Current Date

Search
Close this search box.
Search
Close this search box.

കുടുംബ ജീവിതം

1991 ൽ വെള്ളിമാടുകുന്നിലെ ഓഫീസിലായിരിക്കെ പെരിങ്ങത്തൂരിലെ ഫരീദ അവിടെ കയറി വന്നു. മുറ്റത്തുള്ള കാറിനടുത്തേക്ക് കൂടെ ചെല്ലാൻ ആവശ്യപ്പെട്ടു. അവരുടെ ഭർത്താവ് ബഷീറാണ് കാറിലുണ്ടായിരുന്നത്. തലയുടെ താഴെ ചലനശേഷി പൂർണമായും നഷ്ടപ്പെട്ട അദ്ദേഹം കാറിൽ കിടക്കുകയാണ്. ഭക്ഷണം വായിൽ വെച്ചു കൊടുക്കണം. മലമൂത്ര വിസർജനത്തിന് കൊച്ചു കുട്ടികൾക്കെന്നപോലെ എല്ലാം ചെയ്തു കൊടുക്കണം.

അന്നാരംഭിച്ച ഞങ്ങൾക്കിടയിലെ ആത്മബന്ധം 2006 ൽ അദ്ദേഹം മരണപ്പെടുന്നത് വരെ അവിരാമം തുടർന്നു.

ബഷീർ വിവാഹം കഴിഞ്ഞ് ഇരുപത്തിയെട്ടാം ദിവസം കുവൈത്തിലേക്ക് പോയതായിരുന്നു. രണ്ടുവർഷത്തിന് ശേഷം തിരിച്ചുവരുമ്പോൾ പൂണെയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ നട്ടെല്ല് തകർന്ന് കിടപ്പിലായി.എല്ലാ ചികിത്സയും പരാജയപ്പെട്ടു.

നീണ്ട പതിനെട്ടര വർഷം ഫരീദ തന്റെ ജീവിതപങ്കാളിയെ പ്രാഥമികാവശ്യങ്ങളുൾപ്പെടെ എല്ലാം സ്വയം നിർവഹിച്ചു കൊടുത്ത് ശുശ്രൂഷിച്ചു. 2006 ഡിസംബർ 29 ന് ഫരീദ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്ന് ടെലഫോണിൽ വിളിച്ചു. പെട്ടെന്ന് ചെല്ലാൻ ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും ബഷീർ മരണത്തോടടുത്തിരുന്നു. ഫരീദ പൊട്ടിക്കരയുകയായിരുന്നു. അതെന്നെ വല്ലാതെ വിസ്മയിപ്പിച്ചു. നീണ്ട പതിനെട്ടര കൊല്ലം ഒരു വിധ ഭൗതിക നേട്ടവുമില്ലാതിരുന്നിട്ടും ഒട്ടും മടുപ്പില്ലാതെ കഠിനാധ്വാനത്തിലൂടെ തന്റെ പ്രിയതമനെ പരിചരിച്ചിട്ടും മതിവരാതെ അദ്ദേഹം വേർപിരിയുകയാണെന്നറിഞ്ഞപ്പോൾ ദുഃഖം സഹിക്കാനാവാതെ തേങ്ങിക്കരയുന്നു. എങ്ങനെയെങ്കിലും ജീവൻ നീട്ടിക്കിട്ടാൻ ഡോക്ടറോട് കേഴുന്നു. ദൈവത്തോട് പ്രാർഥിക്കുന്നു. ഇതൊരു ജീവിതാനുഭവം.

ഇനി മറ്റൊരു വായനാനുഭവം. അടുക്കളയിൽ ജോലി ചെയ്തുകൊണ്ടിരിക്കെ സ്റ്റൗ പൊട്ടിത്തെറിച്ചു. വീട്ടുകാരി ബോധരഹിതയായി നിലംപതിച്ചു. ദീർഘനാളത്തെ ചികിത്സക്കുശേഷം വീട്ടിലേക്ക് വരുമ്പോൾ ഡോക്ടർ ഭർത്താവിനോട് പറഞ്ഞു: “”ഒരു കാരണവശാലും കണ്ണാടി കാണാൻ അവസരം നൽകരുത്.”

