Family

ഉപ്പയുടെ സ്‌നേഹം മക്കള്‍ക്ക് അനുഭവിക്കാന്‍ കഴിയണം

പുതിയകാലത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ ഉപ്പയും മക്കളും തമ്മിലെ ബന്ധം നല്ല രീതിയിലാണോ മുന്നോട്ടുപോകുന്നത് എന്ന് കൃത്യപ്പെടുത്തേണ്ടതുണ്ട്. ഉപ്പമാര്‍ കുടുംബത്തെ ഒഴിവാക്കി മാറിനില്‍ക്കുന്നതിനാലും ത്വലാഖിനുശേഷം അവരിലുള്ള മക്കളുമായി സഹവാസം കുറഞ്ഞതിനാലും ജോലി തിരക്ക് കൊണ്ട് മക്കളുമായി അടുത്ത് ഇടപെടാന്‍ കഴിയാതിരിക്കലും വിവിധ അവസ്ഥകളില്‍പ്പെട്ടതാണല്ലോ. അതിരാവിലെ എഴുന്നേറ്റ് ഒരുപാട് ദൂരം യാത്ര ചെയ്ത് ജോലിസ്ഥലത്തേക്ക് പുറപ്പെടുന്ന ഉപ്പമാര്‍ ജോലി കഴിഞ്ഞ് ദീര്‍ഘയാത്രക്ക് ശേഷം വീട്ടലെത്തുന്നത്. അത്താഴം കഴിച്ച് അല്‍പ്പം വിശ്രമിക്കുകയും തുടര്‍ന്ന് ഉറങ്ങാന്‍ മുറിയിലേക്ക് പോവുകയും ചെയ്യുന്നു. ഇത് ഓരോ ദിവസവുംആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. മനസ്സില്‍ നാളെ തന്റെ കുഞ്ഞുങ്ങളുമായി കുറച്ച് സമയം ചെലവഴിക്കണമെന്നുാവും. എന്നാലത് ഉപ്പയുടെ ആത്മഗതം മാത്രമായി അവശേഷിക്കുന്നു.

സത്യത്തില്‍ നാം നമ്മുടെ മക്കളുമായി എത്ര നേരമാണ് ദിവസത്തില്‍ ചെലവഴിക്കുന്നത് എന്നത് ആലോചിക്കേണ്ട കാര്യമാണ്. പ്രസിദ്ധ അമേരിക്കന്‍ ഗായകനായ ഹാരി ചാപ്പിന്‍ ഒരു ബാലന്റെ കഥ നമുക്ക് പറഞ്ഞുതരുന്നുണ്ട്. ആ ചെറിയ ബാലന്റെ ആഗ്രഹം അവന്റെ ഉപ്പയുടെ കൂടെ സമയം ചെലവഴിക്കുക എന്നതായിരുന്നു. എന്നാല്‍, ഉപ്പക്ക് എപ്പോഴും ജോലി തിരക്കാണ്. അങ്ങനെ കുട്ടി വളര്‍ന്ന് വലിയ യുവാവായപ്പോള്‍ പിതാവിന് നന്നേ വയസ്സുമായി. അപ്പോള്‍ പിതാവിന് ആഗ്രഹം തന്റെ മകന്റെ കൂടെ സമയം ചെലവഴിക്കാനായിരുന്നു. പക്ഷേ, അയാളുടെ മകന് എപ്പോഴും ജോലി തിരക്കായിരുന്നു. ഏറ്റവും മനോഹരമായ ജീവിത സമയങ്ങളില്‍ ഉപ്പമാര്‍ക്കും മക്കള്‍ക്കും അവര്‍ക്കിടയിലെ സ്‌നേഹം പങ്കുവെക്കാന്‍ കഴിയണം. ഉപ്പ തന്നെ സ്‌നേഹിക്കുന്നുവെന്നും പരിഗണിക്കുന്നുവെന്നും മക്കള്‍ക്ക് തോന്നുകയും, മക്കളില്‍ നിന്ന് ഉപ്പക്ക് അവ തിരിച്ചുകിട്ടുകയും, ഉപ്പയും മക്കളും തമ്മിലെ ബന്ധം സുദൃഢമായി നിലനില്‍ക്കുകയും ചെയ്യേണ്ടതുണ്ട്.

