Current Date

Search
Close this search box.
Search
Close this search box.

സ്ത്രീക്ക് നല്‍കുന്ന വിലയല്ല മഹ്ര്‍

mahr.jpg

വിവാഹ സമയത്ത് പുരുഷന്റെ മേല്‍ ഇസ്‌ലാം നിര്‍ബന്ധമാക്കിയ ഒന്നാണ് മഹ്ര്‍. ഖുര്‍ആനും പ്രവാചക ചര്യയും പ്രമാണങ്ങളിലൂടെ സ്ഥിരപ്പെടുത്തിയിട്ടുള്ളതും മുസ്‌ലിം സമൂഹം എക്കാലത്തും മുറുകെ പിടിച്ചിട്ടുള്ളതുമായ ഒന്നാണത്. എന്നാല്‍ പാശ്ചാത്യ ചിന്ത തലയില്‍ കടന്നുകൂടിയ ചില സ്ത്രീകള്‍ മഹറിനെതിരെ ഒച്ചവെക്കാറുണ്ട്. പുരുഷന്‍ സ്ത്രീയെ ഭോഗിക്കുന്നതിന് പകരമായി നല്‍കുന്ന ഒന്നാണതെന്നും, അതിലൂടെ പുരുഷന്‍ സ്ത്രീയെ വാങ്ങുന്നു എന്ന പ്രതീതിയാണ് ഉണ്ടാക്കുന്നതെന്നും അവര്‍ വാദിക്കുന്നു. മഹ്‌റുമായി ബന്ധപ്പെട്ട വിധികള്‍ വരെ ശരീഅത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് പോലും അവര്‍ വാദിക്കാന്‍ ധൈര്യപ്പെടുന്നു.

മഹ്‌റിന് പിന്നിലെ യുക്തി
1. മഹ്‌റിലൂടെ സ്ത്രീയെ ആദരിക്കുകയാണ് ചെയ്യുന്നത്. അവള്‍ പുരുഷനെ തേടി പോകുന്നതിന് പകരം പുരുഷന് അവളെ തേടി എത്തുകയാണ്. വിവാഹ സമയത്ത് പെണ്‍വീട്ടുകാരില്‍ നിന്ന് പണവും സമ്പത്തും സ്വീകരിക്കുന്ന സമൂഹങ്ങളില്‍ നിന്ന് വ്യത്യസ്തമായി ചെലവുകള്‍ വഹിക്കേണ്ടത് പുരുഷനാണെന്ന് അത് വ്യക്തമാക്കുന്നു.

ഇന്ന് ഇന്ത്യ പോലുള്ള നാടുകളില്‍ ജീവിക്കുന്ന മുസ്‌ലിംകളും ഇതര വിഭാഗങ്ങളില്‍ നിന്ന് ഇത്തരം രീതികള്‍ ജീവിതത്തില്‍ പകര്‍ത്തിയിരിക്കുകയാണ്. അതിലൂടെ പെണ്‍ വീട്ടുകാരെ സംബന്ധിച്ചിടത്തോളം വിവാഹം വലിയൊരു ഭാരമായി മാറുന്നു. പലപ്പോഴും മകളെ വിവാഹം ചെയ്തയക്കുന്നതിന് കിടപ്പാടം പോലും വില്‍ക്കേണ്ട അവസ്ഥയില്‍ വീട്ടുകാര്‍ എത്തുന്നു. അതിന്റെ പേരില്‍ പെണ്‍കുട്ടികളുടെ ദരിദ്രരായ മാതാപിതാക്കള്‍ എന്തുമാത്രം പ്രയാസമാണ് സഹിക്കേണ്ടി വരുന്നത്!