അദ്ദേഹം തന്റെ പ്രിയതമ അവളുടെ മുഖം കാണാതിരിക്കാൻ പരമാവധി ശ്രമിച്ചു. ഒരുദിവസം യാദൃശ്ചികമായി അവൾ തന്റെ മുഖം കണ്ണാടിയിൽ കണ്ടു. അതോടെ “അയ്യോ എന്റെ മുഖം’ എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു. ഇരു കവിളുകളിലും ആഴത്തിലുള്ള കുഴികളുണ്ടായിരുന്നു. മുഖമാകെ വികൃതമായിരുന്നു. അടുത്തുണ്ടായിരുന്ന പ്രിയതമൻ അവരെ ചേർത്തു നിർത്തി പറഞ്ഞു: “”നീ ഒട്ടും പ്രയാസപ്പെടേണ്ട. ഞാനുണ്ട് നിനക്ക്. ഞാൻ നിന്റേതാണ്. നീ എന്റേതും.” ആ ചേർത്തു നിർത്തൽ ആ സഹോദരിക്ക് നൽകിയ ആശ്വാസം വാക്കുകൾക്ക് ഉൾക്കൊള്ളാനാവാത്തതാണ്.

ഈ രണ്ട് സംഭവങ്ങളിലും ഇണകളെ അത്ഭുതകരമാം വിധം ചേർത്തുനിർത്തിയത് ജഢികേച്ഛകളോ താൽപര്യങ്ങളോ അല്ല, മറിച്ച് അതിരുകളില്ലാത്ത സ്നേഹമാണ്. അത് ആത്മീയമാണ്, ശാരീരികമല്ല.

മനുഷ്യന്റെ കാഴ്ച പോലും ആത്മീയതയുടെ അകക്കണ്ണ് കൊണ്ടാകുമ്പോൾ മാത്രമേ തന്റെ ജീവിതപങ്കാളിയിൽ മറ്റാരിലുമില്ലാത്ത സൗന്ദര്യം കണ്ടെത്താൻ കഴിയുകയുള്ളു.

“ലൈലാ മജ്നൂനിലെ’ഖൈസിന്റെ ജീവിതം ലൈലയെ തേടിയുള്ള അലച്ചിലായിരുന്നുവല്ലോ. അങ്ങനെയാണല്ലോ അയാൾ മജ്നൂൻ(ഭ്രാന്തൻ) ആയത്. അതേക്കുറിച്ച് കേട്ടറിഞ്ഞ പേർഷ്യൻ ചക്രവർത്തി ലൈലയെ കൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. അവളെ സൂക്ഷിച്ചു നോക്കിയ ശേഷം അദ്ദേഹം പറഞ്ഞു: “”നിന്നെത്തേടി അലഞ്ഞ് നടന്നാണോ ഖൈസ് മജ്നൂനായത്? അതിനു മാത്രം എന്തു സൗന്ദര്യമാണ് നിനക്കുള്ളത്?” ലൈലല തിരിച്ചടിച്ചു: മിണ്ടാതിരിക്കൂ. നിങ്ങളതിന് ഖൈസ് അല്ലല്ലോ.

