Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കളെ തൃപ്തിപ്പെടുത്താന്‍ ഭാര്യയെ ദ്രോഹിക്കല്‍

മാതാപിതാക്കളെ തൃപ്തിപ്പെടുത്താന്‍ ഭാര്യയെ മര്‍ദിക്കുകയും അവളോട് അതിക്രമം കാണിക്കുകയും ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണ്. മാതാപിതാക്കള്‍ക്കൊപ്പം ഒരു വീട്ടില്‍ കഴിയുന്ന ഭര്‍ത്താവ് അവരെ ആദരിക്കുകയും അവരോട് നന്മയില്‍ വര്‍ത്തിക്കുകയും വേണം. എന്നാല്‍ അതൊരിക്കലും ഭാര്യയോട് അതിക്രമം കാണിച്ചു കൊണ്ട് അവളുടെ ബാധ്യതയില്‍ വരാത്ത കാര്യങ്ങള്‍ ചെയ്യാന്‍ അവളെ നിര്‍ബന്ധിച്ചു കൊണ്ടാവരുത്. ചിലപ്പോഴെല്ലാം ഉമ്മയോടും ഉപ്പയോടുമുള്ള അനുസരണത്തിന്റെ ഭാഗമായി ഭാര്യമാര്‍ ദ്രോഹിക്കപ്പെടാറുണ്ട്. വലിയ അപരാധമാണ് അതിലൂടെ ഭര്‍ത്താക്കന്‍മാര്‍ ചെയ്യുന്നത്. മാതാപിതാക്കള്‍ക്കുള്ള അനുസരണം തിന്മയിലൂടെയല്ല, നന്മയിലൂടെയാണ് നിര്‍വഹിക്കേണ്ടത്. സ്രഷ്ടാവിനെ ധിക്കരിച്ചു കൊണ്ട് സൃഷ്ടികള്‍ക്ക് അനുസരണമില്ല; അത് മാതാപിതാക്കള്‍ക്കുള്ള അനുസരണമാണെങ്കില്‍ പോലും. ഭര്‍ത്താവ് തന്റെ മാതാപിതാക്കളുടെയോ സഹോദരങ്ങളുടെ മുമ്പില്‍ വെച്ച് അവരെ തൃപ്തിപ്പെടുത്താനായി ഭാര്യയെ അടിക്കുകയും ശകാരിക്കുകയും വാക്കുകള്‍ കൊണ്ട് നിന്ദിക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങള്‍ ചില കുടുംബങ്ങളിലുണ്ടാവാറുണ്ട്. അല്ലെങ്കില്‍ മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കും വേണ്ടി ഭാര്യക്കും മക്കള്‍ക്കും വേണ്ടി ചെലവഴിക്കുന്നത് വെട്ടിച്ചുരുക്കുന്നു. ഈ പ്രവര്‍ത്തനങ്ങളെല്ലാം ദാമ്പത്യ ബാധ്യതകള്‍ക്ക് വിരുദ്ധമാണ്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നത് സംബന്ധിച്ച് ഭര്‍ത്താക്കാന്‍മാര്‍ക്കുള്ള തെറ്റിധാരണയാണ് ഭാര്യമാര്‍ക്ക് നേരെയുള്ള അനീതിയുടെ പ്രേരകം.

