Family

ദാമ്പത്യത്തിലെ പൊരുത്തവും പൊരുത്തക്കേടുകളും 

ഇക്കാലത്ത് ഒട്ടൊക്കെ പുരോഗതി ഉണ്ട്. ഭാഷാപ്രയോഗങ്ങളിലെങ്കിലും. അതായത്, ഞാൻ പല വിവാഹ ഖുത്ബകളിലും പറയാറുള്ള ഒരു കഥ പറയാം. വിജയകരമായ ദാമ്പത്യജീവിതം നയിച്ച ദമ്പതികളെ ഒരു വനിതാ മാസികക്കാരന്‍ (വനിതാ മാസികയ്ക്കാണല്ലോ കുടുംബപരമായ ഉല്‍ക്കണ്ഠകൾ കൂടുതൽ ഉണ്ടാവാറുള്ളത്) ഇന്റര്‍വ്യൂ ചെയ്യുകയാണ്.

എന്താണ് നിങ്ങളുടെ കുടുംബജീവിതവിജയരഹസ്യം? പ്രതികരിച്ചത് ഭര്‍ത്താവാണ്. മാരേജില്‍ ഐ ഇല്ല എന്നാണ് എന്റെ പക്ഷം. എന്നാല്‍ അതുണ്ട് എന്ന് ഇവൾ പറയുമ്പോൾ ഞാനത് സമ്മതിച്ചുകൊടുക്കുകയും ചെയ്യും.

കാര്യം മനസ്സിലായല്ലോ. marriage എന്ന പദം സായിപ്പ് ഉച്ചരിക്കാറുള്ളത് മാരിജ് എന്നും മാര്യജ് എന്നുമൊക്കെയാണത്രേ. എന്നാല്‍ നമുക്കത് മാരേജ് ആണ്. മാരേജ് എന്നുച്ചരിക്കാൻ ഐ എന്ന അക്ഷരം ആവശ്യമൊന്നുമില്ലല്ലോ. ഇംഗ്ലീഷുകാരൻ ഗറാഷ് (garage) എന്നെഴുതിയാല്‍ ഗാരേജ് എന്ന് വായിക്കുന്നവരാണല്ലോ നമ്മൾ.

പക്ഷേ, ഐ (I) എന്നത് ഒരു പദവും കൂടിയാണ്. ഞാൻ എന്ന ബോധത്തെ, അഥവാ അഹത്തെയാണ് അത് സൂചിപ്പിക്കുന്നത്. ദാമ്പത്യത്തിൽ അഹം ഇല്ല. അഥവാ ഞാനും നീയും എന്ന ഈഗോ ഇല്ല. എന്നുപറയുമ്പോൾ പ്രയോഗത്തില്‍ അത് ഞാൻ അഥവാ പുരുഷൻ മാത്രമേയുള്ളൂ എന്നും ആയിത്തീരും. അതുകൊണ്ടാണ് ഐ ഉണ്ട് എന്ന് ഇവൾ പറയുമ്പോള്‍ ഞാനത് സമ്മതിച്ചു കൊടുക്കും എന്ന് അയാൾ പറഞ്ഞത്.

സാറാമ്മ ചായയാണ് കുടിക്കേണ്ടത് എന്ന് കേശവൻ നായര്‍ തീരുമാനിക്കേണ്ടതില്ല. അങ്ങേർക്ക് ചായയോടാണ് പഥ്യമെങ്കില്‍ സാറാമ്മയ്ക്ക് കാപ്പിയും ആവാം. ഈ തോട്ടത്തിൽ ഇണകളായി പ്രവേശിച്ച് നിങ്ങളിരുവരും അവരവർക്കിഷ്ടമുള്ളത് ആസ്വദിച്ചുകൊൾക എന്നാണ് അല്ലാഹു ആദമിനോട് പറഞ്ഞത് (ഖുർആൻ).

ഭാഷാപ്രയോഗത്തെക്കുറിച്ചാണല്ലോ പറഞ്ഞുവന്നത്? പണ്ടൊക്കെ പെണ്ണുകെട്ടലാണ് പതിവ്. കണ്ണൂരിൽ മാപ്പിള സമുദായത്തില്‍ ആണിന്റെ കാര്യത്തിൽ പെണ്ണു കെട്ടുക എന്നും പെണ്ണിന്റെ കാര്യത്തിൽ വാഴിക്കുക (ശരിക്കും പറഞ്ഞാൽ ബായിക്കുക) എന്നും പറയും. പെണ്ണിന്റെ കാര്യത്തിൽ പ്രയോഗം കര്‍മണി (പാസീവ്) ആണ് എന്നതും ശ്രദ്ധിക്കുക. വാഴിക്കുക എന്നതിനെയാണല്ലോ അഭിഷിക്തനാക്കുക എന്നൊക്കെ സംസ്‌കൃതമലയാളത്തിൽ പറയുക. എന്നുവെച്ചാൽ ഒരു പെണ്ണിന്റെ സ്വത്വത്തിന്റെ പാരമ്യം, അവളുടെ പരമപദം എന്നത് ഭാര്യയായിരിക്കുക എന്നതാകുന്നു.

അപ്പോഴും അവൾ ഭാര്യയാവുകയല്ല ചെയ്യുന്നത്. കെട്ടുന്നവൻ അവളെ ഭാര്യയാക്കുകയാണ്. അവൻ അവളെയങ്ങ് കെട്ടുന്നു, കെട്ടിപ്പൂട്ടിയിടുന്നു. അതായത് അവൾ ഓബ്‌ജെക്ട് ആണ്. (വാണുകഴിഞ്ഞാൽപ്പിന്നെ പെണ്ണ് വീണു എന്നും പറയാം ആലങ്കാരികമായി).

എന്നാൽ ഇന്ന് ആരും പെണ്ണു കെട്ടുക എന്നോ വാഴിക്കുക എന്നോ ഒന്നും പൊതുവെ പറയാറില്ല. ആണായാലും പെണ്ണായാലും വിവാഹം കഴിക്കലാണ്. അയാളുടെ ഭാഗത്ത് അയാളും അവളുടെ ഭാഗത്ത് അവളും കര്‍ത്താക്കൾ തന്നെയാണ്.

നമ്മുടെ ഇംഗ്ലീഷിലും സമാനമായ വ്യത്യാസങ്ങളുണ്ടായിട്ടുണ്ടെന്ന് തോന്നുന്നു. മുമ്പൊക്കെ കല്യാണക്കുറി ഇംഗ്ലീഷിൽ തയ്യാറാക്കുമ്പോള്‍ ആണിന്റെ പക്ഷത്ത് നിന്നുള്ള കത്തില്‍ Rajan ‘weds’ Saritha എന്നാണ് അച്ചടിക്കാറുള്ളതെങ്കിൽ അതേ കല്യാണത്തിന്റെ കുറി പെണ്ണിന്റെ ഭാഗത്ത് നിന്നാകുമ്പോൾ Saritha ‘to’ Rajan എന്നാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് അങ്ങനെ കാണുന്നില്ല. രണ്ട് പക്ഷത്തും ഈ രണ്ട് ക്രിയകളും ഒരുപോലെ ഉപയോഗിക്കപ്പെടാറുണ്ട്. സ്വാഭാവികമായും അതിലെ അര്‍ത്ഥപരികല്‍പനകൾ തന്നെ മാറിയിട്ടുണ്ട്.

(കൂട്ടത്തിൽ ഒരു തമാശ ഓര്‍ക്കട്ടെ. ഒരിക്കലൊരു കോളജിൽ ഒരു പ്രഭാഷണത്തിന് പോയപ്പോൾ വേദിയിലിരുന്ന ആണ്‍കുട്ടിയായ യൂനിയൻ അധ്യക്ഷനെ ഞാന്‍ ചെയർപെർസൻ എന്ന് വിശേഷിപ്പിച്ചു. കുട്ടികൾ മാത്രമല്ല, ഒന്നുരണ്ട് അധ്യാപകരും പിന്നീടുണ്ടായ അനൗദ്യോഗിക സംഭാഷണത്തിൽ അല്‍ഭുതം പ്രകടിപ്പിച്ചു. ആണ്‍കുട്ടിയാകുമ്പം ചെയര്‍മാൻ എന്നാണത്രേ പറയേണ്ടത്. ചെയർപെർസൻ എന്നത് പെണ്‍കുട്ടികളുടെ വിശേഷണമാണ് പോലും.

അതായത്, പെണ്ണിനേ പെർസനാലിറ്റി ഉള്ളൂ എന്ന്. ആണിനുള്ളത് വ്യക്തിത്വമല്ല, ആണത്തമാണ്. പക്ഷേ, പ്രശ്‌നം പെണ്ണിനെ വിശേഷിപ്പിക്കുന്ന പദം കൊണ്ട് ആണിനെ വിശേഷിപ്പിച്ചുകളഞ്ഞു എന്നതാണ്).

എന്തായാലും ഭാഷാ പ്രയോഗത്തിലുള്ള ഈ പുരോഗതി ചിന്തയിലും ജീവിതത്തിലും കൂടി ഉണ്ടായിരുന്നെങ്കിൽ ഒരുപാട് പ്രശ്‌നങ്ങൾ പരിഹരിക്കപ്പെടുമായിരുന്നു.

എല്ലാ മനുഷ്യബന്ധങ്ങളുടെയും അടിസ്ഥാന ഭാവം സൗഹൃദമാകണം. ബാക്കി പ്രത്യേകമായ ബാധ്യതകളും അവകാശങ്ങളുമൊക്കെ അതിന്റെ മേലാണ്. സൗഹൃദമാകുമ്പോൾ അതില്‍ തുല്യതയുമുണ്ട്. ഞാനിവിടെ ഓർക്കുന്നത് English Vinglish എന്ന സിനിമയില്‍ ശശി ഗോദ്ബാലെ എന്ന കഥാപാത്രം (ശ്രീദേവി) നടത്തിയ ഒരു പ്രഭാഷണം (നികാഹ് ഖുത്ബ എന്നും പറയാം) ആണ്. ഇംഗ്ലീഷ് പഠിച്ചു തുടങ്ങിയ ശശി അവരുടേതായ ഇംഗ്ലീഷിലാണ് സംസാരിക്കുന്നത്.

This marriage is a beautiful thing. It is the most special friendship of two people WHO ARE EQUAL. Life is a long journey. Meera, sometimes you will feel you are less than Kevin. Kevin, sometimes you will also feel you are less than Meera. Try to HELP EACH OTHER to feel EQUAL.

ഇങ്ങനെയെങ്കിൽ മാത്രം സാധ്യമാകുന്ന, ദാമ്പത്യ ജീവിതത്തിന്റെ സവിശേഷതയെ സൂചിപ്പിച്ചുകൊണ്ട് ശശി തന്റെ പ്രഭാഷണം അവസാനിപ്പിക്കുന്നു. Family the only place, where you’ll always get love and respect.

പരിഗണനയിൽ തുല്യത നൽകുന്ന ഈ സൗഹൃദഭാവം. അതാണ് ബന്ധങ്ങളുടെ വിജയത്തിന്റെ ഏറ്റവും പ്രധാന ഉപാധി. പല ദാമ്പത്യബന്ധങ്ങളും തകരുന്നത് പരസ്പരം സ്‌നേഹമില്ലാത്തതു കൊണ്ടല്ല, മറിച്ച് സൗഹൃദത്തിന്റെ അഭാവം നിമിത്തമാണ്. ഇണകൾക്കിടയിൽ പ്രവര്‍ത്തിക്കേണ്ടത് എന്ന് ഖുര്‍ആനിൽ പറയുന്ന, മവദ്ദതൻ വ റഹ്മ (passion and compassion) എന്ന രണ്ട് സോഫ്റ്റ്‌വെയറുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഈ സൗഹൃദഭാവം അനിവാര്യമാണ്.