മനുഷ്യബന്ധങ്ങളെ സ്നേഹോഷ്മളമാക്കുന്ന ആത്മീയതയെ നിരാകരിച്ച ആധുനിക ജീവിതം ശരീര കേന്ദ്രീകൃതമായി മാറിയിരിക്കുന്നു. തിന്നുക, കുടിക്കുക, ഭോഗിക്കുക, സുഖിക്കുക, ഉല്ലസിക്കുക തുടങ്ങിയ ശരീര തൃഷ്ണകളെ മാത്രം തൃപ്തിപ്പെടുത്തുന്ന ഭോഗാസക്ത ജീവിതമിന്ന് ദാമ്പത്യബന്ധത്തെ പോലും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. അതിനെ ദുർബലമാക്കുകയും തകർക്കുകയും ചെയ്തിരിക്കുന്നു. അതിനാൽ കുടുംബ കലഹങ്ങളും വിവാഹമോചനങ്ങളും ഗണ്യമായി വർധിച്ചിരിക്കുന്നു.

ഗണിത ശാസ്ത്രത്തിന്റെ ഭൗതിക ലോകത്ത് നിന്ന് വ്യത്യസ്തമായി ദാമ്പത്യത്തിന്റെ ലോകത്ത് ഒന്നും ഒന്നും ചേർന്നാൽ രണ്ടിന് പകരം വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രം പറഞ്ഞ പോലെ ഇമ്മിണി വലിയ ഒന്നാണ്, ആവണം. രണ്ട് നദികൾ ചേർന്ന് ഒരു മഹാനദിയാവുന്ന പോലെ രണ്ട് ജീവിതം ചേർന്ന് ഒരു ജീവിതമാവുക. ഒരാളുടെ സന്തോഷം രണ്ടാളുടെയും സന്തോഷവും ദുഃഖം രണ്ടാളുടെയും ദുഃഖവുമാവുക. ഇങ്ങനെ എല്ലാ വികാരങ്ങളുടെയും പങ്കുവെപ്പ് സാധ്യമാകണം. ജീവിത പങ്കാളിക്ക് വേണ്ടിയുള്ള സമർപ്പണവും ത്യാഗവും മധുരോദാരമായ ആത്മീയാനുഭവമായി മാറുമ്പോൾ മാത്രമേ ഇത് സാധ്യമാവുകയുള്ളൂ.

എല്ലാവരും സ്വന്തം താൽപര്യങ്ങൾക്ക് മാത്രം പ്രാമുഖ്യം കൽപിക്കുന്ന ഭോഗാസക്ത സമൂഹത്തിന് ഇത് സാധ്യമല്ല. മനുഷ്യരെ സ്വാർഥമൂർത്തികളാക്കുന്ന ആധുനിക ഭൗതിക നാഗരികതയുടെ അതിരുകളില്ലാത്ത സ്വാധീനമാണിന്ന് ദാമ്പത്യത്തെയും കുടുംബ ഘടനയെയും ദുർബലവും ശിഥിലവുമാക്കിയത്.

മനുഷ്യന്റെ മഹത്ത്വം മനസ്സിലാക്കി പരസ്പരം ആദരിക്കാനും അംഗീകരിക്കാനും കഴിയുമ്പോൾ മാത്രമേ ദാമ്പത്യം ഭദ്രവും സംതൃപ്തവുമാവുകയുള്ളു. തന്റേത് പോലുള്ള വ്യക്തിത്വവും അന്തസ്സും അഭിമാനവും തന്റെ ജീവിതപങ്കാളിക്കുമുണ്ടെന്ന് ഇരുവരും അംഗീകരിക്കണം. മനുഷ്യനെ കേവലം ഒരു ജന്തുവായി കാണുന്ന ഭൗതിക നാഗരികത ഇതിനും തടസ്സം സൃഷ്ടിച്ചിരിക്കുന്നു.
വ്യത്യസ്ത പ്രകൃതവും താൽപര്യങ്ങളുമുള്ള രണ്ടു വ്യക്തികൾ ഒരുമിച്ച് ജീവിക്കുമ്പോൾ പരസ്പരം ഉൾക്കൊള്ളാനും സഹകരിക്കാനും സഹവർത്തിക്കാനും സാധിക്കേണ്ടതുണ്ട്. അഹംബോധത്തെ നിയന്ത്രിച്ചുകൊണ്ട് മാത്രമേ ഇത് സാധ്യമാവുകയുള്ളൂ. ജീവിതത്തെക്കുറിച്ച കേവല ഭൗതിക കാഴ്ചപ്പാട് ഇതും അസാധ്യമാക്കിയിരിക്കുന്നു. തദ്ഫലമായി ഇൗഗോ സംഘർഷം ദാമ്പത്യത്തിന്റെ സൗന്ദര്യം കെടുത്തിയിരിക്കുന്നു.