മാതാപിതാക്കള്‍ക്ക് വേണ്ടി ഭാര്യയെ മര്‍ദിക്കുന്ന ഒരു ഭര്‍ത്താവിനോടുള്ള സംഭാഷണം ഞാന്‍ ഓര്‍ക്കുന്നു. അദ്ദേഹമെന്നോട് പറഞ്ഞു: എന്റെ ഉമ്മയെയും ഉപ്പയെയും കുറിച്ച് നിങ്ങളൊന്നും സംസാരിക്കരുത്, കാരണം ഞാന്‍ അവരുടെ ഏകമകനാണ്. ഈ ലോകത്ത് അവരല്ലാതെ എനിക്കാരുമില്ല, അവക്ക് നന്മ ചെയ്യല്‍ എന്റെ നിര്‍ബന്ധ ബാധ്യതയാണ്. ഞാന്‍ പറഞ്ഞു: മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടെന്ന് ഞാന്‍ പറഞ്ഞിട്ടില്ലല്ലോ? മാതാപിതാക്കള്‍ക്ക് വേണ്ടി ഭാര്യയെ അവഗണിക്കുകയും നിന്ദിക്കുകയും അവളോട് അതിക്രമം പ്രവര്‍ത്തിക്കുകയും ചെയ്യരുതെന്ന് മാത്രമാണ് ഞാന്‍ പറയുന്നത്. ഭാര്യയോടും മക്കളോടും അനീതി കാണിക്കാതെ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ താങ്കള്‍ക്ക് കഴിയട്ടെയെന്ന് ഞാന്‍ ആശിക്കുന്നു. നീതിയും സംന്തുലിതത്വവും ആവശ്യമാണ്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുന്നതും ഭാര്യയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കുന്നതും പരസ്പര വിരുദ്ധമായ കാര്യങ്ങളല്ല. ഭാര്യയെ നിന്ദിക്കുക, ദ്രോഹിക്കുക, അവളോട് കോപിക്കുക, ചെലവിന് നല്‍കാതിരിക്കുക പോലുള്ള ദ്രോഹകരമായ കാര്യങ്ങള്‍ മാതാപിതാക്കള്‍ ഒരാളോട് കല്‍പിക്കുകയാണെങ്കില്‍ അക്കാര്യത്തില്‍ അവരെ അനുസരിക്കേണ്ടതില്ല. ഇവ്വിഷയകമായി ശൈഖുല്‍ ഇസ്‌ലാം ഇബ്‌നു തൈമിയ്യ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാണ്: ”മകനെ/മകളെ അവന്/ അവള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാളെ വിവാഹം ചെയ്യാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കാവതല്ല, അതിന് മക്കള്‍ വിസമ്മതിക്കുന്നത് മാതാപിതാക്കളോടുള്ള നിന്ദയാവില്ല.”

ഈ പ്രശ്‌നത്തിനുള്ള പരിഹാരം ഭര്‍ത്താവ് തന്ത്രജ്ഞനാവലാണ്. മാതാപിതാക്കളോട് ആദരവോടെ പെരുമാറുന്നതിനൊപ്പം തന്നെ ബുദ്ധിപരമായി ഭാര്യയുടെ അവകാശങ്ങള്‍ വകവെച്ചു കൊടുക്കാനും സാധിക്കണം. മാതൃത്വത്തിന്റെ വികാരങ്ങളെയും മകന്‍ വിവാഹം ചെയ്തുകൊണ്ടുവന്ന ഭാര്യയുടെ വികാരങ്ങളെയും പരസ്പരം വേര്‍തിരിച്ച് മനസ്സിലാക്കാന്‍ ചില ഉമ്മമാര്‍ക്ക് സാധിക്കാറില്ല. അപ്പോള്‍ തന്റെ മകന്‍ വിവാഹിതനല്ലെന്ന തരത്തിലായിരിക്കും അവര്‍ പെരുമാറുക. ഭാര്യക്കും മക്കള്‍ക്കുമൊപ്പമുള്ള അവരുടെ ജീവിതം വരെ തന്റെ നിയന്ത്രണത്തിലാക്കാന്‍ അവരാഗ്രഹിക്കും. ഇത്തരം സാഹചര്യങ്ങളില്‍ മകന്‍ ഉമ്മയോടുള്ള പെരുമാറ്റത്തിലും അതേസമയം ഭാര്യയെയും വീടിനെയും സംരക്ഷിക്കുന്നതിനും വളരെയധികം ജാഗ്രത പാലിക്കണം. മകന്റെ ഭാര്യയോട് ഒരു വേലക്കാരിയോടെന്ന പോലെ പെരുമാറുന്ന ഉമ്മമാരുള്ള ചില വീടുകളെനിക്കറിയാം. ഭാര്യ തന്റെ ഭര്‍ത്താവിന്റെ മാതാപിതാക്കള്‍ക്ക് സേവനം ചെയ്യുന്നുവെങ്കില്‍ അത് അവളുടെ നിര്‍ബന്ധ ബാധ്യതയല്ലെന്നും അതവളിലെ നന്മയുടെ സല്‍സ്വഭാവത്തിന്റെയും ഫലമാണെന്നും അറിഞ്ഞിരിക്കെയാണിത്. അവകാശങ്ങളെയും ബാധ്യതകളെയും കുറിച്ച് പരസ്പരം വിചാരണ ചെയ്തും കുറ്റപ്പെടുത്തിയുമല്ല, മറിച്ച് പരസ്പരം വിട്ടുവീഴ്ച്ചയിലും തൃപ്തിയിലും മുന്നോട്ടു പോകേണ്ട ഒന്നാണ് ദാമ്പത്യബന്ധം.

