Current Date

Search
Close this search box.
Search
Close this search box.

ഭർത്താവിന്റെ രണ്ടാം വിവാഹത്തെ നിങ്ങൾ അം​ഗീകരിക്കുന്നുണ്ടോ ?

ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു.  ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്. ബഹുഭാര്യത്വത്തെ കുറിച്ചും, മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് കൂടെ പൊറുക്കുന്നതിനെ കുറിച്ചുമുള്ള സ്ത്രീ സമൂഹത്തിന്റെ പൊതുവായ നിലപാട് ഇതിലൂടെ അറിയാം. കിട്ടിയ മറുപടികൾ ഇപ്രകാരമായിരുന്നു: സ്വർഗത്തിൽ പ്രവേശിച്ചതിന് ശേഷം മാത്രമേ ഞാനതിന് സമ്മതിക്കുവെന്നാണ് ഒരു പ്രതികരണം. എനിക്ക് കുട്ടികൾക്ക് ജൻമം നൽകാൻ കഴിയുന്നില്ലെങ്കിൽ സമ്മതിക്കുമെന്ന് രണ്ടാം പ്രതികരണം. എന്നെ വിവാഹമോചനം ചെയ്യണമെന്നാണ് മൂന്നാമത്തെവളുടെ പ്രതികരണം. എനിക്കും രണ്ടാമത്തെ ഭാര്യക്കുമിടയിൽ നീതി നടപ്പാക്കാൻ സാധിച്ചാൽ കുഴപ്പമില്ലന്ന് നാലാമത്തെ പ്രതികരണം. ഞാൻ ജീവിച്ചിരിക്കെ അംഗീകരിക്കില്ല, ഞാൻ മരിച്ച് ഈ ലോകം വിടണം എന്നിട്ടാവാം , ഇതാണ് ലഭിച്ച അഞ്ചാമത്തെ പ്രതികരണം. വീട് എന്റെ പേരിൽ എഴുതിതന്നാൽ ഞാൻ സമ്മതിക്കും, ഇത് ആറാമത്തെ പ്രതികരണം.

“എനിക്ക് ഒരെതിർപ്പുമില്ല, കാരണം അല്ലാഹു അനുവദിച്ചത് നിരോധിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.” ഏഴാമത്തെ പ്രതികരണം. “അദ്ദേഹം തന്റെ മുഴുവൻ സമ്പത്തും എനിക്കെഴുതിതന്നാൽ സമ്മതിക്കും.” എട്ടാമത്തവളുടെ പ്രതികരണം. “അദ്ദേഹത്തിന് അങ്ങനെ ആവശ്യമാണങ്കിൽ ഞാൻ സമ്മതിക്കും, ഒമ്പതാമത്തവൾ പറഞ്ഞു. പത്താമത് പറഞ്ഞത് ഇപ്രകാരമാണ്, ഞാൻ സമ്മതിക്കും, എന്ന്മാത്രമല്ല അതിന് പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മൂന്ന് വിവാഹം കഴിക്കട്ടെ, അയാൾക്കതിന് മഹറ് നൽകാനും ഞാൻ തയ്യാറാണ്. അങ്ങനെയെങ്കിൽ എനിക്കദ്ദേഹത്തിൽ നിന്ന് മാറി വിശ്രമിക്കാമല്ലോ. (എനിക്ക് ലഭിച്ച ഉത്തരങ്ങൾ, അപ്പടി പകർത്തുകയാണ് ഞാനിവിടെ ചെയ്തിരിക്കുന്നത്).

എന്റെ ഈ ചോദ്യങ്ങളോട് അയ്യായിരത്തിലധികം പ്രതികരണങ്ങളാണ് ലഭിച്ചത്. അവയിൽ ചിലത് ഇപ്രകാരമായിരുന്നു : “അദ്ദേഹം എനിക്ക് ഒരു ദശലക്ഷം നൽകിയാൽ ഞാൻ സമ്മതിക്കും,” എന്നൊരാൾ. “അദ്ദേഹം എന്നെ ഒഴിവാക്കുമെന്ന വ്യവസ്ഥയിൽ ഞാൻ അംഗീകരിക്കും,” മറ്റൊരാൾ. “അദ്ദേഹം എന്റെ പേരിൽ വീട് എഴുതിതന്നിട്ട് പ്രതിമാസം 500 ദിനാർ ചെലവിന് തന്നാൽ അം​ഗീകരിക്കും,” മറ്റൊരുവൾ പറഞ്ഞു. “ഞാൻ നിർബന്ധമായും സ്വീകരിക്കും, പിന്നീടുള്ള വഞ്ചനയെക്കാൾ നല്ലത് അതാണല്ലോ,” ഇങ്ങനയും ഒരുവൾ. ഇബ് ലീസ് സ്വർഗത്തിൽ പ്രവേശിക്കട്ടെ അപ്പോൾ അംഗീകരിക്കുമെന്ന് മറ്റൊരുവൾ .

ഒരു വിധവയുടെ പ്രതികരണം ഇങ്ങനെയായിരുന്നു: “എന്റെ ഭർത്താവ് മരിച്ചു, അല്ലാഹു അദ്ദേഹത്തോട് കരുണ കാണിക്കട്ടെ, സ്ത്രീകളുടെ ഇത്തരം നിരസിച്ചുള്ള ഉത്തരങ്ങൾ കാണുമ്പോൾ, എനിക്ക് എന്നോട് തന്നെ പറയാൻ തോന്നുന്നതിപ്രകാരമാണ്- എന്റെ ഭർത്താവ് ഒന്നിൽ കൂടുതൽ വിവാഹം കഴിച്ച് ആഴ്ചയിൽ ഒരു ദിവസമെങ്കിലും അദ്ദേഹത്തോടപ്പം താമസിക്കാൻ സാധിച്ചിരുന്നെങ്കിലെന്ന് ഞാൻ പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട്. മറ്റൊരാൾ പറഞ്ഞു: ഇന്നലെ ഞാൻ എന്റെ ഭർത്താവിനോട് ഈ പ്രശ്നത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു, ഞാൻ അദ്ദേഹത്തോട് പറഞ്ഞു, നിങ്ങളെങ്ങാനും മറ്റൊരു വിവാഹത്തിന് ശ്രമിച്ചാൽ, കത്തികൊണ്ട് നിങ്ങളുടെ വയറ് ഞാൻ കുത്തിക്കീറും.

മറ്റുള്ളവർ പറഞ്ഞു: നിങ്ങൾ അവനെ വെറുക്കുന്നുവെങ്കിൽ, അവൻ ആഗ്രഹിക്കുന്നത് ചെയ്യട്ടെ. ” എന്റെ ഭർത്താവ് വിലക്കപ്പെട്ട പരസ്ത്രീ ബന്ധങ്ങൾക്ക് അടിമയാണ്, ബഹുഭാര്യത്വം പ്രശ്നം പരിഹരിക്കുമെങ്കിൾ എനിക്ക് പ്രശ്‌നമില്ല.” ഇതാണ് മറ്റൊരുവളുടെ പ്രതികരണം. അദ്ദേഹം എനിക്ക് ബാങ്ക് നിക്ഷേപമായി ഒരു ദശലക്ഷം മാറ്റിവച്ചാൽ ഞാൻ അം​ഗീകരിക്കുമെന്ന് മറ്റൊരുവൾ പറഞ്ഞു. ഇല്ല, ആയിരം വട്ടം അം​ഗീകരിക്കില്ലെന്ന് മറ്റൊരുവൾ തറപ്പിച്ചു പറഞ്ഞു. എന്റെ ഭർത്താവിന്റെ ആവശ്യങ്ങളും അവകാശത്തിലും വേണ്ടമാതിരി പൂർത്തികരിക്കാൻ എനിക്ക് സാധിക്കാത്തത് കൊണ്ട് ഓരോ തവണയും ഞാൻ അദ്ദേഹത്തോട് മറ്റൊരു വിവാഹം കഴിക്കാൻ നിർബന്ധപൂർവ്വം പറയുമ്പോഴും അദ്ദേഹമതിൽ തീരെ താൽപ്പര്യം കാണിക്കാറില്ല, ഈ സമ്മതം അദ്ദേഹത്തെ എങ്ങനെ ബോധ്യപ്പെടുത്തണമെന്ന് എനിക്കറിയില്ല- മറ്റൊരുവളുടെ വാക്കുകളാണിത്. അദ്ദേഹം എന്റെയും മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും മുഴുവൻ കടങ്ങളും വീട്ടുകയാണെങ്കിൽ എനിക്ക് സമ്മതമാണന്ന് മറ്റൊരുവളും പറഞ്ഞവസാനിപ്പിച്ചു.

