ഒരു മനുഷ്യൻറെ മാനസികാരോഗ്യത്തെ ഇസ്ലാം വ്യത്യസ്ത രൂപത്തിലാണ് പരിഗണിക്കുന്നത്. പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തെ ഇസ്ലാം എങ്ങനെ ക്രമീകരിക്കുന്നു എന്നതാണ് ഇത് സംബന്ധമായി വിശദീകരിക്കാൻ ഉദ്ദേശിക്കുന്നത്. കുടുംബ സുരക്ഷക്ക് വളരെയധികം മുൻഗണന നൽകിയ മതമാണ് ഇസ്്ലാം. കാരണം ഇസ്ലാം കുടുംബത്തെ രക്ഷിതാക്കളുടേയും കുട്ടികളുടേയും ഭൗതികവും മന:ശ്ശാസ്ത്രപരവുമായ ആവശ്യങ്ങളെ സംരക്ഷിക്കുന്ന ഏറ്റവും നല്ല സാമൂഹ്യ ഘടകമായി പരിഗണിക്കുന്നു. വിവാഹമോചനത്തിലൂടെ കുടുംബം തകർക്കപ്പെടുമ്പോൾ ഭർത്താവിന് അയാളുടെ നല്ലൊരു മിത്രത്തെയാണ് നഷ്ടപ്പെടുന്നത്. ഭാര്യക്കാവട്ടെ അവളുടെ മിത്രത്തേയും നഷ്ടപ്പെടുന്നു. കുട്ടികൾക്കാകട്ടെ അവരുടെ പിതാവിനേയൊ മാതാവിനേയൊ അല്ലങ്കിൽ രണ്ട് പേരെയുമോ നഷ്ടപ്പെടുന്നു.
രക്ഷിതാക്കളുടെ അഭാവത്തിൽ എങ്ങനെയാണ് ഒരു കുട്ടി ആരോഗ്യത്തോടെ വളരുക? കുട്ടികൾക്ക് പാലും ഭക്ഷണവും മാത്രം മതിയാവില്ലല്ലോ? അവർക്ക് രക്ഷിതാക്കളുടെ സ്നേഹവും പരിലാളനയും അനിവാര്യമാണ്. ഭാഷ വശത്താക്കാൻ അവർക്ക് ഭാഷാ മാതൃക വേണം. നാളെയുടെ പൗരനായ ഒരു കുട്ടിയെ സംബന്ധിച്ചേടുത്തോളം കുടുംബത്തെ മാറ്റി നിർത്തി അവന് സാമൂഹികമായൊ വൈകാരികമായൊ മാനസികമായൊ വളരാൻ കഴിയില്ല. രക്ഷിതാക്കളുടെ സ്നേഹം ലഭിക്കാത്ത കുട്ടികൾക്ക് വൈകാരികമായ തകരാറുകൾ ഉണ്ടാവുക സ്വാഭാവികമാണ്. കുട്ടികൾക്ക് രക്ഷിതാക്കളുടെ പരിലാളനകൾ ലഭിക്കാതിരിക്കുമ്പോൾ താൻ എല്ലാവരാലും വെറുക്കപ്പെട്ടവനാണ് എന്ന ഒരു തോന്നലുണ്ടാവാം. അത്കൊണ്ട് അത്തരം കുട്ടികൾ സാമൂഹ്യ വിരുദ്ധമായ നിലപാട് സ്വീകരിച്ചെന്ന് വരും. അത്തരം കുട്ടികളുടെ സാമൂഹ്യവും വൈകാരികവുമായ അരക്ഷിതാവസ്ഥ പൊതുവെ മാനസികമായ വൈകല്യത്തിലേക്കാണ് നയിക്കുന്നത്.
കുടുംബമെന്ന തട്ടകം
കുട്ടികൾക്ക് വൈകാരികമായും സാമൂഹ്യമായും മാനസികമായും ശാരീരികമായും വളരാനുളള ഏറ്റവും ഉത്തമ വേദിയാണ് കുടുംബം. അതിനാൽ കുട്ടിയെ സംരക്ഷിക്കുന്നതിന് വേണ്ടി ഇസ്ലാം കുടുംബത്തെ സംരക്ഷിക്കുന്നു. മറ്റൊരുവിധത്തിൽ പറഞ്ഞാൽ കുടുംബ സംരക്ഷണത്തിലൂടെ യഥാർത്ഥത്തിൽ ഇസ്ലാം എല്ലാവരേയും സംരക്ഷിക്കുകയാണ് ചെയ്യുന്നത്. കാരണം ഒരിക്കൽ നമ്മൾ എല്ലാവരും കുട്ടികളായിരുന്നുവല്ളൊ. ഇന്നത്തെ കുട്ടികളാകട്ടെ നാളത്തെ പൗരന്മാരാണെന്ന കാര്യം വിസ്മരിക്കാതിരിക്കുക.
ഇസ്ലാം കുട്ടികളെ പലവിധേന സംരക്ഷിക്കുന്നുണ്ട്. കുടുംബ സംവിധാനമില്ലാതെ ഒരു കുഞ്ഞ് ജനിക്കാനുള്ള സാധ്യതയെ തടയുന്നതാണ് അതിലൊന്ന്. വിവാഹേതര ബന്ധത്തിലൂടെ സന്താനങ്ങൾ ജനിക്കുന്നത് ഇസ്ലാം കർശനമായി വിലക്കിയിരിക്കുന്നു. അഥവാ ജാരസന്തതികളെ അത് തടയുന്നു. ജാരസന്തതികളെ അവരുടെ രക്ഷിതാക്കൾ കൈവെടിയുന്നത് നമുക്ക് പരിചയമള്ള കാര്യമാണ്. അത്തരം കുട്ടികളെ പൊതുവെ അനാഥാലയങ്ങളിലേക്ക് അയക്കുന്നു. അവിടെ കുട്ടിക്ക് ഭക്ഷണവും വസ്ത്രവും ലഭിക്കുന്നു എന്നത് ശരിയാണ്. പക്ഷെ അവന് ആവശ്യമായ സ്നേഹവും പരിലാളനയും അവിടെ ലഭിക്കുന്നില്ല.
ഇസ്ലാം ജാരസന്താനങ്ങളെ ഇല്ലാതാക്കുന്നത് ലൈംഗിക ബന്ധം വിവാഹത്തിലൂടെ മാത്രമേ അനുവദനീയമുള്ളൂ എന്ന കർശന നിർദ്ദേശത്തിലൂടെയാണ്. ഈ നിയന്ത്രണം തത്ത്വത്തിൽ മാത്രമല്ല അത് പ്രായോഗികമായും ഇസ്ലാം നടപ്പാക്കുന്നു. രണ്ട് ലൈംഗിക വിഭാഗങ്ങൾ സ്വതന്ത്രമായി ബന്ധപ്പെടുന്നത് ഇസ്ലാം നിരോധിക്കുന്നു. കാരണം സ്വതന്ത്രമായി ലൈംഗികമായി രണ്ട് പേർ ബന്ധപ്പെടുമ്പോൾ നിയമവിരുദ്ധമായ ലൈംഗിക ബന്ധത്തെ തടയാൻ ഒരു ശക്തിക്കും കഴിയുകയില്ല. ഇസ്ലാം ഇക്കാര്യത്തിൽ മാത്രമല്ല എല്ലാ വിഷയങ്ങളിലും സമ്പൂർണ്ണമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. രണ്ട്പേർ സ്വതന്ത്രമാായി ലൈംഗിക ബന്ധത്തിലേർപ്പെടുമ്പോൾ ഫലം ജാര സന്തനങ്ങളുടെ ജനനമായിരിക്കും. നിയമാനുസൃത സന്താനങ്ങൾ ഉണ്ടാവാനും നിയമപരമായ ലൈംഗിക ബന്ധവും മാത്രമേ ഇസ്ലാം ആഗ്രഹിക്കുന്നുള്ളൂ. സ്വതന്ത്രമായ ലൈംഗിക ബന്ധത്തെ അത് കർശനമായി തടയുന്നു.
മാന്യമായ വസ്ത്രധാരണം
ഒരു സ്ത്രീയെ ഇസ്ലാം സഹധർമ്മിണിയും മാതാവുമായിട്ടാണ് കാണുന്നത്. ഇതിന് വിപരീതമായി ചില അനിസ്ലാമിക സമൂഹങ്ങൾ സ്ത്രീയെ അവളുടെ ഭാര്യയെന്നും ഉമ്മയെന്നുമുള്ള ഉത്തരവാദിത്തത്തിൻറെ പേരിൽ കേവലം പെൺവർഗ്ഗമായിട്ടാണ് കാണുന്നത്. അതിനാൽ ഇസ്ലാം ഈ രണ്ട് ഉത്തരവാദിത്തങ്ങളും നിർവ്വഹിക്കുന്നതിനനുയോജ്യമായ നിർദ്ദേശങ്ങളാണ് നൽകുന്നത്. കാരണം തൻറെ ഭർത്താവിന് സമർപ്പിതയായ ഒരു ഭാര്യയേയും തൻറെ മക്കൾക്ക് സമർപ്പിതയായ മാതാവിനേയുമാണ് കുടുംബത്തിന് ആവശ്യം.
നിയമവിരുദ്ധമായ രീതിയിൽ ലൈംഗിക ബന്ധം പുലർത്തുന്നതിലൂടെ ഇസ്ലാം ജാരസന്താനങ്ങളെ ഇല്ലാതാക്കുന്നതിനെ കുറിച്ച് നാം പറഞ്ഞുവല്ലോ. കുട്ടികളെ സംരക്ഷിക്കുവാനുള്ള ഒരു വഴിയാണിത്. കുട്ടികളെ സംരക്ഷിക്കുവാനുള്ള രണ്ടാമത്തെ വഴി കുടുംബത്തെ സംരക്ഷിക്കലാണ്. വിവാഹം നടക്കുമ്പോൾ ഒരു പുതിയ കുടുംബം സ്ഥാപിക്കുകയാണ് ചെയ്യുന്നത്. കുട്ടികൾ ജനിക്കുമ്പോൾ കുടുംബം എണ്ണത്തിൽ വളരുകയാണ്. കുടുംബത്തിലെ എല്ലാവരേയും അപകടപ്പെടുത്തുന്ന വിവാഹമോചനത്തിൽ നിന്നും ഇസ്ലാം കുടുംബത്തെ സംരക്ഷിക്കുന്നു.
അന്യ സ്ത്രീകളുമായി അഴിഞ്ഞാടാൻ ഇസ്ലാം പുരുഷന്മരെ അനുവദിക്കുന്നില്ല. അതിലൂടെ തൻറെ ഭാര്യയുമായുള്ള ബന്ധത്തെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത്പോലെ ഭർത്താവുമായുള്ള ബന്ധത്തെ പരിരക്ഷിക്കുന്നതിന് വേണ്ടി സ്ത്രീക്കും പരപുരുഷനുമായി നിർബ്ബാധം അഴിഞ്ഞാടാനും ഇസ്ലാമിൽ അനുവാദമില്ല. ഇസ്ലാമിൽ ഭർത്താവിനെ ഭാര്യയുമായും ഭാര്യയെ ഭർത്താവുമായും പൂർണ്ണമായും ബന്ധിപ്പിച്ചിരിക്കുകയാണ്. വിവാഹമോചനത്തിൽ നിന്ന് വിവാഹബന്ധത്തേയും തകർച്ചയിൽനിന്ന് കുടുംബത്തേയും അനാഥാവസ്ഥയിൽ നിന്ന് കുട്ടികളെ സരംക്ഷിക്കാനുള്ള ഒരേ ഒരു വഴി ഇത്മാത്രമാണ്.
