക്കാനുള്ള നിർദേശം നിങ്ങൾ സ്വീകരിക്കുക. അവർ നിങ്ങളുടെ ആശ്രിതരാണ്.”

കുടുംബിനിയോട് മോശമായി പെരുമാറുന്നവർക്ക് മരണശേഷമുള്ള മറുലോക ജീവിതത്തിൽ സ്വർഗം നിഷേധിക്കപ്പെടും. പ്രവാചകൻ പറയുന്നു: “”കുടുംബത്തോട് കാഠിന്യം കാണിക്കുന്നവനും സ്വയം അഹങ്കരിക്കുന്നവനും സ്വർഗത്തിൽ പ്രവേശിക്കുകയില്ല.”

തന്റെ ജീവിതപങ്കാളിയുമായി യോജിച്ചുപോകാൻ കഴിയാത്ത ചില പുരുഷന്മാർ അവരോട് മോശമായി പെരുമാറുകയും അവരെ ദ്രോഹിക്കുകയും ചെയ്യാറുണ്ട്. ഇസ്ലാം ഇതിനെ കഠിനമായി വെറുക്കുകയും ശക്തമായി വിലക്കുകയും ചെയ്യുന്നു. അല്ലാഹു ഖുർആനിലൂടെ മനുഷ്യരോടു പറയുന്നു: “”സ്ത്രീകളെ നല്ല നിലയിൽ നിലനിർത്തുകയോ മാന്യമായി പിരിച്ചയക്കുകയോ ചെയ്യുക. ദ്രോഹിക്കാൻ മാത്രമായി അവരെ പിടിച്ചു വെക്കരുത്. അതുവഴി നിങ്ങൾ അതിക്രമകാരികളായിത്തീരും. അങ്ങനെ വല്ലവനും ചെയ്താൽ അവൻ തന്നോട് തന്നെയാണ് അതിക്രമം കാണിക്കുന്നത്.”(2:231)

അല്ലാഹു കല്പിക്കുന്നു: “”മര്യാദയോടെ അവരെ കുടുംബിനികളായി നിർത്തുക. അല്ലെങ്കിൽ നല്ല നിലയിൽ പിരിച്ചയക്കുക.” (2:229)

വിനോദവും സല്ലാപവും
സഹധർമിണിയോട് സല്ലപിക്കാനും ഉല്ലസിക്കാനും തമാശ പറയാനും വിനോദങ്ങളിൽ ഏർപ്പെടാനും കഴിയുന്ന പുരുഷനാണ് യഥാർഥ ജീവിത പങ്കാളി. പ്രവാചകൻ പറയുന്നു: “”വിനോദ പ്രകൃതരും ചെറുപ്പക്കാരികളുമായ സ്ത്രീകൾക്ക് അർഹമായത് നിങ്ങൾ അംഗീകരിച്ചു കൊടുക്കുക.”

“”ദൈവ സ്മരണയില്ലാത്തതെല്ലാം കളിയും വിനോദവുമാണ് നാലെണ്ണമൊഴികെ. സഹധർമിണിയുമായുളള പുരുഷന്റെ സല്ലാപം, കുതിരയെ പരിശീലിപ്പിക്കൽ, ലക്ഷ്യസ്ഥാനങ്ങൾക്കിടയിലെ ഓട്ടം, നീന്തൽ പഠിക്കൽ എന്നിവയാണവ.”

രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖ് പറയുന്നു: “”പുരുഷൻ തന്റെ വീട്ടുകാരോടൊപ്പമാകുമ്പോൾ കൊച്ചു കുട്ടിയെപ്പോലെയായിരിക്കണം.”

ഇമാം ഗസ്സാലി പറയുന്നു: “”സ്ത്രീകളുമായി സല്ലപിക്കുകയും കളിക്കുകയും അവരോട് തമാശ കാണിക്കുകയും വേണം. അതെല്ലാം അവരുടെ മനസ്സിൽ ആനന്ദം ചുരത്തും. പ്രവാചകൻ അവരോടൊന്നിച്ച് തമാശ കാണിച്ചിരുന്നു. പ്രവൃത്തിയിലും പെരുമാറ്റത്തിലും അവരുടെ വിതാനത്തിലേക്ക് ഇറങ്ങിവരികയും ചെയ്തിരുന്നു.”

