Current Date

Search
Close this search box.
Search
Close this search box.

വിവാഹമോചിതകള്‍ സാമൂഹിക ഭാരമാവുന്ന വിധം

divorcee.jpg

ഇസ്‌ലാമിക പ്രമാണങ്ങള്‍ ത്വലാഖ് അനുവദിക്കുകയും, പുരുഷന്റെ അവകാശമായി നിര്‍ണയിക്കുകയും ചെയ്തു. പക്ഷെ എന്നാല്‍ പോലും ഒരു കുടുംബത്തിന്റെ ശൈഥില്യത്തിനും തകര്‍ച്ചക്കും കാരണമായി സ്ത്രീ അഥവാ ഭാര്യ ആക്ഷേപിക്കപ്പെടുകയും, അവള്‍ ക്ഷമിക്കാത്തത് കൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് പ്രചരിപ്പിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ മൊഴിചൊല്ലപ്പെട്ട സ്ത്രീകള്‍ നിലവിലുള്ള സമൂഹത്തില്‍ ധാരാളം വിഷമങ്ങള്‍ അനുഭവിക്കുന്നുണ്ട്. സ്ത്രീയെന്നും, പരാജയപ്പെട്ട ഭാര്യ എന്നുമായി പല തരത്തിലുള്ള ലേബലുകള്‍ ഒരേ സമയം അവള്‍ക്ക് വഹിക്കേണ്ടി വരുന്നു. ‘വിവാഹമോചിത’ എന്ന തന്റെ പേര് മാറ്റുവാന്‍ എത്ര തന്നെ കഠിനാദ്ധ്വാനം ചെയ്താലും അവള്‍ക്ക് സാധിക്കില്ല. ആ പേരാവട്ടെ കേള്‍ക്കുന്ന മാത്രയില്‍ വല്ല കുറ്റകൃത്യമോ, കൊലപാതകമോ നടത്തിയ പോലുള്ള ധ്വനിയാണ് നല്‍കുന്നതും. അതിനാല്‍ മാനസികമായി മുറിവേറ്റാണ് അവള്‍ ജീവിതം കഴിച്ച് കൂട്ടുന്നത്.

അതിനാല്‍ തന്നെ വിവാഹമോചനത്തിന്റെ ഫലമായി ലഭിക്കുന്ന ഭൗതികമായ, സാമ്പത്തികമായ ആനുകൂല്യങ്ങള്‍ നിരസിക്കുന്നവരും അവരിലുണ്ട്. ‘ഒട്ടകത്തെ നഷ്ടപ്പെട്ട് കരയുന്നവന്‍, അതിന്റെ മൂക്കുകയറിനെക്കുറിച്ച് വേവലാതി കൊള്ളുകയില്ലല്ലോ’. 90% വിവാഹമോചിതരും തങ്ങളുടെ വീട്ടിലേക്ക് മടങ്ങുകയാണ് ചെയ്യുന്നതെന്ന് ഏറ്റവും പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. അതാവട്ടെ അവരുടെ ബന്ധുക്കള്‍ക്കും ഭാരമാവുന്നു. വിവാഹമോചിതയായ സ്ത്രീക്ക് സ്വന്തം വീട്ടില്‍ ഒറ്റക്ക് താമസിക്കുകയെന്നത് തീര്‍ത്തും പ്രയാസകരമായ കാര്യമാണ്. കാരണം അവളെ വിമര്‍ശിക്കാനും, നിരൂപിക്കാനുമായി ധാരാളം കണ്ണുകള്‍ സമീപത്ത് തന്നെയുണ്ടാവും. വലിയ വലിയ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം അവരില്‍ വിവാഹമോചിതയുണ്ടാവുകയെന്നത് അപമാനമായി കരുതുന്നവരാണ്.
അവളുടെ സ്വഭാവത്തിലും ഇടപെടലുകളിലും ഒരു തരത്തിലുള്ള സംശയത്തോടെയാണ് സമൂഹം വീക്ഷിക്കുക. അതവരില്‍ കുറ്റബോധവും, നിരാശയും പടര്‍ന്ന് പിടിക്കുകയും, നിലവിലുള്ള സാഹചര്യത്തോട് പൊരുത്തപ്പെടാനാവാതെ വരികയും ചെയ്യും. വിവാഹം കഴിപ്പിച്ചയച്ചതിന് ശേഷം വിവാഹമോചിതയായി തിരിച്ച് വരുന്നതോടെ വീട്ടുകാര്‍ക്കും പ്രയാസം അനുഭവപ്പെടുന്നു. അവളുടെ സന്താനങ്ങളുടെ പരിചരണം അവര്‍ മാറ്റിവെക്കുകയും, അവരെ അകറ്റി നിര്‍ത്തുകയും ചെയ്യും. അതോടെ വിവാഹമോചനത്തിന്റെ പേരില്‍ അനുഭവിച്ച വേദനയുടെ, പതിന്മടങ്ങ് വേദന അവള്‍ക്കനുഭവിക്കേണ്ടി വരുന്നു.

