Family

ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

കമ്പിയും കട്ടയും സിമൻറും  മറ്റു പലതും ആവശ്യമായ അളവിൽ മാത്രം ചേർത്താണ് വീട് നിർമാണം നടത്തുന്നത്. സമൂഹത്തിൻെറ ഇസ്ലാമിക നിർമാണത്തിനും ഒരു വാർപ്പ് മാതൃകയുണ്ട്. സ്ത്രീ പുരുഷ അംശങ്ങളെ വേണ്ട തോതിൽ മാത്രം കലർത്തി ചേർത്താണ് ഇസ്ലാം സമൂഹ സൗധം പണിയുന്നത്. സമൂഹത്തിൻെറ വാർപ്പിൽ പാകത്തിൽ ഉപയോഗിക്കാൻ പറ്റുന്ന വിധത്തിൽ തയ്യാറാക്കുന്ന ഒരു പ്രക്രിയക്ക് സ്ത്രീയെയും പുരുഷനെയും ഇസ്ലാം വിധേയമാക്കുന്നു. വിശ്വാസവും മറ്റു ആരാധന കർമ്മങ്ങളുമാണ് ആ ശുദ്ധീകരണ പ്രക്രിയകൾ. ഇതുവഴി ഇസ്ലാം ഒന്നാമതായി ചികിൽസിക്കുന്നതു മനസ്സിനെയാണ്. സമൂഹത്തിൻെറ ഭാഗമാവുന്നതിനു മുമ്പ് ഈ ശുദ്ധീകരണ പദ്ധതികൾ സേവിച്ചു സംസ്കൃതരാവണമെന്നു ഇസ്ലാം മനുഷ്യരോട് കൽപ്പിക്കുന്നു. പരിശുദ്ധ ഖുർആൻ അധ്യായം 87 പതിനാല് പതിനഞ്ചു സൂക്തങ്ങൾ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്.

” തന്റെ രക്ഷിതാവിൻെറ നാമം സ്മരിക്കുകയും നമസ്കരിക്കുകയും ചെയ്യുന്നവൻ പരിശുദ്ധി നേടി വിജയിച്ചവരാണ്”

വിശ്വാസം, ആരാധന എന്നിവ വഴി അസൂയ, അഹങ്കാരം, പക, നിരാശ, പരിഹാസം, പര നിന്ദ, തുടങ്ങിയ മനോരോഗങ്ങളെ ചികിൽസിച്ചു മാറ്റുന്നതോടെ ഉത്തമ സമൂഹത്തിൻെറ നിർമിതിക്ക് ഉതകുന്ന പരിശീലന ഘട്ടങ്ങളിൽ പ്രധാനപ്പെട്ട ഒന്ന് മനുഷ്യൻ പിന്നിടുന്നു. അടുത്തത് ശരീരത്തിൻെറ ശുദ്ധിയാണ്. തല, താടി, കക്ഷം, ഗുഹ്യാവയവം, കൈകാൽ വിരലുകൾ തുടങ്ങിയവ നീക്കം ചെയ്തു, കുളിച്ചു വൃത്തിയായി, ശരീരത്തിന് ഇണങ്ങിയ വസ്ത്രം ധരിച്ചു സുഗന്ധം പൂശിവേണം മനുഷ്യൻ സമൂഹത്തിന്റെ ഭാഗമാവാൻ. വീട്ടിലായാലും പുറത്തായാലും മറ്റുള്ളവരാട് ഇടപഴകുന്നതിനു മുമ്പ് മനുഷ്യൻ ഈ നിബന്ധനകൾ പൂർത്തിയാക്കണം.

ഇത്രയും ആണിനും പെണ്ണിനും ഒരു പോലെ ബാധകമാണ്. അധ്യായം 16 ലെ 97ആം സൂക്തം ഇതിനെ സൂചിപ്പിക്കുന്നു.

“ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട് സൽകർമ്മം പ്രവർത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീർച്ചയായും ആ വ്യക്തിക്ക് നാം നല്കുന്നതാണ്. അവർ പ്രവർത്തിച്ചു കൊണ്ടിരുന്നതിൽ ഏറ്റവും ഉത്തമമായതിന് അനുസൃതമായി അവർക്കുള്ള പ്രതിഫലം തീർച്ചയായും നാം അവർക്ക് നല്കുകയും ചെയ്യും.”