ബുദ്ധിമതിയായ ഭാര്യ മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ തന്റെ ഭര്‍ത്താവിനെ സഹായിക്കുകയും പിന്തുണക്കുകയുമാണ് ചെയ്യുക. എന്നാല്‍ ഭര്‍ത്താവ് അനീതിയിലൂടെയും അക്രമത്തിലൂടെയും അവളിലെ ഈ സല്‍ഗുണത്തെ ചൂഷണം ചെയ്യാവതല്ല. മാതാവിനോടുള്ള ബന്ധം നഷ്ടപ്പെടാതെ അവരെ ഉള്‍ക്കൊള്ളാന്‍ ഭാര്യ ബുദ്ധിപരമായി പെരുമാറേണ്ടതുണ്ട്. ഭാര്യക്ക് നേരെയുള്ള ഉമ്മയുടെ ഉപദ്രവം തുടരുന്ന സാഹചര്യത്തില്‍ ഭാര്യക്ക് അതില്‍ നിന്ന് ആശ്വാസം നല്‍കാന്‍ വീടുമാറാന്‍ മകന്‍ തീരുമാനിച്ചാല്‍ അത് മാതാവിനോടുള്ള നിന്ദയാവില്ല. ഉമ്മ താമസിക്കുന്നതിനടുത്ത് തന്നെയാണ് പുതിയ വീടെടുക്കുന്നതെങ്കില്‍ അവര്‍ക്കുള്ള നന്മകള്‍ തുടരാനും അതോടൊപ്പം തന്നെ ഭാര്യക്ക് അവരുടെ ഉപദ്രവത്തില്‍ നിന്ന് ആശ്വാസം നല്‍കാനും സാധിക്കും. കാരണം ഭാര്യക്ക് നിര്‍ഭയത്വവും സ്വാതന്ത്ര്യവും സ്വസ്ഥതയും നല്‍കുന്ന വീട്ടില്‍ താമസസൗകര്യം ഒരുക്കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ട്. ഭാര്യയുടെ അവകാശമാണത്. വീണ്ടെടുക്കാവുന്ന ത്വലാഖ് ചൊല്ലിയ ഭാര്യയെ പോലും സ്വതന്ത്രവും നിര്‍ഭയത്വം നല്‍കുന്നതുമായ താമസസൗകര്യം ഒരുക്കാന്‍ വിശുദ്ധ ഖുര്‍ആനില്‍ അല്ലാഹു കല്‍പിക്കുന്നുണ്ട്. ത്വലാഖ് ചൊല്ലപ്പെട്ടവള്‍ക്ക് ഈ അവകാശമുണ്ടെങ്കില്‍ പിന്നെ ഭാര്യയുടെ താമസസൗകര്യത്തെ കുറിച്ച് പറയേണ്ടതില്ലല്ലോ? ഭാര്യയെ ദ്രോഹിച്ചും നിന്ദിച്ചും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യരുത് എന്നത് വളരെ പ്രധാനമാണ്.

മൊഴിമാറ്റം: അബൂഅയാശ്‌

Related Articles