Current Date

Search
Close this search box.
Search
Close this search box.

കുടുംബത്തേക്കാള്‍ ജോലിയെ പ്രണയിക്കുന്ന ഭര്‍ത്താവ്

പ്രായം മുപ്പതുകളിലെത്തി നില്‍ക്കുന്ന ഒരു വീട്ടമ്മയാണ് ഞാന്‍. ഏകദേശം പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എന്റെ വിവാഹം നടന്നത്. അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ ഒമ്പതും നാലും വയസ്സുള്ള രണ്ട് മക്കളെയും ഞങ്ങള്‍ക്ക് ലഭിച്ചു. തന്റെ ജോലിയില്‍ ഏറെ വിദഗ്ദനും കഴിവുതെളിയിച്ചിട്ടുള്ള ഒരാളുമാണ് എന്റെ ഭര്‍ത്താവ്. പല സദസ്സുകളിലും ഞാനതിന്റെ പേരില്‍ അഭിമാനം കൊള്ളാറുണ്ട്. എന്നാല്‍ അതില്‍ തന്നെയാണ് എന്റെ പ്രശ്‌നവും ഒളിഞ്ഞുകിടക്കുന്നത്.

തുടക്കത്തില്‍ ഒരു ഭാര്യയെന്ന നിലയില്‍ എന്റെ കാര്യത്തില്‍ ഒരു വീഴ്ച്ചയും അദ്ദേഹം വരുത്തിയിരുന്നില്ല. ഒരു ഭാര്യയോടുള്ള കടപ്പാടുകള്‍ വളരെ ഭംഗിയായി അദ്ദേഹം നിര്‍വഹിച്ചിരുന്നു. എന്നാല്‍ ഞങ്ങളുടെ മൂത്ത മകനോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം ഏതൊരു ഉമ്മയും പ്രതീക്ഷിക്കുന്നതിന് വിരുദ്ധമായിരുന്നു. തന്റെ ഉപ്പയുടെ ജോലിത്തിരക്കുകള്‍ അവന് അറിയുമായിരുന്നെങ്കിലും പിതാവില്‍ നിന്ന് ലഭിക്കേണ്ട ശ്രദ്ധയുടെ കുറവ് ഞാന്‍ സമ്മാനങ്ങളും വസ്ത്രങ്ങളും വേണ്ടുവോളം നല്‍കി പകരം വെക്കാന്‍ ശ്രമിച്ചിരുന്നു.

എന്നാല്‍ പ്രായത്തിന്റെ ഏതൊരു ഘട്ടത്തിലാണെങ്കിലും ഒരു ഉപ്പയില്‍ നിന്ന് മകന് ലഭിക്കേണ്ടതിന് അതൊന്നും പകരമാവില്ലല്ലോ. ചില ബന്ധുക്കളുടെ സമീപത്ത് തന്നെയാണ് ഞങ്ങളും താമസിച്ചിരുന്നത്. എന്റെ മൂത്ത മകന് ആ ബന്ധുക്കളോട് ഒരിക്കലും അകലാനാകാത്ത തരത്തിലുള്ള ബന്ധമാണുള്ളത്. എന്റെ മകനും അവന്റെ ഉപ്പക്കുമിടയിലുള്ള മാനസിക അകല്‍ച്ചയുടെ വിടവ് വര്‍ധിക്കുമെന്നാണ് ഞാനിപ്പോള്‍ ഭയക്കുന്നത്. ഇനി കൗമാരത്തിലും യുവത്വത്തിലും എത്തുമ്പോള്‍ എന്തായിരിക്കും അവന്‍ വിചാരിക്കുകയെന്നത് എന്നെ അസ്വസ്ഥപ്പെടുത്തുന്നു.

ബന്ധത്തിലെ ഈ അപകടത്തിലേക്ക് ഭര്‍ത്താവിന്റെ ശ്രദ്ധ കൊണ്ടുവരാനും മകനെ ശരിയായ രീതില്‍ വളര്‍ത്തുന്നതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനും നിരന്തരം പലതവണ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. ഭര്‍ത്താവ് എല്ലാം കേള്‍ക്കുമെങ്കിലും പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. ദുഖകരമെന്ന് പറയട്ടെ അദ്ദേഹം വീണ്ടും തന്റെ ജോലിത്തിരക്കുകളില്‍ മുഴുകും. മകനോടൊപ്പം സമയം ചെലവഴിക്കുന്നതിനേക്കാള്‍ അദ്ദേഹം ആസ്വാദനം കണ്ടെത്തുന്നത് ജോലിയിലാണ്. ഇങ്ങനെയൊക്കെയാണെങ്കിലും -ഞാനും മിക്ക ആളുകളും കാണുന്നത് പ്രകാരം- ആകര്‍ഷണീയമായ വ്യക്തിത്വത്തിനുടമയാണ്. നന്നായി വളര്‍ത്തുകയാണെങ്കില്‍ പിതാവിന് നല്ലൊരു കൂട്ടും സഹായിയുമായിട്ടവന്‍ മാറും. ഇന്ന് ഞാന്‍ അനുഭവിക്കുന്ന പ്രശ്‌നത്തിന് ഒരു പരിഹാരം നിര്‍ദേശിച്ചു തരുമെന്ന് പ്രതീക്ഷിക്കുന്നു.

നാം ജീവിക്കുന്ന ആധുനിക കാലത്ത് മിക്ക കുടുംബങ്ങളിലും നിലനില്‍ക്കുന്ന ഒരു സാധാരണ പ്രശ്‌നമാണിത്. അതിന് പല കാരണങ്ങളുമുണ്ട്. വര്‍ധിച്ച ആവശ്യങ്ങളും തൊഴിലവസരങ്ങളിലെ കുറവിന്റെയും ഫലമായുള്ള സാമ്പത്തിക കാരണങ്ങള്‍ അതിലുണ്ട്. മിക്ക കുടുംബങ്ങളിലും ഒഴിവാക്കാനാവാത്ത ആവശ്യങ്ങളായി മാറിയിരിക്കുന്ന ആഢംബരങ്ങളുടെ പൂര്‍ത്തീകരണത്തിന് മിക്ക കുടുംബനാഥന്‍മാരും തന്റെ ദിവസം മുഴുവന്‍ ചെലവഴിക്കേണ്ടുന്ന അവസ്ഥയുണ്ടാകുന്നു. സാമൂഹ്യപരമായ കാരണങ്ങളും അതിന് പിന്നിലുണ്ട്. ഓരോ ജോലിക്കും് നിര്‍ണയിക്കപ്പെട്ടിട്ടുള്ള യോഗ്യതകളും പരിചയവുമില്ലാതെ ഒരാള്‍ക്കും ആ ജോലി ലഭിക്കില്ല. എന്നാല്‍ മാതൃത്വം, പിതൃത്വം, ഭാര്യാ-ഭര്‍തൃ ബന്ധം പോലുള്ള സാമൂഹിക ഉത്തരവാദിത്വങ്ങള്‍ അനുഭവിച്ചും വീഴ്ച്ചകളിലൂടെയുമാണ് നിര്‍വഹിക്കപ്പെടുന്നത്.

മാത്രമല്ല, പുതുതലമുറയുടെ മാനസിക സവിശേഷതകള്‍ അറിവും ഉയര്‍ന്ന നൈപുണ്യവും മാതാപിതാക്കള്‍ക്കുണ്ടാകണമെന്ന് തേടുന്നതാണ്. രണ്ട് വയസ്സാകുമ്പോള്‍ തന്നെ അല്ലെങ്കില്‍ അതിനും മുമ്പേ ചാനലുകളും വീട്ടിലെ കമ്പ്യൂട്ടര്‍ ഉപകരണങ്ങളും പരിചയിക്കുന്ന ഒരാളിലുണ്ടാകുന്ന സാങ്കേതിക വികാസം പരിഗണിക്കപ്പെടേണ്ടതാണ്.

മാതാപിതാക്കള്‍ വളര്‍ന്ന സാഹചര്യത്തിന്റെ ഫലമായുള്ള ചരിത്രപരമായ കാരണങ്ങളും അതിന് പിന്നിലുണ്ട്. തങ്ങളെ വളര്‍ത്തുന്നതില്‍ സ്വീകരിച്ച് വിജയിച്ച രീതി കൊണ്ട് മക്കളെയും വളര്‍ത്താന്‍ സാധിക്കുമെന്നാണ് അവരുടെ വിശ്വാസം. അപ്രകാരം വ്യക്തിപരമായ കാരണങ്ങളും ഈ പ്രശ്‌നത്തിന് പിന്നിലുണ്ടാവാം. പിതാവ് ജോലിയിലെ തന്റെ നേട്ടങ്ങളെയും വിജയങ്ങളെയും കാണുകയും അവ അദ്ദേഹത്തിന്റെ സാമൂഹ്യ ബാധ്യതകളെ മൂടിക്കളയുകയും ചെയ്യുന്നു. ഈ ഉമ്മ ഉയര്‍ത്തിയ പ്രശ്‌നത്തിന് മറ്റു പല കാരണങ്ങളുമുണ്ട്.

പ്രശ്‌നത്തിന്റെ അപകടം
നാം എപ്പോഴും പറയാറുള്ള ഒന്നാണ് ”മക്കള്‍ക്ക് വേണ്ടി നിക്ഷേപിക്കുന്നതിന് മുമ്പ് മക്കളില്‍ നിക്ഷേപിക്കൂ” എന്ന്. മക്കളുമായി സഹവസിച്ചും അവരോടൊപ്പം കളിച്ചും സംസാരിച്ചും മക്കളെ വളര്‍ത്തുന്നതിന് വേണ്ടി മാതാപിതാക്കള്‍ വിനിയോഗിക്കുന്ന സമയാണ് മക്കളിലുള്ള നിക്ഷേപം. ഒന്നാമതായി പരിഗണിക്കപ്പെടേണ്ട നിക്ഷേപമാണിത്. അതുപോലെ കുട്ടിക്ക് ശാരീരിക വളര്‍ച്ചക്കാവശ്യമായ പോഷണവും ആരോഗ്യപരിചരണവും ആത്മീയ വളര്‍ച്ചയും ബുദ്ധിവികാസവും ലഭിക്കേണ്ടതുണ്ട്. പലപ്പോഴും നമ്മുടെ തിരക്കുകള്‍ കാരണം ഇക്കാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ചുമതലപ്പെടുത്തുന്നു. അതേസമയം കുട്ടിക്ക് ആവശ്യമായിട്ടുള്ള ഒന്നാണ് മാനസിക വളര്‍ച്ച. അത് നിര്‍വഹിക്കുന്നതിന് മറ്റുള്ളവരെ ചുമതലപ്പെടുത്താന്‍ നമുക്കാവില്ല.

പ്രായത്തിന്റെ വിവിധ ഘട്ടങ്ങളില്‍ മനുഷ്യന് മാനസിക വളര്‍ച്ച ആവശ്യമാണെങ്കിലും സ്വന്തത്തോടും മറ്റുള്ളവരോടുമുള്ള വൈകാരിക ഇടപെടലുകളെ സംബന്ധിച്ച ആശയങ്ങളും ധാരണകളും മൂല്യങ്ങളും ഉള്ളില്‍ ഉറക്കുന്നത് സ്‌കൂള്‍ ജീവിതത്തിനും മുമ്പുള്ള പ്രായത്തിലാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തില്‍ കുട്ടിക്കും മാതാപിതാക്കള്‍ക്കുമിടയിലുണ്ടാകുന്ന ബന്ധത്തിലെ ഏത് അസ്വസ്ഥതയും തുടര്‍ന്നുള്ള മൂന്ന് ഘട്ടങ്ങളിലും ദോഷകരമായി പ്രതിഫലിക്കും. ജീവിക്കാന്‍ നമുക്ക് സ്‌നേഹ വചനങ്ങള്‍ നമുക്കാവശ്യമുണ്ട്. തിരിച്ചറിയാന്‍ സ്‌നേഹത്തിന്റെ തലോടല്‍ നമുക്ക് വേണം. പരസ്പരം സംവദിക്കാന്‍ ഊഷ്മളമായ ആലിംഗനം നമുക്കാവശ്യമാണ്. അതുകൊണ്ടു തന്നെ ശൈശവ ഘട്ടത്തില്‍ മാതാപിതാക്കള്‍ക്ക് സുപ്രധാന പങ്കാണ് നിര്‍വഹിക്കാനുള്ളത്. മക്കളുടെ സന്തുലിത മാനസിക വളര്‍ച്ചക്ക് ശ്രദ്ധ കൊടുക്കുകയെന്നതാണത്. ഭൗതിക സൗകര്യങ്ങള്‍ പ്രധാനമാണെങ്കിലും അതുകൊണ്ട് മാത്രം കുട്ടിയുടെ ആവശ്യം പൂര്‍ത്തീകരിക്കപ്പെടുന്നില്ല. മറിച്ച് കുട്ടികളുമായുള്ള പരിപൂര്‍ണാര്‍ഥത്തിലുള്ള ബന്ധമാണ് വേണ്ടത്.

ഏറ്റവും വിജയകരമായ സന്താനപരിപാലനം നിര്‍വഹിക്കപ്പെടുന്നത് കളിയിലൂടെയും വിനോദത്തിലൂടെയമാണ്. നുബൂവത്തിന്റെ ഉത്തരവാദിത്വവും സമൂഹത്തിന്റെ നേതൃത്വവും മാനവകുലത്തെ നേര്‍വഴിയിലാക്കാനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാരവും വഹിക്കേണ്ടതുണ്ടായിട്ടു പോലും പ്രവാചകന്‍ മുഹമ്മദ് നബി(സ) പിതൃവികാരവും സ്‌നേഹവും തന്റെ പെണ്‍മക്കള്‍ക്കും പേരക്കുട്ടികള്‍ക്കും ഉദാരമായി നല്‍കിയിരുന്നു. പേരക്കുട്ടികളായ ഹസനും ഹുസൈനും തന്റെ മുതുക് കാണിച്ചുകൊടുത്ത് ‘നിങ്ങളുടെ ഒട്ടകം എത്രനല്ല ഒട്ടകമാണ്’ എന്നവരോട് പറഞ്ഞിരുന്നു.

പിതാവിന്റെ ജോലിത്തിരക്കുകള്‍ മാതാവിന്റെ ഒഴിവ് സമയം കൊണ്ട് പകരം വെക്കാമെന്ന് പലി മാതാപിതാക്കളും കരുതുന്നു. വലിയ അബദ്ധമാണിത്. സന്തുലിത മാനസിക വളര്‍ച്ചക്ക് മാതൃസ്‌നേഹവും പിതൃസ്‌നേഹവും ഒരുപോലെ ലഭിക്കേണ്ടതുണ്ട്. ഒരു കുട്ടി പിതാവിന്റെ സ്ഥാനത്ത് കൂടി മാതാവിനെ ആശ്രയിക്കേണ്ടി വരുമ്പോള്‍ അതവന്റെ മാനസിക വളര്‍ച്ചയില്‍ അസന്തുലിതത്വങ്ങള്‍ സൃഷ്ടിക്കുന്നു. കുട്ടിക്കാലത്തെയും കൗമാരത്തിന്റെ തുടക്കത്തിലെയും പെരുമാറ്റ വൈകല്യങ്ങളിലേക്കത് നയിച്ചേക്കും.

കൗമാരക്കാനായ മകന്‍ തന്നെക്കാളേറെ അവന്റെ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കാനാണ് ഇഷ്ടപ്പെടുന്നതെന്ന് എന്റെ കൂട്ടുകാരിലൊരാള്‍ ആവലാതിപ്പെടുമ്പാള്‍ അദ്ദേഹത്തിനും മകനും ഇടയിലെ മാനസിക അകല്‍ച്ചയെയാണത് കാണിക്കുന്നത്. കാരണം അവന്റെ കൂട്ടുകാര്‍ക്കാണ് അദ്ദേഹത്തെക്കാള്‍ കൂടുതല്‍ അവനെ അറിയുക. അവന് ആവശ്യമായ സാമ്പത്തിക സഹായം നല്‍കുക മാത്രമാണ് അദ്ദേഹം ചെയ്തിരുന്നത്. അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു: അവന്റെ കുട്ടിക്കാലത്ത് നിങ്ങള്‍ ചെയ്ത തെറ്റിന്റെ സ്വാഭാവിക ഫലമാണിത്. അപ്പോള്‍ ഞാനവന് വേണ്ടി നല്ല ഭാവി ഒരുക്കുകയായിരുന്നു എന്ന ന്യായീകരണമാണ് ആ പിതാവിനുണ്ടായിരുന്നത്.

മാതൃകള്‍ സമര്‍പ്പിച്ചുകൊണ്ടുള്ള സന്താനപരിപാലനം സഹവാസത്തിലൂടെയല്ലാതെ ഉണ്ടാവുകയില്ല. നാളെയുടെ നിര്‍മിതി ഈ തലമുറയുടെ ഉത്തരവാദിത്വമാണ്. വരും തലമുറയെ അതിനനുയോജ്യമായ രീതിയില്‍ വളര്‍ത്തുകയാണതിന് വേണ്ടത്. ഒരിക്കല്‍ ഒരു സ്ത്രീ തന്റെ കുട്ടിയെയും കൊണ്ട് ഒരു പണ്ഡിതന്റെ അടുക്കലെത്തി. മുഹമ്മദുല്‍ ഫാതിഹിനെ പോലുള്ള ഒരാളാക്കി അവനെ വളര്‍ത്തണമെന്ന് അദ്ദേഹത്തോട് അവരാവശ്യപ്പെട്ടു. അപ്പോള്‍ അദ്ദേഹം കുട്ടിയുടെ വയസ്സ് ചോദിച്ചു. അഞ്ച് വയസ്സായെന്ന് സ്ത്രീ പറഞ്ഞപ്പോള്‍ പണ്ഡിതന്‍ പറഞ്ഞു: അതിന്റെ സമയം കഴിഞ്ഞുപോയിരിക്കുന്നു.

പരിഹാരം
മാന്യനായ പിതാവേ, ജോലിയിലെ താങ്കളുടെ മികവിനെ കുറിച്ച് നിങ്ങളുടെ ഇണ പറഞ്ഞത് പോലെ, അവരുമായുള്ള നല്ല ബന്ധത്തിലും മികവ് പുലര്‍ത്തല്‍ നിര്‍ബന്ധമാണ്. എല്ലാറ്റിലും മുന്‍ഗണനാ ക്രമം പാലിക്കേണ്ടതുണ്ട്. താങ്കള്‍ക്കൊപ്പം ദിവസത്തില്‍ നന്നെ ചുരുങ്ങിയത് ഒന്നോ രണ്ടോ മണിക്കൂര്‍ ചെലവഴിക്കാന്‍ നിങ്ങളുടെ മകന് അവകാശമുണ്ട്. അവന്റെ കളികളില്‍ പങ്കാളിയായും അവനുമായി സംസാരിച്ചും അവന്റെ അന്വേഷണങ്ങള്‍ക്കുത്തരം നല്‍കിയുമായിരിക്കണമത്.

സന്താനപരിപാലനത്തിലെ പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന നിരവധി പുസ്തകങ്ങളും ചാനലുകളും വെബ്‌സൈറ്റുകളും ഇന്ന് സുലഭമാണ്. മകനെയും കൂട്ടി പള്ളിയില്‍ പോകുകയാണെങ്കില്‍ ഒരു മുസ്‌ലിമെന്ന നിലയില്‍ നമസ്‌കാരം ശീലമാക്കുന്നതിനൊപ്പം ആളുകള്‍ക്കൊപ്പം നമസ്‌കരിക്കുന്നതിലൂടെ ആത്മവിശ്വാസവും കൈവരുന്നു. ആഴ്ച്ചയില്‍ ഒരു ദിവസം പൂര്‍ണമായും അവനൊപ്പം വീടിന് പുറത്ത് ചെലവഴിക്കാന്‍ നീക്കിവെക്കണം. ആ ദിവസം അവന് വേണ്ടിയാണ് നീക്കിവെച്ചിരിക്കുന്നതെന്ന് അവന് ബോധ്യമാവുകയും വേണം. മറ്റ് തടസ്സങ്ങളൊന്നും ഇല്ലെങ്കില്‍ അതില്‍ വിട്ടുവീഴ്ച്ച കാണിക്കരുത്. പകല്‍മുഴുവന്‍ ജോലിയിലാണെങ്കില്‍ അല്‍പസമയം അവനുമായി ഫോണിലൂടെ സംസാരിക്കുന്നതിനും അവനെ കേള്‍ക്കാനും മാറ്റിവെക്കണം. അതില്‍ അവനെ കാണാനുള്ള കൊതി അറിയിക്കുകയും വേണം. ക്രമേണ ഈ സംസാരം അവന് ശീലമാകും. പിതാവ് തന്നെ പരിഗണിക്കുന്നുവെന്ന തോന്നല്‍ അദ്ദേഹത്തിലേക്കവനെ ആകര്‍ഷിക്കും. സ്‌നേഹമസൃണമായ നോട്ടങ്ങളിലൂടെയും അവന്റെ സംസാരം ശ്രദ്ധിച്ചു കേള്‍ക്കുന്നതിലൂടെ അവനെ അംഗീകരിക്കുന്നതിലൂടെയും അത് പൂര്‍ത്തീകരിക്കപ്പെടുന്നു. അതില്‍ ഒരു വീഴ്ച്ചയും വരുത്താതിരിക്കുക, എന്തെങ്കിലും വീഴ്ച്ച സംഭവിച്ചാല്‍ അവനോട് അതില്‍ ക്ഷമാപണം നടത്തുകയും ചെയ്യുക,

വാരാന്ത്യത്തില്‍ സന്ദര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന സ്ഥലം, തയ്യാറാക്കേണ്ട ഭക്ഷണം തുടങ്ങിയ കാര്യങ്ങളില്‍ അവന്റെ അഭിപ്രായം തേടിക്കൊണ്ട് കുടുംബജീവിതത്തില്‍ അവനെ പങ്കാളിയാക്കാന്‍ ശ്രമിക്കണം. കുടുംബത്തില്‍ നിന്ന് കുട്ടിക്ക് ലഭിക്കുന്ന സ്‌നേഹ സ്പര്‍ശനങ്ങള്‍ കുട്ടിക്കും കുടുംബത്തിനുമിടയില്‍ നല്ല ഒരു ബന്ധം ഉണ്ടാക്കിയെടുക്കുന്നതിന് സഹായിക്കുന്നു. കുടുംബത്തോടുള്ള അവന്റെ അടുപ്പത്തിലുടെ അതിന്റെ അടയാളങ്ങള്‍ പ്രകടമാവുന്നു. അവന്റെ ബാല്യ യൗവന ഘട്ടങ്ങളില്‍ കുടുംബത്തോടുള്ള അടുപ്പത്തിലൂടെ അത് പ്രകടമാവും.

മൊഴിമാറ്റം: അബൂഅയാശ്

Related Articles