ഇതിന് നേരെ വിപരീതമായി സ്ത്രീ പുരുഷ അഴിഞ്ഞാട്ടം അനുവദിക്കുന്ന സമൂഹത്തിൽ മുഖ്യമായും രണ്ട് പ്രശ്നങ്ങൾ ഉണ്ടാവും. ആദ്യമായി അത്തരം സമൂഹങ്ങളിൽ അവിഹിത ലൈംഗിക ബന്ധങ്ങളും ജാര സന്താനങ്ങളും ധാരാളമായി ഉണ്ടാവും. രണ്ടാമതായി വിവാഹം ദീർഘകാലം നിലനിൽക്കുകയില്ല. മിക്ക വിവാഹങ്ങളും വിവാഹമോചനത്തിൽ കലാശിക്കുകയും ചെയ്യും. തീർച്ചയായും വിവാഹമോചനം അവരുടെ കുട്ടികളുടെ പ്രശ്നത്തിൻറെ ആരംഭമാണെന്ന കാര്യത്തിൽ സംശയമില്ല. ശാസ്ത്രീയമായും സാങ്കേതിക മികവിൻറെയും കാര്യത്തിൽ പാശ്ചാത്യ രാജ്യങ്ങൾ വളരെ മുൻപന്തിയിലാണെന്നും വ്യവസായം, സാമ്പത്തികാവസ്ഥ തുടങ്ങിവയുടെ കണക്കുകളോട് വളരെ സൂക്ഷ്മമായ നിലപാടാണ് സ്വീകരിക്കാറുള്ളതെന്ന് നാം സമ്മതിച്ചേ പറ്റു. എന്നാൽ സാമൂഹ്യ ജീവിതവുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ അത്ര സൂക്ഷ്മത അവർ പുലർത്താറില്ല.
വിവാഹ സംരക്ഷണം
ചില പാശ്ചാത്യ രാജ്യങ്ങളിൽ 60 ശതമാനം വിവാഹങ്ങളും വിവാഹമോചനത്തിലാണ് കലാശിക്കാറുള്ളത്. എന്താണ് ഇതിൻറെ അർത്ഥം? അവിടത്തെ സാമൂഹ്യ ഘടന വിവാഹത്തേയും പാശ്ചാത്യ ജീവിതരീതി വിവാഹത്തെയും കുടുംബത്തേയും നശിപ്പിക്കുന്നു എന്നാണ് അതിൻറെ ലളിതമായ സത്യം. അതിൻറെ ഫലം പ്രതീക്ഷിക്കാൻ പ്രയാസമൊന്നുമില്ല. പാശ്ചാത്യ രാജ്യത്ത് രണ്ട് ലിംഗങ്ങൾ സർവ്വതന്ത്രരായി ഇടപെടുന്നു. വെള്ളം പോലെ മദ്യം മോന്തുന്നു. സ്ത്രീകളാകട്ടെ നഗ്നത പ്രദർശിപ്പിച്ച് പൊതുഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇത്തരമൊരു അവസ്ഥയുടെ ഫലം എന്തായിരിക്കുമെന്ന് വളരെ വ്യക്തമാണ്.
മന:ശ്ശാസ്ത്രത്തിലും സാമൂഹ്യ ശാസ്ത്രത്തിലും വ്യുൽപത്തി നേടിയ പാശ്ചാത്യ വിദഗ്ധന്മാർ അവരുടെ സാമൂഹ്യ രോഗങ്ങളുടെ കണക്ക് പരിശോധിക്കുകയും അത് ഇസ്ലാമിക രാജ്യങ്ങളുടേതുമായി താരതമ്യം ചെയ്യുകയും ചെയ്യുന്നത് രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാൻ സഹായകമാവും. കുടുംബത്തേയും വിവാഹത്തേയും സംരക്ഷിക്കുന്നതിലുടെ ഇസ്ലാം കുട്ടികളെ സംരക്ഷിക്കുന്നു. കുട്ടികൾക്ക് യഥാർത്ഥ രക്ഷിതാക്കളെ ഇസ്ലാം ഉറപ്പ് വരുത്തുന്നു. അതിലൂടെ അവരുടെ മാനസികമായ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.
മൊഴിമാറ്റം: ഇബ്റാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി