Current Date

Search
Close this search box.
Search
Close this search box.

ഇത്തരമൊരു കുടുംബത്തെ നിങ്ങൾക്കറിയാമോ?

ഏറെ അനുഗ്രഹീതമായ കുടുംബമാണ് പ്രവാചകൻ ഇബ്രാഹീം നബിയുടെത്. ആ കുടുംബത്തിൽനിന്ന് നിരവധി കുടുംബ മൂല്യങ്ങൾ നമുക്ക് പഠിക്കുനുമുണ്ട്. ഇബ്രാഹീം നബി പ്രവാചകന്മാരുടെ പിതാവാണല്ലോ. മാത്രവുമല്ല അല്ലാഹുവിന്റെ സുഹൃത്തും. അല്ലാഹുവിന്റെ ദൂതൻമാരിൽ ഏറ്റവും ദൃഢനിശ്ചയമുള്ളവൻ അഥവാ ഉലുൽ അസ്മും. ഉപകാരമോ ഉപദ്രവമോ ചെയ്യാൻ സാധിക്കാത്ത വി​ഗ്രഹങ്ങളെ ചെറുപ്പത്തിൽ തക‍‌‌ർത്തെറിയുമ്പോൾ തന്റെ ജനതയോട് യുക്തിയോടും തത്വാധിഷ്ഠിതവുമായാണല്ലോ അദ്ദേഹം തർക്കിക്കുന്നത്. ഇതെല്ലാം ചെയ്ത് കൂട്ടിയ കുറ്റവാളിയെ കുറിച്ച് ജനം ചോദിച്ചപ്പോൾ ഇബ്രാഹീം അവരോട് പറഞ്ഞത്: ഇക്കാണുന്ന വി​ഗ്രഹങ്ങളിൽ വലിയവനോട് ചോദിച്ച് നോക്കൂ എന്ന സമർത്ഥമായ ഉത്തരം ഏറെ കുഴക്കുന്നതായിരുന്നു. ശരിയായ ദൈവത്തെ മാത്രം ആരാധിക്കുന്നതിലേക്കും വിഗ്രഹാരാധന ഉപേക്ഷിക്കുന്നതിലേക്കും അവരുടെ ശ്രദ്ധതിരിക്കുകയായിരുന്നു ഇബ്രാഹീം എന്ന ചെറുപ്പക്കാരന്റെ ഈ സംഭാഷണ ശകലത്തിലൂടെ.

ജീവിക്കാൻ യോഗ്യമല്ലാത്ത, വെള്ളം പോലുമില്ലാത്ത ഒരു താഴ്‌വരയിൽ ഭാര്യയേയും കൈക്കുഞ്ഞിനേയും തനിച്ചാക്കാനുള്ള ധീരമായ തീരുമാനത്തെ കുറിച്ചൊന്നാലോചിച്ച് നോക്കൂ. തന്റെ നാഥനിലുള്ള ശക്തമായ വിശ്വാസവും അല്ലാഹു തന്റെ കുടുംബത്തെ സംരക്ഷിക്കുമെന്നും അവരുടെ ഉപജീവനമാർഗം സുരക്ഷിതമാക്കികൊടുക്കുമെന്നുമെല്ലാമുള്ള ഒരുറപ്പായിരുന്നല്ലോ അങ്ങിനെ അവരെ വിട്ടുപോകാനുള്ള കാരണം. മാത്രവുമല്ല, അല്ലാഹുവിന്റെ കൽപന നടപ്പാക്കാൻ തന്റെ പുത്ര – കുടുംബ വാത്സല്യം തടസ്സമായിക്കൂടന്നും ഇബ്രാഹീം പ്രവാചകൻ നിശ്ചയിച്ചുറപ്പിച്ചിരുന്നു. “ഇങ്ങനെ ചെയ്യാൻ അല്ലാഹുവാണോ നിങ്ങളോട് കൽപിച്ചത്?” എന്ന പ്രയതമയുടെ ചോദ്യം എത്ര മനോഹരമായിരുന്നു. അതിന് ഇബ്രാഹീം നൽകിയ മറുപടി “അതെ” എന്നും. “എങ്കിൽ പൊയ്ക്കോളൂ, അല്ലാഹു കൈവിടില്ല” . ഹാജറ ബീവിയുടെ പ്രതികരണം സർവ്വശക്തനായ അല്ലാഹുവുമായി അതിശക്തമായ ബന്ധമുള്ള കുടുംബങ്ങൾക്ക് ആഴത്തിലുള്ള പാഠമാണ് പകർന്ന് നൽകുന്നത്.

