Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ ഹൃദയം കീഴടക്കാന്‍

heart1.jpg

പുരുഷ ഹൃദയം കീഴടക്കാന്‍ എന്ന കഴിഞ്ഞ ലേഖനത്തെ തുടര്‍ന്ന് നിരവധി കത്തുകള്‍ എന്നെ തേടിയെത്തി. സ്ത്രീ ഹൃദയം കീഴടക്കാനുള്ള വഴികള്‍ തേടികൊണ്ടുള്ള ലേഖനം ആവശ്യപ്പെട്ടു കൊണ്ടായിരുന്നു അവയെല്ലാം. സംന്തുലിതത്വം പാലിക്കുന്നതിനായി അതുകൂടെ എഴുതുകയാണ്. കഴിഞ്ഞ ലേഖനത്തില്‍ പരാമര്‍ശിച്ച കാര്യങ്ങള്‍ പ്രാവര്‍ത്തികമാക്കിയപ്പോഴുണ്ടായ ഫലത്തെ കുറിച്ചും പല സ്ത്രീകളും കത്തുകളില്‍ വിവരിച്ചത് എനിക്ക് ഇതെഴുതുന്നതിന് കൂടുതല്‍ പ്രോത്സാഹനമായിട്ടുണ്ട്. ഈ ലേഖനം വായിച്ച് പുരുഷന്‍മാരും തങ്ങളുടെ ഇണകളുടെ ഹൃദയം കീഴടക്കാന്‍ ശ്രമിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അതിന് സഹായകമാകുന്ന ചിന്തകളാണ് നിങ്ങളുമായി പങ്കുവെക്കുന്നത്. ഇത് പ്രായോഗികമാക്കുകയാണെങ്കില്‍ ശക്തമായ ഒരു ദാമ്പത്യ ബന്ധത്തിന് അത് കാരണമാകും. കാരണം ഒരു സ്ത്രീ അങ്ങേയറ്റം ആഗ്രഹിക്കുന്ന ആറ് കാര്യങ്ങളാണിത്.

ഒന്ന്, നല്ല കേള്‍വിക്കാരനാകുക. സ്ത്രീയെ സംബന്ധിച്ചടത്തോളം സംസാരം എന്നത് വളരെ പ്രാധാന്യമുള്ള ഒന്നാണ്. അവള്‍ സംസാരം ഇഷ്ടപ്പെടുന്നു. കാരണം അത് അവളുടെ വൈകാരികതയെയും ഭാവനയെയും ഉണര്‍ത്തുകയും അവള്‍ക്ക് ആശ്വാസം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അവള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറുള്ള ഒരു വ്യക്തിയെ – കേള്‍ക്കുന്നത് അംഗീകരിക്കണമെന്നോ അതിനെ പിന്തുണക്കണമെന്നോ നിര്‍ബന്ധമില്ല – കണ്ടുകിട്ടുന്നത് അവളെ വളരെയധികം സന്തോഷിപ്പിക്കും. കേള്‍ക്കുന്നതോടൊപ്പം അവളുടെ സംസാരത്തിന്റെ ഭാഗമാവുകയും അതില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്യുന്നതാണ് അവര്‍ ആഗ്രഹിക്കുന്നത്. സംസാരം ശ്രവിക്കുന്നതോടൊപ്പം ശ്രദ്ധയോടെയുള്ള നോട്ടവും തൊട്ടുതടോലുകളും കൂടി നല്‍കിയാല്‍ അതവളെ കൂടുതല്‍ സന്തോഷവതിയാക്കും.

രണ്ട്, അപ്രതീക്ഷിതമായ സമ്മാനങ്ങള്‍ നല്‍കുക. സ്ത്രീ ലോകത്ത് വളരെയധികം സ്വാധീനമുണ്ടാക്കുന്നവയാണ് അപ്രതീക്ഷിതമായി ലഭിക്കുന്ന അംഗീകാരങ്ങളും സമ്മാനങ്ങളും. ജന്മദിനത്തിലോ വിവാഹ വാര്‍ഷിക ദിനത്തിലോ നല്‍കുന്ന സമ്മാനങ്ങള്‍ക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അപ്രതീക്ഷിതമായി ലഭിക്കുന്ന ഇക്കാര്യങ്ങള്‍ സ്ത്രീകള്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പരിഗണനയുമായിട്ടാണ് കാണുന്നത്. ഒട്ടും പ്രതീക്ഷിക്കാത്ത സന്ദര്‍ഭത്തില്‍ ഭര്‍ത്താവില്‍ നിന്നും ഒരു സമ്മാനമോ ഒരു വിനോദയാത്രയോ ലഭിക്കുമ്പോള്‍ അത് തന്നോടുള്ള സ്‌നേഹത്തിന്റെ അടയാളമായിട്ടാണ് അവള്‍ മനസ്സിലാക്കുന്നത്. അതുപോലെ തന്റെ ജീവിതത്തിലെ പ്രത്യേകമായ അക്കങ്ങള്‍ പോലും ഓര്‍ത്തുവെക്കുകയും അതിനെ കുറിച്ച് ആലോചിക്കുകയും ചെയ്യുന്നയാളാണ് തന്റെ ഇണയെന്ന് അറിയുമ്പോള്‍ അവളുടെ ഹൃദയം സ്വാഭാവികമായും അദ്ദേഹത്തിന് കീഴ്‌പ്പെടും.

മൂന്ന്, അവള്‍ക്കുള്ള പ്രാധാന്യം ബോധ്യപ്പെടുത്തുക. താന്‍ വളരെ പ്രിയപ്പെട്ടവളും ഏറ്റവും അടുത്തവളും ആണെന്ന് അനുഭവപ്പെടുക ഒരുപക്ഷേ ഒരു സ്ത്രീ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്ന ഒന്നായിരിക്കാം. നിങ്ങള്‍ക്കെന്നെ ഇഷ്ടമാണോ? നിങ്ങള്‍ എന്നെ ആഗ്രഹിക്കുന്നുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്‍ അവര്‍ ആവര്‍ത്തിക്കും. കാരണം പുരുഷന്റെ ജീവിതത്തില്‍ തനിക്കുള്ള പ്രാധാന്യം ഉറപ്പു വരുത്തുന്നത് കേള്‍ക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. അതുകൊണ്ട് തന്നെ ഒരു സ്ത്രീക്ക് തീരെ സഹിക്കാന്‍ കഴിയാത്ത ഒന്ന് തന്നോടുള്ള പുരുഷന്റെ വഞ്ചനയായിരിക്കും. പുരുഷന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന വഞ്ചന അവളുടെ പ്രാധാന്യത്തെയും നിലനില്‍പിനെയുമാണ് തകര്‍ക്കുന്നത്. എത്രത്തോളം പ്രാധാന്യം അവള്‍ക്ക് പരിഗണിച്ച് നല്‍കുന്നുവോ അത്രയധികം തന്റെ പ്രാധാന്യത്തെ കുറിച്ച് അവള്‍ ബോധവതിയായിരിക്കും.

അവള്‍ ഒരു പ്രധാന ഘടകമാണെന്ന ബോധ്യപ്പെടുത്തുന്നതിന് നിസ്സാരമായ കാര്യങ്ങള്‍ മതിയാവും. അവള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങുന്നതിനായി അവളോടൊപ്പം അങ്ങാടില്‍ പോകുകയോ വാങ്ങുന്ന സാധനങ്ങളുടെ കവറുകള്‍ അവളില്‍ നിന്നും വാങ്ങി പിടിക്കുകയും ചെയ്യാം. അതുപോലെ അവളോട് കൂടിയാലോചിക്കുകയും ഇടക്കിടെ നിന്നോട് എനിക്ക് വളരെയധികം സ്‌നേഹമാണ് എന്നൊക്കെ പറയുകയും ആവാം. കൈകള്‍ പിടിച്ച് ചെവിയില്‍ പഞ്ചാരവാക്കുകള്‍ പറയുന്നതും അവളെ കൂടുതല്‍ സന്തോഷിപ്പിക്കും. അപ്രകാരം അവളുടെ പ്രവര്‍ത്തനങ്ങളെയും അണിഞ്ഞൊരുങ്ങലിനെയും സംസാരത്തെയും പ്രശംസിക്കുന്നതും തന്റെ പ്രാധാന്യം കൂടുതല്‍ അവള്‍ക്ക് ബോധ്യമാക്കുന്ന കാര്യങ്ങളാണ്.

നാല്, അവളുടെ ഉത്തരവാദിത്വങ്ങളില് സഹായിക്കുക. മക്കളുണ്ടായി കഴിയുമ്പോള്‍ സ്ത്രീയുടെ പ്രധാന ശ്രദ്ധ അവരായി മാറും. മക്കളെ പരിചരിക്കുന്നതിലും അവര്‍ക്ക് വേണ്ട കാര്യങ്ങള്‍ ഒരുക്കുന്നതിലും സഹായിക്കുന്നത് അവളെ വളരെയധികം സന്തോഷിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ അവളുടെ ഹൃദയത്തെ കീഴ്‌പ്പെടുത്തുകയും ഇണയോടുള്ള സ്‌നേഹം അധികരിപ്പിക്കുകയും ചെയ്യും. കാരണം തന്റെ ജോലികളിലുള്ള ഏകാന്തതയാണ് അയാള്‍ നല്‍കുന്ന സഹായത്തിലൂടെയും സാമീപ്യത്തിലൂടെയും ഇല്ലാതാക്കുന്നത്.