സംസ്കരണ പദ്ധതി വിജയകരമായി പൂർത്തിയാകുന്നതോടെ സ്ത്രീയേയും പുരുഷനെയും ഇസ്ലാം അവർക്കായി നിക്ഷയിച്ച സവിശേഷ ദൗത്യം നിർവഹിക്കുന്നതിനായി നിയോഗിക്കുന്നു. കൂടുതൽ അധ്വാനം ആവശ്യമുള്ളതും പരുഷ പ്രകൃതമുള്ളതുമായ വൃത്തികൾ പുരുഷനാണു വീതിച്ചു നല്കിയിരിക്കുന്നത്.

സ്വത്തു സമ്പാദനം, യുദ്ധം, ഭരണ നിർവഹണം തുടങ്ങി പലപ്പോഴും മുഴു സമയവും വീട് വിട്ടു സഞ്ചരിക്കേണ്ടതും കഠിന അദ്ധ്വാനം അനിവാര്യമായതുമായ ഉത്തരവാദിത്തങ്ങൾ പുരുഷനെയാണ് ഏല്പിച്ചുട്ടള്ളത്. ചെലവഴിക്കൽ നിർബന്ധ ബാധ്യതതയായി വരുന്ന ഒരു ഉത്തരവാദിത്തവും സ്ത്രീയെ ഏൽപ്പിച്ചിട്ടില്ല. മാനസികവും ശാരീരികവുമായ സമ്മർദ്ദങ്ങളെ അതിജീവിച്ചു തീരുമാങ്ങൾ കൈക്കൊള്ളേണ്ട കുടുംബ നാഥൻ എന്ന ഭാരിച്ച ഉത്തരവാദിത്തവും പുരുഷൻെറ ചുമലിലാണ് അർപ്പിച്ചിട്ടുള്ളത്. അധ്യായം 4 മുപ്പത്തി നാലാം സൂക്തം ഈ വസ്തുതക്ക് അടിവരയിടുന്നു.

ഭൂമിയിലെ വീട് സ്വർഗമാക്കുന്നവർക്കുള്ളതാണ് പരലോകത്തെ സ്വർഗം. ഒരാൾ അകത്തും മറ്റൊരാൾ പുറത്തും നിറഞ്ഞു നിന്ന് സ്വന്തം കുട്ടികൾക്കും പുറത്തുള്ള കാഴ്ചക്കാർക്കും കണ്കുളിർമ നൽകുന്ന സ്വർഗ തുല്യമായ ഒരു കുടുംബ ജീവിതം പടുത്തുയർത്തുകയാണ് ഇസ്ലാം മനുഷ്യനെ ഏല്പിച്ചുട്ടള്ള ദൗത്യം. അതുകൊണ്ടു തന്നെ സ്വത്തു സമ്പാദനം തുടങ്ങിയുള്ള സർവ വിധ പുറം ജോലികളിൽ നിന്നും സ്ത്രീകളെ ഒഴിവാക്കിയിരിക്കുന്നു. പുറം ലോകവുമായി മല്ലിട്ടു കരഗതമാക്കേണ്ട സർവ്വതും പുരുഷനെ ഏല്പിച്ചു സ്ത്രീകളെ അകത്തളങ്ങളിലെ തരുണികളാക്കി നിലനിർത്തി. അധ്യായം 25 ലെ 74 ആം സൂക്തം ഇക്കാര്യം വിശദീകരിക്കുന്നുണ്ട്.

Also read: ഇക്കഴിഞ്ഞ റമദാന്‍ നല്‍കുന്ന സന്ദേശം ഇതായിരിക്കട്ടെ…

വീടിനു തണുപ്പും കുളിർമയും ആവേശവും ആനന്ദവും പ്രദാനം ചെയ്യുന്ന ഊർജ സ്രോതസ്സായി നിലകൊള്ളേണ്ട സ്ത്രീ വർഗത്തിൻെറ മാനസികാവസ്ഥ കാത്തുസൂക്ഷിക്കാനാവശ്യമായ നിയമപരവും ധാർമികവുമായ സർവ വിധ മുന്നൊരുക്കങ്ങളും ഇസ്ലാം ഏർപ്പെടുത്തിയിട്ടുണ്ട്. മാതൃത്വത്തിനു നൽകിയ ആദരവാണ് അതിൽ ഏറ്റവും പ്രധാനം.