അവഗണിക്കപ്പെടുന്ന മാതാപിതാക്കൾ
ഇതര ജീവജാലങ്ങൾ പരിണമിച്ചുണ്ടായ, അവയുടെ തുടർച്ചയാണ് മനുഷ്യനെന്ന കാഴ്ചപ്പാട് ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിച്ചത് കുടുംബ ഘടനയെയാണ്. അതിന്റെ ഏറ്റവും പ്രധാന ഇരകൾ മാതാപിതാക്കളും. മാതൃത്വത്തെ പോലും കേവലം ജൈവികമായ ബാധ്യതാ നിർവഹണമായേ പലർക്കും കാണാൻ കഴിയുന്നുള്ളൂ.

യഥാർഥത്തിൽ മാതൃത്വം എല്ലാ വിവരണങ്ങൾക്കും വിശേഷണങ്ങൾക്കും അതീതമാണ്. മറ്റെല്ലാ ജീവികളും മക്കൾ സ്വയംപര്യാപ്തമാകുന്നതോടെ എല്ലാ ബാധ്യതകളിൽ നിന്നും മുക്തമാകുന്നു. എന്നാൽ മാതാപിതാക്കൾ മരണം വരെ മക്കളുമായുള്ള ബന്ധം അവിരാമം തുടരുന്നു.പല മാതാക്കളും മക്കൾക്കുവേണ്ടി സർവതും സമർപ്പിക്കാൻ സന്നദ്ധരായിരിക്കും.

മക്കളെ പോറ്റി വളർത്താനായി പത്ത് ഫ്രാങ്കിന് തലമുടി മുറിച്ചു വിൽക്കുകയും മതിയാകാതെ വന്നപ്പോൾ നാല്പത് ഫ്രാങ്കിന് പല്ല് പറിച്ചു വിൽക്കുകയും ചെയ്ത ഒരമ്മയെക്കുറിച്ച് വിക്ടർയൂഗോ തന്റെ “പാവങ്ങൾ’ എന്ന വിഖ്യാത കൃതിയിൽ പറയുന്നുണ്ട്. നാടുവിട്ടു പോയ മകനെ പ്രതീക്ഷിച്ച് എട്ടൊമ്പത് കൊല്ലം എല്ലാദിവസവും രാത്രി ഭക്ഷണം വിളമ്പി വെച്ച് കാത്തിരുന്ന ഉമ്മയെക്കുറിച്ചാണല്ലോ വൈക്കം മുഹമ്മദ് ബഷീർ പറയുന്നത്. മാതാവിന് തന്റെ കുഞ്ഞിനോടുള്ള മുറിച്ചു മാറ്റാനാവാത്ത ബന്ധം അനാവരണം ചെയ്യുന്നതാണല്ലോ ഒ.എൻ.വി. കുറുപ്പിന്റെ അമ്മ. മാധവിക്കുട്ടിയുടെ “നെയ്പായസവും’ “വൃദ്ധയും’ “കോലാടും’ മാതാക്കളുടെ മക്കളോടുള്ള സ്നേഹബന്ധത്തിന്റെയും അവർക്കു വേണ്ടി സഹിക്കുന്ന ത്യാഗത്തിന്റെയും അതിമനോഹരമായ ആവിഷ്കാരമാണല്ലോ.