അഞ്ച്, അവളുടെ കൂടിയാലോചകനാവുക. മനസ്സിലുള്ളത് വിശദീകരിച്ച് സംസാരിക്കാന്‍ ആഗ്രഹിക്കുന്നതാണ് സ്ത്രീ പ്രകൃതം. ജീവിതത്തില്‍ തീരുമാനങ്ങളെടുക്കുന്നതിനായിരിക്കും അത്. പലപ്പോഴും ഒരു അഭിപ്രായം തൃപ്തിപ്പെട്ട് തെരെഞ്ഞെടുക്കുകയും, എടുത്ത തീരുമാനം ശരിയാണെന്ന ബോധ്യമുണ്ടെങ്കില്‍ കൂടി താനെടുത്ത തീരുമാനം ശരിയാണെന്ന് കേള്‍ക്കാനും ഉറപ്പിക്കാനും അവള്‍ ആഗ്രഹിക്കുന്നുണ്ട്. പുരുഷന്‍ ഒരു കൂടിയാലോചകന്റെ പങ്കുവഹിച്ച് അവളുടെ വാക്കുകള്‍ ശ്രവിക്കാനും അവളുടെ പ്രശ്‌നങ്ങളോട് പ്രതികരിക്കാനും നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തയ്യാറാവുമ്പോള്‍ അവള്‍ക്ക് സുരക്ഷിത്വം അനുഭവപ്പെടുന്നു. ചിലപ്പോഴെല്ലാം സ്ത്രീകള്‍ പ്രത്യേക വിഷയമൊന്നുമില്ലാതെ സംസാരിക്കും. അവള്‍ അതുകൊണ്ടുദ്ദേശിക്കുന്നത് ഇണയുടെ ശബ്ദം കേള്‍ക്കുക എന്നത് മാത്രമായിരിക്കും. അതവള്‍ക്ക് ആശ്വാസം നല്‍കുന്നുണ്ട്. എന്നാല്‍ പലപ്പോഴും അതൊരു ഒരു സമയംകൊല്ലലായി മനസ്സിലാക്കുന്ന പുരുഷന്‍മാര്‍ക്കത് മനസ്സിലാക്കി പ്രതികരിക്കാന്‍ സാധിക്കാറില്ല.

ആറ്, സുരക്ഷിതത്വ ബോധം നല്‍കുക. പിതാവിന്റെ വീട്ടിലായാലും ഭര്‍ത്താവിന്റെ വീട്ടിലായാലും സുരക്ഷിതത്വവും നിര്‍ഭയത്വവും അനുഭവപ്പെടുകയെന്നത് സ്ത്രീയെ സംബന്ധിച്ചിടത്തോളം പ്രാധാന്യമുള്ള വിഷയമാണ്. ശാരീരികമായ സുരക്ഷിതത്വത്തിന് പ്രാധാന്യമുണ്ടെങ്കിലും അതിലേറെ പ്രധാന്യം നല്‍കേണ്ടതാണ് മാനസിക സുരക്ഷിതത്വമെന്നത്.

പുരുഷനോടൊപ്പം സുരക്ഷിതത്വ ബോധത്തോടെയും നിര്‍ഭയത്വത്തോടെയുമാണ് സ്ത്രീ ജീവിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് വേണ്ടി എന്തും സമര്‍പ്പിക്കാന്‍ അവള്‍ തയ്യാറാവും. ഗാര്‍ഹികമോ ശാരീരികമോ മാനസികമോ സാമ്പത്തികമോ ആയ നിര്‍ഭയത്വം നഷ്ടപ്പെടുമ്പോള്‍ അതവരില്‍ അസ്വസ്ഥതയും ജീവിതത്തോട് അതൃപ്തിയുമുണ്ടാക്കും. സുരക്ഷിതത്വവും നിര്‍ഭയത്വവും നല്‍കുന്ന ഒരു ബദല്‍ തേടാനും അവര്‍ മടിക്കില്ല. പലപ്പോഴും ചെറിയ ചെറിയ പ്രവര്‍ത്തനങ്ങളിലൂടെ സാധ്യമാകുന്ന ഒന്നാണിത്.

പുരുഷന്‍ ഈ ആറ് കാര്യങ്ങള്‍ തന്റെ ജീവിതത്തിന്റെ ഭാഗമാക്കുകയാണെങ്കില്‍ അവര്‍ക്കിടയിലുള്ള ബന്ധം സര്‍ഗാത്മകവും ശക്തവുമായി തീരും. എന്നാല്‍ ജീവിതത്തിലെ തിരക്കുകള്‍ കാരണം പലപ്പോഴും പുരുഷന്‍മാര്‍ അവഗണിക്കുന്ന കാര്യങ്ങളാണിവ. ഇത്തരത്തിലുള്ള അശ്രദ്ധ പലപ്പോഴും വൈവാഹിക ബന്ധത്തിലെ പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.

വിവ : നസീഫ്‌

Related Articles