പാഷനും കംപാഷനും ചേരേണ്ടതുപോലെ ചേരുമ്പോഴാണ് ഇണകൾക്കിടയിൽ സവിശേഷമായ intimacy രൂപപ്പെടുന്നത്. ഈ രണ്ട് വികാരങ്ങളെ വേദപുസ്തകം പ്രത്യേകം എടുത്തുപറയുന്നതും അതുകൊണ്ടാണ്.

ശരിയായ സൗഹൃദം രൂപപ്പെടുക, ശാരീരിക വേഴ്ചയെക്കാൾ മാനസിക സംലയനത്തിന് പ്രാധാന്യം നല്‍കണം. (ശരിക്കും സംലയം എന്ന് മതി. പക്ഷേ. തമാശയെന്തെന്നാൽ ലയിച്ചു ചേരൽ എന്നതിനൊപ്പം നാശം, പ്രളയം എന്നിങ്ങനെക്കൂടി അർത്ഥങ്ങളുള്ള പദമാണ് സംലയം. ജീവിതത്തെ താളപ്പൊരുത്തത്തിന്റെ കലയാക്കി മാറ്റാനും അതിനെത്തന്നെ തകര്‍ത്ത് പണ്ടാരടക്കാനും നമുക്ക് തന്നെ കഴിയും, നമുക്ക് തന്നെയാണ് കഴിയുക. അതായത് രണ്ടിലേത് സംലയം വേണമെന്ന് നമുക്ക് തീരുമാനിക്കാനാവും എന്നർത്ഥം). ഈ മാനസിക സംലയനത്തെ വേണമെങ്കില്‍ നമുക്ക് intellectual intercourse എന്ന് വിശേഷിപ്പിക്കാം.

സൗഹൃദത്തിൽ പരസ്പരമുള്ള അംഗീകാരവും വളരെ പ്രധാനമാണ്. പങ്കാളിയെ അയാളായിത്തന്നെ അംഗീകരിക്കുക. നമുക്ക് നമ്മുടെ ഭാവി ജീവിതപങ്കാളിയെപ്പറ്റി ഒരു കണ്‍സെപ്റ്റ് ഉണ്ടാവും. പക്ഷേ, വന്നുകയറുന്ന സഖി/ സഖാവ് തികച്ചും വ്യത്യസ്തനായ ഒരു വ്യക്തിയാണ്. നമ്മുടെ സ്വപ്‌നം എന്നത് കേവലം സങ്കല്‍പവും ആ ആളിന്റെ വ്യക്തിത്വം എന്നത് യാഥാര്‍ത്ഥ്യവുമാണ്.

യാഥാർത്ഥ്യത്തിന് വേണ്ടി സങ്കൽപത്തെ വലുതാക്കുകയാണ് വേണ്ടത്, മറിച്ച് യാഥാർത്ഥ്യത്തെ സങ്കൽപത്തിനകത്ത് ഞെരുക്കുകയല്ല. നമ്മുടെ വിചാരങ്ങൾ പ്രൊക്രൂസ്റ്റസിന്റെ കട്ടിൽ പോലെയാകാൻ പാടില്ലെന്നർത്ഥം. സങ്കല്‍പത്തിൽ വിട്ടുവീഴ്ചയില്ലാതിരിക്കുന്നതിന് മാത്രമല്ല, അധികാരത്തിനും കൂടി മെറ്റഫർ ആണ് പ്രൊക്രൂസ്റ്റസിന്റെ കട്ടിൽ.

