Current Date

Search
Close this search box.
Search
Close this search box.

സുന്ദരമാകട്ടെ നമ്മുടെ ജീവിതം

സൗന്ദര്യം ഇഷ്ടമല്ലേ നിങ്ങള്‍ക്ക്? അതെ, സൗന്ദര്യം എല്ലാവര്‍ക്കും ഇഷ്ടമാണ്. പ്രകൃതിസൗന്ദര്യം ആയാലും, ജീവജാലങ്ങളുടെ സൗന്ദര്യം ആയാലും, സുന്ദരമായ ജീവിതാനുഭവങ്ങള്‍ ആയാലും, എല്ലാം നമുക്ക് ഏറെ പ്രിയപ്പെട്ടവയാണ്. എങ്ങിനെയാണ് ഈ പ്രകൃതി ഇത്ര സുന്ദരമായത്? വളരെ മനോഹരമായി അടുക്കും ചിട്ടയിലും അതിനെ ദൈവം ക്രമീകരിച്ചിരിക്കുന്നത് കൊണ്ടാണ്. ജീവജാലങ്ങളുടെ സൗന്ദര്യത്തിലും ദൈവത്തിന്റെ സൃഷ്ടിവൈഭവം ആണ് നാം സൗന്ദര്യമായി ആസ്വദിക്കുന്നത്. പ്രകൃതിയിലെ ജീവജാലങ്ങളുടെ താള പൊരുത്തത്തിന് കാരണം അവ ചില പ്രകൃതിനിയമങ്ങളെ പാലിക്കുന്നത് കൊണ്ടാണ് എന്ന് മനസ്സിലാക്കാം.

പ്രപഞ്ചത്തിലെ മുഴവന്‍ വസ്തുക്കളും, സൂര്യനും ചന്ദ്രനും, രാവും പകലും, എല്ലാം ചില നിര്‍ണിത കണക്കുകളില്‍ ക്രമീകരിക്കപ്പെട്ടതുകൊണ്ട് തന്നെയാണ് നമുക്ക് ഇത്ര സുന്ദരമായി അനുഭവപ്പെടുന്നത്. അഥവാ കൃത്യമായ ചില ദൈവിക നിയമങ്ങളാലും വ്യവസ്ഥകളാലും ക്രമീകരിക്കപ്പെട്ടതുകൊണ്ടാണ് ഇതൊക്കെയും നമുക്ക് ഇത്ര സൗന്ദര്യത്തോടെ നോക്കി കാണാന്‍ കഴിയുന്നത്. എന്നാല്‍ മനുഷ്യരുടെ ജീവിതാനുഭവങ്ങളില്‍ സുന്ദരമായ അനുഭവങ്ങളെക്കാള്‍ കൂടുതല്‍ നാം കാണാനും അനുഭവിക്കാനും ഇഷ്ടപ്പെടാത്ത ധാരാളം കാഴ്ചകളും അനുഭവങ്ങളും നിരന്തരം കണ്ടുകൊണ്ടിരിക്കുന്നു. കാരണം പ്രപഞ്ചത്തെയും മറ്റു ജീവജാലങ്ങളെയും അപേക്ഷിച്ച് മനുഷ്യന് ദൈവിക നിയമങ്ങള്‍ സ്വീകരിക്കാനും തള്ളിക്കളയാനുമുള്ള സ്വാതന്ത്ര്യം ദൈവം നല്‍കിയിരിക്കുന്നു.

ഈ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്ത് ദൈവിക നിയമങ്ങളെ തള്ളിക്കളയുന്നതിന്റെ ഫലമായാണ് നാം ഈ കാണുന്ന സകല വൈകൃതങ്ങളും നമ്മുടെ ചുറ്റുപാടില്‍ നിറഞ്ഞിരിക്കുന്നത്. സത്യം മാത്രമേ പറയാവൂ എന്നത് ഒരു ദൈവിക നിയമമാണ്, സത്യം മാത്രം പറയുന്ന ഒരു ലോകം എത്ര സുന്ദരമായിരിക്കും എന്നത് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ. നിങ്ങള്‍ വ്യഭിചരിക്കരുത്, കാരണം നിങ്ങള്‍ വ്യഭിചരിക്കുന്ന പെണ്ണ് മറ്റൊരാളുടെ അമ്മയോ മകളോ പെങ്ങളോ ഭാര്യയോ ആയിരിക്കും, എന്നാല്‍ നിയമാനുസൃതം വിവാഹം കഴിച്ച് ലൈംഗികബന്ധം ആസ്വദിക്കാം എന്നതാണ് ദൈവിക നിയമം.

അഥവാ ഇവ ഓരോന്നും പാലിക്കപ്പെടുമ്പോള്‍ നമ്മുടെ സമൂഹവും ചുറ്റുപാടും കുടുംബവും എല്ലാം ഏറെ സുന്ദരമായ കാഴ്ചകള്‍ ആയി മാറുന്നു. സൗന്ദര്യത്തെ ഏറെ ഇഷ്ടപ്പെടുന്ന നാമോരോരുത്തരും നമ്മുടെ ജീവിത പരിസരങ്ങള്‍ കൂടി സൗന്ദര്യമുള്ളതാക്കി തീര്‍ക്കാന്‍ പ്രപഞ്ചനാഥനായ ദൈവത്തിന്റെ നിയമ വ്യവസ്ഥകള്‍ പാലിച്ചുകൊണ്ട് ജീവിക്കുകയാണ് വേണ്ടത്.

Related Articles