പ്രവാചകന്മാരുടെ നിയോഗത്തിൻെറ പരമ ലക്ഷ്യങ്ങൾ പരാമർശിച്ചിടത്തെല്ലാം മാതാപിതാക്കളുടെ സംരക്ഷണം ഖുർആൻ ഉൾപ്പെടുത്തി. ബനൂ ഇസ്രാഈലികളിൽ നിന്നും അല്ലാഹു വാങ്ങിയ കരാറിൽ മാതാപിതാക്കളുടെ അന്തസും അഭിമാനവും ഉറപ്പു വരുത്തിയിരുന്നു. തൂർ പർവതം അവർക്ക് മീതെ ഉയർത്തി ഭീഷണിപ്പെടുത്തിയാണ് അല്ലാഹു ഒരിക്കൽ അവരിൽ നിന്നും ഈ കരാർ വാങ്ങിയത്. (അൽ ബഖറ 63, 83 സൂക്തങ്ങൾ )

അല്ലാഹുവെ അല്ലാത്തവരെ ആരാധിക്കരുത്, ബന്ധുക്കൾക്കും അനാഥകൾക്കും അഗതികൾക്കും നന്മ ചെയ്യണം; ജനങ്ങളോട് നല്ല വാക്ക് പറയണം തുടങ്ങിയവയായിരുന്നു അവരിൽ നിന്നും ഉറപ്പ് വാങ്ങിയ മറ്റു കാര്യങ്ങൾ. ലോകത്തു ഇസ്ലാമിൻെറ വിളക്ക് തെളിയാത്ത ഒരു വീടും ലോകത്ത് ഉണ്ടാവരുതെന്നത് പ്രവാചകൻെറ ഒരു സ്വപ്നമായിരുന്നു. മാതാപിതാക്കൾ ആദരിക്കപ്പെടാത്ത, അനാഥകളും അഗതികളും മാനിക്കപ്പെടാത്ത ഒരു വീടും ഒരു ഇടവും ഭൂമിയിൽ ഉണ്ടാവരുതെന്നാണ് പ്രവാചകൻ ഇത് കൊണ്ട് ഉദേശിച്ചത്. കുഴപ്പം ഇല്ലാതാവുകയും മതം മുഴുവൻ അല്ലാഹുവിന് വേണ്ടിയാകുകയും ചെയ്യുന്നത് വരെ, നിങ്ങൾ അവരോട് യുദ്ധം ചെയ്യുക യെന്ന ഖുർആനിൻെറ കല്പനയുടെ ലക്ഷ്യവും മറ്റൊന്നല്ല. ലോകത്ത് എല്ലാ മാതാപിതാക്കൾക്കും നല്ല പെരുമാറ്റം ലഭ്യമാവുന്നത് വരെ യുദ്ധത്തിലേർപ്പെടുകയെന്നു കൂടിയാണ് അതിൻെറ സാരം. ഇസ്ലാമിൻെറ യുദ്ധങ്ങൾക്കെതിരെ വാളോങ്ങുന്നവർ ഇക്കാര്യം കൂടി ഓർക്കുന്നത് നന്നു.

ഒരിക്കൽ തങ്ങൾക്ക് താങ്ങും തണലുമായി നിന്ന മാതാപിതാക്കളെ മക്കൾ യാതൊരു കാരണ വശാലും നിന്ദിക്കാൻ പാടുള്ളതല്ല. മാതാപിതാക്കളോട് ഛെ യെന്നു പോലും ഉച്ചരിക്കരുത് (ഖുർആൻ 17:23) അവർ അവിശ്വാസികളായാൽ പോലും നല്ല രൂപത്തിൽ മാത്രമേ വർത്തിക്കാവൂ (ഖുർആൻ 31:15) എന്നീ കല്പനകളും ഇസ്ലാം മാതാപിതാക്കൾക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്നു.

മാതാപിതാക്കളിൽ ഇസ്ലാം ഒന്നാം സ്ഥാനം നൽികിയിട്ടുള്ളത് മാതാക്കൾക്കാണു. അബൂ ഹുറൈറ ഉദ്ധരിച്ച ഒരു നബി വചനം കാണുക. ഒരാൾ പ്രവാചക സന്നിധിയിൽ വന്നു ചോദിച്ചു. “അല്ലാഹുവിൻെറ ദൂതരെ, എൻെറ ഏറ്റവും മികച്ച സഹവാസത്തിനു അർഹൻ ആരാണ്?” അവിടുന്ന് അരുൾ ചെയ്തു. “നിൻെറ മാതാവ്”. അയാൾ ചോദിച്ചു. “പിന്നെ ആരാണ്”? പ്രവാചകൻ അരുൾ ചെയ്തു. “നിൻെറ മാതാവ്”. അയാൾ ചോദിച്ചു. “പിന്നെ ആരാണ്”? പ്രവാചകൻ പ്രതിവചിച്ചു. “നിൻെറ മാതാവ് തന്നെ”. അയാൾ ചോദിച്ചു. “പിന്നെ ആരാണ്”? നബി പറഞ്ഞു. “നിൻെറ പിതാവ്”. (ബുഖാരി, മുസ്ലിം)

