Family

പുരുഷ മനസ്സിനെ അറിയാന്‍

പുരുഷന്‍ അഹംഭാവിയാണെന്ന് പറയുന്നത് ശരിയാണോ? പുരുഷന്‍ സ്‌നേഹമെന്ന വികാരം പ്രകടിപ്പിക്കാത്തവനാണെന്ന് പറയുന്നത് ശരിയാണോ? കരുത്തയായ സ്ത്രീയെ പുരുഷന്‍ ഇഷ്ടപ്പെടില്ലെന്ന് പറുന്നത് ശരിയാണോ? പുരുഷന്‍ ഒറ്റക്ക് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവനാണെന്ന് പറയുന്നത് ശരിയാണോ? മേല്‍പ്പറഞ്ഞ ചോദ്യങ്ങളെല്ലാം ഒരു കൂട്ടം സ്ത്രീകള്‍ എന്നോട് ചോദിച്ചതാണ്. അതിന് ഞാന്‍ നല്‍കിയ മറുപടിയാണ് ചുവടെ നല്‍കുന്നത്. പുരുഷന്‍ തന്റെ ദാമ്പത്യ ജീവിതത്തിന്റെ തുടക്കത്തില്‍ സുന്ദരിയായ സ്ത്രീയില്‍ ആകൃഷ്ടനാകുകയും താല്‍പര്യം കാണിക്കുകയും ചെയ്യുന്നു. എന്നാല്‍ പ്രായം കുറച്ചു കൂടി പിന്നിടുമ്പോള്‍ സുന്ദരിയായ സ്ത്രീ അവനെ ആകര്‍ഷിക്കുമെങ്കിലും അതിലേറെ അവനെ ആകര്‍ഷിക്കുക നന്നായി സംസാരിക്കുന്ന സ്ത്രീയായിരിക്കും. സംസാരം കൂടുതല്‍ ഇഷ്ടപ്പെടുകയും അത് ആസ്വദിക്കുകയും ചെയ്യുന്ന പ്രായത്തിലാണ് അവനെന്നതാണ് കാരണം. വിശിഷ്യാ ജീവിതത്തിന് അടിത്തറ പാകുകയും ഭൗതികാര്‍ത്ഥത്തില്‍ കുടുംബത്തിന്റെ ഭാവി ഭദ്രമാക്കുകയും ചെയ്ത ശേഷം.

വിവാഹ ജീവിതത്തിന്റെ തുടക്കത്തില്‍ കുടുംബം കെട്ടിപ്പെടുക്കാനും മക്കളെ വളര്‍ത്തി വലുതാക്കാനുമെല്ലാം പുരുഷന് സ്ത്രീയുടെ സഹകരം അത്യാവശ്യമാണ്. നാല്‍പതോ അമ്പതോ വയസ്സ് പിന്നിട്ട് കൊളസ്‌ട്രോള്‍, പ്രഷര്‍, ശരീരവേദനകള്‍ തുടങ്ങിയ രോഗങ്ങള്‍ അവനില്‍ പ്രകടമാകുന്നതോടെ വൈകാരിക പിന്തുണയും മാതൃതുല്ല്യായ വാത്സല്ല്യവും പകര്‍ന്നു നല്‍കുന്ന ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവന് ആവശ്യമാവുന്നു.

പുരുഷന്‍ താന്‍ ചെയ്യുന്ന ജോലിയിലോ ബിസിനസിലോ വിജയിക്കുകയും മികവ് പുലര്‍ത്തുകയും ചെയ്യുമ്പോള്‍ സ്വാഭാവികമായും ആ നേട്ടങ്ങള്‍ അവനെ സന്തോഷിപ്പിക്കും. അതോടൊപ്പം തന്നെ താന്‍ കുടുംബത്തിന് സമര്‍പ്പിച്ച ത്യാഗങ്ങളെ കുറിച്ചവന്‍ ചിന്തിക്കുകയും ചെയ്യും. അതിന്നൊപ്പം തന്നെ തനിക്ക് പകരം ലഭിക്കേണ്ടതിനെ കുറിച്ചും അവന്‍ ചിന്തിക്കാന്‍ തുടങ്ങും. ഈ ബിന്ദുവില്‍ പുരുഷന്‍മാര്‍ വ്യത്യസ്ത പുലര്‍ത്തുന്നു. ചിലരെല്ലാം യാത്രകള്‍ കൊണ്ടാണ് ബദലൊരുക്കുന്നത്. മറ്റു ചിലര്‍ തിരക്കുകളില്‍ നിന്നെല്ലാം മാറി വിശ്രമിക്കുന്നതാണ് ഇഷ്ടപ്പെടുന്നത്. എന്നാല്‍ ചിലര്‍ പ്രത്യേകിച്ചും ഭാര്യയുമായുള്ള ബന്ധത്തില്‍ പ്രയാസങ്ങളുള്ളവര്‍ മറ്റു സ്ത്രീകളുമായി ബന്ധം സ്ഥാപിച്ച് സ്വന്തത്തിന് ത്യാഗത്തിന് പകരം നല്‍കുന്നു. തന്റെ മനസ്സില്‍ കാലങ്ങള്‍ക്ക് മുമ്പേ ഇടം പിടിച്ച വിലകൂടിയ വസ്തുക്കള്‍ വാങ്ങുകയാണ് മറ്റു ചിലരുടെ രീതി.

