Current Date

Search
Close this search box.
Search
Close this search box.

അവിവാഹിതരുടെ ചെവിയിലൊരു മന്ത്രം!

വിവാഹം കഴിക്കുന്നതിനെ സംബന്ധിച്ച് നല്ലതും ചീത്തതുമായ ധാരാളം സംസാരങ്ങൾ നടക്കാറുണ്ട്. ഒരുവിഭാഗം വിവാഹത്തെ മഹത്തരമായി കാണുകയും, വിവാഹം കഴിക്കുന്നതിനെ പിന്തുണക്കുകയും ചെയ്യുന്നു. ഇത് വളരെ കുറച്ച് മാത്രമാണ്. എന്നാൽ മറ്റൊരു വിഭാഗം വിവാഹം നരക തുല്യമാണെന്നും, അക്കാര്യത്തിൽ ദൈവത്തോട് ശരണം തേടുകയാണ് നല്ലതെന്നും പറയുന്നു. ഈ രണ്ടാമത്തെ പക്ഷത്താണ് അധികമാളുകളും ഉള്ളത്. ഇതിന്റെ ഫലമെന്നോണം അവിവാഹിതരുടെ മനസ്സിൽ ഭയവും, പേടിയും, വിവാഹം കഴിക്കുന്നതിനോട് വെറുപ്പും ഉണ്ടാകുന്നു. അങ്ങനെ അവരിലെ ഭൂരിഭാഗവും സ്വാതന്ത്രരായി ജീവിക്കുന്നതിനും, ഉത്തരവാദിത്തത്തിൽ നിന്ന് ഒളിച്ചോടി വിഹിതമല്ലാത്ത വൈവകാരിക ബന്ധങ്ങൾ സ്ഥാപിച്ച് ഗൗരവപരമായ ബന്ധങ്ങളിലേക്ക് പ്രവേശിക്കുന്നതിനും പ്രാമുഖ്യം നൽകുന്നു. ഇവിടെ ഏതൊരു വിഭാഗത്തെയാണ് നാം വിശ്വസിക്കേണ്ടത്? എന്തുകൊണ്ടാണ് ഇത്തരത്തിൽ അഭിപ്രായം വ്യത്യാസമുണ്ടാകുന്നത്? വിവാഹം അനുഗ്രമാണോ അതല്ല ശാപമാണോ?

ഈയൊരു ചോദ്യത്തിന് ഉത്തരം നൽകുന്നതിന് മുമ്പ്, ചില സുപ്രധാനമായ ചോദ്യങ്ങൾ ചോദിക്കാൻ നിങ്ങളെന്നെ അനുവദിക്കണം. ഉദാഹരണങ്ങളില്ലാതെ, തെളിവുകളില്ലാത്ത നേരിട്ട് ഉത്തരം പറയുമ്പോൾ അതിന്റെ വിശ്വാസ്യതയിൽ നിങ്ങൾക്ക് സന്ദേഹമുണ്ടാകും. എന്തുകൊണ്ടാണ് വിവാഹമോചന നിരക്ക് വർധിച്ചുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് സ്നേഹ സമ്പന്നമായ ജീവിതത്തെ കുറിച്ച് മാത്രം സംസാരിച്ചിരുന്ന യുവകുമാരിമാർ വിവാഹ ശേഷം  സ്വർണത്തെയും, സമ്പത്തിനെയും, കടയിൽ പോയി വസ്തുക്കൾ വാങ്ങുന്നതിനെയും സംബന്ധിച്ച് മാത്രം സംസാരിക്കുകയും, ഭർത്താവിനോട് തർക്കിക്കുകയും ചെയ്യുന്ന ദുർമന്ത്രവാദിനികളായി മാറുന്നത്? വിവാഹ ശേഷം അധിക സ്ത്രീകളും വലിയ അർഥത്തിൽ തന്നെ മാറുന്നതായി കാണുന്നു! ഇത് പുരുഷന്മാരെ  അസ്വസ്ഥപ്പെടുത്തുന്നതിനും, അവരുടെ വീട്ടിലെ സാന്നിധ്യം നന്നെ കുറവാകുന്നതിനും കാരണമാകുന്നു. കൂടാതെ, അവർ നിസ്സംഗരും വഞ്ചിതരുമായി കാണപ്പെടുന്നു. തുടർന്ന് പ്രശ്നങ്ങൾ വഷളാവുകയും, പങ്കാളികൾക്കിടയിൽ ഒരു വിടവ് രൂപപ്പെടുകയും, അത് പതിയെ പതിയെ വിവാഹിമോചനത്തിൽ ചെന്ന് അവസാനിക്കുകയും ചെയ്യുന്നു.

Also read: റമദാനില്‍ നോമ്പനുഷ്ഠിക്കാന്‍ സാധിക്കാത്ത ഗര്‍ഭിണികളും മുലയൂട്ടുന്നവരും

തീർച്ചയായും, ഇതാണ് അധിക വിവാഹമോചനങ്ങളും സംഭവിക്കാനുള്ള കാരണം. വിവാഹ ശേഷം സ്ത്രീകളിൽ അത്തരത്തിലുള്ള മാറ്റം സംഭവിക്കുന്നില്ലയെങ്കിൽ, എല്ലാം വിവാഹമോചനത്തിൽ ചെന്ന്  അവസാനിക്കുന്ന ഒരവസ്ഥയുണ്ടാകുമായിരുന്നില്ല. വിവാഹത്തിന് മുമ്പ് ഇണയുടെ പണത്തിലും, പദവിയിലും ഒരിക്കലും വലിയ പ്രാധാന്യം കാണിക്കുന്നില്ലെന്ന പോലെ സ്ത്രീകൾ സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നു. മോഹന വാഗ്ദാനങ്ങളും, മാധുരമാർന്ന സംസാരങ്ങളും നടത്തുന്നു. വിവാഹത്തിന് മുമ്പ് അവർ തങ്ങളുടെ ചാരത്ത് ഉണ്ടാവുകയെന്നത് സ്ത്രീകളുടെ പ്രധാന പരിഗണന വിഷയമായിരിക്കും; അവരില്ലാതെ നിങ്ങൾക്ക് ജീവിക്കാൻ കഴിയുമായിരുന്നില്ല. എന്നാൽ, വിവാഹ ശേഷം ഭർത്താവിന്റെ സന്തോഷവും, തൃപ്തിയും നിങ്ങളുടെ അവസാന പരിഗണനയായി മാറുന്നു. ഇതെല്ലാം അവരെ നിങ്ങളിൽ നിന്ന് അകറ്റുന്നു. അങ്ങനെ ഒരേ വീട്ടിൽ നിങ്ങൾക്ക് താമസിക്കാൻ കഴിയാതെ വരുന്നു. തുടർന്ന് ഭർത്താവ് സ്നേഹം ലഭിക്കുന്ന മറ്റു ഇടങ്ങളിലേക്ക് പോകുന്നു. അവർ നിങ്ങളെ വഞ്ചിക്കുകയും, നിങ്ങളെ കൂടാതെ ഇതര സ്ത്രീകളെ മനസ്സിലാക്കാൻ ആരംഭിക്കുകയും ചെയ്യുന്നു. എന്നാൽ ഇതര സ്ത്രീകൾ നിങ്ങളുടെ ഭർത്താവിനെ പരിഗണിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നു. ഇവിടെ, നിങ്ങളുടെ ഭർത്താവ് രണ്ടോ മൂന്നോ അതിലധികമോ അവസരങ്ങൾക്ക് മുന്നിലായിരിക്കും. ഒന്നുകിൽ നിങ്ങളെ ആവശ്യമില്ലാത്ത വസ്തുപോലെ ഉപേക്ഷിച്ച് മറ്റു സ്ത്രീകളെ സ്നേഹിക്കുകയോ, അല്ലെങ്കിൽ നിങ്ങളുടെ ജീവിതം നശിപ്പിച്ച് ഇതര സ്ത്രീയെ വിവാഹം കഴിക്കുകയോ, അതുമല്ലെങ്കിൽ നിങ്ങളെ വിവാഹമോചനം നടത്തി മറ്റൊരു സ്ത്രീയ വിവാഹം കഴിക്കുകയോ ചെയ്യുന്നു. അങ്ങനെ, എല്ലാ അർഥത്തിലും നിങ്ങൾക്ക് മാത്രമാകുന്നു പരാജയം.

ഇതിൽ ആക്ഷേപിക്കപ്പെടേണ്ടത് താൻ മാത്രമല്ലെന്ന് നിങ്ങൾ പറയുമായിരിക്കും. വീടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടവർക്ക് സംഭവിച്ച പാളിച്ച നിങ്ങൾക്കിടയിലെ ബന്ധത്തെ വഷളാക്കി. അങ്ങനെ സംഭവിക്കാനുള്ളത് സംഭവിക്കുകയും ചെയ്തു. പക്ഷേ, ഞാൻ പറയുക, തീർച്ചയായും എല്ലാ ഉത്തരവാദിത്തവും സ്ത്രീകളുടെതാണ് എന്നാണ്. സ്ത്രീകൾ വീടിന്റെ നെടുംതൂണുകളാണ്. പുരുഷന്മാരെ ഉൾകൊള്ളാൻ കഴിയുന്നവർ അവർ മാത്രമാണ്. ചെറിയ കുട്ടിയെ പോലെ സ്നേഹിച്ചും, പരിഗണിച്ചും, നല്ല വാക്കുകൾ പറഞ്ഞും അവസാനം വരെയും നിങ്ങൾ അവരുടെ കൂടെയുണ്ടാവേണ്ടതുണ്ട്. ഭർത്താവിനോട് ചെറിയ കുട്ടിയോട് പെരുമാറുന്നത് പോലെ നിങ്ങൾ പെരുമാറുക. അങ്ങനെ നിങ്ങൾ നിങ്ങളുടെ ഇണക്ക് ശാന്തിയും സമാധാനവുമായി മാറുക.

Also read: കൊറോണ കാലത്തെ സംഘ പരിവാര്‍

വിവാഹമെന്നാൽ അത് ജീവിതമാണ്. ഇനിയും വിവാഹം കഴിച്ചിട്ടില്ലാത്തവർ ഇതുവരെയും യാഥാർഥ സന്തോഷത്തെ അസ്വദിച്ചിട്ടില്ലാത്തവരാണ്. വിവാഹം നരകമാണ്, ശ്മശാനമാണ് എന്ന് പറയുന്നവർ യഥാർഥത്തിൽ കള്ളം പറയുകയാണ്. അവകാശങ്ങൾക്ക് മുമ്പ് തന്റെ ഉത്തരവാദിത്തങ്ങൾ തിരിച്ചറിഞ്ഞവർക്കും, സ്നേഹം ലഭിക്കുന്നതിന് മുമ്പ് അത് നൽകിയവർക്കും വിവാഹം സ്വർഗമാണ്. അത് തെളിഞ്ഞ ആകാശം പോലെയാണ്. ചിലപ്പോൾ തെളിഞ്ഞ ആകാശത്തിൽ മേഘം ഉരുണ്ട് കൂടുമെങ്കിലും ആകാശം പെട്ടെന്നുതന്നെ തെളിയുന്നു. തെളിഞ്ഞ ആകാശത്തിൽ മനോഹരമായ മഴവിൽ വർണങ്ങളുടെ രൂപത്തിൽ സ്നേഹത്തിന്റെ പുതിയ സൂര്യൻ ഉദിക്കുന്നതിന് ആ തെളിച്ചം ഉടനെ തിരിച്ചുവരികയാണ്. എന്തിനെയാണ് മഴവില്ല് പ്രതീകവത്കരിക്കുന്നതെന്ന് നിങ്ങൾക്കറിയാമോ? ഇണകൾ പരസ്പരം ഒന്നിച്ച് ഓരോ പ്രശ്നങ്ങളും തരണം ചെയ്തതിനുശേഷമുള്ള നിറപ്പകിട്ടാർന്ന സനേഹത്തെയാണ് അത് പ്രതീകവത്കരിക്കുന്നത്. ഇണകൾ തങ്ങൾക്കിടയിലെ ന്യൂനതകളിലും, പാളിച്ചകളിലും തൃപ്തിപ്പെടുകയും, ഉൾകൊള്ളുകയും ചെയ്യുന്നകയെന്നതാണ് യഥാർഥത്തിൽ വിവാഹം. പരസ്പരമുള്ള ബഹുമാനത്തിലാണ് വിവാഹം നിലകൊള്ളുന്നത്. അത് ദുർബലപ്പെട്ടുകഴിഞ്ഞാൽ ആ ബന്ധത്തിന്റെ അടിസ്ഥാനം തകർന്നുപോകുന്നു. അത് ദുരന്തപൂർണമായ പരാജയത്തിലേക്ക് നയിക്കുന്നു.

വിവാഹം കഴിക്കുന്നതിനെ വിമർശിക്കുന്നവരും, വിവാഹത്തെ ഖബറായി വിശേഷിപ്പിക്കുന്നവരും സ്വകരങ്ങളാൽ തങ്ങളുടെ ഖബറുകൾ കുഴിക്കുകയാണ് ചെയ്യുന്നത്. കാരണം, അവർ മോശമായ താൽപര്യത്താൽ ആരെയും സ്നേഹിക്കാതെ മറ്റുള്ളവരിൽ നിന്നും സ്നേഹം നേടിയെടുക്കുകയെന്ന നിലയിൽ സ്വാർഥതയോടുകൂടി ജീവിച്ചവരാണ്. സത്യത്തിൽ, അവർക്ക് വിവാഹത്തെ വിമർശിക്കാനോ, വിവാഹവുമായി ബന്ധപ്പെട്ടും, അതിന്റെ പരിശുദ്ധിയെ കുറിച്ചും അഭിപ്രായം നടത്താനോ യാതൊരു അവകാശവുമില്ല. വിവാഹമെന്ന സന്തോഷത്തെ ആസ്വദിക്കുന്നതിനുള്ള ഉത്തരവാദിത്തപൂർണമായ ഒരു പ്രവർത്തനവും അവർ ഇതുവരെയും നിർവഹിച്ചിട്ടില്ല എന്നത് തന്നെയാണ് കാരണം. നിങ്ങളുടെ വിവാഹം വിജയകരമാവണമെങ്കിൽ നിങ്ങൾ ചില പരിശ്രമങ്ങൾ നടത്തേണ്ടതുണ്ട്. വിട്ടുവീഴ്ച കാണിക്കുക, സ്നേഹിക്കാനുള്ള മനസ്സുണ്ടാവുക, ഏറ്റവും നന്നായി സ്നേഹിക്കുക, മറ്റുള്ളവരുമായി താരതമ്യം ചെയ്യാതിരിക്കുക, പരസ്പരം തൃപ്തിപ്പെടുക തുടങ്ങിയ കാര്യങ്ങളാണത്. ഇത്തരമൊരു അവസ്ഥയിൽ മാത്രമായിരിക്കും പകരം വെക്കാൻ കഴിയാത്ത യഥാർഥ സന്തോഷം നിങ്ങൾ നുകരുന്നത്!