റഫീഖ് അഹമ്മദിന്റെ “ഉമ്മയും’ കൽപ്പറ്റ നാരായണന്റെ “ഒരു മുടന്തന്റെ സുവിശേഷവും’ നമ്മോട് പറയുന്നതും മറ്റൊന്നല്ല.

മക്കളുടെ പരിരക്ഷണത്തിൽ പിതാക്കന്മാർ വഹിക്കുന്ന പങ്കും പറഞ്ഞറിയിക്കേണ്ടതില്ലാത്ത വിധം വ്യക്തമാണ്. ഒരു ജീവിതം മുഴുവൻ മക്കൾക്കുവേണ്ടി ത്യജിക്കുന്നവരാണവർ. മക്കൾ വയറു നിറയ്ക്കാനായി വിശക്കുന്നവരും സൈ്വരമായുറങ്ങാൻ ഉറക്കമൊഴിക്കുന്നവരും.

മക്കൾ തങ്ങളേക്കാൾ മെച്ചപ്പെട്ട ജീവിതം നയിക്കണമെന്ന് ആഗ്രഹിക്കാത്ത പിതാക്കന്മാർ വളരെ വിരളമായിരിക്കും. അവർ അധ്വാനിക്കുന്നതൊക്കെയും മക്കൾക്ക് വേണ്ടിയാണ്. തങ്ങൾക്ക് ലഭിച്ചതിനേക്കാൾ മികച്ച വിദ്യാഭ്യാസം മക്കൾക്ക് നൽകാൻ അവർ പാടു പാടുന്നു. തങ്ങൾ കഴിച്ചതിനേക്കാൾ നല്ല ആഹാരം കൊടുക്കാനും ധരിച്ചതിനേക്കാൾ മെച്ചപ്പെട്ട വസ്ത്രം നൽകാനും തിടുക്കം കാണിക്കുന്നു.

പ്രമുഖ തമിഴ്-മലയാളം എഴുത്തുകാരൻ ജയമോഹന്റെ വിഖ്യാത കൃതിയാണ് “ഉറവിടങ്ങൾ.’ അതിൽ അമ്മ അച്ഛനെക്കുറിച്ച് പറഞ്ഞ ഏതാനും വാക്കുകൾ ഉദ്ധരിക്കുന്നുണ്ട്. മത്സ്യമില്ലാതെ ഒരു നേരവും ആഹാരം കഴിക്കാത്ത അച്ഛനെ ജയമോഹൻ പരിഹസിച്ചപ്പോൾ അമ്മ പറഞ്ഞു: “”മത്സ്യമില്ലാതെ ഒരു നേരവും ആഹാരം കഴിക്കാത്ത നിന്റെ അച്ഛൻ പിള്ളവാതം കാരണം നീ മുരിങ്ങയിലയും ചോറും മാത്രം കഴിച്ചിരുന്ന കാലത്ത് ഒരു തുണ്ട് മീൻ പോലും കഴിക്കാതെയാണ് ഭക്ഷണം കഴിച്ചിരുന്നത്. അതൊക്കെ നിനക്കറിയാമോ?” അതാണ് പിതാവ്. മക്കൾക്ക് വേണ്ടി, അവരുടെ സ്വപ്നങ്ങൾക്ക് നിറം പകർന്ന് ജീവിക്കുന്ന പാവം മനുഷ്യൻ!
ഇങ്ങനെയെല്ലാമായിരുന്നിട്ടും മാതാപിതാക്കളിന്ന് കടുത്ത അവഗണനക്കിരയാകുന്നു.

