ഇസ്ലാമിക വീക്ഷണത്തിൽ സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകം കുടുംബമാണ്. അത് ഭദ്രമായാലേ സമൂഹം സുരക്ഷിതവും ആരോഗ്യകരവുമാവുകയുള്ളൂ. മനുഷ്യരൊഴിച്ചുള്ള ജീവികൾക്ക് ശരീരവും ശാരീരികാവശ്യങ്ങളുമേയുള്ളു. അതിനാൽ അന്നം തേടാനും ആത്മരക്ഷക്കും ആവശ്യമായ കഴിവു നേടുന്നതോടെ അവയ്ക്ക് മാതാപിതാക്കളുടെ ആവശ്യം ഇല്ലാതാവുന്നു. എന്നാൽ മനുഷ്യന് ശരീരവും മനസ്സും ആത്മാവുമുണ്ട്, അവയുടെ തേട്ടങ്ങളും.
അതുകൊണ്ടു തന്നെ മനുഷ്യന് മാതാപിതാക്കളുടെ ദീർഘകാലത്തെ സാന്നിധ്യവും സംരക്ഷണവും ആവശ്യമാണ്. മാതാപിതാക്കൾക്ക് മാത്രമേ കുഞ്ഞുങ്ങളെ ശാരീരികവും മാനസികവും ആത്മീയവുമായി കരുത്തുറ്റവരാക്കി വളർത്താൻ കഴിയുകയുള്ളൂ.
മനുഷ്യന് എല്ലാം നൽകുന്നത് കുടുംബമാണ്. ജനനവും മരണവും കുടുംബത്തിൽ വെച്ചാണ്. സ്നേഹവും കാരുണ്യവും ലാളനയും വാത്സല്യവും കിട്ടുന്നത് അവിടെ നിന്നാണ്. തീനും കുടിയും ഉറക്കവും ഉണർച്ചയും അവിടെത്തന്നെ. വസ്ത്രം ധരിക്കുന്നതും അഴിക്കുന്നതും അവിടെ വെച്ചാണ്. ഇരിക്കാനും നടക്കാനും പഠിക്കുന്നത് കുടുംബത്തിൽ നിന്നാണ്. കുളിയും കളിയും ചിരിയും കരച്ചിലും ശീലിക്കുന്നത് അവിടെ നിന്നാണ്. ഭാഷയും സംസ്കാരവും സ്വീകരിക്കുന്നതും അങ്ങനെത്തന്നെ. അതുകൊണ്ടു തന്നെ കുടുംബം ഒരു മഹാത്ഭുതമാണ്. ഭൂമിയിലെ ഏറ്റവും മഹത്തായ അനുഗ്രഹം. ലോകത്തിലെ സമാനതകളില്ലാത്ത ആകർഷണ കേന്ദ്രം. അതിനാൽ ഏവരും എവിടെ പോയാലും അവിടെ തിരിച്ചെത്താൻ അതിയായാഗ്രഹിക്കുന്നു. എത്ര അനുഭവിച്ചാലും ആസ്വദിച്ചാലും മതിവരാത്ത ഒന്നാണത്.
അതുകൊണ്ടു തന്നെ ഇസ്ലാം കുടുംബത്തിന് വമ്പിച്ച പ്രാധാന്യം കൽപിച്ചിരിക്കുന്നു. ഇസ്ലാമിക വീക്ഷണത്തിൽ മഹത്തായ ഒരു ദൈവികസ്ഥാപനമാണത്.
അല്ലാഹു ഖുർആനിൽ പറയുന്നു: “”വെള്ളത്തിൽ നിന്ന് മനുഷ്യനെ സൃഷ്ടിച്ചവനും ദൈവമാണ്. അങ്ങനെ അവനെ രക്തബന്ധവും വിവാഹബന്ധവും ഉള്ളവനാക്കി. നിന്റെ നാഥൻ എല്ലാറ്റിനും കഴിവുള്ളവനത്രെ” (25:54)
ഖുർആനിൽ ദൈവത്തിനും കുടുംബത്തിനും ഗർഭാശയത്തിനും ഒരേപദമാണ് ഉപയോഗിച്ചത്. കാരുണ്യം എന്നർഥമുള്ള “റഹ്മ്’ എന്ന പദമാണത്. അതിന്റെ ആശയം വളരെ വ്യക്തമാണ്. അതിരുകളില്ലാത്ത ദൈവകാരുണ്യത്തിൽ നിന്ന് അമ്മയ്ക്ക് പകർന്നു കിട്ടിയ കാരുണ്യം കുടുംബത്തിൽ പരന്നൊഴുകുമ്പോഴാണ് അത് ഭദ്രവും ഇമ്പമുള്ളതുമാവുക.
