Current Date

Search
Close this search box.
Search
Close this search box.

കുടുംബ ജീവിതം, ചില പൊതുനിർദേശങ്ങൾ

മനുഷ്യരാശിക്ക് ദൈവത്തിന്റെ സന്ദേശം എത്തിച്ചു കൊടുത്ത ദൂതന്മാരാണ് പ്രവാചകന്മാർ. അവർ കുടുംബ ജീവിതം നയിച്ചവരായിരുന്നു. പ്രായമേറെയായിട്ടും മക്കളില്ലാതിരുന്ന സകരിയ്യാ പ്രവാചകൻ സന്താനലബ്ധിക്ക് പ്രാർഥിച്ചതായി ഖുർആനിലുണ്ട്:

“”അവിടെ വെച്ച് സകരിയ്യ തന്റെ നാഥനെ വിളിച്ചു പ്രാർഥിച്ചു: “രക്ഷിതാവേ, നിന്റെ വകയായി എനിക്ക് നീ മെച്ചപ്പെട്ട സന്താനത്തെ സമ്മാനിക്കേണമേ. നിശ്ചയം, പ്രാർഥനകൾ കേൾക്കുന്നവനല്ലോ നീ.”(3:38)

മറ്റൊരിക്കൽ അദ്ദേഹം തന്നെ ഇങ്ങനെ പ്രാർഥിച്ചു: “”നിന്റെ കാരുണ്യത്താൽ എനിക്കു നീ ഒരു പിൻഗാമിയെ പ്രദാനം ചെയ്യേണമേ.”(19:5)

വാർധക്യ ഘട്ടത്തിൽ മക്കളെ കിട്ടിയതിൽ ഇബ്രാഹീം പ്രവാചകൻ അതിയായി ആഹ്ലാദിക്കുകയും ദൈവത്തെ വാഴ്ത്തുകയും ചെയ്തു. അദ്ദേഹം പറഞ്ഞു:

“”വാർധക്യ ഘട്ടത്തിൽ എനിക്ക് ഇസ്മാഇൗൽ, ഇസ്ഹാഖ് എന്നിവരെ നൽകിയ ദൈവത്തിനാണ് സർവസ്തുതിയും.”(14:39)

ദാവൂദ് പ്രവാചകന് മകൻ സുലൈമാനെ നൽകിയത് വലിയ അനുഗ്രഹമായി ഖുർആൻ എടുത്തു കാണിക്കുന്നു:

“”ദാവൂദിന് നാം സുലൈമാനെ സമ്മാനിച്ചു. എത്ര നല്ലദാസൻ! തീർച്ചയായും അദ്ദേഹം പശ്ചാത്തപിച്ചു മടങ്ങുന്നവനാണ്.”(38:30)

ദൃഢമായ കരാർ
ഇസ്ലാമിക വീക്ഷണത്തിൽ വിവാഹം വിശുദ്ധമായ ഒരുടമ്പടിയാണ്. ഖുർആൻ അതിനെ “സുദൃഢമായ കരാർ'(4:21) എന്നാണ് വിശേഷിപ്പിച്ചത്. എല്ലാ കരാറുകളും പൂർത്തീകരിക്കാൻ വിശ്വാസികൾ ബാധ്യസ്ഥരാണ്. എന്നാൽ ഏറ്റവും കൂടുതൽ കണിശത കാണിക്കേണ്ടത് വിവാഹത്തിന്റെ കാര്യത്തിലാണ്. പ്രവാചകൻ പറയുന്നു:

“”ലൈംഗികബന്ധം നിയമ വിധേയമാക്കാൻ നിങ്ങൾ ചെയ്യുന്ന കരാറാണ് ഉടമ്പടികളിൽ വെച്ച് പാലിക്കാൻ ഏറ്റവും കൂടുതൽ കടപ്പെട്ടത്.”(ഉദ്ധരണം: ഇമാംബുഖാരി)

വിവാഹത്തിൽ തനിക്ക് ലഭിക്കേണ്ട വിവാഹമൂല്യം (മഹ്ർ) തീരുമാനിക്കാനുള്ള അവകാശം സ്ത്രീക്കുണ്ട്. ഖലീഫാ ഉമറിന്റെ ഭരണകാലത്ത് സ്ത്രീകൾ ഉയർന്ന തോതിൽ വിവാഹമൂല്യം ആവശ്യപ്പെടുക പതിവാക്കി. ഇത് തങ്ങളുടെ വിവാഹത്തിന് തടസ്സം സൃഷ്ടിക്കുന്നതായി ചില ചെറുപ്പക്കാർ ഖലീഫയോട് പരാതി പറഞ്ഞു. അപ്പോൾ അദ്ദേഹം പ്രസംഗ മധ്യേ ഒരുത്തരവ് നൽകി.

“”സ്ത്രീകൾ അമിതമായി വിവാഹമൂല്യം ആവശ്യപ്പെടാൻ പാടില്ല. കണക്കിലേറെ വാങ്ങിയത് തിരിച്ചു കൊടുക്കേണ്ടതാണ്.”
ഇതുകേട്ട് സദസ്സിൽ നിന്ന് ഒരു വൃദ്ധ എഴുന്നേറ്റ് നിന്ന് പറഞ്ഞു:

“”ഇല്ല, ഞങ്ങൾ താങ്കളെ അനുസരിക്കുകയില്ല; വിശ്വാസികളുടെ നായകാ,നിങ്ങൾ ഇണകൾക്ക് അധികമായി കൊടുത്തിട്ടുണ്ടെങ്കിൽ തിരിച്ചെടുക്കരുതെന്ന ഖുർആൻ വാക്യം താങ്കൾ മറന്നുവോ?”

അതോടെ ഉമറിന്റെ ശിരസ്സ് കുനിഞ്ഞു. വിനയത്തോടെ അദ്ദേഹം പറഞ്ഞു:

“”ഹേ ഉമർ, ജനങ്ങളെല്ലാം നിന്നേക്കാൾ വിവരമുള്ളവരാണ്. സ്ത്രീകൾ പോലും! ആ സ്ത്രീ പറഞ്ഞതാണ് ശരി. എനിക്ക് തെറ്റ് പറ്റിയിരിക്കുന്നു. ദൈവത്തിന്റെ നിയമം മാറ്റാൻ ആർക്കും അധികാരമില്ല.”

രക്ഷിതാക്കളുടെ ബാധ്യത
വിവാഹം കഴിക്കാൻ കഴിയുന്നവർ അങ്ങനെ ചെയ്യണമെന്ന് കൽപിച്ച പ്രവാചകൻ മാതാപിതാക്കൾക്ക് അക്കാര്യത്തിലുള്ള ഉത്തരവാദിത്തം ഊന്നിപ്പറഞ്ഞിട്ടുണ്ട്. അദ്ദേഹം അരുൾ ചെയ്യുന്നു:

“”ഒരാൾക്ക് വിവാഹ പ്രായമെത്തിയ പുത്രനുണ്ട്. അവനെക്കൊണ്ട് കല്യാണം കഴിപ്പിക്കാനുള്ള കഴിവുമുണ്ട്. എന്നിട്ടും വിവാഹം നടത്തിക്കൊടുത്തില്ല. അങ്ങനെ ആ മകനിൽ നിന്ന് തെറ്റ് സംഭവിച്ചാൽ ഇരുവരും പാപികളാകും.”(ഉദ്ധരണം: ദയ്ലമി)

രണ്ടാം ഖലീഫ ഉമർ പറഞ്ഞു:
“”കുട്ടികൾ പ്രായപൂർത്തിയായാൽ അവർക്ക് കല്യാണം കഴിപ്പിച്ചു കൊടുക്കുക. നിങ്ങൾ അവരുടെ പാപം പേറാൻ ഇടവരരുത്.”

നല്ല ഇണകൾ
ദാമ്പത്യപ്പൊരുത്തമുണ്ടാകുമ്പോഴാണ് കുടുംബ ജീവിതം ഭദ്രവും സംതൃപ്തവുമാവുക. ഇണകൾ സച്ചരിതരാകുമ്പോഴാണ് അത് സാധ്യമാവുക. അതിനാൽ പ്രവാചകൻ പറഞ്ഞിരിക്കുന്നു:

“”നാലു കാര്യങ്ങൾ നേടിയവന് ഇഹത്തിലും പരത്തിലും ഉത്തമമായത് ലഭിച്ചു. ദൈവത്തെ വാഴ്ത്തുന്ന നാവ്, നന്ദിയുള്ള മനസ്സ്, പ്രയാസമേറിയ പരിതസ്ഥിതികളിൽ സഹിക്കാൻ സാധിക്കുന്ന ശരീരം, തന്റെ ശരീരത്തിലും ജീവിത പങ്കാളിയുടെ സമ്പത്തിലും തിന്മ മോഹിക്കാത്ത കുടുംബിനി.”(ഉദ്ധരണം: ത്വബ് രി )

ഒരിക്കൽ പ്രവാചകശിഷ്യന്മാർ അദ്ദേഹത്തോട് അന്വേഷിച്ചു:
“”ഏറ്റവും നല്ല നിക്ഷേപം ഏതാണ്? ഞങ്ങൾക്കത് നേടാമല്ലോ.” പ്രവാചകൻ പ്രതിവചിച്ചു: “ദൈവത്തെ സ്മരിക്കുന്ന നാവ്, നന്ദിയുള്ള മനസ്സ്, ജീവിത പങ്കാളിയുടെ വിശ്വാസത്തിന് താങ്ങായി വർത്തിക്കുന്ന വിശ്വാസിനിയായ സ്ത്രീ.”(ഉദ്ധരണം: ഇബ്നുമാജ)

മറ്റൊരിക്കൽ പ്രവാചകൻ പറഞ്ഞു: “”മനുഷ്യന്റെ സൗഭാഗ്യം മൂന്ന് കാര്യത്തിലാണ്; നിർഭാഗ്യവും മൂന്ന് കാര്യത്തിൽ തന്നെ. നല്ലവളായ ജീവിത പങ്കാളി, സൗകര്യമുള്ള വീട്, നല്ല വാഹനം ഇവയാണ് സൗഭാഗ്യം. ചീത്തയായ സ്ത്രീ, മോശമായ വീട്, കൊള്ളാത്ത വാഹനം; ഇവ നിർഭാഗ്യവും.”(ഉദ്ധരണം: ഇമാം അഹമദ്)

അതിനാൽ വിവാഹ വേളയിൽ ഏറ്റവും കൂടുതൽ പരിഗണന നൽകേണ്ടത് ആദർശനിഷ്ഠക്കും മൂല്യബോധത്തിനും സ്വഭാവ മഹിമക്കുമാണ്. എന്നാൽ പലരും സാമ്പത്തികശേഷി പരിഗണിച്ചും ധനം മോഹിച്ചും വിവാഹം കഴിക്കാറുണ്ട്. അതിനെ സംബന്ധിച്ച് പ്രവാചകൻ പറഞ്ഞു:
“”ആരെങ്കിലും സമ്പത്തിനു വേണ്ടി സ്ത്രീയെ വിവാഹം ചെയ്യുന്നുവെങ്കിൽ ദൈവം അവന് ദാരിദ്ര്യമല്ലാതെ വർധിപ്പിക്കുകയില്ല.”(ഉദ്ധരണം: ഇബ്നുഹിബ്ബാൻ)

മറ്റൊരിക്കൽ അദ്ദേഹം ഉപദേശിച്ചു: “”ധനത്തിനു വേണ്ടി നിങ്ങൾ സ്ത്രീകളെ കല്യാണം കഴിക്കരുത്. ഒരു വേള ധനം അവളെ ധിക്കാരി ആക്കിയേക്കാം.”(ഉദ്ധരണം: ഇബ്നു മാജ)

സൗന്ദര്യവും കുലമഹിമയും വിവാഹത്തിന്റെ മാനദണ്ഡം ആകരുതെന്ന് പ്രവാചകൻ പഠിപ്പിക്കുന്നു. അദ്ദേഹം അരുൾ ചെയ്യുന്നു: “”സൗന്ദര്യം നോക്കി നിങ്ങൾ സ്ത്രീകളെ കല്യാണം കഴിക്കരുത്. അവരുടെ ആകാരഭംഗി ഒരുവേള അവരെ നശിപ്പിച്ചേക്കാം. സ്ത്രീയെ അവളുടെ കുലമഹിമ നോക്കി ആരെങ്കിലും വിവാഹം കഴിക്കുന്നുവെങ്കിൽ അധമത്വമല്ലാതെ ദൈവം അയാൾക്ക് അധികരിപ്പിച്ചു കൊടുക്കുകയില്ല.”(ഉദ്ധരണം: ഇബ്നു ഹിബ്ബാൻ)

“”സ്ത്രീയെ സാധാരണ നാല് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിവാഹം ചെയ്യാറുള്ളത്. അവളുടെ സ്വത്ത്, സൗന്ദര്യം,കുലമഹിമ, ആദർശനിഷ്ഠ എന്നിവയാണവ. എന്നാൽ ആദർശ നിഷ്ഠയുള്ളവരെ തെരഞ്ഞെടുത്ത് കൊള്ളുക.”(ഉദ്ധരണം: ഇമാം ബുഖാരി)

ഈ രംഗത്തും മികച്ച മാതൃക സൃഷ്ടിക്കാനും ലോക സമക്ഷം സമർപ്പിക്കാനും ഖലീഫാ ഉമറിന് സാധിച്ചു. അദ്ദേഹം ജനങ്ങളുടെ ക്ഷേമ, ക്ഷാമാവസ്ഥകളറിയാൻ രാത്രി ചുറ്റി സഞ്ചരിക്കുകയായിരുന്നു. അപ്പോൾ ഒരു കുടിലിൽ നിന്ന് മുതിർന്ന സ്ത്രീയുടെ ഉച്ചത്തിലുള്ള സംസാരം കേട്ടു. അവർ പറയുന്നുണ്ടായിരുന്നു; “”എന്താ, അനങ്ങാതിരിക്കുന്നത്? ആ വെള്ളമെടുത്ത് പാലിൽ ഒഴിക്കാനല്ലേ നിന്നോട് പറഞ്ഞത്”.

“”പാലിൽ വെള്ളം ചേർക്കരുതെന്ന ഖലീഫയുടെ വിളംബരം നിങ്ങൾ കേട്ടിട്ടില്ലേ?” അതൊരു കൊച്ചു ബാലികയുടെ മൃദുല സ്വരമായിരുന്നു. “”ആ വെള്ളം പാലിൽ ചേർക്കാനാണ് ഞാൻ നിന്നോട് പറഞ്ഞത്. ഉമർ ഇവിടെ നോക്കി നിൽക്കുന്നില്ലല്ലോ.” അതൊരലർച്ചയായിരുന്നു. “”ഉമറിനെ പരസ്യമായി അനുസരിക്കാനും രഹസ്യമായി ധിക്കരിക്കാനും എനിക്കാവില്ല. ഉമർ ഇവിടെ ഇല്ലായിരിക്കാം. എങ്കിലും ദൈവം കാണുമല്ലോ.” ആ ബാലികയുടെ വാക്കുകൾ ഉമറിനെ അത്യധികം സന്തോഷിപ്പിച്ചു. ആ പെൺകുട്ടിയുടെ അവസ്ഥ അറിയാൻ അദ്ദേഹം അതിയായാഗ്രഹിച്ചു. വീട്ടിൽ തിരിച്ചെത്തിയ ഉടനെ അത് അന്വേഷിച്ചറിയാൻ അസ്ലമിനെ ചുമതലപ്പെടുത്തി. അങ്ങനെ അതൊരു അനാഥ പെൺകുട്ടിയാണെന്ന് മനസ്സിലാക്കി. അതോടെ അവളുടെ സത്യസന്ധതക്കും സൂക്ഷ്മതക്കും അർഹമായ സമ്മാനം നൽകാൻ തീരുമാനിച്ചു. സ്വന്തം മകൻ ആസ്വിമിനെ വിളിച്ചു വരുത്തി സംഭവം വിശദീകരിച്ചു. തുടർന്ന് അവളെ വിവാഹം കഴിക്കാൻ ആവശ്യപ്പെട്ടു. അദ്ദേഹം പറഞ്ഞു: “”നീ അവളെ വിവാഹം കഴിക്കുക. തീർച്ചയായും അതൊരനുഗ്രഹമായിരിക്കും. നിനക്ക് അവളിലൂടെ സച്ചരിതരായ മക്കളെ ലഭിച്ചേക്കും.” പിതാവിന്റെ അഭ്യർഥനയും ആഗ്രഹവും മാനിച്ച് മകൻ ആ പെൺകുട്ടിയെ വിവാഹം കഴിച്ചു.ഖലീഫാ ഉമർ പറഞ്ഞ പോലെ തന്നെ ആ പാൽക്കാരി പെൺകുട്ടിയുടെ മകളുടെ മകൻ ചരിത്രത്തിലെ പ്രകാശ ഗോപുരമായി മാറി. അവരുടെ പേരക്കുട്ടിയാണ് ഇസ്ലാമിക ചരിത്രത്തിൽ അഞ്ചാം ഖലീഫയായും മാതൃകാ ഭരണാധികാരിയായും അറിയപ്പെടുന്ന ഉമർ രണ്ടാമൻ. (ഉമറുബ്നു അബ്ദിൽ അസീസ്,ശൈഖ് മുഹമ്മദ് കാരകുന്ന്, ഐ.പി.എച്ച്, കോഴിക്കോട് പുറം:25,26)

വരനെ തെരഞ്ഞെടുക്കുമ്പോഴും ഇൗ സൂക്ഷ്മത അനിവാര്യമാണ്. പ്രവാചകൻ പറയുന്നു:

“”തന്റെ ഓമന മകളെ ധർമ ബോധമില്ലാത്തവന്റെ ജീവിത പങ്കാളിയാക്കുന്നവൻ അവളുമായുള്ള ബന്ധം മുറിച്ചുകളയുകയാണ് ചെയ്യുന്നത്.”(ഉദ്ധരണം: ഇബ്നുഹിബ്ബാൻ)

ഖലീഫാ ഉമർ പറയുന്നു:
“”തന്റെ ഓമന മകളെ എവിടെയാണ് ഏൽപിക്കുന്നതെന്ന് ഒാരോരുത്തരും ആലോചിക്കേണ്ടതുണ്ട്.”

ഇമാം ഗസ്സാലി പറയുന്നു:
“”ആരും തന്റെ മകളെ അക്രമിക്കോ അധാർമികനോ മദ്യപാനിക്കോ മതവിരുദ്ധ ജീവിതം നയിക്കുന്നവനോ വിവാഹം ചെയ്തുകൊടുക്കരുത്. അങ്ങനെ ചെയ്യുന്നവൻ തന്റെ ആദർശത്തോട് അനീതി ചെയ്യുന്നവനാണ്. കുടുംബ ബന്ധം മുറിച്ചതിലൂടെയും തെറ്റായ തെരഞ്ഞെടുപ്പിലൂടെയും ദൈവത്തിന്റെ അനിഷ്ടത്തിന് ഇരയായവനും.”

പ്രവാചകന്റെ പൗത്രൻ ഹസനോട് ഒരാൾ ചോദിച്ചു: “”എനിക്ക് ഒരു മകളുണ്ട്.അവളെ ഞാൻ ആർക്കാണ് വിവാഹം ചെയ്തു കൊടുക്കേണ്ടത്?” അദ്ദേഹം പറഞ്ഞു: ‘”ദൈവത്തെ സൂക്ഷിച്ച് ജീവിക്കുന്നവന് വിവാഹം ചെയ്തു കൊടുക്കുക. കാരണം, അവനവളെ ഇഷ്ടപ്പെട്ടാൽ ആദരിക്കും. അനിഷ്ടമുണ്ടായാലും അതിക്രമം കാണിക്കുകയില്ല.”

പ്രവാചകൻ പറഞ്ഞു: “”മകളുടെ വരനെ തെരഞ്ഞെടുക്കാൻ രക്ഷിതാവിന് തനിച്ച് അധികാരമില്ല.” (ഉദ്ധരണം: അബൂദാവൂദ്.)

