Current Date

Search
Close this search box.
Search
Close this search box.

സ്‌നേഹിക്കൂ, പരിമിതിയില്ലാതെ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഒരു കഥാപാത്രം തന്റെ ജീവിതപങ്കാളിയോട് പറയുന്നുണ്ട്. എന്റെ ഉള്ളിലുള്ളത് രക്തവും മാംസവുമല്ല. നിങ്ങളോടുള്ള സ്‌നേഹം മാത്രമാണ്. പ്രവാചകന്‍ തന്റെ പ്രിയ പത്‌നി ആയിശയോടുള്ള ഗാഢമായ സ്‌നേഹം പ്രകടിപ്പിച്ചത് അവര്‍ കുടിച്ചതിന്റെ ബാക്കി അവര്‍ ചുണ്ടു വെച്ചിടത്തു തന്നെ ചുണ്ടുവെച്ചു കുടിച്ചും അവര്‍ കടിച്ചീമ്പിയ എല്ലിന്‍ കഷ്ണം കടിച്ചു തിന്നുമാണ്. സ്‌നേഹ പ്രകടനത്തിന് ഇസ്ലാം നല്‍കുന്ന പ്രാധാന്യവും പുണ്യവും എത്രമാത്രമാണെന്ന് തിരു നബിയുടെ ഈ മൊഴി മുത്ത് വ്യക്തമാക്കുന്നു: ഒരാള്‍ തന്റെ പ്രിയതമയെ സ്‌നേഹത്തോടെ നോക്കി. അവള്‍ അവനെയും. എങ്കില്‍ അല്ലാഹു ഇരുവരെയും കാരുണ്യത്തോടെ കടാക്ഷിക്കും. അവന്‍ അവളൂടെ ഇരു കൈകളും ചേര്‍ത്തു പിടിച്ചു. എങ്കില്‍ ഇരുവരുടെയും വിരലുകള്‍ക്കിടയിലൂടെ അവരുടെ പാപങ്ങള്‍ കൊഴിഞ്ഞു പോകും.

സ്‌നേഹം. എത്ര സുന്ദരമായ പദം. കേള്‍വിക്കാരിലത് കൗതുകമുണര്‍ത്തുന്നു. കരളില്‍ കുളിരു പകരുന്നു. ഹൃദയത്തെ തരളിതമാക്കുന്നു. മനസ്സിനെ ഹര്‍ഷ പുളകിതമാക്കുന്നു. ഏവരും കിട്ടാന്‍ കൊതിക്കുന്നു. കൊടുക്കുന്നവര്‍ക്ക് നിര്‍വൃതി. കിട്ടുന്നവര്‍ക്ക് ആനന്ദം. കൊടുക്കുന്നതിനനുസരിച്ച് കൂടിക്കൊണ്ടിരിക്കുന്നു.കൂടുതലായി തിരിച്ച് കിട്ടുന്നു.സ്‌നേഹത്തെ വെറുക്കുന്ന ആരുമില്ല.
സ്‌നേഹം ജൈവികമാണ്. പ്രകൃതിപരമാണ്. എല്ലാ ജീവികളും സഹജീവികളെ സ്‌നേഹിക്കുന്നു. അത് പ്രകടിപ്പിക്കുകയും ചെയ്യുന്നു. മനുഷ്യരിലൊഴിച്ചെല്ലാം അത് നിര്‍വഹിക്കപ്പെടുന്നത് ജന്മവാസനയിലൂടെ യാണ്. സ്‌നേഹത്തെ കുടഞ്ഞു മാറ്റാന്‍ അവയ്ക്ക് സാധ്യമല്ല. അഥവാ സ്‌നേഹിക്കാതിരിക്കാന്‍ കഴിയില്ല. മനുഷ്യന്റെ സ്ഥിതി മറിച്ചാണ്. അവരില്‍ ചിലരെങ്കിലും വിദ്വേഷം വളര്‍ത്തി സ്‌നേഹത്തെ തളര്‍ത്തുന്നു, കോപം കത്തിച്ച് സ്‌നേഹത്തെ കരിച്ചു കളയുന്നു.
സ്‌നേഹമൊഴിഞ്ഞ മനസ്സ് മരുഭൂമി പോലെയാണ്. അവിടെ നന്മയുടെ നാമ്പുകള്‍ കിളിര്‍ക്കുകയില്ല. സ്‌നേഹമണിഞ്ഞ മനസ്സ് നനഞ്ഞ് കുതിര്‍ന്ന മണ്ണ് പോലെയും. അവിടെ മനുഷ്യ ബന്ധങ്ങള്‍ തഴച്ചു വളരും. അത് അതിവേഗം കതിരിടും.

