Current Date

Search
Close this search box.
Search
Close this search box.

ഭർത്താവ് പിണങ്ങിയാൽ

പിണങ്ങിയ ഭാര്യയെ മര്യാദ പഠിപ്പിക്കാനും മെരുക്കിയെടുക്കാനമുള്ള വഴികൾ കർമ്മ ശാസ്ത്ര ഗ്രന്ഥങ്ങൾ വഴി പണ്ഡിതന്മാർക്കും സാധാരണക്കാർക്കും സുപരിചിതമാണിപ്പോൾ. കൗടുംബിക നിയമങ്ങളിൽ നിന്നും ഇത്തരത്തിലുള്ള ഭാര്യമാർ അന്യവൽക്കരിക്കപ്പെട്ടിട്ടുണ്ട്. കാരണം കെട്ടുറപ്പുള്ള ഒരു ബന്ധത്തെ അവർ ശിഥിലമാക്കാൻ ശ്രമിച്ചു എന്നത് തന്നെ. പിണങ്ങിയവരോടുള്ള പെരുമാറ്റ രീതിയെ കുറിച്ച് ഖുർആൻ പറയുന്നു: (എന്നാൽ അനുസരണക്കേട്‌ കാണിക്കുമെന്ന്‌ നിങ്ങൾ ആശങ്കിക്കുന്ന സ്ത്രീകളെ നിങ്ങൾ ഉപദേശിക്കുക. കിടപ്പറകളിൽ അവരുമായി അകന്നു നിൽക്കുക. അവരെ അടിക്കുകയും ചെയ്ത്‌ കൊള്ളുക. എന്നിട്ടവർ നിങ്ങളെ അനുസരിക്കുന്ന പക്ഷം പിന്നെ നിങ്ങൾ അവർക്കെതിരിൽ ഒരു മാർഗവും തേടരുത്‌. തീർച്ചയായും അല്ലാഹു ഉന്നതനും മഹാനുമാകുന്നു.)(നിസാഅ്,34)

സദുപദേശം കൊണ്ടും മാർഗ്ഗദർശനം കൊണ്ടുമാണ് ഭാര്യയെ മര്യാദ പഠിപ്പിക്കേണ്ടത് എന്ന് ഈ സൂക്തം വിളിച്ചോതുന്നു.അതിൽ അവൻ വിജയിച്ചില്ലെങ്കിൽ അവളെ കിടപ്പറയിൽ വെടിയണം . ഇതും വിജയിച്ചില്ലെങ്കിൽ ഇബ്നു അബ്ബാസ് പറഞ്ഞപ്രകാരം ബ്രഷ് പോലുള്ള ചെറിയ വസ്തുക്കൾ കൊണ്ട് അവളെ അടിക്കാവുന്നതാണ്.

ഇങ്ങനെയൊക്കെയാണെങ്കിലും പിണങ്ങിയ ഭർത്താവിനെ മര്യാദ പഠിപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നവർ വളരെ വിരളമാണ്. ഭാര്യയെ മര്യാദ പഠിപ്പിക്കുന്നതുപോലെ തന്നെ ഭർത്താവിനെ മര്യാദ പഠിപ്പിക്കാനുള്ള വഴികളും കണ്ടെത്താനാകുന്നതാണ്. ഭാര്യയെ മര്യാദ പഠിപ്പിക്കുന്നത് ഭർത്താവാണ്, പക്ഷേ രാഷ്ട്രം അധികാരപ്പെടുത്തിയ ന്യായാധിപനായിരിക്കും പുരുഷനെ മര്യാദ പഠിപ്പിക്കുന്നത്.
പുരുഷനെ മര്യാദ പഠിപ്പിക്കുന്ന രീതിയും സ്ത്രീയെ മര്യാദ പഠിപ്പിക്കുന്ന രീതിയും തമ്മിലുള്ള സാദൃശ്യങ്ങൾ നമുക്കൊന്ന് പരിശോധിക്കാം. പുരുഷനോടുള്ള രീതികളാണ് സ്ത്രീയോടുള്ള രീതികളേക്കാൾ എണ്ണത്തിൽ കൂടുതൽ.

പിണങ്ങിയ ഭർത്താവിനെ സംസ്കാരം പഠിപ്പിക്കാനുള്ള വഴികൾ
ഭർത്താവ് തന്നോട് മോശമായി പെരുമാറുന്നു എന്നോ തന്നെ ബുദ്ധിമുട്ടിക്കുന്നു എന്നോ ഉപദ്രവിക്കുന്നു എന്നോ ഒരു ഭാര്യക്ക്, പരിഹരിക്കാൻ പറ്റാത്ത പരാതിയുണ്ടെങ്കിൽ അവൾ ഖാളിയെ വിവരമറിയിക്കണം. താഴെപ്പറയുന്നവയാണ് അനുരഞ്ജനത്തിനു വേണ്ടി ഖാളി സ്വീകരിക്കേണ്ട പ്രധാന മാർഗങ്ങൾ.

ഒന്നാമതായി (അയൽവാസികളുടെ നിരീക്ഷണങ്ങൾ അന്വേഷിച്ചറിയൽ)
ഒരു പെണ്ണ് തന്റെ ഭർത്താവിനെ കുറിച്ച് ഖാളിയോട് പരാതിപ്പെട്ടാൽ കാര്യത്തിന്റെ നിജസ്ഥിതി അറിയാൻ വേണ്ടി അയാൾ അത് സാമൂഹിക വീക്ഷണമുള്ള സച്ചരിതരായ അയൽവാസികളോട് ചോദിക്കണം.

കസാനി തന്റെ ബദാഇഉ സ്വനാഇ ഫീ തർത്തീബി ശറാഇ എന്ന ഗ്രന്ഥത്തിൽ പറയുന്നു : ഭർത്താവിന്റെ വീട്ടിൽ ഒറ്റക്ക് താമസിക്കുന്ന ഒരു സ്ത്രീ ഭർത്താവ് തന്നെ മർദ്ദിക്കുന്നു എന്ന് ഖാളിയോട് പരാതിപ്പെട്ടു എങ്കിൽ ഖാളി നല്ലവരായ അയൽവാസികളോട് വിവരമാരായണം.അവൾ പറഞ്ഞതിനോട് അവർ യോജിച്ചു എങ്കിൽ അയാൾ ഭർത്താവിനെ ഗുണദോഷിക്കുകയും ഉപദേശിക്കുകയും വേണം. അതുപോലെതന്നെ അയൽവാസികളോട് അവളുടെ വിവരങ്ങൾ ചോദിച്ചറിയാനും ഖാളി കൽപ്പിക്കണം. ഇനി അയൽവാസികൾ സജ്ജനങ്ങളല്ലെങ്കിൽ അവളെ സജ്ജനങ്ങളായ അയൽവാസികൾ ഉള്ള സ്ഥലത്തേക്ക് മാറ്റിപ്പാർപ്പിക്കണം.

പിണങ്ങിയ ഭർത്താവിനോട് ഭാര്യയെ നല്ല ആളുകളുടെ അടുത്ത് താമസിപ്പിക്കാൻ ഖാളി നിർബന്ധിപ്പിക്കേണ്ടതുണ്ടെന്നാണ് ഹമ്പലികളുടെ വാദം. അവളെ ബുദ്ധിമുട്ടിക്കുന്നതിൽ നിന്നും അവനെ തടയാനാണിത്. മുഗ്നി എന്ന ഗ്രന്ഥത്തിൽന്റെ ഷറഹിൽ ഇബ്നു ഖുദാമ പറയുന്നു:
തന്നെ തന്റെ ഇണ ഉപദ്രവിക്കുന്നു എന്ന് ഭാര്യയും ഭർത്താവും പരാതിപ്പെട്ടാൽ യോഗ്യനായ കാര്യ കർത്താവിന്റെ മേൽനോട്ടത്തിൽ അവരെ ഇരുവരെയും പാർപ്പിക്കണം കാരണം നീതി അനുസരിച്ചായിരിക്കും അയാൾ അവരോട് പെരുമാറുന്നത്.