വിവാഹമോചനത്തിന് ശേഷം സ്ത്രീ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ക്ക് അതിരില്ല. വിവാഹത്തെ അനിവാര്യ സംവിധാനമായും, സംരക്ഷണ മറയായും കാണുന്ന സമൂഹത്തില്‍ പ്രത്യേകിച്ചും. കാരണം ത്വലാഖോട് കൂടി ആ മറ പൊളിഞ്ഞ് പോയി എന്നാണ് അര്‍ത്ഥം. ധാര്‍മികാപചയം സംഭവിച്ചുവെന്ന് സമൂഹം ആരോപിക്കുന്നു.
പക്ഷെ പല സന്ദര്‍ഭങ്ങളിലും ഭര്‍ത്താവിന് കീഴിലെ നരകീയ ജീവിതത്തില്‍ നിന്നുള്ള ആശ്വാസമാണ് സ്ത്രീക്ക് വിവാഹമോചനം. പക്ഷെ നിരാശയുടെയും, പരാജയത്തിന്റെയും, വേദനയുടെയും ഉഛിയിലെത്തുമ്പോള്‍ മാത്രമെ അവള്‍ വിവാഹമോചനത്തെക്കുറിച്ച് ചിന്തിക്കാറുള്ളൂ. മൂന്ന് പ്രധാനമായ ഘട്ടങ്ങള്‍ നേരിട്ടതിന് ശേഷം മാത്രമെ അവളുടെ മാനസികാവസ്ഥ പഴയത് പോലെയാവുകയുള്ളൂ.
ഭര്‍ത്താവിന്റെ പെരുമാറ്റത്തിലും, ഇടപെടലുകളിലും അങ്ങേയറ്റം വേദനയും പ്രയാസവും അനുഭവിക്കുന്ന ഘട്ടമാണ് ഒന്നാമത്തെത്. ഈ സന്ദര്‍ഭത്തില്‍ മനസ്സ് അസ്വസ്ഥപ്പെടുകയും, പീഢനത്തിന്റെയും, കഷ്ടപ്പാടിന്റെയും പ്രതിഫലനങ്ങള്‍ പുറത്ത് കാണിക്കുകയും ചെയ്യും. മനസ്സ് ദുര്‍ബലപ്പെടുകയും, സംതൃപ്തി പൂര്‍ണമായും നശിച്ച് പോവുകയും ചെയ്യും.
കുറച്ച് കാലത്തിന് ശേഷം പുതിയ അന്തരീക്ഷം മനസ്സിലാക്കുകയും മാനസിക അസ്വസ്ഥതകള്‍ക്ക് അല്‍പം കുറവ് അനുഭവപ്പെടുകയും ചെയ്യുന്നു. തന്റെ നിലപാടുകളില്‍ മാറ്റം വരുത്താന്‍ തയ്യാറാവുകയും ജീവിതത്തെക്കുറിച്ച് പൊതുവായും, വിവാഹത്തെക്കുറിച്ച് പ്രത്യേകമായും ചിന്തിക്കാന്‍ തുടങ്ങുകയും ചെയ്യുന്നു.
ത്വലാഖ് കുടുംബത്തിന് മൊത്തമായി പ്രതികൂല സ്വാധീനങ്ങള്‍ സൃഷ്ടിക്കുന്നു. മാനസികമായി വേദനയുളവാക്കുന്ന കാര്യമാണത്. ഒരു വ്യക്തി അതിനെ ഉള്‍ക്കൊള്ളുന്നത് അതിനെക്കുറിച്ച് സംസാരിക്കാനും ചര്‍ച്ചചെയ്യാനുമുള്ള സന്നദ്ധതയെയാണ് കുറിക്കുന്നത്. ഉള്‍ക്കൊള്ളുകയെന്നത് കൊണ്ട് ഉദ്ദേശിച്ചത് തന്റെ മുമ്പിലെ പ്രതിസന്ധികളും പ്രയാസങ്ങളും തരണം ചെയ്യാനുള്ള തന്റേടമുണ്ടാവുകയെന്നതാണ്.