ഇസ്ലാമിലെ ഏറ്റവും പ്രാധാന്യമുള്ള ആരാധന നമസ്കാരമാണ്. അതിലെ ഏറ്റവും ശ്രേഷ്ഠമായ അനുഷ്ഠാനം സാഷ്ടാംഗവും. എന്നിട്ടും ഇസ്ലാമിന്റെ ഒന്നാം പ്രമാണമായ ഖുർആനിൽ അതിലെ പ്രാർഥന വിശദീകരിച്ചിട്ടില്ല. രണ്ടാം പ്രമാണമായ പ്രവാചകചര്യയിലാണ് അതുള്ളത്. എന്നാൽ കുടുംബത്തിന് വേണ്ടിയുള്ള രണ്ട് പ്രാർഥനകൾ ഖുർആനിലുണ്ട്.
അതിലൊന്ന് മാതാപിതാക്കൾക്ക് വേണ്ടിയുള്ളതാണ.് അതിങ്ങനെ വായിക്കാം: “”കാരുണ്യ പൂർവം വിനയത്തിന്റെ ചിറക് മാതാപിതാക്കൾക്ക് താഴ്ത്തിക്കൊടുക്കുക. ഇങ്ങനെ പ്രാർഥിക്കുകയും ചെയ്യുക: എന്റെനാഥാ, കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളർത്തിയ പോലെ നീ അവരോട് കരുണ കാണിക്കേണമേ.”(17:24)
രണ്ടാമത്തെ പ്രാർഥന കുടുംബത്തിൽ നിന്ന് സംതൃപ്തി ലഭിക്കാനുള്ളതാണ്.
അല്ലാഹുവിന്റെ അനുസരണമുള്ള ദാസന്മാർ ഇങ്ങനെ പ്രാർഥിക്കുന്നവരുമാണ്: “”ഞങ്ങളുടെ നാഥാ, ഞങ്ങളുടെ ഇണകളിൽ നിന്നും സന്തതികളിൽ നിന്നും ഞങ്ങൾക്കു നീ കൺകുളിർമ നല്കേണമേ. ഭക്തി
പുലർത്തുന്നവർക്ക് ഞങ്ങളെ നീ മാതൃകയാക്കേണമേ.”(25:74)
കുടുംബത്തിനുള്ള പ്രാധാന്യമാണ് ഇത് വ്യക്തമാക്കുന്നത്.
ഇണകൾ
വംശ വർധനവ് സാധ്യമാകും വിധം ഇണകളായാണ് മനുഷ്യരുൾപ്പെടെ പ്രപഞ്ചത്തിലെ സകല ജീവികളും സൃഷ്ടിക്കപ്പെട്ടത്. ദൈവം ഖുർആനിലൂടെ അറിയിക്കുന്നു. “”ദൈവം നിങ്ങൾക്ക് നിങ്ങളുടെ വർഗത്തിൽ നിന്നു തന്നെ ഇണകളെ ഉണ്ടാക്കിത്തന്നു. നിങ്ങൾക്ക് നിങ്ങളുടെ ഇണകളിലൂടെ പുത്രന്മാരെയും പൗത്രന്മാരെയും നൽകി. വിശിഷ്ട വസ്തുക്കൾ ആഹാരമായി തന്നു.” (16:72)
ദൈവം ചോദിക്കുന്നു: “”നിങ്ങളെ നാം ഇണകളായി സൃഷ്ടിച്ചില്ലേ?”(78:8)
ദൈവം വീണ്ടും പറയുന്നു “”മനുഷ്യരേ, നിങ്ങളെ നാം ഒരാണിൽ നിന്നും പെണ്ണിൽ നിന്നും സൃഷ്ടിച്ചിരിക്കുന്നു.”(49:13)
“”മനുഷ്യരേ, നിങ്ങൾ നിങ്ങളുടെ നാഥനെ സൂക്ഷിച്ച് ജീവിക്കുക. ഒരൊറ്റ സത്തയിൽ നിന്ന് നിങ്ങളെ സൃഷ്ടിച്ചവനാണവൻ. അതിൽ നിന്നുതന്നെ അതിന്റെ ഇണയെ സൃഷ്ടിച്ചു. അവ രണ്ടിൽ നിന്നുമായി ധാരാളം പുരുഷന്മാരെയും സ്ത്രീകളെയും അവൻ വ്യാപിപ്പിച്ചു. ഏതൊരു ദൈവത്തിന്റെ പേരിലാണോ നിങ്ങൾ പരസ്പരം അവകാശങ്ങൾ ചോദിക്കുന്നത്, ആ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുക. കുടുംബ ബന്ധങ്ങളെയും സൂക്ഷിക്കുക. ഉറപ്പായും ദൈവം നിങ്ങളെ സദാ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നവനാണ്”(4:1)