ഡെയിൽ കാർനഗിയുടെ ഏഴ് വിവാഹനിയമങ്ങളിൽ ഒന്നും ഇതാണ്. Don’t try to make your partner over. അവനെ അവനായിരിക്കാനും അവളെ അവളായിരിക്കാനും അനുവദിക്കുക. നമ്മൾ മനസ്സിൽ കൊണ്ടു നടക്കുന്ന മറ്റൊന്നാക്കി അവനെയോ അവളെയോ മാറ്റാൻ ശ്രമിക്കാതിരിക്കുക.

(പരസ്പരം പൊരുത്തക്കേടുമായി അസ്വസ്ഥരായി മുന്നോട്ടു പോകുന്ന ചില ദമ്പതികൾ കൗണ്‍സലിങ്ങിന് വേണ്ടി ഇതെഴുതുന്നയാളെ സമീപിക്കാറുണ്ട്. മനശ്ശാസ്ത്ര കൗണ്‍സലിങ്ങല്ല, ഒരു ഖത്വീബ് എന്ന നിലക്കുള്ള നസീഹത്തുകൾ ഞാനവർക്ക് നല്‍കും. ഞാനണിയുന്ന പല വേഷങ്ങളിൽ ഒന്നാണല്ലോ ഉപദേശിയുടെ വേഷം. നസീഹത്തിൽ ഒതുങ്ങാത്ത കേസാണെന്ന് കണ്ടാൽ ഉടനെ സൈക്കോളജിസ്റ്റിന്റടുത്തേക്ക് പറഞ്ഞുവിടും. നമുക്ക് ആധികാരികതയില്ലാത്ത മേഖലകളിൽ നമ്മൾ ഇടപെടാറില്ല. അത്യാവശ്യം മനശ്ശാസ്ത്രമൊക്കെ അറിയാമെങ്കിലും ഞാനൊരു മനശ്ശാസ്ത്രജ്ഞനല്ലല്ലോ.

അങ്ങനെ സമീപിച്ച ഒരു യുഗ്മത്തിന് നൽകിയ ഉപദേശങ്ങളിൽ നിന്ന്, പൊതുവായി എല്ലാവർക്കും ബാധകമായ ചിലതാണ് മുകളിൽ കുറിച്ചത്. അവരെ പ്രത്യേകം സംബോധന ചെയ്തുകൊണ്ടുള്ള കാര്യങ്ങള്‍ ഇവിടെ പകര്‍ത്തുന്നില്ല. ഏതാണ്ടിതുതന്നെയാണ് പൊതുവെ എന്റെ നികാഹ് ഖുത്ബയുടെയും ചേരുവകൾ. അങ്ങോട്ടുമിങ്ങോട്ടുമൊക്കെ മാറും എന്നേയുള്ളൂ. പിന്നെ സാഹചര്യാനുസൃതമായ കൂട്ടിച്ചേര്‍ക്കലുകളും.

Facebook Comments

മുഹമ്മദ് ശമീം

എഴുത്തുകാരന്‍, പ്രഭാഷകന്‍, ചിന്തകന്‍. 1971 മാര്‍ച്ച് 28 ന് കണ്ണൂര്‍ ജില്ലയിലെ പാപ്പിനിശ്ശേരിയില്‍ ജനനം. മതങ്ങളുടെ ദര്‍ശനം, താരതമ്യ പഠനം ,ചരിത്രം എന്നിവയിലും സാമൂഹിക, പരിസ്ഥിതി വിഷയങ്ങളിലും ഗ്രന്ഥങ്ങളും പ്രബന്ധങ്ങളും രചിച്ചിട്ടുണ്ട്. ബുദ്ധന്‍, യേശു, മുഹമ്മദ് എന്ന കൃതിയാണ് മാസ്റ്റര്‍ പീസ്.

 

 

 

Related Articles

Back to top button

Adblock Detected

Please consider supporting us by disabling your ad blocker