വിവാഹമോചനത്തിന്റെ വേദനയില്‍ നിന്നും മുക്തമാവുകയും, ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യുന്ന ഘട്ടമാണിത്. ആത്മവിചാരണക്ക് തയ്യാറായി തന്റെ അബദ്ധങ്ങള്‍ തിരുത്തുന്നതിലും, ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ച് പുരുഷന്‍മാരെക്കുറിച്ച കാഴ്ച്ചപ്പാടില്‍ മാറ്റം വരുത്തുന്നതിലും അവള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.

വിവാഹമോചിതയെ വേളികഴിക്കാന്‍ താങ്കള്‍ തയ്യാറാണോ?
വിവാഹമോചനത്തിന് ശേഷം, വേര്‍പാടിന്റെ വേദനയില്‍ നിന്ന് മനസ്സ് ശാന്തമായതിന് ശേഷം അവള്‍ പുതിയ ഇണയെ തേടുകയാണ്. അപ്പോഴും അവള്‍ക്കനുഭവിക്കാനുള്ളത് കയ്പുറ്റ അനുഭവമാണ്. പ്രഥമ വിവാഹ ജീവിതത്തില്‍ പരാജയപ്പെട്ട സ്ത്രീയെ ഭാര്യയായി സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നവരാണ് നമ്മില്‍ ഭൂരിപക്ഷവും.
കൂടാതെ മറ്റൊരു പ്രശ്‌നം കൂടി അവള്‍ക്കനുഭവിക്കേണ്ടി വരുന്നു. തന്റെ സന്താനങ്ങളെ ഉപേക്ഷിച്ച് വിവാഹം കഴിക്കുന്ന പുരുഷന്റെ സന്താനങ്ങളെ ഏറ്റെടുക്കേണ്ടി വരുന്നത് പ്രയാസകരം തന്നെയാണ്. കാരണം അവളെ വിവാഹം കഴിക്കാന്‍ തയ്യാറാവുക വിവാഹമോചിതനോ, ഭാര്യ മരണപ്പെട്ടവനോ ആയ പുരുഷന്‍ മാത്രമാണല്ലോ. അവളുടെയും അദ്ദേഹത്തിന്റെയും സന്താനങ്ങളെ ഒന്നിച്ച് ഒരുപോലെ പരിചരിക്കാന്‍ അവള്‍ക്ക് കഴിഞ്ഞ് കൊള്ളണമെന്നില്ല. മാത്രമല്ല സന്താനങ്ങളെക്കാണുമ്പോള്‍ അവരുടെ ഉമ്മ അഥവാ തന്റെ മുന്‍ഭാര്യയെയാണ് പുരുഷന്‍ ഓര്‍ക്കുകയെന്നത് അവളെ വിഷമിക്കുകയും ചെയ്യും.
വിവാഹമോഹിതയായ സ്ത്രീയുടെ ബന്ധുക്കള്‍ പോലും അവള്‍ ജീവിതകാലം മുഴുവന്‍ ഭര്‍ത്താവില്ലാതെ ജീവിക്കണമെന്ന് ആഗ്രഹിക്കുകയില്ല. അവള്‍ സുന്ദരിയായ യുവതിയാണെങ്കില്‍ പ്രത്യേകിച്ചും. കാരണം ശാരീരികമായ അഴക് വിവാഹത്തിന്റെ മാനദണ്ഡമായി സമൂഹം അംഗീകരിച്ചതാണല്ലോ.
എന്നാല്‍ പ്രായമായതിന് ശേഷമാണ് ത്വലാഖ് സംഭവിക്കുന്നതെങ്കിലെ, അവളുടെ മുമ്പില്‍ മറ്റ് മാര്‍ഗങ്ങളൊന്നുമില്ല. കാരണം പുരുഷന്‍ എത്ര പ്രായമായാലും ഇളം പ്രായത്തിലുള്ള സുന്ദരിയെ അവന്‍ വിവാഹം കഴിക്കുകയുള്ളൂ.
ബാക്കിയുള്ളവരെ ഉപയോഗിച്ച് കഴിഞ്ഞ ചരക്കുകളെപ്പോലെയാണ് സമൂഹം വിലയിരുത്തുന്നത്. തന്റെ സന്താനങ്ങളെ സംരക്ഷിക്കുന്ന വിവാഹമോചിതകളെയും നമുക്ക് കാണാവുന്നതാണ്. അവര്‍ മറ്റൊരു വിവാഹം ആഗ്രഹിക്കുന്നില്ല. കാരണം അതവരുടെ ഭാരം അധികരിപ്പിക്കുകയാണ് ചെയ്യുക. മേല്‍സൂചിപ്പിച്ച എല്ലാ ത്യാഗങ്ങള്‍ക്ക് ശേഷവും വിവാഹമോചിത എന്ന ലേബലില്‍ സമൂഹം അവളെ നിന്ദ്യതയോടെയാണ് വീക്ഷിക്കുന്നത്.