ഉപ്പക്ക് എത്ര തിരക്ക് പിടിച്ച ജോലിയാണെങ്കിലും മക്കളുമായി സഹവസിക്കാന്‍ സമയം കണ്ടത്തേണ്ടതുണ്ട്. മക്കളുമായി അധിക സമയം ചെലവഴിക്കാന്‍ കഴിയാത്ത ഉപ്പമാര്‍ തങ്ങളുടെ മക്കള്‍ക്ക് വേണ്ടതെല്ലാം സമ്മാനമായി നല്‍കാറുണ്ട്. അത് ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. പ്രവാചകന്‍ കാണച്ചുതന്ന മനോഹരമായ മാതൃകയാണ് നാം സ്വീകരിക്കേണ്ടത്. പ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ പുത്രി ഫാത്വിമ(റ) പ്രവാചകന്റെ അടുക്കലേക്ക് വന്നപ്പോള്‍ പ്രാവചകന്‍ എഴുന്നേറ്റ് നില്‍ക്കുകയും ചുംബിക്കുകയും ചെയ്ത് തന്റെ ഇരിപ്പിടത്തിലേക്ക് ആനയിക്കുകയും ചെയ്തു. തുടര്‍ന്നുളള ജീവിതത്തിലും മക്കള്‍ക്ക് മനോഹരമായി ഓര്‍മിക്കാന്‍ കഴിയുന്നതാണിത്. മക്കള്‍ ആവശ്യപ്പെടുന്നതെല്ലാം വാങ്ങികൊടുക്കന്നതിനേക്കാള്‍ നന്നായിട്ടുളളത്, അവരെ സ്‌നേഹിക്കുകയം പരിഗണിക്കുകയും ചെയ്യുന്നതാണ്. അതായിരിക്കും അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വിലകൂടിയ സമ്മാനം.

ഉപ്പയും മക്കളും തമ്മിലെ ബന്ധം ഊഷ്മളമാക്കുന്നതിനു വേണ്ടി വ്യത്യസത രീതികള്‍ സ്വീകരിക്കാവുന്നതാണ്. ഒന്ന്, നല്ല കഥകള്‍ പറഞ്ഞുകൊടുക്കുക; കുഞ്ഞുങ്ങള്‍ ഉറങ്ങുന്നതിന് മുമ്പായി അവര്‍ക്ക് നല്ല കഥകള്‍ പറഞ്ഞുകൊടുക്കുക(ഇസ്‌ലാമികമായ കഥകള്‍ അവര്‍ക്ക് പറഞ്ഞു കൊടുക്കാം). ഇസ്‌ലാമിക കഥകള്‍ പറഞ്ഞുകൊടുക്കുന്നത് കുട്ടികളുടെ ഇസ്‌ലാമിക വ്യക്തിത്വ രൂപീകരണത്തിന് ഉപകരിക്കുന്നതാണ്. രസകരമായ കഥകള്‍ പങ്കുവെക്കുന്നതിലൂടെ കുട്ടികള്‍ ചോദ്യങ്ങള്‍ ചോദിക്കുകയും തുടര്‍ന്നും കഥകള്‍ ആവശ്യപ്പെട്ട് ഉപ്പമാരുടെ അടുക്കലേക്ക് അവര്‍ ഓടിവരുന്നതുമാണ്. രണ്ട്, ചെറിയ കളികളില്‍ ഏര്‍പ്പെടുക; ചിത്രത്തിന് നിറം കൊടുക്കുകയും കളിപ്പാട്ടങ്ങളുമായി കുട്ടുകളോടെപ്പം ചേരുകയും അവര്‍ക്ക് ഇഷ്ടമുളള പ്രവര്‍ത്തനങ്ങളില്‍ മുന്നുട്ടിറങ്ങുകയും ചെയ്യുന്നത് അവര്‍ക്ക് ആനന്ദകരമായിരിക്കും. മൂന്ന്, ചെറിയ ജോലികള്‍ രക്ഷിതാക്കളോടെപ്പം ചെയ്യിപ്പിക്കുക; പലചരക്ക് സാധനങ്ങള്‍ വീട്ടിലെത്തിക്കുന്നതിലും, ഭക്ഷണം പാകം ചെയ്യുന്നതിലും, മുറ്റം അടിച്ചുവാരുന്നതിലും അവര്‍ രക്ഷിതാക്കളെ സഹായിക്കട്ടെ. ചെറിയ പ്രായത്തില്‍ ചെയ്യാവുന്ന ഇത്തരം ജോലികള്‍ വളരെ ആവേശത്തോടെയാണ് കുട്ടികള്‍ ഏറ്റെടുക്കുക.