2. സ്ത്രീയോടുള്ള പുരുഷന്റെ താല്‍പര്യവും സ്‌നേഹവും പ്രകടിപ്പിക്കുകയാണ് അതിലൂടെ ചെയ്യുന്നത്. ചിലര്‍ കാണുന്ന പോലെ സ്ത്രീക്കുള്ള വിലയായിട്ടല്ല അത് നല്‍കുന്നത്, മറിച്ച് അവള്‍ക്ക് നല്‍കുന്ന ഒരു വിവാഹ സമ്മാനമാണത്. വിശുദ്ധ ഖുര്‍ആന്‍ വളരെ വ്യക്തമായി തന്നെ അത് പറയുന്നുണ്ട്: ‘നിങ്ങള്‍ സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യം സമ്മാനമായി നല്‍കുക.’ (അന്നിസാഅ്: 4) (സമ്മാനം എന്നര്‍ത്ഥമുള്ള ‘നിഹ്‌ല’ എന്ന പദമാണ് ഖുര്‍ആന്‍ ഉപയോഗിച്ചിരിക്കുന്നത്)

3. വിവാഹം ഒരു തമാശക്കളിയല്ലെന്നും അത് വളരെ ഗൗരവമുള്ള ഒന്നാണെന്നും ദ്യോതിപ്പിക്കല്‍. മഹ്‌റുമായി ബന്ധപ്പെടുത്തിയാണ് പുരുഷന്‍ ഒരു സ്ത്രീയെ വിവാഹം ചെയ്തു എന്ന വാക്കുച്ചരിക്കുന്നത്. സ്ത്രീക്ക് വേണ്ടി പുരുഷന്‍ പണം ചെലവഴിക്കുന്നത് അവന്‍ ഗൗരവത്തോടെയാണ് ആ ബന്ധത്തിലേര്‍പ്പെടുന്നത് എന്നതിന്റെ അടയാളമാണ്. ഒരാള്‍ ഒരു സ്ത്രീയെ വിവാഹം ചെയ്ത് ശാരീരിക ബന്ധത്തിലേര്‍പ്പെടുന്നതിന് മുമ്പ് വിവാഹം ചെയ്താലും മഹ്‌റിന്റെ പകുതി സ്ത്രീക്ക് അവകാശപ്പെട്ടതാണ്. ശക്തമായ ഒരു കരാറാണ് വിവാഹം എന്നാണിത് വ്യക്തമാക്കുന്നത്. ശാരീരികമായ ആസ്വാദനമല്ല അതിന്റെ അടിസ്ഥാനം എന്നും അത് സൂചിപ്പിക്കുന്നു. അതുകൊണ്ടാണ് ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെങ്കിലും മഹ്‌റിന്റെ പകുതി നല്‍കണമെന്ന് വിശുദ്ധ ഖുര്‍ആന്‍ കല്‍പിക്കുന്നത്: ‘ഇനി പരസ്പര സ്പര്‍ശത്തിനുമുമ്പ് ത്വലാഖ് കൊടുത്തു, വിവാഹമൂല്യം നിശ്ചയിച്ചിട്ടുമുണ്ട്. എങ്കില്‍ അപ്പോള്‍ നിശ്ചിത വിവാഹമൂല്യത്തിന്റെ പകുതി നല്‍കേണ്ടതാകുന്നു.’ (അല്‍-ബഖറ : 237)

4. കുടുംബത്തിന്റെ മേധാവിത്വം ഇസ്‌ലാം പുരുഷന്റെ കയ്യിലാണ് ഏല്‍പിക്കുന്നത്. പ്രകൃതിപരമായി തന്നെ കുടുംബമെന്ന സംവിധാനത്തിന്റെ നിയന്ത്രണത്തിന് ഏറ്റവും അനുയോജ്യന്‍ പുരുഷനാണ്. അവന് നല്‍കപ്പെട്ടിരിക്കുന്ന അവകാശത്തിന് പകരമായി അവന്റെ മേല്‍ ചുമത്തുന്ന ബാധ്യതാണ് മഹ്ര്‍. നിസ്സാരമായ കാരണങ്ങളുടെ പേരില്‍ കുടുംബം തകരുന്നതില്‍ അവന്‍ സൂക്ഷ്മത പാലിക്കുന്നവനായി മാറും. കാരണം അവനാണ് അതിന്റെ നിര്‍മാണത്തിന് വിലയൊടുക്കിയിരിക്കുന്നത്. കുടുംബത്തിന്റെ തകര്‍ച്ച അവന്റെ പരാജയം കