Current Date

Search
Close this search box.
Search
Close this search box.

ബഹുഭാര്യത്വത്തോടുള്ള സമീപനം

സ്ത്രീകളോട് നീതിയോടെയും തുല്യതയോടെയും വർത്തിക്കുകയും ആവശ്യമെങ്കിൽ ഒരേസമയം രണ്ടോ മൂന്നോ നാലോ ഭാര്യമാരെ വേൾക്കാൻ ഇസ്ലാം പുരുഷന്മാർക്ക് അനുവാദം നൽകുകയും ചെയ്തിട്ടുണ്ട്. അഥവാ ബഹുഭാര്യത്വം ഇസ്ലാമിൽ അനുവദനീയമാണ്. ബഹുഭാര്യത്വത്തിന് അനുകൂലമായി നിരവധി വാദമുഖങ്ങൾ നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് ചുവടെ വിവരിക്കാം.

ഏക പത്നീ സമ്പ്രദായത്തിൽ ഭർത്താവ് മറ്റൊരു സ്ത്രീയുമായി പ്രേമത്തിലാവുകയാണെങ്കിൽ, അയാളുടെ ആദ്യ ഭാര്യയെ ഒന്നുകിൽ വിവാഹമോചനം ചെയ്യേണ്ടിവരും. അല്ലെങ്കിൽ അയാൾ വ്യഭിചാരത്തിന് നിർബന്ധിതനാവും. ഇത്തരമൊരു സാഹചര്യത്തിൽ പുരുഷന് അയാൾ സ്നേഹിക്കുന്ന സ്ത്രീയെ അവിഹിതമായി ബന്ധപ്പെടാൻ അനുവദിക്കുന്നതിന് പകരം ഇസ്ലാം അവളെ വിവാഹം കഴിക്കാൻ അനുവാദം നൽകുന്നു.

ബഹുഭാര്യത്വം പുരുഷന് മാത്രമല്ല ഗുണം ചെയ്യുന്നത്. മറിച്ചു സ്ത്രീകളുടെ താൽപര്യത്തിന് കൂടിയാണ് അനുവദിച്ചിട്ടുളളത്. കാരണം സ്ത്രീയും പുരുഷനും ഇതിൽ ഉൾപ്പെട്ടിട്ടുണ്ടല്ലോ. ഭർത്താവില്ലാതിരിക്കുന്നതിനെക്കാൾ നല്ലതാണ് ഒരു സ്ത്രീ രണ്ടാമത്തെ സഹധർമ്മിണിയായി നിലകൊള്ളുന്നത്. ബഹുഭാര്യത്വ സമ്പ്രദായത്തിൽ, വിവാഹവേളയിൽ തന്റെ ഭർത്താവിന് ആദ്യ ഭാര്യയുണ്ടെന്ന് രണ്ടാമത്തെ ഭാര്യ അറിയുന്നുണ്ട്. എന്നിട്ടും ആ അവസ്ഥ അവർ സ്വമേധയാ സ്വീകരിക്കുകയാണ് ചെയ്യുന്നത്. അതിനാൽ ബഹുഭാര്യത്വം സ്ത്രീയുടെ തന്നെ സംരക്ഷണവും നന്മയും ഉൾക്കൊള്ളുന്നതായി കാണാം.

സ്ത്രീയുടെ അനുവാദം
ഇസ്ലാമിലെ ബഹുഭാര്യത്വം ആദ്യത്തേയോ രണ്ടാമത്തെയോ ഭാര്യയെ സംബന്ധിച്ചിടത്തോളം ഒരു ഭീഷണിയല്ല. കാരണം ഓരോ സഹധർമ്മിണിക്കും അവരുടേതായ പ്രത്യേക അവകാശമുണ്ട്. ഒരു ഭാര്യയ്ക്ക് മറ്റൊരുവളുടെ അവകാശത്തെ കൈവശപ്പെടുത്തേണ്ടതില്ല. ചില ഭാര്യമാർ രണ്ടാമതൊരു വിവാഹം ചെയ്യാൻ തന്റെ ഭർത്താവിനെ പ്രേരിപ്പിക്കുന്നതായി കാണാം. വിശേഷിച്ചും ആദ്യഭാര്യ നിത്യരോഗിണിയോ വന്ധ്യയോ ആണെങ്കിൽ. തന്റെ ഭർത്താവിന്റെ രണ്ടാം വിവാഹത്തിന് ആദ്യഭാര്യ മുൻഗണന നൽകുന്നു എന്നാണ് ഇത് വ്യക്തമാക്കുന്നത്.

ബഹുഭാര്യത്വം ചില പുരുഷന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുക മാത്രമല്ല മറിച്ച് സ്ത്രീകളുടെ കൂടി പ്രശ്നങ്ങൾക്ക് പരിഹാരമാണ്. ബഹുഭാര്യത്വത്തിൽ ഒരു സ്ത്രീ മറ്റൊരു ഭാര്യയുള്ള പുരുഷനെ വേളി കഴിക്കാൻ തെരഞ്ഞെടുക്കുന്നത് കാണാം. ബഹുഭാര്യത്വം സ്ത്രീയുടേയും പുരുഷന്റെയും പ്രശ്നങ്ങളെ ഒരുപോലെ പരിഹരി ക്കുന്നുവെന്നാണ് ഇതിൽനിന്ന് വ്യക്തമാവുന്നത്.

ഭർത്താവിന്റെ ഉത്തരവാദിത്തം
ചില ആളുകൾ വാദത്തിന് വേണ്ടിയെങ്കിലും ഒന്നിലേറെ ഭർത്താവിനെ സ്വീകരിക്കാൻ ഭാര്യക്ക് അവകാശമുണ്ടാവണം എന്ന് ആവശ്യപ്പെടാറുണ്ട്. പക്ഷേ, ഈ വാദം ആരോഗ്യകരമായ സമൂഹത്തിന്റെ താൽപര്യത്തിന് എതിരാണ്. അഥവാ സ്ത്രീക്കും പുരുഷനും സന്താനങ്ങൾക്കുമെല്ലാം എതിരാണ് ഇത്തരം ചിന്താഗതി. ബഹുഭർതൃത്വ വ്യവസ്ഥയിൽ ഒരു കുട്ടിയുടെ പിതൃത്വം ഒരു പുരുഷനിൽ മാത്രം പരിമിതപ്പെടുത്തുക അസാധ്യമാണ്. കൂടാതെ ബഹുഭർതൃത്വത്തെ സ്ത്രീകൾ വെറുക്കുന്നു എന്നതാണ് അവരുടെ മനഃശ്ശാസ്ത്ര പരമായ പ്രകൃതി.

അതിനെല്ലാമുപരിയായി ബഹുഭർതൃത്വം കാരണമായി സ്ത്രീകൾക്ക് ലൈംഗികരോഗവും ഗർഭപാത്രത്തിൽ കാൻസർ ബാധയും ഉണ്ടായേക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. പരപുരുഷ ബന്ധം സ്ത്രീകളുടെ പ്രകൃതിയുമല്ല. അതേയവസരം ഒന്നോ അതിലധികമോ സ്ത്രീകളെ പരിപാലിക്കുക എന്നത് പുരുഷ പ്രകൃതിയുടെ ഭാഗമാണ്.

ഇസ്ലാമിക നിയന്ത്രണങ്ങൾ
ഇസ്ലാമിന്റെ ആഗമനത്തിന് മുമ്പ് ലോകത്തിന്റെ മിക്ക ഭാഗങ്ങളിലും ബഹുഭാര്യത്വം ജനങ്ങളുടെ ആചാരമായിരുന്നു. അനുവദനീയമല്ലാത്ത കാര്യം അനുവദനീയമാക്കാൻ നിലവിൽ വന്ന പ്രസ്ഥാനമൊന്നുമല്ല ഇസ്ലാം. അനിയന്ത്രിത ബഹുഭാര്യത്വത്തെ നിയന്ത്രണവിധേയമാക്കുകയാണ് ചെയ്തത്. ഇസ്ലാമിന് മുമ്പ് പുരുഷന് എത്ര സ്ത്രീകളെ വേണമെങ്കിലും വിവാഹം കഴിക്കാമായിരുന്നു. ഇത് നാലിൽ പരിമിതപ്പെടുത്തുവാനും അവർക്കിടയിൽ സമത്വവും നീതിയും ഉറപ്പ് വരുത്താനുമാണ് ഇസ്ലാം ഉദ്ദേശിച്ചത്. ഒരു ഭർത്താവിന് ഒരു ഭാര്യ എന്ന വ്യവസ്ഥയാണ് മാതൃകാപരമായ നിലപാട്. എന്നാൽ അനേകായിരം സ്ത്രീകളെ അവിവാഹിതരായി ഉപേക്ഷിക്കുന്നതിനെക്കാൾ സമൂഹത്തിൽ ബഹുഭാര്യത്വം നിരുപദ്രവകരമായ സാഹചര്യം സൃഷ്ടിച്ചേക്കാം. കൂടുതൽ ഹാനികരമായത് ഒഴിവാക്കി കുറഞ്ഞ ഉപദ്രവം സ്വീകരിക്കുക എന്ന തെരെഞ്ഞടുപ്പിന്റെ പ്രശ്നമാണത്.

വന്ധ്യയായ സ്ത്രീ
ഒരു സ്ത്രീ വന്ധ്യയാണ്. അവൾ അവളുടെ ഭർത്താവിനെ സ്നേഹിക്കുന്നു. ഭാർത്താവ് തിരിച്ച് അവളേയും സ്നേഹിക്കുന്നു. ഭർത്താവിന് ഒരു കുട്ടി ഉണ്ടാവാൻ അവൾക്ക് അതിയായ ആഗ്രഹവുമുണ്ട്. എന്താണ് പരിഹാരം? ഏകപത്നീ സമ്പ്രദായത്തിൽ വിവാഹ മോചനമാണ് ഒരേ ഒരു പരിഹാരം. താൻ സ്നേഹിക്കുന്ന ഭാര്യയെ ഭർത്താവ് വിവാഹ മോചനം ചെയ്യുകയും മറ്റൊരു സ്ത്രീയെ വേൾക്കുകയും ചെയ്യുന്നു. ചിലപ്പോൾ പൂർവ്വ ഭാര്യയുമായി അവിഹിത ബന്ധം ഉണ്ടായി എന്നും വരാം.

എന്നാൽ ബഹുഭാര്യത്വ വ്യവസ്ഥയിൽ പരിഹാരം കുറേക്കൂടി കാരുണ്യപരമാണ്. തന്റെ ആദ്യഭാര്യയെ വിവാഹമോചനം ചെയ്യാതെ തന്നെ മറ്റൊരു ഭാര്യയെ സ്വീകരിക്കാവുന്നതാണ്. ഇത് ഭാര്യയേയും ഭർത്താവിനേയും ഒന്നിപ്പിക്കുന്നു. ആദ്യ ഭാര്യയെ വിവാഹമോചനം ചെയ്ത് അവരുടെ ഹൃദയം പിളർക്കേണ്ടതില്ല. അതേയവസരം ഒരു പിഞ്ചോമനയെ കാണാനുള്ള തന്റെ ഭർത്താവിന്റെ സ്വപ്നം ഇതോടെ പൂവണിയുകയും ചെയ്യുന്നു.

രോഗം
സഹധർമ്മിണി രോഗം കൊണ്ട് വലയുകയാണെങ്കിൽ, അത് അവളുടെ ഭർത്താവിന്റെ ലൈംഗികചോദനയെ തൃപ്തിപ്പെടുത്താൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. ഏകഭർതൃ വ്യവസ്ഥയിൽ ഭർത്താവ് ഒന്നുകിൽ അവളെ വിവാഹമോചനം ചെയ്യുകയും അവളെ ഏകാന്തതയിലേക്ക് തള്ളിവിടുകയുമാണ് ചെയ്യുക. അതോടെ അവരുടെ ജീവിതം ഗതിമുട്ടുകയും തുടർന്ന് മരണത്തിന് കീഴടങ്ങുകയുമായിരിക്കും ഫലം. എന്നാൽ ബഹുഭാര്യാത്വ വ്യവസ്ഥയിൽ ഈ മനുഷ്യൻ തന്റെ രോഗിയായ ഭാര്യയെ കൂടെ നിർത്തുകയും അവളോടുള്ള കടപ്പാട് നിർവ്വഹിക്കുകയും രണ്ടാമതൊരു വിവാഹം ചെയ്തു കൊണ്ട് തന്റെ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നു.

രോഗിണിയായ ആദ്യഭാര്യയെ സംബന്ധിച്ചിടത്തോളം ഏതാണ് നല്ലത്? അവളെ അഭയാർത്ഥി ക്യാമ്പിലേക്ക് വലിച്ചെറിയുന്നതോ അല്ല ഭാര്യയായി കഴിയുന്നതോ? ഭർത്താവിനെ സംബന്ധിച്ചേട ത്തോളം ആദ്യഭാര്യയോടുള്ള അയാളുടെ വികാരവായ്പ് പരിഗണിക്കുമ്പോൾ ഏതാണ് ഉത്തമം? ആദ്യഭാര്യയെ തെരുവിലേക്ക് വലിച്ചെറിയുന്നതോ മറിച്ച് തന്റെ ഭാര്യയായി തുടരാൻ അനുവദിക്കുന്നതോ? ഭർത്താവും ഭാര്യയും തങ്ങളുടെ പ്രശ്നത്തിന് ഏറ്റവും നല്ല പരിഹാരമായി ഭർത്താവിനെ രണ്ടാമതൊരു ഭാര്യയെ സ്വീകരിക്കാൻ അനുവദിക്കുന്നതാണ് ഉത്തമമെങ്കിൽ വിവാഹമോചനം ചെയ്യാൻ നിയമമെന്തിന് നിർബന്ധിക്കണം?

മാറുന്ന മനസ്സ്
ഒരാൾ തന്റെ ഭാര്യയിൽ നിന്ന് വിവാഹമോചനം നേടി മറ്റൊരുവളെ വിവാഹം ചെയ്തു. രണ്ട് ഭാര്യമാരിലും കുട്ടികളുമുണ്ടായിരുന്നു. പിന്നീട് തങ്ങൾക്കും തങ്ങളുടെ കുട്ടികൾക്കും വേണ്ടി പുനർവിവാഹം ചെയ്യുന്നതാണ് ഉത്തമം എന്ന് അദ്ദേഹത്തിനും അയാളുടെ വിവാഹമോചിതയായ മുൻ ഭാര്യക്കും തോന്നി. ഇപ്പോഴത്തെ ഭാര്യക്ക് അതിൽ വിരോധവുമുണ്ടായിരുന്നില്ല. ഇത്തരം സന്ദർഭങ്ങളിൽ ബഹുഭാര്യത്വനിയമം അയാളുടെ വിവാഹ മോചിതയായ മുൻ ഭാര്യയെയും കുട്ടികളെയും സംരക്ഷിക്കുന്നു.

അമിത ലൈംഗികാവേശം
ചില പുരുഷന്മാർക്ക് അമിതമായ ലൈംഗികത്വര ഉണ്ടാവാറുണ്ട്. അത്തരം വ്യക്തികൾക്ക് സ്ത്രീകളുടെ പ്രകൃതിപരമായ വ്യതിയാനങ്ങളുമായി രാജിയാവാൻ കഴിഞ്ഞുകൊള്ളണമെന്നില്ല. ബഹുഭാര്യത്വം അത്തരക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. ഏകപത്നീ സമ്പ്രദായത്തിൽ അത്തരം വ്യക്തികൾ ഇത്തരം സന്ദർഭങ്ങളിൽ അനാശാസ്യ പ്രവർത്തനങ്ങളിലേക്ക് തള്ളപ്പെടും. മറിച്ച് ഭർത്താവ് ലൈംഗിക ബലഹീനതയുള്ള വ്യക്തിയാണെങ്കിൽ തീർച്ചയായും ഭാര്യക്ക് വിവാഹമോചനം നേടാനും ഇസ്ലാം അനുമതി നൽകുന്നുണ്ട്. സ്ത്രീയോടും പുരുഷനോടും ഇസ്ലാം നീതിയുടെ നിലപാടാണ് സ്വീകരിക്കുന്നത്.