“സ്വന്തം മാതാപിതാക്കൾ മരിക്കണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാ മക്കളു’മെന്ന് ദസ്തവെസ്കി തന്റെ വിഖ്യാതമായ “കരമസോവ് സഹോദരന്മാർ’ എന്ന പുസ്തകത്തിലെ കഥാ പാത്രം ലിസ്സോയെക്കൊണ്ട് പറയിപ്പിച്ചപ്പോൾ അതൊരു അരാജകവാദിയുടെ പുലമ്പലായേ കണക്കാക്കിയിരുന്നുള്ളൂ. എന്നാലിന്ന് സ്വന്തം മാതാപിതാക്കളെ ക്രൂരമായി കൊല്ലുന്ന മക്കളെ കേരളത്തിന് പോലും കാണേണ്ടി വന്നിരിക്കുന്നു.

മാതാപിതാക്കളിൽ ചിലരെങ്കിലുമിന്ന് വൃദ്ധസദനങ്ങളിലും അഗതി മന്ദിരങ്ങളിലും തെരുവ് തിണ്ണകളിലും പീടികക്കോലായികളിലും എത്തിപ്പെടുന്നു. പലരും സ്വന്തം വീടുകളിൽ തനിച്ച് കഴിയുന്നവരാണ്. മാധവിക്കുട്ടിയുടെ “വൃദ്ധ’യിലും “കീറിപ്പറിഞ്ഞ ചക്ലാസിലും’ അവതരിപ്പിച്ച അമ്മമാരെപ്പോലെ മക്കളെയും പേരക്കുട്ടികളെയും ഒന്ന് കാണാൻ പോലും കിട്ടാത്തവരാണ്. അങ്ങനെ വീട് തടവറകളായി മാറിയവരാണ്.

മക്കളോടൊപ്പം കഴിയുന്നവരിൽ പോലും പലരും മക്കളുടെയും മരുമക്കളുടെയും ആട്ടും തൊഴിയും സഹിച്ച് ആത്മനിന്ദയും അപകർഷ ബോധവും ഒറ്റപ്പെടലും അനുഭവിച്ച് കഴിയുന്നവരാണ്. ആക്ഷേപശകാരങ്ങൾ കേട്ട് മടുത്തിട്ടും മറ്റു വഴികളില്ലാത്തതിനാൽ അടിമ സമാനമായ ജീവിതം നയിക്കുന്നവരാണ്.

ഇങ്ങനെ സ്നേഹ, കാരുണ്യ, വാത്സല്യ വികാരങ്ങൾ വിടപറഞ്ഞ് കുടുംബഘടനയാകെ ശിഥിലമായ ഇൗ കെട്ട കാലത്തും സ്നേഹോഷ്മളവും സന്തുഷ്ടവും സംതൃപ്തവും ഭദ്രവുമായ ദാമ്പത്യ ജീവിതം നയിക്കുന്നവരുണ്ട്. മാതാപിതാക്കളെ സ്നേഹ, കാരുണ്യ, വാത്സല്യ, ആദര വികാരങ്ങളോടെ നന്നായി പരിരക്ഷിക്കുന്നവരുണ്ട്. മക്കളെ മാതൃകായോഗ്യരാക്കി വളർത്തുന്ന മാതാപിതാക്കളുമുണ്ട്. അടുത്തതും അകന്നതുമായ ബന്ധുക്കളോടുള്ള ബാധ്യതകളെല്ലാം ഭംഗിയായി പൂർത്തീകരിക്കുന്നവരുണ്ട്.

ഇവ്വിധം സ്നേഹോഷ്മളവും സന്തോഷകരവും സംതൃപ്തവും ഭദ്രവുമായ കുടുംബജീവിതം നയിക്കണമെന്നും അതിലൂടെ ഐഹികജീവിതവും മരണാനന്തര ജീവിതവും വിജയകരമാകണമെന്നുമാഗ്രഹിക്കുന്ന എല്ലാവർക്കുമുള്ള ദൈവിക നിർദേശങ്ങളും പ്രവാചകാധ്യാപനങ്ങളും ജീവിത മാതൃകകളും തുടർന്നുള്ള ഏതാനും കുറിപ്പുകളിലൂടെ വായിക്കാം. ( തുടരും )

Related Articles