പ്രവാചകപത്നി ആയിശ പറയുന്നു: “”ഭാര്യമാരുമായി തനിച്ചായാൽ അദ്ദേഹം ധാരാളം ചിരിക്കുന്ന സൗമ്യനായിരുന്നു.”
പ്രവാചകൻ തന്റെ പ്രിയപത്നി ആയിശയോടൊന്നിച്ച് ഓട്ടമത്സരം നടത്തിയിരുന്നു. അവർ പറയുന്നു: “”പ്രവാചകൻ എന്നോട് ഓട്ടത്തിൽ മത്സരിച്ചിരുന്നു. ഞാൻ അദ്ദേഹത്തെ തോൽപിച്ചു കൊണ്ടിരുന്നു, എന്റെ ശരീരം തടിക്കുന്നത് വരെ. അതിനു ശേഷം അദ്ദേഹം എന്നെ തോൽപിച്ചു. അപ്പോൾ പ്രവാചകൻ പറഞ്ഞു; “ഇത് പഴയ പരാജയത്തിനുള്ള പകരം വീട്ടലാണ്.” പ്രവാചകൻ തന്റെ ജീവിത സഖിയായ ആയിശയോടൊന്നിച്ച് കളിക്കുക മാത്രമല്ല, അവർക്ക് കളി കാണിച്ചു കൊടുക്കുകയും ചെയ്തിരുന്നു.

ലൈംഗിക സംതൃപ്തി
ദാമ്പത്യ വിജയത്തിൽ ലൈംഗിക സംതൃപ്തിക്ക് അനല്പമായ പങ്കുണ്ട്. അതുകൊണ്ടു തന്നെ ജീവിത പങ്കാളിയോടൊന്നിച്ചുള്ള ലൈംഗിക ബന്ധത്തെ ഇസ്ലാം പുണ്യ കർമമായാണ് കാണുന്നത്. പ്രവാചകൻ പറയുന്നു: “”സഹധർമിണിയുമായുള്ള രതികർമത്തിൽ നിനക്ക് പ്രതിഫലമുണ്ട്.” അപ്പോൾ അനുയായികളിലൊരാൾ ചോദിച്ചു: “”ദൈവദൂതരേ, ഞങ്ങളിൽ ഒരാൾ തന്റെ ലൈംഗിക വികാരം പൂർത്തീകരിക്കുകയും എന്നിട്ട് അതിന്റെ പേരിൽ പ്രതിഫലം ലഭിക്കുകയും ചെയ്യുകയോ?” പ്രവാചകൻ തിരിച്ചു ചോദിച്ചു: “”നിഷിദ്ധ മാർഗത്തിലൂടെയാണ് അയാളത് ശമിപ്പിച്ചതെങ്കിൽ ശിക്ഷ ഉണ്ടാവുകയില്ലേ? അപ്രകാരം അനുവദനീയ മാർഗത്തിലൂടെ പൂർത്തീകരിക്കുമ്പോൾ പ്രതിഫലവും ലഭിക്കും.”
ലൈംഗിക ബന്ധത്തിൽ പുലർത്തേണ്ട മര്യാദകളും ഇസ്ലാം പഠിപ്പിക്കുന്നു. പ്രവാചകൻ പറയുന്നു: “”നിങ്ങളാരുംകന്നുകാലികളെപ്പോലെ പ്രിയതമയെ പ്രാപിക്കരുത്. അവർക്കിടയിൽ ഒരു ദൂതൻ ഉണ്ടായിരിക്കട്ടെ.” “ആരാണ് ഇൗ ദൂതനെ’ന്ന് അന്വേഷിച്ചപ്പോൾ അദ്ദേഹം പറഞ്ഞു: “ചുംബനവും സംസാരവും.”

മറ്റൊരിക്കൽ അദ്ദേഹം ഉണർത്തി. : “”നിങ്ങൾ സഹധർമിണിമാരുമായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ പക്ഷികളെപ്പോലെയാകരുത്. സാവകാശം കാണിക്കുകയും ക്ഷമ പാലിക്കുകയും വേണം.”