വിധവകൾ
ചില സ്ത്രീകൾ ബഹുഭാര്യത്വത്തെ നിശിതമായി വിമർശിക്കാറുണ്ട്. എന്നാൽ മറ്റുചില സ്ത്രീകളാകട്ടെ അതിന്റെ ഗുണഭോക്താക്കളുമാണ്. പുനർവിവാഹിതയാവാൻ അവസരം ലഭിക്കാത്ത വിധവകൾക്കും മറ്റും ബഹുഭാര്യത്വം അനുഗ്രഹമാണ്. കൂടാതെ രോഗിണിയായ അല്ലെങ്കിൽ വന്ധ്യയായ സ്ത്രീയെ സംബന്ധിച്ചേടത്തോളം ബഹുഭാര്യത്വം അവൾക്ക് സുരക്ഷയും വൈവാഹിക ജീവിതത്തിനുള്ള മാർഗ്ഗവുമാണ്. ഏകപത്നീ സമ്പ്രദായത്തിൽ വിധവ എന്നും വിധവയായോ രോഗിയായോ നിലകൊള്ളും.

അനാശാസ്യപ്രവർത്തനങ്ങൾ തടയുന്നു
വിവാഹിതനായ പുരുഷൻ അവിവാഹിതയായ സ്ത്രീയെ സ്നേഹിച്ചേക്കാം. ബഹുഭാര്യത്വത്തിൽ ഈ രണ്ടാമത്തെ സ്ത്രീയെ വിവാഹം ചെയ്ത് പരിഹാരം കാണാവുന്നതാണ്. എന്നാൽ ഏകപത്നീ സമ്പ്രദായത്തിൽ ആദ്യഭാര്യയെ വിവാഹമോചനം ചെയ്യുകയും അതിനുശേഷം പ്രണയത്തിലായ സ്ത്രീയെ വിവാഹം ചെയ്യുകയുമാണ് പരിഹാരം. അല്ലെങ്കിൽ ആദ്യഭാര്യയെ നിലനിർത്തുകയും പ്രണയത്തിലായ സ്ത്രീയുമായി അവിഹിത ബന്ധത്തിലേർപ്പെടുകയും ചെയ്യുകയാണ് മറ്റൊരു മാർഗ്ഗം.

ലളിത പരിഹാരം
ഏകപത്നീസമ്പ്രദായം ഒരിക്കലും വിവാഹമോചനം അനുവദിക്കുന്നില്ല. രോഗിണിയായ ഭാര്യയുള്ള ഭർത്താവ് മറ്റൊരു പെൺകുട്ടിയുമായി പ്രണയത്തിലാവുന്നു. ഏകപത്നീ സമ്പ്രദായത്തിൽ അത്തരമൊരു വ്യക്തിക്ക് രണ്ടാമതൊരു വിവാഹം അസാധ്യവും നിലവിലുള്ള ഭാര്യയെ വിവാഹമോചനം ചെയ്യാൻ കഴിയാതെ വരുന്നതുമായ അവസ്ഥ സംജാതമാകുന്നു. അത്തരമൊരു വ്യവസ്ഥ ഭർത്താവിനെ ഒന്നുകിൽ തെറ്റുചെയ്യാൻ പ്രേരിപ്പിക്കും. അല്ലെങ്കിൽ ഭാര്യയെ ഇല്ലാതാക്കാൻ ശ്രമിക്കും. അതുമല്ലെങ്കിൽ വിവാഹ മോചനം ലഭിക്കാൻ വ്യഭിചാരാരോപണമടക്കമുള്ള ഹീനമായ രീതികൾ സ്വീകരിക്കും.