യുദ്ധം, വീട് പുലർത്തുന്നതിനാവശ്യമായ സ്വത്തു സമ്പാദനം തുടങ്ങിയ കാര്യങ്ങളിലുള്ള നിർബന്ധ ബാധ്യത സ്ത്രീകൾക്ക് ബാധകമല്ലെന്നു നേരെത്തെ സൂചിപ്പിച്ചല്ലോ. എങ്കിലും, വിശ്വാസികൾക്ക് സർവ്വതിലും പ്രധാനമായ ആദർശ സംരക്ഷണത്തിൽ സ്ത്രീകൾ വിട്ടു നിന്ന ചരിത്രം ഇസ്‌ലാമിനില്ല. ആദർശ യുദ്ധം സർവർക്കും മാതൃകയാവുന്ന രീതിയിൽ മുന്നിൽ നിന്ന് നയിച്ച മാതാക്കളുടെ ഉദാഹരണങ്ങൾക്ക് ഖുർആനിൽ പഞ്ഞമില്ല.

ഈസ നബിയുടെ മാതാവ് മറിയം ഉദാഹരണം. ദിവ്യ ബോധനവുമായി പ്രത്യക്ഷ പെട്ട മലക്കിനെ ഒറ്റക്ക് അഭിമുഖീകരിച്ചും ദിവ്യ ഗർഭത്തെ രഹസ്യമാക്കി വെച്ചും വിവാഹിതയാവാതെ ഗർഭം ധരിച്ച ശേഷം ദൈവ കല്പന പ്രകാരം പൊതുജനത്തെ അഭിമുഖീകരിച്ചും ഉറച്ചു നിന്ന മറിയം ആദർശ സംരക്ഷണത്തിൻെറ മാർഗത്തിൽ മാതാക്കൾ പ്രകടിപ്പിച്ച ധീരതയുടെയും സഹിച്ച കഷ്ടപ്പാടുകളുടെയും മകുടോദാഹരണമാണ്.

ഫറോവയുടെ ഭാര്യയും പ്രവാചകൻ മൂസയുടെ വളർത്തമ്മയുമായിരുന്ന ആസിയ ബീവിയുടെ ത്യാഗവും ഖുർആൻ ചിത്രീകരിച്ചിട്ടുണ്ട്.

Also read: അറിവും വ്യക്തിത്വ വികാസവും

ദുസ്സഹമായ ജീവിത സാഹചര്യത്തിലും അക്രമകാരികളായ ഭരണ കർത്താക്കളുടെ കരിനിയമത്തെ നേരിട്ട് കൈപ്പുറ്റ സന്ദർഭങ്ങളെ നേരിട്ട ഒട്ടനവധി മാതാക്കളെകുറിച്ച പരാമർശവും ഖുർആനിലുണ്ട്.

മൂസ നബിയുടെ പെറ്റുമ്മ, സഹോദരി, ജീവിതത്തിലെ ഒരു ഘട്ടത്തിൽ മൂസ നബിയുടെ സഹധർമ്മിണിയായി ചേർന്ന ശുഐബ് നബിയുടെ മകൾ സഫൂറ, ഇബ്രാഹിം നബിയുടെ ഭാര്യ സാറ, ഇസ്മായിൽ നബിയുടെ മാതാവ് ഹാജർ തുടങ്ങിയവർ ഉദാഹരണം. പരീക്ഷണ ഘട്ടങ്ങളിൽ ആദർത്തിനു തോൾ വെച്ച് കൊടുത്ത മാതാക്കളായിരുന്നു ഈ മഹതികൾ.

ചുരുക്കത്തിൽ മാതാക്കൾക്ക് ഇസ്ലാം നൽകുന്നത് മഹത്തായ പദവികളാണ്. അവർ വീടിൻെറ ഐശ്വര്യവും തണലും ആദർശ ദാർഢ്യത്തിൻെറ മാതൃകയും വീട്ടിൽ ഏറ്റവും കൂടുതൽ ആദരിക്കപ്പെടുന്ന വ്യക്തിത്വവുമാണ്.

എല്ലാവരാലും ആദരിക്കപ്പെടുന്ന ഛെ യെന്നു പോലും ഉച്ചരിക്കപ്പെടാത്ത ഒരാൾ ഒരു വീട്ടിലുണ്ടാവുന്നതോടെ ആ വീടിൽ മാന്യതയും സത്യവും പുലരും. തീർച്ച. ആ അർത്ഥത്തിൽ മാതൃത്വത്തെ മഹത്വവൽക്കരിച്ചു വീടിനെ തന്നെ മഹത്വ വൽക്കരിച്ചിരിക്കുകയാണ് ഇസ്ലാം.

Facebook Comments
Related Articles

Check Also

Close
Close
Close