നാല്, മക്കളുമായി യാത്ര പോവുക; കുട്ടികള്‍ക്ക് പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുവാന്‍ അവരുമായി യാത്രപോവേണ്ടതുണ്ട്. യാത്രയില്‍ അവരോടെപ്പം ചെലവഴിക്കുന്ന ഇത്തരം സമയം അവര്‍ക്ക് സന്തോഷം നല്‍കുന്നതാണ്. ഈ അവസരത്തില്‍ ചെറിയ കളികളില്‍ ഏര്‍പ്പെടാവുന്നതുമാണ്. പന്ത് തട്ടികളിക്കുക, ഊഞ്ഞാലാട്ടുക തുടങ്ങിയ കുട്ടികള്‍ക്ക് കുടംബവുമായി രസകരമായ നല്ല ഓര്‍മകള്‍ സമ്മാനിക്കുന്നതാക്കി തീര്‍ക്കാന്‍ ഇത്തരം യാത്രകള്‍ സഹായകമാണ്. അഞ്ച്, സ്‌കൂള്‍ ഹോം വര്‍ക്ക് ചെയ്യുന്നതില്‍ സഹായിക്കുക; രക്ഷിതാക്കള്‍ തങ്ങളുടെ പഠനത്തില്‍ വലിയ താല്‍പര്യമാണ് കാണിക്കുന്നതെന്ന് കുട്ടികളെ ബോധ്യപ്പെടുത്തുവാനും സ്‌കൂളിലെ അവരുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് മനസ്സിലാക്കുവാനും പുസ്തകങ്ങളില്‍ എഴുതിവെച്ചതിനെ സംബന്ധിച്ച് അവരോട് അന്വേഷിക്കാനും ഇതിലൂടെ കഴിയുന്നതാണ്. ആറ്, ആഴ്ചയില്‍ രണ്ട് തവണയെങ്കിലും കുടംബവുമായി ഒരുമിച്ചുരുന്ന് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഏഴ്, കുട്ടികളെ വുദൂഅ് എടുക്കാന്‍ പരിശീലിപ്പിക്കുകയും രക്ഷിതാക്കളുടൊപ്പം നമസ്‌കരിപ്പിക്കുകയും ചെയ്യുക. എട്ട്, ഉപ്പ പള്ളിയിലേക്ക് പോകുമ്പോള്‍ കുട്ടികളെ കൂടെ കൊണ്ടുപോവുക; ഇത് കുട്ടികള്‍ക്ക് പിതാക്കന്മാരുമായി സുദൃഢ ബന്ധം ഉണ്ടാവുന്നതിനും മുസ്‌ലിം സഹവാസം സാധ്യമാക്കുന്നതിനും സഹായകമാവുന്നതാണ്.

കുട്ടികള്‍ക്ക് പിതാവിനെ അനുഭവിക്കാന്‍ കഴിയണം. പിതാവ് വഴിമാറുകയും അവരുടെ സ്ഥാനത്തേക്ക് മോശം ആളുകള്‍ കടന്നുവരികയും ഒരുപക്ഷേ ആ സഹവാസം കുട്ടികളെ മോശമായി ബാധിക്കുകയും ചെയ്‌തേക്കാം. കുട്ടികളെ മനസ്സിലാക്കുന്നതിനുളള ഏറ്റവും നല്ല വഴി അവരുമായി സംസാരിക്കുക എന്നതാണ്. കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുത്ത രക്ഷിതാക്കള്‍ അവരുമായി സംസാരിക്കുകയും അവരെ കൂടുതലായി കേള്‍ക്കുകയുമാണ് ചെയ്യേണ്ടത്. ചെറിയ പ്രായത്തില്‍ കുഞ്ഞുങ്ങളുമായി നല്ല ബന്ധം ഊട്ടിയുറപ്പിക്കാന്‍ കഴിഞ്ഞാല്‍, പ്രായമാകുമ്പോള്‍ ഉപ്പമാര്‍ക്ക് അവരിലെ സ്‌നേഹം പ്രതീക്ഷിക്കാം.

അവലംബം:muslimvillage.com
വിവ:അര്‍ശദ് കാരക്കാട്‌

Facebook Comments
Related Articles
Close
Close