ഇബ്നു അബ്ബാസിൽ നിന്ന് നിവേദനം: “”കന്യകയായ ഒരു പെൺകുട്ടി പ്രവാചകന്റെ അടുത്തു വന്ന് തനിക്കിഷ്ടമില്ലാതെ പിതാവ് തന്നെ കല്യാണം കഴിച്ചുകൊടുത്തതായി പരാതിപ്പെട്ടു. അപ്പോൾ പ്രവാചകൻ അവൾക്ക് ഇഷ്ടാനുസരണം തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം നൽകി.” (ഉദ്ധരണം: അബൂദാവൂദ്, ഇബ്നുമാജ)

ഇമാം ഇബ്നുൽഖയ്യിം എഴുതുന്നു:
“”ബുദ്ധിയും കാര്യബോധവുമുള്ള പ്രായപൂർത്തിയെത്തിയ പെൺകുട്ടിയുടെ അധീനതയിലുള്ള വളരെ നിസ്സാരമായ സ്വത്ത് പോലും അവളുടെ അനുവാദമില്ലാതെ എടുക്കാൻ പിതാവിന് അവകാശമില്ല. അവളുടെ തൃപ്തിയില്ലാതെ അതിൽ നിന്ന് എന്തെങ്കിലും ചെലവഴിക്കാൻ അവളെ നിർബന്ധിക്കാനും പാടില്ല. പിന്നെ എങ്ങനെയാണ് സ്ത്രീയുടെ സംതൃപ്തിയില്ലാതെ അയാൾ ഇഷ്ടപ്പെടുന്നവന് അവളെ വിവാഹം ചെയ്തു കൊടുക്കുക? സ്ത്രീക്ക് ഒട്ടും ഇഷ്ടമില്ലാത്തവന് അവളെ വിവാഹം ചെയ്തുകൊടുക്കുന്നതും അങ്ങനെ അവൾക്ക് ഇഷ്ടമില്ലാത്തവന്റെ അടുത്ത് അവളെ ബന്ധിപ്പിക്കുന്നതും ഒരു കാരണവശാലും ന്യായീകരിക്കപ്പെടുകയില്ല.” (സാദുൽ മആദ്; ഭാഗം 4 പുറം 2)

ഊഷ്മളമായ സ്നേഹ ബന്ധം
ഇണകൾക്കിടയിൽ സ്നേഹോഷ്മളമായ പരസ്പര ബന്ധം ഉണ്ടാവണമെന്ന് ഇസ്ലാം നിഷ്കർഷിക്കുന്നു. തീർത്തും വ്യത്യസ്തമായ രണ്ടു സാഹചര്യങ്ങളിൽ വളർന്നുവന്ന വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ വിനയവും വിട്ടുവീഴ്ചയും പരസ്പരസഹകരണവും അനിവാര്യമാണ്. അന്യോന്യം മനസ്സിലാക്കുകയും ജീവിത പങ്കാളിയുടെ സേവനവും ത്യാഗവും അനുസ്മരിച്ച് നന്ദി കാണിക്കുകയും ചെയ്യുമ്പോഴേ ദാമ്പത്യം ഭദ്രമാവുകയുള്ളൂ.

രണ്ടാം ഖലീഫ ഉമറിന്റെ കാലത്ത് ഒരാൾ തന്റെ ജീവിത പങ്കാളിയുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് പരാതി പറയാനായി അദ്ദേഹത്തിന്റെ വീട്ടിൽവന്നു. ഖലീഫ അകത്ത് നിന്ന് പുറത്തു വരുന്നതും പ്രതീക്ഷിച്ച് വാതിൽക്കൽ നിൽക്കുകയായിരുന്നു. അപ്പോൾ അദ്ദേഹം ഉമറിന്റെ സഹധർമിണി ഖലീഫയോട് സംസാരിക്കുന്നതും കയർക്കുന്നതും കേൾക്കാനിടയായി. ഇതുകേട്ട് അയാൾ തിരിച്ചു പോകാൻ തുടങ്ങി. അദ്ദേഹം ഇങ്ങനെ ആത്മഗതം ചെയ്തു: “”ജനങ്ങളുടെ നേതാവും ഭരണാധികാരിയുമായ ഉമറിനോട് അദ്ദേഹത്തിന്റെ ജീവിത പങ്കാളി ഇവ്വിധമാണ് സംസാരിക്കുന്നതെങ്കിൽ ഞാൻ എന്തു പരാതി പറയാനാണ്!” പുറത്തുവന്ന ഖലീഫ അദ്ദേഹത്തെ കണ്ടു. അതിനാൽ അയാളെ തിരിച്ചു വിളിച്ചു. വന്ന കാര്യം അന്വേഷിച്ചു. അപ്പോൾ അയാൾ പറഞ്ഞു: “”ഞാനെന്റെ ജീവിത പങ്കാളിയുടെ പാരുഷ്യത്തെയും സംസാരത്തിലെ മര്യാദകേടിനെയും സംബന്ധിച്ച് പരാതി പറയാൻ വന്നതായിരുന്നു. അപ്പോഴാണ് താങ്കളുടെ ഇണയും അവ്വിധം പറയുന്നത് കേൾക്കാനിടയായത്. അതിനാൽ ഞാൻ മടങ്ങി പോവുകയായിരുന്നു.” ഇതു കേട്ട് ഖലീഫാ ഉമർ പറഞ്ഞു: “”പ്രിയസഹോദരാ, അവൾക്ക് എന്റെ മേലുള്ള അവകാശങ്ങൾ ഞാൻ അംഗീകരിക്കുന്നു. അവൾ എനിക്കു വേണ്ടി ആഹാരമൊരുക്കുന്നു. റൊട്ടി പാകം ചെയ്യുന്നു. വസ്ത്രം അലക്കുന്നു. കുട്ടികളെ പോറ്റിവളർത്തുന്നു. അതോടൊപ്പം അവളെന്റെ മനസ്സിനെ തിന്മകളിൽ നിന്ന് തടഞ്ഞു നിർത്തുന്നു. അതിനാൽ ഞാൻ അവൾക്ക് ആവശ്യമായ പരിഗണന നൽകുന്നു.” ഇതു കേട്ടപ്പോൾ അദ്ദേഹം പറഞ്ഞു: “”എന്റെ ജീവിത പങ്കാളിയും ഇവ്വിധം തന്നെ”.

ദാമ്പത്യ ജീവിതത്തിൽ ഇണകൾ സല്ലപിക്കാനും ഉല്ലസിക്കാനും അവസരം കണ്ടെത്തേണ്ടതുണ്ട്. പ്രവാചകൻ തന്റെ സഹധർമിണിമാരുടെ മുമ്പിൽ വളരെ വിനയാന്വിതനായിരുന്നു. അദ്ദേഹത്തിന്റെ കാലിൽ ചവിട്ടിക്കയറി നിന്നാണ് അവർ ഒട്ടകപ്പുറത്ത് കയറിയിരുന്നത്. യാത്രാവേളയിലും അവർ തങ്ങളുടെ കാലുകളെടുത്ത് പ്രവാചകന്റെ കാലിന്മേൽ വെക്കുമായിരുന്നു. ഇങ്ങനെ ചെയ്യുന്നത് മറ്റുള്ളവർ കാണുന്നത് അദ്ദേഹത്തെ അല്പം പോലും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. തന്റെ ജീവിത പങ്കാളികൾ വിനോദ പരിപാടികൾ ആസ്വദിക്കുന്നത് അദ്ദേഹത്തിന് ഏറെ ഇഷ്ടമായിരുന്നു.
പ്രവാചക പത്നി ആയിശ പറയുന്നു: “”പെരുന്നാൾ ദിവസം രണ്ട് പെൺകുട്ടികൾ എന്റെ അടുത്തിരുന്ന് പാട്ട് പാടുകയായിരുന്നു. ഞങ്ങൾക്ക് പ്രയാസമുണ്ടാകരുതെന്ന് കരുതി അദ്ദേഹം ഞങ്ങളിൽ നിന്ന് മുഖം തിരിച്ചു പിടിച്ച് അടുത്ത് തന്നെ കിടക്കുന്നുണ്ടായിരുന്നു. അപ്പോഴാണ് അബൂബക്കർ വന്നത്. അദ്ദേഹം ചോദിച്ചു: “”പ്രവാചകന്റെ വീട്ടിൽ പിശാചിന്റെ വാദ്യങ്ങളോ?” ഇത് കേട്ട് പ്രവാചകൻ പറഞ്ഞു: “”അബൂബക്കറേ, അവരെ വിട്ടേക്കൂ. ഇന്ന് പെരുന്നാളല്ലേ? അവർ പാടട്ടെ.” ആയിശ തന്നെ പറയുന്നു: “”എത്യോപ്യക്കാർ പ്രവാചകന്റെ പള്ളിയിൽ കളിക്കുകയായിരുന്നു. അപ്പോൾ പ്രവാചകൻ ചോദിച്ചു: “”കളി കാണാൻ താല്പര്യം ഉണ്ടോ?”

അങ്ങനെ എനിക്കത് കാണാൻ താത്പര്യമുണ്ടെന്ന് അറിയിച്ചപ്പോൾ അദ്ദേഹം എന്നെയും കൂട്ടി ഒന്നിച്ചു നിന്ന് കളി കാണിച്ച് തന്നു. ഞാൻ മതി എന്ന് പറഞ്ഞപ്പോൾ മാത്രമാണ് അദ്ദേഹം പിരിഞ്ഞു പോന്നത്.

ദമ്പതികൾ ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതിനെ ഇസ്ലാം വളരെയേറെ പ്രോത്സാഹിപ്പിക്കുന്നു. സുഫ്യാനു സൗരി പറയുന്നു:

“”ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന കുടുംബങ്ങളെ ദൈവം അനുഗ്രഹിക്കുകയും അവരുടെ രക്ഷക്കു വേണ്ടി മലക്കുകൾ പ്രാർഥിക്കുകയും ചെയ്യും.”

അപ്രകാരം തന്നെ ജീവിത പങ്കാളികളോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കണമെന്ന് ഇസ്ലാം ആവശ്യപ്പെടുന്നു. പ്രവാചകൻ പറയുന്നു:
“”നിങ്ങളിൽ ഏറ്റവും നല്ലവർ തങ്ങളുടെ കുടുംബിനികളോട് ഏറ്റവും നല്ല നിലയിൽ വർത്തിക്കുന്നവരാണ്.” (ഉദ്ധരണം: അഹ്മദ്,തിർമിദി)

ചില പ്രധാന പ്രശ്നങ്ങൾ
ദാമ്പത്യ ജീവിതം സംതൃപ്തവും ഭദ്രവുമാകാൻ ഇസ്ലാം നിരവധി നിർദേശങ്ങൾ നൽകുന്നുണ്ട്. പിശുക്കും ധൂർത്തും ഒഴിവാക്കണമെന്നത് അവയിൽ ഏറെ പ്രധാനമാണ്. ഖുർആനിൽ ദൈവം പറയുന്നു:

“”നീ ധൂർത്തും ദുർവ്യയവും കാണിക്കരുത്. തീർച്ചയായും ധൂർത്തന്മാർ പിശാചുക്കളുടെ സഹോദരന്മാരാണ്.”(17:26,27)

ഒന്നാം ഖലീഫ അബൂബക്കർ സിദ്ദീഖ് പറയുന്നു: “”ധാരാളം ദിവസത്തേക്കുള്ള ആഹാരം ഒറ്റദിവസം കൊണ്ട് തീർക്കുന്ന കുടുംബിനികളെ ഞാൻ ഒട്ടും ഇഷ്ടപ്പെടുന്നില്ല.”

ജാബിർ നിവേദനം ചെയ്യുന്നു: “”പ്രവാചകൻ പറഞ്ഞു: പിശുക്കിനെ നിങ്ങൾ സൂക്ഷിക്കുക. അതാണ് നിങ്ങളുടെ മുൻഗാമികളെ നശിപ്പിച്ചത്. രക്തം ചിന്താനും കുടുംബബന്ധങ്ങൾ മുറിക്കാനും അതവരെ പ്രേരിപ്പിക്കും.”(ഉദ്ധരണം: മുസ്ലിം)

ജീവിത പങ്കാളിയിൽ നിന്ന് നല്ല അനുഭവങ്ങളുണ്ടാകുമ്പോൾ അഭിനന്ദിക്കാനും നന്ദി രേഖപ്പെടുത്താനും ഇസ്ലാം ആവശ്യപ്പെടുന്നു. പ്രവാചകൻ പറയുന്നു:

“”നൽകപ്പെട്ടാൽ നന്ദി കാണിക്കുന്നവളും നിഷേധിക്കപ്പെട്ടാൽ ക്ഷമ അവലംബിക്കുന്നവളും കാഴ്ചയിൽ കൗതുകമുണർത്തുന്നവളും കല്പിച്ചാൽ അനുസരിക്കുന്നവളുമാണ് ഏറ്റവും നല്ല സ്ത്രീ. നിങ്ങളിൽ ജനങ്ങളോട് നന്നായി നന്ദി കാണിക്കുന്നവൻ തന്നെയാണ് ദൈവത്തോട് ഏറ്റവും കൂടുതൽ കൃതജ്ഞത കാണിക്കുന്നവനും.” (ഉദ്ധരണം: ഇമാം അഹ്മദ്)

ഖലീഫാ ഉമറിന്റെ മകൻ അബ്ദുല്ല നിവേദനം ചെയ്യുന്നു: “”തന്റെ ഇണയോട് നന്ദി കാണിക്കാത്ത സ്ത്രീയെ ദൈവം കടാക്ഷിക്കുകയില്ല”
ഒരിക്കൽ പ്രവാചകൻ അനുചരന്മാരെ അറിയിച്ചു:

“”ഖത്താബിന്റെ സഹധർമിണി സ്വന്തം ജീവിത പങ്കാളിയോടുള്ള പെരുമാറ്റത്തിന്റെ പേരിൽ സ്വർഗാവകാശിയായിരിക്കുന്നു.” ഇതുകേട്ട പ്രവാചക ശിഷ്യന്മാർ ആ സ്ത്രീയോട് തന്റെ ജീവിത പങ്കാളിയോടുള്ള സമീപനത്തെ സംബന്ധിച്ച് അന്വേഷിച്ചു. അപ്പോൾ അവർ പറഞ്ഞു: “”എന്റെ ജീവിത പങ്കാളി ഞങ്ങളുടെ അഹോവൃത്തിക്കായി വിറകുവെട്ടാൻ പോയാൽ അദ്ദേഹം അനുഭവിക്കുന്ന വിശപ്പും വിഷമങ്ങളും ഞാൻ നല്ലപോലെ മനസ്സിലാക്കിയിരുന്നു. അദ്ദേഹത്തിനുണ്ടാവുന്ന ദാഹത്തിന്റെ കാഠിന്യമോർത്ത് എന്റെ തൊണ്ട വറ്റിവരണ്ടിരുന്നു. അതിനാൽ എന്റെ പ്രിയപ്പെട്ടവൻ വരുമ്പോഴേക്കും ഞാൻ തണുത്ത ശുദ്ധജലം തയ്യാറാക്കി വെക്കുമായിരുന്നു. ആഹാരം ഒരുക്കിവെക്കും. വീട്ടുപകരണങ്ങൾ അടുക്കിലും ചിട്ടയിലും ഒതുക്കി വെക്കും. ഉള്ളതിൽ വെച്ച് ഏറ്റവും നല്ല വസ്ത്രം ധരിക്കും. പരിക്ഷീണിതനായി വരുന്ന പ്രിയതമനെ പ്രതീക്ഷയോടെ കാത്തിരിക്കും. അദ്ദേഹം വാതിൽക്കൽ എത്തിയാൽ പുതുമണവാട്ടി തന്റെ പ്രേമഭാജനമായ പുതുമാരനെ സ്വീകരിക്കുന്ന പോലെ ഞാൻ അദ്ദേഹത്തെ സ്വാഗതം ചെയ്യും. അദ്ദേഹത്തിന് വിശ്രമിക്കണമെന്നു തോന്നിയാൽ അതിനാവശ്യമായ അവസരം ഒരുക്കി ക്കൊടുക്കും. വിശപ്പകറ്റാൻ വിഭവങ്ങൾ മതിയാവോളം നൽകും. വേറെ വല്ല ആവശ്യവുമുണ്ടെങ്കിൽ പുത്രവത്സലനായ പിതാവിന്റെ കൈകൾക്കിടയിൽ വാത്സല്യം അനുഭവിച്ച് കഴിയുന്ന പിഞ്ചു പൈതലിനെ പോലെ ഞാൻ അദ്ദേഹത്തിന്റെ കരവലയത്തിൽ ഒതുങ്ങും.” (അൽ മർഅതുഫിത്വസ്വവുരിൽ ഇസ്ലാമി. പുറം:53)

ജീവിത പങ്കാളി തന്റെ ഇണയോട് “നിനക്ക് എന്നോട് സ്നേഹം ഉണ്ടോ’എന്ന് ചോദിച്ചാൽ ഇല്ലെങ്കിലും ഉണ്ട് എന്നാണ് പറയേണ്ടത്. അതേക്കുറിച്ച് ചോദിച്ച ഒരാളോട് ഖലീഫാ ഉമർ പറഞ്ഞു: “”നിനക്ക് കളവ് പറയാം.നിങ്ങളിൽ ഒരാൾക്ക് ഞങ്ങളിലൊരുവനോട് സ്നേഹമില്ലെങ്കിലും അതങ്ങനെ പരസ്യമായി പറയരുത്. സ്നേഹത്തിന്റെ മാത്രം അടിത്തറയിൽ പടുത്തുയർത്തപ്പെട്ട കുടുംബങ്ങൾ വളരെ വിരളമാണ്. ആദർശത്തിന്റെയും മാന്യതയുടെയും കുലീനതയുടെയും പേരിൽ ആളുകൾ കുടുംബമായി ജീവിച്ചുകൊണ്ടിരിക്കുകയാണ്”

ദമ്പതികൾക്കിടയിൽ സംശയരോഗത്തിന് പലപ്പോഴും കാരണമാകാറുള്ളത് ഉൗഹമാണ്. അതുകൊണ്ടു തന്നെ ഇസ്ലാം ഊഹത്തെ ശക്തമായി വിലക്കുന്നു. ഖുർആൻ പറയുന്നു:

“”സത്യവിശ്വാസികളേ, ഊഹങ്ങളിൽ അധികവും നിങ്ങൾ വർജിക്കുക. കാരണം ഊഹങ്ങളിൽ ചിലത് പാപമാണ്. നിങ്ങൾ രഹസ്യങ്ങൾ ചുഴിഞ്ഞന്വേഷിക്കരുത്. പരസ്പരം പരദൂഷണം പറയരുത്.” (49:12)

മാതാപിതാക്കളും മക്കളും
ചിരപുരാതനമായി ഉദ്ധരിക്കപ്പെടുന്ന ഒരു കഥയിങ്ങനെ വായിക്കാം: ഒരിക്കൽ മൂസാനബി ദൈവത്തോട് ഇങ്ങനെ പ്രാർഥിച്ചു: “”സ്വർഗത്തിൽ എന്നോടൊപ്പം സഹവസിക്കുന്ന ഒരു സുഹൃത്തിനെ ഇൗ ലോകത്തു വെച്ച് തന്നെ എനിക്കു കാണിച്ചു തരേണമേ.” അപ്പോൾ ദൈവം അടുത്ത പട്ടണത്തിലുള്ള ഒരു കശാപ്പുകാരന്റെ പേര് പറഞ്ഞു കൊടുത്തു. എന്നിട്ടിങ്ങനെ അറിയിച്ചു: “”സ്വർഗത്തിൽ അദ്ദേഹം നിന്റെ കൂട്ടുകാരനായിരിക്കും” സ്വർഗത്തിലെ തന്റെ സുഹൃത്തിന്റെ സവിശേഷതകൾ അറിയാനുള്ള അത്യാഗ്രഹത്തോടെ മൂസാ നബി അദ്ദേഹത്തെ അന്വേഷിച്ച് അടുത്ത പട്ടണത്തിലെത്തി. അപ്പോൾ അയാളവിടെ ഒരു കടയിൽ മാംസം വിൽക്കുകയായിരുന്നു. സ്വർഗത്തിലെ കൂട്ടുകാരനാകാനുള്ള എന്ത് യോഗ്യതയാണ് അദ്ദേഹത്തിനുള്ളതെന്ന് മൂസാ നബി അത്ഭുതപ്പെട്ടു. ആ കശാപ്പുകാരന്റെ അടുത്തു നിന്ന് മൂസാ നബി അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു. എന്നാൽ ആ മാംസക്കച്ചവടക്കാരനിൽ പ്രത്യേകിച്ചൊന്നും കാണാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.

വൈകുന്നേരം കശാപ്പുകാരൻ വീട്ടിലേക്ക് പോയി. അദ്ദേഹത്തിന്റെ ആതിഥ്യം സ്വീകരിച്ച് മൂസാ നബിയും അയാളെ അനുഗമിച്ചു. കച്ചവടക്കാരൻ താൻ കൊണ്ടുവന്ന മാംസം മുറിച്ച് കഷ്ണമാക്കി. പിന്നീട് അത് കൊണ്ട് സൂപ്പ് ഉണ്ടാക്കി. തുടർന്ന് അങ്ങേയറ്റത്തെ സ്നേഹവാൽസല്യത്തോടെ രോഗിയും വ്യദ്ധയുമായ മാതാവിന് കുടിക്കാൻ കൊടുത്തു.

പിന്നീട് മാതാവിന്റെ വസ്ത്രങ്ങൾ അലക്കി വൃത്തിയാക്കിക്കൊടുത്തു. നേരത്തെ വൃത്തിയാക്കി വെച്ച വസ്ത്രങ്ങൾ ധരിപ്പിച്ചു. ഇതൊക്കെയും സൂക്ഷിച്ച് നോക്കിക്കൊണ്ടിരുന്ന മൂസാ നബി ഈ വൃദ്ധമാതാവിന്റെ മുഖത്തെ സന്തോഷവും സംതൃപ്തിയും കണ്ട് ആസ്വദിച്ചു. അവരുടെ ചുണ്ടുകൾ മന്ത്രിക്കുന്നുണ്ടായിരുന്നു. അവരുടെ ഹൃദയത്തിൽ നിന്ന് പുറത്തു വന്ന ആത്മനിഷ്ഠമായ പ്രാർഥനയായിരുന്നു അത്: “”ദൈവമേ, എന്റെ മകനെ നീ സ്വർഗത്തിൽ പ്രവേശിപ്പിക്കേണമേ! മൂസാനബിയുടെ അടുത്ത് ഇടം നൽകി അനുഗ്രഹിക്കേണമേ!” അവരെക്കുറിച്ച് അന്വേഷിച്ചപ്പോൾ കശാപ്പുകാരൻ പറഞ്ഞു: “”വാർധക്യവും രോഗവും കാരണം നിൽക്കാനോ നടക്കാനോ സാധ്യമല്ലാത്ത എന്റെ മാതാവാണത്.”
അപ്പോൾ മൂസാനബി അദ്ദേഹത്തോട് പറഞ്ഞു: “”ഞാൻ പ്രവാചകൻ മൂസയാണ്. നിങ്ങളുടെ മേൽ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാകട്ടെ. അവൻ താങ്കളെ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിച്ചിരിക്കുന്നു. സ്വർഗത്തിൽ തീർച്ചയായും താങ്കൾ എന്റെ കൂട്ടുകാരനായിരിക്കും.”

രക്ഷക്കെത്തിയ മാതൃസ്നേഹം
പ്രവാചകനിൽ നിന്ന് ഖലീഫാ ഉമറിന്റെ മകൻ അബ്ദുല്ല ഉദ്ധരിക്കുന്ന സംഭവം ഏറെ പ്രശസ്തമാണ്:

“”മൂന്ന് സുഹൃത്തുക്കൾ ഒരു താഴ്വരയിലൂടെ സഞ്ചരിക്കുകയായിരുന്നു. അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തു. അവർ അടുത്തുള്ള ഒരു ഗുഹയിൽ അഭയം തേടി. കടുത്ത പേമാരിയും മണ്ണിടിച്ചിലും കാരണം ഒരു വലിയ പാറക്കല്ല് ഗുഹാമുഖത്ത് വന്നടിഞ്ഞു. രക്ഷപ്പെടാൻ ദൈവത്തിന്റെ പ്രത്യേകമായ ഇടപെടലുകളല്ലാതെ ഭൗതികമായ മാർഗങ്ങളൊന്നുമില്ലെന്ന് മനസ്സിലാക്കിയ അവർ ഒരോരുത്തരും തങ്ങൾ ചെയ്ത ശ്രേഷ്ഠമായ കാര്യങ്ങൾ എടുത്തു പറഞ്ഞ് ദൈവത്തോട് പ്രാർഥിക്കാൻ തുടങ്ങി.

അവരിലൊരാൾ പറഞ്ഞു: “”എനിക്ക് വയോവൃദ്ധരായ മാതാപിതാക്കളുണ്ടായിരുന്നു. അവരിരുവർക്കും ആഹാരം നൽകാതെ ഞാനോ കുട്ടികളോ പ്രിയതമയോ ഭക്ഷണം കഴിക്കാറുണ്ടായിരുന്നില്ല. ഒരു ദിവസം പുല്ലും വിറകും അന്വേഷിച്ച് എനിക്ക് ഏറെ ദൂരം പോകേണ്ടി വന്നു. മാതാപിതാക്കൾ ഉറങ്ങിയ ശേഷം മാത്രമാണ് വീട്ടിൽ മടങ്ങിയെത്തിയത്. പാല് കറന്നെടുത്ത് അടുത്ത് ചെന്നപ്പോൾ അവർ ഗാഢനിദ്രയിലായിരുന്നു. അതിനാൽ അവരെ വിളിച്ചുണർത്തുന്നത് അസഹ്യമായി തോന്നി. അവരെ കുടിപ്പിക്കാതെ കുട്ടികൾക്ക് കൊടുക്കാൻ ഞാൻ ഇഷ്ടപ്പെട്ടില്ല. അവർ ഉണരുന്നത് വരെ പാൽപാത്രം കൈയ്യിൽ പിടിച്ച് ഞാൻ അവിടെത്തന്നെ കാത്തു നിന്നു. നേരം ഏറെ വൈകും വരെ നിറുത്തം തുടർന്നു. കുട്ടികൾ പാലിനു വേണ്ടി അലമുറ കൂട്ടിക്കൊണ്ടിരുന്നു. മാതാപിതാക്കൾ എഴുന്നേറ്റ് പാൽ കഴിച്ചതിനു ശേഷം മാത്രമാണ് ഞാൻ പ്രിയതമക്കും കുട്ടികൾക്കും കൊടുത്തത്. മാതാപിതാക്കളോടുള്ള ആദരവും സ്നേഹവും കൊണ്ടാണ് ഞാനിതെല്ലാം ചെയ്തത്. “”ദൈവമേ, നിന്റെ പ്രീതിക്കാണ് ഞാനിത് ചെയ്തതെങ്കിൽ ഇൗ പാറക്കല്ല് കാരണം ഞങ്ങൾ അകപ്പെട്ട ആപത്തിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ.” കളങ്കമില്ലാത്ത ആ പ്രാർഥന കാരണം പാറക്കല്ല് അല്പം താഴോട്ട് നീങ്ങി. പക്ഷേ അവർക്ക് പുറത്തു കടക്കാൻ കഴിയുമായിരുന്നില്ല.