ഇബ്രാഹീം നബി വിവരാന്വേഷണത്തിലും ജ്ഞാന സമ്പാദനത്തിലും ഒരു നിസ്തുല മാതൃകയായിരുന്നു. അറിവിന്റെ പാരമ്യമറിയാൻ അദ്ദേഹം ആഗ്രഹിച്ചു. അങ്ങനെയാണല്ലോ മരിച്ചവരെ എങ്ങനെയാണ് പുനരുജ്ജീവിപ്പിക്കുന്നതന്ന് കാണിച്ചുതാരാൻ അദ്ദേഹം തന്റെ നാഥനോട് ആവശ്യപ്പെടുന്നത്. അല്ലാഹു ഇബ്രാഹീമിനോട് നാല് പക്ഷികളെ പിടിച്ച് അവയെ അറുത്ത് കഷ്ണങ്ങളാക്കി അതിന്റെ ഓരെ കഷ്ണങ്ങൾ ഓരോ പർവതത്തിൽ കൊണ്ട്പോയി വയ്ക്കാൻ കൽപ്പിച്ചു. എന്നിട്ട് അല്ലാഹു അവയ്ക്ക് ജീവൻ നൽകുകയും പുനരുജ്ജീവിപ്പിക്കുകയും ചെയ്തു.

തന്റെ പ്രിയ മകൻ ഇസ്മാഈലിനെ അറുക്കാൻ സ്വപ്ന ദർശനമുണ്ടായ കഥ പ്രസിദ്ധമാണല്ലോ. പ്രവാചകന്മാരുടെ സ്വപ്ന ദർശനം സത്യമായതിനാൽ അദ്ദേഹം മകൻ ഇസ്മാഈലുമായി ഇതേകുറിച്ച് സംസാരിച്ചു, മകൻ പിതാവിനോട് ഇങ്ങനെ മറുപടി പറഞ്ഞു ( അല്ലയോ, പിതാവേ, നിങ്ങളോട് കൽപ്പിക്കപ്പെട്ടത് ചെയ്യുക, അല്ലാഹു ആഗ്രഹിക്കുന്ന പോലെ, ക്ഷമയുള്ളവനായി നിങ്ങൾക്ക് എന്നെ കാണാം.) ഇബ്രാഹാമിന്റെയും മകന്റെയും അനുസരണം അല്ലാഹുവിന് ബോധ്യമായപ്പോൾ, അവർ ആ പരീക്ഷണത്തിൽ വിജയിച്ചു. അല്ലാഹു മകന് പകരം ഒരു ആടിനെ ബലിനൽകാൻ സമ്മാനിച്ചുവെന്നത് ചരിത്രം. ഈ ചരിത്രം ഹജ്ജ് നിർവഹിക്കുന്നവർക്കും അല്ലാത്തവർക്കും അന്ത്യനാൾ വരേക്കും സുന്നത്തായി നിശ്ചയിക്കുകയും ചെയ്തു. ബലിനടത്തുന്ന ഓരോ വ്യക്തിയും ഇബ്രാഹീമിന്റെ ത്യാഗവും, മകന്റെ അനുസരണവും, അല്ലാഹുവിന്റെ കൽപ്പനയോടുള്ള പ്രതികരണവുമാണ് പ്രഖ്യാപിക്കുന്നത്.

ഒരു കുട്ടിക്ക് ജന്മം നൽകാൻ സാധിക്കില്ലന്നുറപ്പിച്ച ആദ്യ ഭാര്യ സാറയുടെ കഥയിലും ​ഗുണപാഠമുണ്ട്. മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ സാറയാണല്ലോ ഇബ്രാഹീം നബിയോട് നിർദ്ദേശിക്കുന്നത്. അവളാണ് ഹാജറ, അവളിലാണ് ഇസ്മാഈൽ ജനിക്കുന്നത്. ആദ്യ ഭാര്യയായ സാറയുടെ ക്ഷമ കാരണം അല്ലാഹു അവൾക്കും ഒരു മകനെ നൽകി അനുഗ്രഹിച്ചു, അതാണ് ഇസ്ഹാ​ഖ്. അദ്ദേഹത്തിന്, സാറയിലുള്ള സന്താന ഭാ​ഗ്യം ഒരു അത്ഭുതമായിരുന്നു. കാരണം അവൾ വൃദ്ധയും വന്ധ്യയുമായിരുന്നു. അല്ലാഹുവിന്റെ ഏറ്റവും വലിയ അനുഗ്രഹങ്ങളിലൊന്നാണ് അനുഗ്രഹീതമായ ഒരു കുടുംബത്തെയും നല്ല കുട്ടികളെയും പ്രദാനം ചെയ്യുക എന്നത്. ഇതാണ് ഇബ്രാഹാമിന് ലഭിച്ചത്. അതുകൊണ്ടാണ് ഇബ്രഹീം ഇങ്ങനെ പറഞ്ഞത് (”വയസ്സുകാലത്ത് എനിക്ക് ഇസ്മാഈലിനെയും ഇസ്ഹാഖിനെയും സമ്മാനിച്ച അല്ലാഹുവിന് സ്തുതി. തീര്‍ച്ചയായും എന്റെ നാഥന്‍ പ്രാര്‍ഥന കേള്‍ക്കുന്നവനാണ്.”)

ഇബ്രാഹീമിന്റെ ജീവിതത്തിലും ഈ കഥയിലും ഒരുപാട് പാഠങ്ങളും ഉണർത്തലുകളുമുണ്ട്. ഇതിലൂടെ വിശുദ്ധ ഹൃദയമുള്ളവർക്ക് ധാരാളം സൂചനകളും വായിച്ചെടുക്കാം. അല്ലാഹു പറയുന്നത് കാണുക (”സമ്പത്തോ സന്താനങ്ങളോ ഒട്ടും ഉപകരിക്കാത്ത ദിനമാണത്. ”കുറ്റമറ്റ മനസ്സുമായി അല്ലാഹുവിന്റെ സന്നിധിയില്‍ ചെന്നെത്തിയവര്‍ക്കൊഴികെ.”) നംറൂദുമായുള്ള ഇബ്രാഹീം നബിയുടെ ബുദ്ധിപൂർവകമായ സംഭഷണവും സംവാദവും എത്ര ഉജ്ജ്വലമായിരുന്നു. നംറൂദ് അദ്ദേഹത്തെ തീയിൽ എറിയുമ്പോൾ ഉറച്ച വിശ്വാസത്താലും നിലപാടിനാലും അല്ലാഹു അ​ഗ്നിയോട് പറയുന്നത് : ”തീയേ, തണുക്കൂ; ഇബ്‌റാഹീമിന് രക്ഷാകവചമാകൂ.” എന്നാണല്ലോ. ഇവിടെ അല്ലാഹു ഇബ്രാഹീമിന്റെ പേരെടുത്ത് പറഞ്ഞില്ലായിരുന്നങ്കിൽ തീ എന്നന്നേക്കുമായി തണുത്തതാകുമായിരുന്നുവെന്നും ചൂട് തീരെ ഉണ്ടാവില്ല എന്നും മനസ്സിലാക്കണം. ഇബ്രാഹീമിന്റെ കുടുംബം അനുഗ്രഹീതമായ ഒരു കുടുംബമാണ്. അതുകൊണ്ടാണ് ഓരോ നമസ്കാരത്തിലെയും അത്തഹ് യാത്തിൽ പ്രവാചകൻ മുഹമ്മദ് നബിക്ക് വേണ്ടി സ്വലാത്തും സലാമും ചൊല്ലുന്നത് പോലെ, ഇബ്രാഹീം നബിക്ക് വേണ്ടിയും പ്രാർത്ഥിക്കുന്നത്.

വിവ. അബൂ ഫിദ

????വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp

Related Articles