ശക്തയായ സ്ത്രീയെ പുരുഷന്‍ ഇഷ്ടപ്പെടുമോ ഇല്ലയോ എന്ന ചോദ്യത്തിലേക്ക് വരാം. പൊതുവെ അത്തരക്കാര്‍ പുരുഷന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം പുരുഷന്‍ സ്വയം ശക്തിയുടെ കേന്ദ്രമായി കാണുന്നതിനാല്‍ ഉയര്‍ന്ന അളവില്‍ സ്ത്രീത്വത്തിന്റേതായ ഗുണങ്ങളുള്ള, തന്നെ അനുസരിക്കുന്ന സ്ത്രീയെയാണ് അവന്‍ ഇഷ്ടപ്പെടുന്നത്. കരുത്തയായ സ്ത്രീയെ കുറിച്ച് പുരുഷന്‍ വിശ്വസിക്കുന്നത് അവള്‍ കുടുംബ ജീവിതത്തില്‍ തന്നോട് മത്സരിക്കുകയും മക്കള്‍ക്ക് മുമ്പില്‍ തന്നെ അരികുവല്‍കരിക്കുകയും തന്റെ തീരുമാനങ്ങളെ അവഗണിക്കുകയും ചെയ്യുമെന്നാണ്. പുരുഷന്‍മാര്‍ പൊതുവെ തങ്ങളെക്കാള്‍ ഉയര്‍ന്ന പദവിയിലുള്ള സ്ത്രീകളുമായി ബന്ധം സ്ഥാപിക്കുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരാണ്. സാധാരണയായി പുരുഷന്‍ തന്റെ പങ്കാളിയില്‍ മാറ്റമുണ്ടാക്കുന്നതിന് അധികം വിശാലതയൊന്നും കാണിക്കാറില്ല. ഉച്ചത്തില്‍ സംസാരിക്കുക, ധിക്കാരം, എല്ലാത്തിനെയും സംശയത്തോടെ കാണുക പോലുള്ള താന്‍ ഇഷ്ടപ്പെടാത്ത സ്വഭാവങ്ങള്‍ പങ്കാളിയില്‍ കണ്ടാല്‍ അത് മാറ്റാനവന്‍ ശ്രമിക്കും. അതിന് ക്രിയാത്മകമായ ഒരു പ്രതികരണം ലഭിക്കുന്നില്ലെങ്കില്‍ തന്നെ അസ്വസ്ഥപ്പെടുത്തുന്ന അവളുടെ ആ സ്വഭാവം അവന്‍ സഹിക്കും അല്ലെങ്കില്‍ അവളില്‍ നിന്ന് കൂടുതല്‍ അകലുകയോ തനിക്ക് ജീവിതത്തില്‍ ആശ്വാസം പകരുമെന്ന് കരുതുന്ന സ്ത്രീയെ കുറിച്ച് ചിന്തിക്കുകയോ ചെയ്യും.

പുരുഷന്‍ ഏകാന്തത ഇഷ്ടപ്പെടുന്നു എന്ന വിഷയത്തിലേക്ക് വരാം. പൊതുവെ പുരുഷന്‍മാര്‍ തന്റെ ലക്ഷ്യത്തില്‍ അല്ലെങ്കില്‍ താനേറ്റെടുത്തിരിക്കുന്ന പ്രൊജക്ടില്‍ അല്ലെങ്കില്‍ വിശ്രമത്തിലും ചിന്തയിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഏകാന്തത ഇഷ്ടപ്പെടുന്നവരാണ്, പ്രത്യേകിച്ചും നാല്‍പത് വയസ്സ് പിന്നിട്ടാല്‍. ഈ സവിശേഷത തിരിച്ചറിയാത്തവരാണ് പുരുഷന്‍ അഹംഭാവിയാണെന്ന് ആരോപിക്കുന്നത്. യഥാര്‍ത്ഥത്തില്‍ അവന്‍ അഹംഭാവിയായിട്ടല്ല, തന്റെ ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കൂടുതല്‍ ഊന്നല്‍ നല്‍കുമ്പോള്‍ കുടുംബത്തിന്റെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കുക മാത്രമാണ് ചെയ്യുന്നത്.

അപ്രകാരം പുരുഷന്‍ അക്കങ്ങള്‍ മുമ്പില്‍ വെച്ചാണ് ചിന്തിക്കുന്നത്. അവന്‍ എന്തെങ്കിലും വാങ്ങാന്‍ താല്‍പര്യപ്പെട്ടാല്‍ അതിന് നിശ്ചയിക്കപ്പെട്ട വിലയുടെ മൂല്യം ആ വസ്തുവിന് ഉണ്ടോ, അത് എത്രകാലം തനിക്ക് ഉപയോഗിക്കാനാവും എന്നൊക്കെ ആലോചിച്ച ശേഷമാണ് അത് വാങ്ങുക. അതുകൊണ്ടു തന്നെ പൊതുവെ പുരുഷന്‍ തന്റെ ഭാര്യക്ക് വേണ്ടി ഒരു റോസാപൂ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കില്ല. കുറഞ്ഞ സമയം മാത്രം നിലനില്‍ക്കുന്ന അതിന്റെ വില കൂടുതലാണെന്നാണ് അവന്റെ മനസ്സ് വിലയിരുത്തുക. ഒരു റോസാപൂ വാങ്ങാന്‍ മടികാണിക്കുന്ന അതേ പുരുഷന്‍ തന്റെ ഭാര്യക്ക് വേണ്ടി വില കൂടിയ കാര്‍ ഒരു മടിയുമില്ലാതെ വാങ്ങുകയും ചെയ്യും. എന്നാല്‍ തന്റെ കാര്യത്തിലാകുമ്പോള്‍ ഇതില്‍ പുരുഷന്‍ വൈരുുദ്ധ്യം പുലര്‍ത്തുന്നതും കാണാം. സിഗരറ്റ് വലിക്കുന്ന പുരുഷന് അതിന്റെ വില അതിന്റെ ഫലത്തേക്കാള്‍ കൂടുതലാണെന്ന് അറിയാം. എന്നാല്‍ അവിടെ തന്റെ സാമ്പത്തിക തത്വശാസ്ത്രങ്ങളെല്ലാം തകര്‍ത്തെറിഞ്ഞ് തന്റെ ഇച്ഛക്ക് മുന്‍തൂക്കം നല്‍കുന്നു.

എന്നാല്‍ ഭാര്യ തന്നെ സ്‌നേഹിക്കുന്നതിലേറെ ഭാര്യയെ സ്‌നേഹിക്കുന്നവനാണ് പുരുഷന്‍. എന്നാല്‍ പലപ്പോഴും അവന്‍ ഈ സ്‌നേഹം വാക്കുകള്‍ കൊണ്ടോ വൈകാരിക പ്രകടനങ്ങളിലൂടെയോ പ്രകടിപ്പിക്കാറില്ല. അതുകൊണ്ടു തന്നെ ഭര്‍ത്താവ് തന്നെ സ്‌നേഹിക്കുന്നില്ലെന്നാണ് സ്ത്രീ വിചാരിക്കുന്നത്. എന്നാല്‍ ചില പുരുഷന്‍മാര്‍ വാക്കുകളിലൂടെയും പ്രവര്‍ത്തനങ്ങളിലൂടെയും തങ്ങളുടെ സ്‌നേഹം വളരെ നന്നായി പ്രകടിപ്പിക്കുന്നവരാണ്. എന്നാല്‍ അത്തരക്കാര്‍ വളരെ ചുരുക്കമാണ്. ഒരു പുരുഷന്‍ തന്റെ ഭാര്യക്കൊപ്പം ഒരു വീട്ടില്‍ കഴിയുകയും കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും അവര്‍ക്ക് ചെലവിന് നല്‍കുകയും ചെയ്യുന്നുണ്ടെങ്കില്‍ അതിന്നര്‍ത്ഥം അവന്‍ അവരെ സ്‌നേഹിക്കുന്നുണ്ടെന്ന് തന്നെയാണ്. പുരുഷന്റെ മാനസികാവസ്ഥയുമായി ബന്ധപ്പെട്ട രഹസ്യങ്ങളില്‍ പെട്ടതാണിത്. എന്നാല്‍ മിക്ക സ്ത്രീകളും അതിനെ ശരിയായ രീതിയില്‍ വ്യാഖ്യാനിക്കുന്നില്ല. പുരുഷന്റെ മാനസികാവസ്ഥയെയും ചിന്താരീതിയെയും കുറിച്ച ധാരണക്കുറവായിരിക്കാം അതിന് കാരണം. സ്ത്രീകളെ പോലെ തന്നെയാണ് പുരുഷന്‍മാരും ചിന്തിക്കുന്നതെന്നാണ് അവര്‍ കരുതുന്നത്.

മൊഴിമാറ്റം: അബൂഅയാശ്‌

Facebook Comments

ഡോ. ജാസിം മുതവ്വ

1965ല്‍ കുവൈത്തില്‍ ജനിച്ചു. നിയമത്തില്‍ ബിരുദം നേടിയ ശേഷം ഖുര്‍ആനിന്റെയും പ്രവാചകചര്യയുടെയും അടിസ്ഥാനത്തിലുള്ള ദാമ്പത്യത്തില്‍ ബിരുദാനന്തര ബിരുദവും നേടി. കുട്ടികളുടെ നേതൃശേഷി വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം കൗണ്‍സിലിംഗ് രംഗത്തെ പ്രമുഖനാണ്. നിരവധി ടെലിവിഷന്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുള്ള ജാസിം മുത്വവ്വ നിരവധി പുസ്തകങ്ങളും രചിച്ചിട്ടുണ്ട്.

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker