Current Date

Search
Close this search box.
Search
Close this search box.

സ്ത്രീ; പുരുഷന്റെ വസ്ത്രവും കൃഷിയിടവും

couple9.jpg

സ്ത്രീ പുരുഷ വര്‍ഗങ്ങള്‍ക്കിടയിലെ പരസ്പര ആകര്‍ഷണവും അതിലൂടെ ഊട്ടിയുറപ്പിക്കപ്പെടുന്ന പ്രണയവും കാരുണ്യവുമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിസ്ഥാനമായി ഇസ്‌ലാം വിഭാവന ചെയ്യുന്നത്. പ്രണയമില്ലാത്ത ദാമ്പത്യം വരണ്ടതും അസഹനീയവുമായിരിക്കും. വിശുദ്ധ ഖുര്‍ആനിലെ പരാമര്‍ശങ്ങളും പ്രവാചകന്റെ അധ്യാപനങ്ങളും നമുക്ക് പകര്‍ന്നു തരുന്ന മനോഹരമായ ചില പ്രണയപാഠങ്ങളുണ്ട്.

സ്ത്രീയെ ശരീരം മാത്രമായി കാണുകയും അവളുടെ വികാരവിചാരങ്ങളെ തൃണവല്‍കരിക്കുകയും ചെയ്യുന്നത് സംബന്ധിച്ച പല ചര്‍ച്ചകള്‍ക്കും സാക്ഷിയാവേണ്ടി വന്നവരാണ് നാം. ഈയടുത്ത് ഉയര്‍ന്ന് വന്ന ചുംബന സമരത്തിലും ആര്‍ത്തവവുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലും നമുക്കത് ബോധ്യപ്പെട്ടതാണ്. ആ ചര്‍ച്ചകള്‍ക്കിടയിലും ഇസ്‌ലാമിന്റെ ഇസ്‌ലാമിന്റെ മനോഹരമായ ദാമ്പത്യ സങ്കല്‍പങ്ങളെയെല്ലാം കുടഞ്ഞെറിയുന്ന തരത്തിലുള്ള ചില പരാമര്‍ശങ്ങളും പുനരുദ്ധരിക്കപ്പെട്ടു. ആര്‍ത്തവ കാലത്ത് പുരുഷന് ഭാര്യയുമായി ലൈംഗിക ബന്ധം സാധ്യമാകാത്തതിനാലാണ് ഇസ്‌ലാം ബഹുഭാര്യത്വം അനുവദിച്ചതെന്ന പ്രസ്തുത പ്രസ്താവന മുസ്‌ലിം സമുദായത്തിലെ ഉന്നതനായ ഒരു നേതാവിന്റെ നാവിന്‍ തുമ്പിലൂടെയാണ് പുറത്തുവന്നതെന്നത് ഏറെ ഖേദകരമാണ്.

ഇസ്‌ലാം വിഭാവനം ചെയ്യുന്ന ദാമ്പത്യ ജീവിതത്തിലെ ലൈംഗികബന്ധം ഒരിക്കലും വന്യമായ പുരുഷാധിപത്യ പ്രവണതയോ കേവല ആസ്വാദനമോ അല്ല. മറിച്ച് രണ്ടു വ്യത്യസ്ത വ്യക്തികളുടെ ഇഴയടുപ്പത്തെ ഊട്ടിയുറപ്പിക്കുന്നതും വര്‍ണ്ണനാതീതമായ പ്രണയത്തിന്റെ പങ്കുവെക്കലുമാണ്. ‘അവര്‍ നിങ്ങള്‍ക്കും നിങ്ങള്‍ അവര്‍ക്കും വസ്ത്രമാണ്’ എന്ന ഖുര്‍ആന്‍ വാക്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. ഒരു മനുഷ്യനുമായി അവന്റെ വസ്ത്രത്തിനുള്ള അടുപ്പം മറ്റെന്തിനാണ് ഉള്ളത്!

ഇസ്‌ലാമിലെ സ്ത്രീ ഒരു ലൈംഗിക ഉല്‍പന്നം മാത്രമാണെന്ന് വാദിക്കുന്നവര്‍ എടുത്തുദ്ധരിക്കാറുള്ള ഒരു ഖുര്‍ആന്‍ വാക്യമാണ് സൂറത്തുല്‍ ബഖറയിലെ ‘നിങ്ങളുടെ സ്ത്രീകള്‍ നിങ്ങള്‍ക്കുള്ള കൃഷിയിടങ്ങളാകുന്നു. നിങ്ങളുടെ കൃഷിയിടങ്ങളില്‍ ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവേശിച്ചു കൊള്ളുക.’ (2:223) ‘ഉദ്ദേശിക്കുന്ന രീതിയില്‍ പ്രവേശിച്ചു കൊള്ളുക’ എന്നതായിരുന്നു വിമര്‍ശകരെ ആകര്‍ഷിച്ച ഭാഗം. അതില്‍ കടിച്ചുതൂങ്ങിയ അവര്‍ക്ക് തങ്ങളുടെ ഭാവനയെ കൃഷിയിടമെന്ന മനോഹരമായ ഉപമയിലേക്ക് സത്യസന്ധമായി തിരിച്ചുവിട്ടില്ല.