രണ്ടാമൻ പ്രാർഥിച്ചു: “”എനിക്കൊരു പിതൃവ്യ പുത്രിയുണ്ടായിരുന്നു. അവളെ ഞാൻ അതിരറ്റ് സ്നേഹിച്ചു. ഒരു ദിവസം അവളെ പ്രാപിക്കാൻ ഉദ്ദേശിച്ചു. അവൾ ഒഴിഞ്ഞു മാറി. പിന്നീട് ഒരിക്കൽ നാട്ടിൽ കടുത്ത ക്ഷാമം ബാധിച്ചു. സഹായത്തിനായി അവൾ എന്നെ സമീപിച്ചു. എനിക്ക് വഴങ്ങിയാൽ തരാം എന്ന നിബന്ധനയിൽ ഞാനവൾക്ക് നൂറ്റിയിരുപത് പവൻ കൊടുത്തു. അവിഹിത ബന്ധത്തിന് ശ്രമിച്ചപ്പോൾ അവളെന്നെ ഒാർമിപ്പിച്ചു: “”ദൈവത്തെ സൂക്ഷിക്കുക. അർഹതയില്ലാത്തത് എന്നിൽ നിന്നും തട്ടിയെടുത്ത് ദൈവത്തിന്റെ ശിക്ഷക്ക് ഇടവരുത്തരുത്!” ഉടനെ ദൈവത്തെയോർത്ത് ഞാനതിൽ നിന്ന് ഒഴിഞ്ഞുമാറി. അവളാണെങ്കിൽ എനിക്കേറ്റവും ഇഷ്ടപ്പെട്ടവളായിരുന്നു. സ്വർണം ഞാൻ തിരിച്ചു വാങ്ങിയതുമില്ല. ദൈവമേ, ഞാൻ അങ്ങനെ ചെയ്തത് നിന്റെ പ്രീതിക്ക് വേണ്ടിയാണെങ്കിൽ ഞങ്ങൾ അകപ്പെട്ട ഈ വിപത്തിൽ നിന്ന് നീ ഞങ്ങളെ രക്ഷിക്കേണമേ,.” അതോടെ പാറക്കല്ല് അൽപം കൂടി നീങ്ങി. എന്നിട്ടും അവർക്ക് പുറത്തുകടക്കാൻ കഴിഞ്ഞില്ല.

മൂന്നാമൻ പ്രാർഥിച്ചു: “”ദൈവമേ, ഞാൻ കുറച്ച് തൊഴിലാളികളെ കൂലിക്ക് വിളിച്ചു. എല്ലാവർക്കും കൂലി കൊടുക്കുകയും ചെയ്തു. എന്നാൽ ഒരാൾ മാത്രം കൂലി വാങ്ങാതെ സ്ഥലം വിട്ടു. ഞാൻ ആ സംഖ്യ വ്യത്യസ്ത സംരഭങ്ങളിൽ മുടക്കി. അങ്ങനെ അത് വളർന്നു വലുതായി സമ്പത്തിന്റെ വലിയ ശേഖരമായി മാറി. അനേക വർഷങ്ങൾക്കു ശേഷം അയാൾ തിരിച്ചു വന്നു. നേരത്തെ വാങ്ങാതെ പോയ സംഖ്യ ആവശ്യപ്പെട്ടു. ഞാൻ പറഞ്ഞു: “”ഈ കാണുന്ന ആട്, മാട്, ഒട്ടകമൊക്കെ താങ്കളുടേതാണ്. താങ്കൾ എല്ലാം എടുത്തുകൊള്ളുക.” അയാൾ പറഞ്ഞു: “”താങ്കൾ എന്നെ ഇങ്ങനെ പരിഹസിക്കരുത്. ഞാൻ എന്റെ കൂലി മാത്രം വാങ്ങാൻ വന്നതാണ്.”

ഞാൻ പറഞ്ഞു: “”ഞാൻ താങ്കളുടെ പണം വിവിധ സംരഭങ്ങളിൽ മുടക്കി. അത് വളർന്ന് വലുതായി വികസിച്ചു. അതിൽ നിന്നുണ്ടായതാണിതെല്ലാം. അതിനാൽ ഇവയെല്ലാം താങ്കൾക്കുള്ളതാണ്. എല്ലാം സ്വീകരിച്ചു കൊള്ളുക.” സ്വത്തൊക്കെയും ഏറ്റുവാങ്ങി അദ്ദേഹം തിരിച്ചു പോയി.

“”ദൈവമേ, ഞാൻ ഇങ്ങനെ ചെയ്തത് നിനക്ക് ഇഷ്ടകരമെങ്കിൽ ഞങ്ങളകപ്പെട്ട ഈ പ്രയാസത്തിൽ നിന്ന് ഞങ്ങളെ നീ രക്ഷിക്കേണമേ.”
അതോടെ പാറക്കല്ല് ഗുഹാമുഖത്ത് നിന്ന് പൂർണമായും നീങ്ങി. അങ്ങനെ മൂന്നുപേരും രക്ഷപ്പെട്ടു.

മാതാപിതാക്കളെ സംരക്ഷിക്കൽ, വ്യഭിചാരത്തിൽ നിന്ന് വിട്ടുനിൽക്കുന്നതുപോലെയും സാമ്പത്തികമായ കണിശതയും വിശുദ്ധിയും പുലർത്തുന്നതുപോലെയും മഹത്തരമാണെന്ന് ഈ കഥ നമ്മെ പഠിപ്പിക്കുന്നു; അതോടൊപ്പം ഐഹികജീവിതത്തിൽ തന്നെ അതിന്റെ സദ്ഫലം ഭാഗികമായെങ്കിലും അനുഭവിക്കാൻ സാധിക്കുമെന്നും.

വൃദ്ധരായ മാതാപിതാക്കൾ ജീവിച്ചിരിക്കെ അവരെ സംരക്ഷിക്കാൻ മറ്റു മക്കളില്ലെങ്കിൽ സത്യമാർഗത്തിലുള്ള ധർമ സമരത്തിന് പോകുന്നതും ഹജ്ജ് നിർവഹിക്കാൻ നാടു വിടുന്നതും ഇസ്ലാം വിലക്കിയിരിക്കുന്നു. എെച്ഛികമായ ആരാധനാ കർമങ്ങൾ മാതാപിതാക്കളുടെ സംരക്ഷണത്തിന് തടസ്സം വരുത്തുമെങ്കിൽ അവ ഒഴിവാക്കി അവരെ സംരക്ഷിക്കുകയാണ് വേണ്ടത്. മാതാപിതാക്കളുടെ സംരക്ഷണം ഇസ്ലാമിൽ അത്രമേൽ പ്രധാനമാണ്. അതിൽ വീഴ്ച വരുത്തുന്നത് മരണാനന്തര ജീവിതത്തിൽ കഠിന ശിക്ഷക്ക് കാരണമാകുന്ന ഗുരുതരമായ കുറ്റമാണ്.

മുഴു ജീവിത മേഖലകളിലും ദൈവികാധ്യാപനങ്ങൾ പാലിച്ച് ജീവിച്ചാൽ കുടുംബം സംതൃപ്തവും ഭദ്രവും ഐശ്വര്യ പൂർണവുമാവുക തന്നെ ചെയ്യും; തീർച്ച.

Related Articles