“”ആകാശഭൂമികളെ സൃഷ്ടിച്ചവനാണവൻ. അവൻ നിങ്ങൾക്ക് നിങ്ങളിൽ നിന്ന് തന്നെ ഇണകളെ സൃഷ്ടിച്ചു തന്നിരിക്കുന്നു. നാൽക്കാലികളിലും ഇണകളെ ഉണ്ടാക്കിയിരിക്കുന്നു. അതിലൂടെ അവൻ നിങ്ങളെ സൃഷ്ടിച്ച് വംശം വികസിപ്പിക്കുന്നു. ദൈവത്തിന് സമാനമായി ഒന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും കാണുന്നവനുമാണ്”(42:11)
“”നാം എല്ലാ വസ്തുക്കളിൽ നിന്നും ഇണകളെ സൃഷ്ടിച്ചു. നിങ്ങൾ ചിന്തിച്ചു മനസ്സിലാക്കാൻ” (51:49)
“”ഭൂമിയിൽ മുളച്ചുണ്ടാകുന്ന സസ്യങ്ങൾ, മനുഷ്യവർഗം, മനുഷ്യർക്കറിയാത്ത മറ്റനേകം വസ്തുക്കൾ ; എല്ലാറ്റിനെയും ഇണകളായി സൃഷ്ടിച്ച ദൈവം എത്രമേൽ പരിശുദ്ധൻ!”(36:36)
സ്ത്രീപുരുഷന്മാർ ഒരുമിച്ചു ചേർന്ന് സന്തുഷ്ടമായ കുടുംബജീവിതം നയിക്കാൻ സാധിക്കുമാറ് അവർക്കിടയിൽ ദൈവം സ്നേഹവും കാരുണ്യവും അങ്കുരിപ്പിച്ചു. അതേക്കുറിച്ച് ദൈവം പറയുന്നു: “”ദൈവം നിങ്ങളുടെ വർഗത്തിൽ നിന്ന് തന്നെ നിങ്ങൾക്ക് ഇണകളെ സൃഷ്ടിച്ചുതന്നു, അവരിലൂടെ ശാന്തി നേടാൻ. നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവുമുണ്ടാക്കി. ഇതൊക്കെയും ദൈവികദൃഷ്ടാന്തങ്ങളിൽ പെട്ടതാണ്. സംശയമില്ല; വിചാരശീലമുള്ള ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്” (30:21)
ശാന്തികേന്ദ്രം
കുടുംബം മനുഷ്യ പ്രകൃതിയുടെ ഭാഗമാണ്. സ്ത്രീപുരുഷന്മാർ യൗവനം പ്രാപിക്കുമ്പോൾ അവരിൽ ഉയിരെടുക്കുന്ന ലൈംഗികാസക്തിയെ തൃപ്തിപ്പെടുത്താൻ ഇസ്ലാം നിശ്ചയിച്ച വിഹിതമായ മാർഗമാണ് വിവാഹവും കുടുംബജീവിതവും. ദൈവനിശ്ചിതമായ മനുഷ്യ പ്രകൃതിയുടെ ഭാഗമായാണ് ഖുർആൻ അതിനെ പരിചയപ്പെടുത്തുന്നത്. (3:14)
കുടുംബത്തിൽ നിന്നാണ് മനുഷ്യന്റെ എല്ലാ ആവശ്യവും പൂർത്തീകരിക്കപ്പെടുന്നത്. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള മനുഷ്യന്റെ സഹജമായ വികാരം ഏറ്റവും ഫലപ്രദമായി പൂർത്തീകരിക്കപ്പെടുന്ന ഇടവും കുടുംബം തന്നെ. കുടുംബജീവിതം സംതൃപ്തവും ഭദ്രവുമാകാനാവശ്യമായ സ്നേഹം, കാരുണ്യം, വിനയം, വിട്ടുവീഴ്ച, സഹനം, സേവനം, ഉദാരത, ത്യാഗം, സമർപ്പണം, സഹിഷ്ണുത തുടങ്ങിയ മഹത്ഗുണങ്ങൾ രൂപപ്പെടുന്നത് കുടുംബത്തിൽ നിന്നാണ്. അതുകൊണ്ടെല്ലാമാണ് കുടുംബത്തെ ഇസ്ലാം ശാന്തികേന്ദ്രമായി കാണുന്നത്. കുടുംബം വസിക്കുന്ന വീടിനെ ഖുർആൻ നിരവധി സൂക്തങ്ങളിൽ ശാന്തികേന്ദ്രമെന്നർഥം വരുന്ന “മസ്കൻ’ എന്നാണ് വിശേഷിപ്പിച്ചത്. അതുകൊണ്ടു തന്നെ മാനവസമൂഹത്തിന്റെ മാർഗദർശനത്തിനായി ദൈവിക സന്ദേശങ്ങളുമായി നിയോഗിതരായ പ്രവാചകൻമാർ വിവാഹം കഴിക്കുകയും കുടുംബജീവിതം നയിക്കുകയും ചെയ്തവരായിരുന്നു.
മുഹമ്മദ് നബിയെ സംബോധന ചെയ്ത് ദൈവം പറയുന്നു: “”നിനക്ക് മുമ്പും നാം ദൂതന്മാരെ നിയോഗിച്ചിട്ടുണ്ട്. അവർക്ക് നാം ഇണകളെയും സന്താനങ്ങളെയും നൽകിയിട്ടുമുണ്ട്.”(13:38)
പൂർവപ്രവാചകന്മാരുടെ പാരമ്പര്യത്തിൽപെട്ട നാല് കാര്യങ്ങളിലൊന്ന് വിവാഹം കഴിക്കലും കുടുംബജീവിതം നയിക്കലുമാണെന്ന് മുഹമ്മദ്നബി പഠിപ്പിച്ചിട്ടുണ്ട്.
കുടുംബജീവിതം നയിക്കൽ ദൈവാനുഗ്രഹങ്ങൾ ലഭിക്കാൻ കാരണമാകുമെന്നും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. അതിനാൽ വിവാഹവും ദാമ്പത്യവും കുടുംബജീവിതവും ഇസ്ലാമിക വീക്ഷണത്തിൽ പാപമല്ലെന്ന് മാത്രമല്ല, മരണശേഷമുള്ള ജീവിതത്തിൽ പ്രതിഫലം ലഭിക്കുന്ന മഹത്തായ പുണ്യകർമം കൂടിയാണ്.
കുടുംബം ഭദ്രവും സംതൃപ്തവുമാകാനാവശ്യമായ നിയമനിർദേശങ്ങളും അധ്യാപനങ്ങളും ഇസ്ലാം നൽകുന്നു. അതിലെ ഒാരോ അംഗത്തിന്റെയും അവകാശങ്ങളും ബാധ്യതകളും സൂക്ഷ്മമായും കണിശമായും കൃത്യമായും പഠിപ്പിക്കുന്നു. വിവാഹം, അത് അനുവദിക്കപ്പെട്ടവർ, നിരോധിക്കപ്പെട്ടവർ, ദാമ്പത്യജീവിതം, അതിലുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ, അവയ്ക്കുള്ള പരിഹാരങ്ങൾ; വിവാഹമോചനം, അതൊഴിവാക്കാൻ സ്വീകരിക്കേണ്ട കാര്യങ്ങൾ, അതിന്റെ ക്രമങ്ങൾ; വിവാഹമുക്തയുടെ അവകാശങ്ങൾ, മുലകുടിബന്ധം, കുട്ടികളുടെ അവകാശങ്ങൾ, അവരുടെ സംരക്ഷണം, അനന്തരാവകാശ നിയമങ്ങൾ പോലുള്ളവ വിശുദ്ധ ഖുർആൻ വിശദമായി വിവരിക്കുന്നു. ഇതൊക്കെയും പാലിച്ചു ജീവിക്കുന്ന സച്ചരിതമായ കുടുംബം മരണശേഷമുള്ള പരലോകജീവിതത്തിലും ഒരുമിച്ച് കഴിയുമെന്ന് ഖുർആൻ സൂചിപ്പിക്കുന്നു.
“”അവർ തങ്ങളുടെ നാഥന്റെ പ്രീതി പ്രതീക്ഷിച്ച് ക്ഷമ പാലിക്കുന്നവരാണ്, നമസ്കാരം നിഷ്ഠയോടെ നിർവഹിക്കുന്നവരും. നാം നൽകിയ വിഭവങ്ങളിൽ നിന്ന് രഹസ്യമായും പരസ്യമായും ദാനമായി ചെലവഴിക്കുന്നവരുമാണ്. തിന്മയെ നന്മ കൊണ്ട് തടയുന്നവരും. അവർക്കുള്ളതാണ് പരലോകനേട്ടം. അതായത്,സ്ഥിരവാസത്തിനുള്ള സ്വർഗീയാരാമങ്ങൾ. അവരും അവരുടെ പിതാക്കളിലും ഇണകളിലും മക്കളിലുമുള്ള സദ്വൃത്തരും അതിൽ പ്രവേശിക്കും. മാലാഖമാർ എല്ലാ കവാടങ്ങളിലൂടെയും അവരുടെ അടുത്തെത്തും. എന്നിട്ട് മാലാഖമാർ അവരോട് പറയും: “”നിങ്ങൾ ക്ഷമ പാലിച്ചതിനാൽ നിങ്ങൾക്ക് സമാധാനമുണ്ടാകട്ടെ. ആ പരലോക ഭവനം എത്ര മേൽ അനുഗ്രഹപൂർണം.” (13:22 – 24)