ഒരു കര്‍ഷകനെ സംബന്ധിച്ചിടത്തോളം തന്റെ കൃഷിയിടമാണ് അവന്റെ സ്വപ്‌നവും പ്രതീക്ഷയും ആശങ്കയുമെല്ലാമെന്ന് നാം അംഗീകരിക്കുന്നു. അതില്‍ വളരുന്ന ചെറിയ കളകള്‍ പോലും അവന്‍ സൂക്ഷ്മതയോടെ പറിച്ചു കളയും. അതിലെ തളിരുകളുടെ വളര്‍ച്ചക്ക് മുന്നിലുള്ള തടസ്സങ്ങളെ നീക്കം ചെയ്യുന്ന അവന്‍ വളരാന്‍ ആവശ്യമായതെല്ലാം അവക്ക് നല്‍കുകയും ചെയ്യുന്നു. ഇത്തരത്തില്‍ കര്‍ഷകനും കൃഷിയിടവും പോലെ വാക്കുകള്‍ക്കതീതമായ ഒരു ബന്ധമാണ് അല്ലാഹു ദമ്പതികളില്‍ നിന്ന് ആവശ്യപ്പെടുന്നത്.

ഭയാനകവും വെറുപ്പുളവാക്കുന്നതുമായ ഒരു ലൈംഗിക ബന്ധം ദമ്പതികള്‍ക്കിടയില്‍ ഉണ്ടാവാനുള്ള സാധ്യത നിലവിലെ സാമൂഹിക സാഹചര്യത്തില്‍ ഏറെയാണ്. സോഷ്യല്‍ മീഡിയകളുടെ തെറ്റായ ഉപയോഗം അതിന് വളംവെക്കുന്നു. ലൈംഗികതയുമായി ബന്ധപ്പെട്ട സ്ത്രീപുരുഷ സങ്കല്‍പങ്ങളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്ന സാഹചര്യമാണുള്ളത്. ഒരിക്കല്‍ പോലും വേര്‍പിരിഞ്ഞിരിക്കാനാവാത്ത തരത്തിലുള്ള കെട്ടുറപ്പുള്ള ദാമ്പത്യ ബന്ധത്തെയാണ് ഇസ്‌ലാമിക പ്രമാണങ്ങള്‍ നമുക്ക് വിശദീകരിച്ചു തരുന്നത്. ഇണയില്‍ നിന്ന് വല്ല അനുസരണക്കേടും നീ ഭയന്നാല്‍ അവളെ ഉപദേശിക്കുക എന്നും എന്നിട്ടും ശരിയായില്ലെങ്കില്‍ കിടപ്പറയില്‍ നിന്ന് മാറ്റിനിര്‍ത്തുക എന്നുമാണ് വിശുദ്ധ ഖുര്‍ആന്‍ വ്യക്തമാക്കുന്നത്. പിരിഞ്ഞിരിക്കല്‍ ഒരു ശിക്ഷാനടപടിയായി മാറുന്നത് ഏത് തരം ദാമ്പത്യത്തിലാണെന്ന് പ്രത്യേകം വിശദീകരിക്കേണ്ടതില്ലാത്ത കാര്യമാണ്.

ആര്‍ത്തവവുമായി ബന്ധപ്പെട്ട അയിത്തവും തൊട്ടുകൂടായ്മയും ഇസ്‌ലാമിന് എത്രത്തോളം അന്യമാണെന്ന് തെളിയിക്കുന്നതാണ് ഹദീസുകള്‍. ആര്‍ത്തവക്കാരിയായിരിക്കെ പ്രവാചകന്‍(സ) തന്റെ മടിയില്‍ തലവെച്ച് ഖുര്‍ആന്‍ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന ആഇശ(റ)ല്‍ നിന്നുള്ള റിപോര്‍ട്ട് തന്നെ അതിന് ധാരാളമാണ്. ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ഏത് തര്‍ക്കവിതര്‍ക്കങ്ങളെയും നിഷ്പ്രഭമാക്കികളയാന്‍ പോന്നതാണ് ഇത്തരം പ്രവാചകാധ്യാപനങ്ങള്‍ എന്ന് സാരം.

Related Articles