അനസുബ്നു മാലിക് ഉദ്ധരിക്കുന്നു.: “”നിങ്ങളിലാരെങ്കിലും സ്ത്രീകളുമായി ശയിക്കുമ്പോൾ അവൾക്ക് കുറേ ദാനമായി നൽകണം. തന്റെ ആവശ്യം ആദ്യം പൂർത്തീകരിച്ചാൽ പിന്നീട് ധൃതി കാണിക്കരുത്. അവളുടെ ആവശ്യം അവൾക്കും പൂർത്തിയാകട്ടെ.”

ഇമാം ഗസ്സാലി എഴുതുന്നു.: “”പുരുഷൻ വികാര മൂർച്ഛ പ്രാപിച്ചാലും സഹധർമിണിക്ക് വേണ്ടി അവൾക്ക് നിർവൃതി ലഭിക്കുന്നത് വരെ കാത്തിരിക്കണം. സ്ത്രീക്ക് വികാര പൂർത്തീകരണത്തിന് സമയമെടുത്തെന്ന് വരാം. ലൈംഗികാസക്തി തീക്ഷ്ണമായ അത്തരം ഘട്ടങ്ങളിൽ പുരുഷൻ പെട്ടെന്ന് പിന്തിരിയുന്നത് അവളെ വല്ലാതെ പ്രയാസപ്പെടുത്തും. വികാരമൂർഛയിലെത്താൻ അന്തരമുണ്ടാവുകയാണെങ്കിൽ പുരുഷൻ എത്രനേരത്തെ പൂർണത പ്രാപിച്ചാലും പങ്കാളിക്ക് തൃപ്തി വരുന്നത് വരെ കാത്തിരിക്കുക തന്നെ വേണം.”

ആരാധനാനുഷ്ഠാനങ്ങൾക്കായാൽ പോലും ജീവിത പങ്കാളിയുടെ ലൈംഗികാവശ്യത്തെ അപ്പാടെ നിരാകരിക്കരുതെന്ന് ഇസ്ലാം കണിശമായി കൽപിക്കുന്നു. ഉസ്മാനുബ്നു മദ്ഉൗൻ ആരാധനാ കർമങ്ങളിൽ മുഴുകി ജീവിത പങ്കാളി ഹൗലാഇന്റെ ലൈംഗികാവശ്യങ്ങൾ പൂർത്തീകരിക്കാതെ ജീവിച്ചുകൊണ്ടിരിക്കെ വിവരമറിഞ്ഞ പ്രവാചകൻ അദ്ദേഹത്തെ തിരുത്തുകയും ശക്തമായി ശാസിക്കുകയും ചെയ്തു. തുടർന്ന് സഹധർമിണിയുമായി ബന്ധപ്പെടാൻ കൽപിച്ചു. എെച്ഛികമായ ആരാധനാകർമങ്ങളിൽ മുഴുകി ജീവിത പങ്കാളിയുടെ ലൈംഗികാവശ്യങ്ങൾ അവഗണിച്ചയാളെ രണ്ടാം ഖലീഫ ഉമറുൽ ഫാറൂഖും ശക്തമായി തിരുത്തുകയുണ്ടായി.

ജീവിത പങ്കാളിയെ സമീപിക്കുമ്പോൾ സ്ത്രീകളിൽ അനിഷ്ടം ഉണ്ടാവാതിരിക്കാനാവശ്യമായ നിർദേശങ്ങളും പ്രവാചകൻ നൽകുകയുണ്ടായി. അദ്ദേഹം പറഞ്ഞു: “”നിങ്ങൾ വസ്ത്രം കഴുകി വൃത്തിയാക്കുക. മുടി ശരിയാക്കുക. വായ ശുദ്ധീകരിക്കുക. എപ്പോഴും സൗന്ദര്യവും ശുചിത്വവും കാത്തു സൂക്ഷിക്കുക.”

ഇവ്വിധം ദാമ്പത്യം ഭദ്രമാക്കാനും കുടുംബം സംതൃപ്തമാകാനും പുരുഷൻ പുലർത്തുകയും പാലിക്കുകയും ചെയ്യേണ്ട നിരവധി നിർദേശങ്ങളും ഉപദേശങ്ങളും ഇസ്ലാം നൽകുകയുണ്ടായി. അവ പാലിക്കപ്പെടുകയാണെങ്കിൽ ഏതൊരു പുരുഷനും മാതൃകായോഗ്യനായ കുടുംബനാഥനായി മാറും.

Related Articles