ഇതൊക്കെ ഞാൻ നിങ്ങൾക്കായി തിരഞ്ഞെടുത്ത ചില പ്രതികരണങ്ങളാണ്. ബഹുഭാര്യത്വത്തെക്കുറിച്ച് സ്ത്രീകൾക്ക് ഒരേ അഭിപ്രായമല്ലെന്ന് ഇവയിൽ നിന്ന് വ്യക്തമാണല്ലോ. ചിലരതിന് സമ്മതം മൂളുന്നു, അധികപേരും അപ്പാടെ നിരസിക്കുന്നു, മറ്റു ചിലരാവട്ടെ ചില വ്യവസ്ഥകളോടെ യോജിക്കുന്നു. എന്നാൽ ഈ വിഷയത്തിൽ ഏറെ പ്രധാനം നീതിയാണന്ന് ഉറപ്പിച്ച് പറയാം, ഒരു പുരുഷൻ ബഹുഭാര്യത്വം സ്വീകരിക്കാൻ തീരുമാനിച്ചാൽ ഒരു നിലക്കും അനീതി കാണിക്കരുത് എന്നത് വളരെ പ്രധാനം തന്നെയാണ്. ബഹുഭാര്യത്വം എന്നത് ഒരു എളുപ്പമുള്ള തീരുമാനമേ അല്ല, കാരണം അല്ലാഹു കൽപ്പിച്ച വ്യവസ്ഥകൾക്കനുസൃതമായിട്ട് വേണം അതിനെ സ്വീകരിക്കാൻ. നിരവധി വെല്ലുവിളികളും കണിശമായ മാനദണ്ഡങ്ങളും പാലിക്കേണ്ടതുമുണ്ട്. ബഹുഭാര്യത്വം എന്നത് കേവലമൊരു കാമപൂർത്തീകരണത്തിനുള്ള വഴിയല്ല. കരയിലൂടെയോ കടലിലൂടെയോ നടത്തപ്പെടുന്ന ഒരു പിക്നികുമല്ലത്. ബഹുഭാര്യത്വം എന്നത് ഭൗതികവും വൈകാരികവും മാനസികവുമായ ഒരു വലിയ ഉത്തരവാദിത്തമാണന്നും നല്ല ബോധ്യമുണ്ടായിരിക്കണം. നീതികെട്ട മനുഷ്യൻ, അല്ലാഹുവുമായുള്ള തന്റെ കണക്കെടുപ്പിനെ വലിയ പ്രയാസത്തോടെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് നന്നായി അറിയണം. ഇസ് ലാം ബഹുഭാര്യത്വത്തെ നീതിയുടെ അടിസ്ഥാനത്തിലുള്ള മാനദണ്ഡങ്ങളോടെയാണ് നിയന്ത്രിക്കുന്നത്. അതിന്ന് വിപരീതമായി ഒന്നിലധികം സഖിമാരെയോ കാമുകിമാരെയോ സ്വീകരിക്കാൻ ഇസ്‌ലാം അനുവദിക്കുന്നില്ല. ഒരു പുരുഷന് സ്വന്തം കുടുംബത്തെയും മക്കളെയും നന്നായി വളർത്താനും ശ്രദ്ധിക്കാനും സാധിക്കില്ലെങ്കിൽ ബഹുഭാര്യത്വം സ്വീകരിക്കരുതെന്നാണ് ഞാൻ ഉപദേശിക്കുക. ബഹുഭാര്യത്വം എന്നത് ഇന്ന് സ്ത്രീകൾ അനുഭവിക്കുന്ന സാമൂഹിക അനീതിയുടെ പ്രതീകമായി മാറിയിരിക്കുന്നുവെന്ന് കാണാം. പുരുഷൻ ബഹുഭാര്യത്വം എന്ന പവിത്ര സമ്പ്രദായം തെറ്റായി പ്രയോഗിക്കുന്നതും ദൈവിക മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ വലിയതോതിൽ പരാജയപ്പെടുന്നതുമാണ് അതിന്റെ പ്രധാന കാരണമെന്നും അറിയാത്തവരല്ലല്ലോ നമ്മൾ.

വിവ- അബൂ ഫർവാൻ

Related Articles