രണ്ടാം പ്രതിവിധി (ഉപദേശവും ഭീഷണിയും പിന്നെ അടിയും.)
ഭാര്യയുടെ അവകാശത്തിൽ പിഴവ് വരുത്തിയ പുരുഷനെ ഖാളി ഉപദേശിക്കണം. അവൻ അത് ചെവിക്കൊണ്ടില്ല എങ്കിൽ അവനെ ഭീഷണിപ്പെടുത്തണം. അതും ഫലപ്രദമായില്ല എങ്കിൽ അവനെ അടിക്കണം.

മാലികി ഫിഖ്ഹായ ഹാഷിയത്തു ദസൂക്കിയിൽ പറയുന്നു: മതപരമായ കാര്യങ്ങൾക്കു വേണ്ടിയല്ലാതെ കുത്തുവാക്കുകൾ കൊണ്ടോ
കയ്യാങ്കളികൾ കൊണ്ടോ ഭാര്യയുടെ മേൽ ഭർത്താവ് അതിക്രമം നടത്തുകയും അത് തെളിവോടുകൂടി സ്ഥിരപ്പെടുകയും ചെയ്താൽ ന്യായാധിപൻ അവനെ ഉപദേശം കൊണ്ടും ഭീഷണി കൊണ്ടും നേരിടണം. ഉപദേശം ഫലപ്രദമാകില്ല എന്ന് തോന്നിയാൽ അടിക്കുകയും ആകാം. അടി അവനെ പിന്തിരിപ്പിക്കുന്നുവെങ്കിൽ ആണത്. അവനെ ഈ പ്രവണതയിൽ നിന്നും പിന്തിരിപ്പിക്കാൻ അടി പ്രയോജനം ചെയ്യുകയില്ല എങ്കിൽ അവനെ അടിക്കേണ്ടതില്ല. സ്ത്രീ അവന്റെ കൂടെ ഇനിയും താമസിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിലാണ് ഇതെല്ലാം ബാധകമാകുന്നത്. ഇനി അവളുടെ വാദത്തിന് തെളിവില്ല എങ്കിലും ഖാളിക്ക് അവനെ ഉപദേശിക്കാം,പക്ഷേ അടിച്ചു കൂടാ.

ഉപദേശവും കാർക്കശ്യവും അടിയുമെല്ലാം ഭാര്യ പിണങ്ങുന്ന സമയത്തും സ്വീകരിക്കുന്ന മാർഗങ്ങളാണ്. ഇവകളെ ഖാളി പിണങ്ങി നിൽക്കുന്ന ഭർത്താവിലും പ്രയോഗിക്കുന്നു. അക്ഷരം പ്രതി നീതിയാണിത്. സ്ത്രീയോടോ പുരുഷനോടോ ഇസ്ലാം പക്ഷാപാതം കാണിക്കുന്നില്ല. ശക്തരിൽ നിന്നും അശക്തർക്കുള്ള അവകാശങ്ങൾ നേടി കൊടുക്കുകയാണ് മതം ചെയ്യുന്നത്.

മൂന്നാമതായി
(ചീത്ത വിളി,അടി, അതിക്രമം, അവകാശ നിഷേധം,തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്ന ഭർത്താവിനുള്ള ശിക്ഷ ഖാളിക്ക് തീരുമാനിക്കാവുന്നതാണ്. (തഅസീർ) (ശിക്ഷിക്കൽ )അതിന്റെ ഇടം വിശാലമാണ്. ഭാര്യയോട് ചെയ്ത അതിക്രമത്തിന്റെ തോതനുസരിച്ച് ശിക്ഷ തീരുമാനിക്കാൻ ഖാളിക്കധികാരമുണ്ട്. ശാഫിഈ ഫിഖ്ഹിൽ പറയുന്നു : ഭർത്താവ് ഭാര്യയോട് മോശമായി പെരുമാറുകയും അടിയോ മറ്റോ മുഖേന അവളെ അകാരണമായി മർദ്ദിക്കുകയും ചെയ്യുന്നുണ്ടെങ്കിൽ അവനെ അതിൽനിന്ന് തടയണം.ആദ്യമേ തഅ്സീർ (تعزير)നടത്തി ശിക്ഷിക്കേണ്ടതില്ല. ഭാര്യ ഖാളിയോട് ശിക്ഷ ആവശ്യപ്പെടുന്നുവെങ്കിൽ യോജിച്ച ശിക്ഷാനടപടി ഖാളി അവനുമേൽ സ്വീകരിക്കണം. ഒന്നാമത്തെ പരാതിയിൽ തന്നെ അവനെ ശിക്ഷിക്കേണ്ടതില്ല.പക്ഷേ അവൾ അവനെ ശിക്ഷിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിൽ ശിക്ഷ അനുവദനീയമാണ് എന്നാണ് ഖിയാസ്.