ദമ്പതികള്‍ പരസ്പരം ഇണകളാണ്. തുണകളാണ് . അവരെ കൂട്ടിയിണക്കുന്ന കണ്ണി സ്‌നേഹവും കാരുണ്യവുമാണ്. അങ്ങനെയാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. സ്‌നേഹം ഗാഢമാകുമ്പോള്‍ സ്‌നേഹിക്കുന്നവരും സ്‌നേഹിക്കപ്പെടുന്നവരും ഒന്നായി മാറുന്നു . അതിനാലാണ് ഒന്നും ഒന്നും ചേര്‍ന്നാല്‍ എത്ര എന്ന ചോദ്യത്തിന് ബഷീര്‍ തന്റെ പ്രിയപ്പെട്ട കഥാ പാത്രത്തെക്കൊണ്ട് ഇമ്മിണി വലിയ ഒന്ന് എന്ന് പറയിപ്പിച്ചത്. രണ്ടുപേര്‍ ചേര്‍ന്ന് നയിക്കുന്ന ഒരു ജീവിതമാണ് ദാമ്പത്യം. വിവാഹിതരാകുന്നതോടെ അവര്‍ക്കിടയില്‍ ഞാനും നീയുമില്ലാതാകുന്നു. പകരം ഉണ്ടാകുന്നതാണ് നാം, നമ്മള്‍. വിവാഹത്തോടെ ഓരോരുത്തര്‍ക്കും ഓരോ ബാപ്പമാര്‍ക്ക് പകരം രണ്ട് ബാപ്പമാരും ഓരോ ഉമ്മമാര്‍ക്ക് പകരം രണ്ട് ഉമ്മമാരും ഉണ്ടാവുന്നു. രണ്ട് വല്യുപ്പമാര്‍ക്ക് പകരം നാല് വല്പ്യുപ്പമാരും രണ്ട് വല്ല്യുമ്മമാര്‍ക്ക് പകരം നാല് വല്യുമ്മമാരും ഉണ്ടാവുന്നു. പിന്നീട് എന്റെ ഉപ്പയും നിന്റെ ഉപ്പയും ഇല്ല. നമ്മുടെ ഉപ്പയേയുള്ളു. അപ്രകാരംതന്നെ എന്റെ ഉമ്മയും നിന്റെ ഉമ്മയുമില്ല. നമ്മുടെ ഉമ്മയേ ഉള്ളൂ. അതോടെ ഓരോരുത്തര്‍ക്കും ഒരു വീടിനു പകരം രണ്ടു വീടുണ്ടാവുന്നു. ഇതൊക്കെയും സാധ്യമാകുന്നത് അഗാധമായ സ്‌നേഹ പ്രകടനത്തിലൂടെയാണ്. അതിനാല്‍ പ്രണയം പാപമല്ല. പുണ്യമാണ്. വിവാഹിതരായ ദമ്പതികള്‍ക്കിടയിലാവണമെന്നു മാത്രം.. അപ്പോള്‍ പ്രേമ പ്രകടനം പോലും പുണ്യമാണ്. പ്രവാചക വചനമനുസരിച്ച് പാപമോചനത്തിനും ദിവ്യ കാരുണ്യത്തിനും കാരണമാകുന്ന മഹല്‍ കൃത്യം. അതിനാല്‍ സ്‌നേഹിക്കൂ ;പരിമിതിയില്ലാതെ; പങ്കാളിയെ പറ്റിക്കാതെ. സ്‌നേഹം പ്രകടിപ്പിക്കൂ.അതിരുകളില്ലാതെ.

Related Articles