കുഞ്ഞുങ്ങള്‍ സംഘട്ടനത്തിന്റെ ഇരകള്‍
വിവാഹമോചനത്തിന്റെ യഥാര്‍ത്ഥ ഇരകള്‍ കുഞ്ഞുങ്ങളാണ്. കാരണം കുടുംബപരമായ ശൈഥില്യം അനുഭവിക്കേണ്ടത് അവരാണ്. മാതാവില്‍ നിന്നുള്ള കാരുണ്യവും വാല്‍സല്യവും, പിതാവില്‍ നിന്നുള്ള സുരക്ഷയും നിര്‍ഭയത്വവും അവര്‍ക്ക് നഷ്ടപ്പെടുന്നു. അവര്‍ രണ്ട് പേരും സന്താനങ്ങളെ തങ്ങളുടെ അടുത്തേക്ക് ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നു.
മാതാപിതാക്കളെക്കുറിച്ച സന്താനങ്ങളുടെ സങ്കല്‍പത്തിന് മുറിവേല്‍പിക്കാനാണ് ഇതുപകരിക്കുക. അവരിലുള്ള വിശ്വാസം നഷ്ടപ്പെടാനും, അവരുടെ കൂടെ ജീവിക്കുന്നത് വെറുക്കാനും ഇത് കാരണമാവുന്നു. അത് അവരില്‍ സൃഷ്ടിക്കുന്ന മാനസിക സംഘര്‍ഷം ചീത്ത കൂട്ടുകെട്ടിനും ദുഷ്പ്രവണതക്കും വഴിവെക്കുന്നു.

വെറുക്കപ്പെട്ട ഹലാല്‍
ത്വലാഖിന്റെ ഏറ്റവും അപകടകരമായ മുഖം വ്യക്തമാവുന്നത് അതിനെ പുരുഷന്‍ ഗൗരവമില്ലാതെ ഉപയോഗിക്കുന്നത് കാണുമ്പോഴാണ്. ദാമ്പത്യ ജീവിതത്തിന് മഹത്വമോ, പരിശുദ്ധിയോ ഇത്തരക്കാര്‍ നല്‍കുന്നില്ല. ദാമ്പത്യ ജീവിതത്തിന് സ്ഥിരതുയം ഭദ്രതയും ഉണ്ടാവണമെന്നാണ് ദൈവത്തിന്റെ ആഗ്രഹം. അത് കൊണ്ടാണ് ത്വലാഖ് ഏറ്റവും വെറുക്കപ്പട്ട ഹലാല്‍ ആയി മാറിയത്. പ്രസ്തുത ജീവിതം സന്തോഷവും ആനന്ദവും പ്രദാനം ചെയ്യുന്നില്ലെങ്കിലാണ് അത് സംഭവിക്കേണ്ടത്.
ജീവിതം മുന്നോട്ട് നീങ്ങാന്‍ മറ്റ് മാര്‍ഗങ്ങളില്ല, സഹിക്കാന്‍ കഴിയില്ല എന്ന സാഹചര്യത്തിലാണ് പ്രസ്തുത ഹലാല്‍ ഉപയോഗിക്കേണ്ടത്. ഇപ്രകാരം നിര്‍ബന്ധിത സാഹചര്യത്തിലാവുമ്പോള്‍ അതിന് കുറ്റമില്ല എന്ന് മാത്രമല്ല അഭികാമ്യവുമാണ്.

വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Related Articles