Also read: കൊറോണ കാലത്തെ നോമ്പും തറാവീഹ് നമസ്കാരവും

അപ്പോൾ, പുഞ്ചിരിച്ച് നിൽക്കുന്ന ഇണയുടെ മുഖവും പ്രതീക്ഷിച്ച് ഭർത്താവ് വീട്ടിലേക്ക് മടങ്ങാൻ കൊതുക്കുന്നതായിരിക്കും. അപ്രകാരം നിങ്ങൾക്ക് സമാധാനത്തോടെ വീട്ടിൽ ഉറങ്ങാൻ കഴിയുന്നു. മായാത്ത പുഞ്ചരിയോടെ ഭാര്യമാരും അവർക്കൊപ്പം കിടന്നുറങ്ങുന്നു. മാത്രമല്ല, മാലാഖമാർ ഉറങ്ങുന്നതുപോലുളള അവരുടെ മുഖത്തെ ഭാര്യമാർ നോക്കികാണ്ടിരിക്കുകയും ചെയ്യും. ഭാര്യയുടെ ന്യൂനതകളെ ഭർത്താവ് സ്നേഹിക്കുകയാണെങ്കിൽ, ഭർത്താവിന്റെ ന്യൂനതകളെ ഭാര്യയും ഇഷ്ടപ്പെടുന്നതായിരിക്കും. ഭാര്യ തന്റെ ജീവിതവും, ഹൃദയവും, ആത്മാവുമെല്ലാം ഭർത്താവിന് നൽകാൻ തയാറാവുകയാണെങ്കിൽ തനിക്ക് പകരമായി മറ്റാരും ഭർത്താവിന്റെ മനസ്സിൽ ഉണ്ടാവുകയില്ല. അതിനാൽ നിങ്ങൾ സന്തോഷിക്കുക. നിങ്ങൾ സ്നേഹം നേടിയെടുക്കുന്നവർ മാത്രമായി തീരരുത്. സ്നേഹം നൽകാതെ സ്വീകരിക്കുകയെന്നത് ഇണകൾക്കിടയിൽ മടുപ്പ് അനുഭവപ്പെടുന്നതിന് കാരണമാകുന്നു. നൽകുക എന്നതാണ് സ്നേഹം! അല്ലാഹു പറയുന്നു: നിങ്ങൾക്കിടയിൽ സ്നേഹവും കാരുണ്യവും ഉണ്ടാക്കിയിരിക്കുന്നു.

ഇവിടെ സ്നേഹമെന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് വാക്കുകൾക്കൊപ്പമുള്ള പ്രവർത്തനങ്ങളാണ്. അതാണ് സ്നേഹത്തിലെ ഏറ്റവും ഉന്നതമായ സ്ഥാനം. ഇണകൾക്കിടയിൽ വഴക്കുണ്ടാകുമ്പോൾ അല്ലാഹു ഇണകളുടെ മനസ്സിലേക്ക് ഇട്ടുകൊടുക്കുന്ന ശാന്തതയും, സമാധാനവുമാണ് കാരുണ്യം എന്ന്പറയുന്നത്. വിവാഹത്തെ കുറിച്ചുള്ള നിങ്ങളുടെ തോന്നലുകൾക്കും, മോശമായ അഭിപ്രായങ്ങൾക്കുമെല്ലാം മുമ്പ് നിങ്ങളുടെ ഉത്തരവാദിത്തം നിങ്ങൾ പൂർത്തീകരിക്കേണ്ടതുണ്ട്. പരസ്പരം വിട്ടുവീഴ്ച കാണിക്കുകയും, പോരായ്മകൾക്ക് മുന്നിൽ കണ്ണടക്കുകയും ചെയ്യേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് നിങ്ങൾക്ക് വിവാഹത്തെ കുറിച്ച് വിമർശിക്കാനുള്ള അവകാശമുണ്ടാകുന്നത്. തീർച്ചയായും, ജീവിതത്തിൽ നിന്ന് വിടപറഞ്ഞ അത്തരം അവിവാഹിതരെ ഓർത്ത് എനിക്ക് അതിയായ ഖേദം തോന്നുന്നു. യഥാർഥ സന്തോഷമെന്തെന്ന് അറിയാതെ, അസ്വദിക്കാതെ അവർ ഈ ലോകം വിട്ടുപോയിരിക്കുന്നുവല്ലോ! വിവാഹം കഴിക്കുക എന്നത് പ്രധാനപ്പെട്ട ഒരു കാര്യമായിരുന്നില്ലെങ്കിൽ അത് ദീനിന്റെ പകുതിയാകുമായിരുന്നില്ല!

അവലംബം: aljazeera.net
വിവ: അർശദ് കാരക്കാട്

Related Articles