ഇസ്ലാം മതം പോലെ; ബഹുഭാര്യത്വത്തിന് അനുവാദമുള്ള വ്യവസ്ഥയിൽ പുരുഷൻ തന്റെ സഹധർമ്മിണിയെ പീഡിപ്പിക്കുകയില്ല. കുറ്റാരോപണം നടത്തുകയോ അവിഹിത ബന്ധത്തിലേർപ്പെടുകയോ ചെയ്യുകയില്ല. അയാൾക്ക് ഇഷ്ടപ്പെടുന്ന മറ്റൊരു സ്ത്രീയെ വിവാഹം ചെയ്യാവുന്നതേയുള്ളൂ.

ഒരു കാരണത്തിലല്ലെങ്കിൽ മറ്റൊരു കാരണത്താൽ ചിലപ്പോൾ ഭർത്താവ് ഭാര്യയെ വെറുത്തു എന്നുവരാം. ബഹുഭാര്യാത്വ വ്യവസ്ഥയിൽ അയാൾക്ക് രണ്ടാമതൊരു ഭാര്യയെ വിവാഹം കഴിക്കാം. രണ്ടാമത്തെ വിവാഹം ആദ്യഭാര്യയുടെ മനോഭാവത്തിൽ തന്നെ മാറ്റം വരുത്തിയേക്കാം. ചിലപ്പോൾ രണ്ടാമത്തെ ഭാര്യയുമായി താരതമ്യം ചെയ്യുമ്പോൾ ആദ്യ ഭാര്യ മെച്ചപ്പെട്ടവളാണ് എന്നും ബോധ്യമായേക്കാം. എന്നാൽ ഏകപത്നീ സമ്പ്രദായത്തിൽ പരിഹാരം വിവാഹമോചനമോ അല്ലെങ്കിൽ മരണം വരെ ദുരിതപൂർണ്ണമായ ജീവിതമോ മാത്രമാണ്.

ജനസംഖ്യ
ബഹുഭാര്യത്വം വ്യക്തികളുടെ മാത്രമല്ല മൊത്തം സമൂഹത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നു. പലപ്പോഴും സ്ത്രീജനസംഖ്യ പുരുഷന്മാരെ എണ്ണത്തിൽ കവച്ചുവെയ്ക്കുന്നു. കാരണം യുദ്ധങ്ങളിലും അപകടങ്ങളിലും പുരുഷന്മാരാണല്ലോ കൂടുതൽ മരണപ്പെടുന്നത്. കൂടാതെ ശരാശരി ആയുസ്സ് സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് കുറവാണെന്നും കണക്കുകൾ പറയുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് ഏതൊരു രാജ്യത്തും സ്ത്രീജനസംഖ്യ പുരുഷന്മാരുടെ എണ്ണത്തെക്കാൾ കൂടുതലാണെന്നാണ്. ബഹുഭാര്യത്വത്തിലൂടെ കൂടുതൽ സ്ത്രീകൾക്ക് വിവാഹ സൗഭാഗ്യം കൈവരുന്നു. എന്നാൽ ഏകപത്നീ സമ്പ്രദായത്തിൽ അനേകായിരം അവിവാഹിതരായ സ്ത്രീകളുടെ പ്രശ്നങ്ങൾ അപരിഹാര്യമായി തന്നെ നിലകൊള്ളുന്നു.

ചുരുക്കത്തിൽ ഇസ്ലാമിലെ ബഹുഭാര്യത്വത്തിന് അതിന്റെതായ ന്യായീകരണങ്ങളുമുണ്ട്. അനേകം സ്ത്രീപുരുഷന്മാരുടെ മനഃശാസ്ത്രപരവും സാമൂഹികവുമായ നിരവധി പ്രശ്നങ്ങൾ അത് പരിഹരിച്ചിട്ടുണ്ട്.

വിവ- ഇബ്രാഹീം ശംനാട്, മൂസക്കുട്ടി വെട്ടിക്കാട്ടിരി

Related Articles