സുബ്കി പറയുന്നു: ദുസ്വഭാവങ്ങൾ ഭാര്യാഭർത്താക്കനൾക്കിടയിൽ പെരുകി വരുന്നു. അതിനു പരിഹാരമായി ശിക്ഷ സ്വീകരിച്ചാൽ അവർക്കിടയിൽ വിടവുണ്ടാകാൻ അത് ഇടവരുത്തും. അതുകൊണ്ടുതന്നെ ആദ്യം നിരോധനത്തിൽ/ഉപദേശത്തിൽ ഒതുക്കണം. ഇത് അവർ പരസ്പരം ഇണങ്ങാൻ കാരണമായി ഭവിച്ചേക്കാം. അവൻ ഇനിയും ഈ പ്രവണത തുടർന്നാൽ അവനെ ശിക്ഷിക്കുകയും ഭാര്യയെ ആക്രമിക്കാത്തിടത്തോളം അവനെ കൊണ്ടെത്തിക്കുകയും വേണം. ( മുഖ്നിൽ മുഹ്താജ് ശറഹ് മിൻഹാജു ത്വാലിബീൻ )

നാലാമതായി( അവകാശങ്ങൾ നൽകാൻ ഭർത്താവിനെ നിർബന്ധിപ്പിക്കൽ.)
ചിലവ് കൊടുക്കൽ, ഭാര്യമാർക്കിടയിൽ തുല്യമായി സമയം പങ്കിടൽ എന്നീ കാര്യങ്ങളിൽ ഭാര്യക്കുള്ള അവകാശത്തെ ഭർത്താവ് തടയുന്നുണ്ടെങ്കിൽ ഭാര്യയുടെ ആവശ്യപ്രകാരം ഖാളി അതിനെ അവനിൽനിന്ന് അവൾക്ക് നേടി കൊടുക്കൽ നിർബന്ധമാണ്. കാരണം സ്ത്രീ അതിന്ന് കെല്പുള്ളവളാകണമെന്നില്ല.

അഞ്ചാമതായി (ജീവിതത്തിൽ അവരെ പരസ്പരം അകറ്റി നിർത്തുക.)
പുരുഷന്റെ അതിക്രമമോ ദുസ്വഭാവമോ സ്ത്രീ ഭയക്കുന്നു എങ്കിൽ പുരുഷൻ നന്മയിലേക്ക് മടങ്ങാൻ വേണ്ടി അവർക്കിടയിൽ വേർപെടുത്തൽ ഖാളിക്ക് അനുവദിനീയമാണ്. അൽ ഗായതു ഫിഖ്തിസ്വാരിന്നിഹായ എന്ന ഗ്രന്ഥത്തിൽ ഇസ്സ് ബ്നു അബ്‌ദിസ്സലാം പറയുന്നു :
,
ഭർത്താവിന് ഭാര്യയോടുള്ള ശത്രുത തെളിവോട് കൂടെ സ്ഥിരപ്പെട്ടാൽ അവനെ അതിൽനിന്ന് ഖാളി പിന്തിരിപ്പിക്കണം. അവൻ തടഞ്ഞുവച്ച അവകാശങ്ങൾ അവൾക്ക് നേടിക്കൊടുക്കുകയും വേണം. മാരകമായി അവൻ അവളെ അടിക്കുമെന്ന് ഭയപ്പെട്ടാൽഅവളെ അയാൾക്ക് വിട്ടു കൊടുത്തു കൂടാ. അവന്റെ സ്വഭാവം മയപ്പെടുന്നത് വരെ അവർക്കിടയിൽ മറയിടണം. ശേഷം അവനിലേക്ക് അവളെ ഏൽപ്പിക്കാവുന്നതാണ്. അവന്റെ ക്രയവിക്രയങ്ങളും ഉദ്ദേശങ്ങളും നിരീക്ഷിച്ചറിയാൻ ഒരാളെ ഏർപ്പെടുത്തി അയാളുടെ വാക്കിന്റെ അടിസ്ഥാനത്തിലാണ് ഇത് തീരുമാനിക്കപ്പെടുന്നത്. തെമ്മാടി തൗബ ചെയ്താൽ അവനെ നിരപരാധി ആക്കുന്നതിനു വേണ്ടി നാം ചെയ്യുന്ന പോലെ തന്നെയാണിതും.
ഭർത്താവ് വിശ്വസ്തനാണെന്ന മികച്ച ധാരണ രൂപപ്പെട്ടു വന്നാൽ അവളെ അവനിലേക്ക് മടക്കി നൽകാവുന്നതാണ്.

ഇനി അവന്റെ ശത്രുത തെളിവ് കൊണ്ട് സ്ഥിരപ്പെട്ടില്ല എങ്കിൽ അവനിൽ നിന്ന് ഒരു കൈകടത്തലും ഇല്ലാത്ത അവസ്ഥയിൽ അവർക്കിടയിൽ വേർപിരിച്ചു കൂടാ. ഇനി അവൻ അതിക്രമങ്ങൾ കാണിച്ചാൽ സമാധാനം ഉണ്ടാകുന്നതുവരെ അവർക്കിടയിൽ മറ ഇടണം. ഗസ്സാലി ഇമാം പറയുന്നു:അവൻ നീതിയിലേക്ക് മടങ്ങുന്നതുവരെ അവർക്കിടയിൽ മറയിടുക.നീതിയുടെ കാര്യത്തിൽ അവന്റെ വാക്കുകൾ വിശ്വസിച്ചുകൂടാ. അവളുടെ വാക്കുകളും സാക്ഷ്യങ്ങളാണ് അതിൽ സ്വീകാര്യയോഗ്യമായത് (മുഖ്നിൽ മുഹ്ത്താജ് )

ആകെതുക

ഭാര്യയെ മര്യാദ പഠിപ്പിക്കാൻ അവലംബിക്കപ്പെടുന്ന വഴികളെക്കാൾ എണ്ണത്തിൽ മികച്ചതാണ് ഭർത്താവിനെ നന്നാക്കുന്നതിനുള്ള വഴികൾ. പക്ഷേ ആ ജോലി ഖാളിക്കാണെന്നു മാത്രം.പുരുഷനെ നന്നാക്കാൻ സ്ത്രീ ഇറങ്ങുന്നത് വിവാഹജീവിതത്തിന് മങ്ങലേൽപ്പിച്ചേക്കാം. പക്ഷേ സ്ത്രീയെ ഇണക്കുന്നത് പുരുഷനാവലാണ് നല്ലത്. അവളുടെ രഹസ്യങ്ങൾ ആരും അറിയാതിരിക്കാനാണിത്. അവിടെ അവളുടെ അഭിമാനത്തിനു ക്ഷതമേൽക്കുന്നില്ല. സ്ത്രീയുടെ കാര്യങ്ങൾക്ക് ഒരു മറ ആവശ്യമായിവരുന്നു. പുരുഷനെ സംബന്ധിച്ച് സ്ത്രീ ബലഹീനയാണ്. അവൾക്ക് അവന്റെ മേൽ അധികാരവും ഇല്ല. അതുകൊണ്ടുതന്നെ അവന്റെ മേൽ അധികാരമുള്ള ഖാളിയിലേക്ക് കാര്യങ്ങൾ കൈമാറ്റം ചെയ്യപ്പെടും.

വിവ- മുഹ്സിന ഖദീജ

Related Articles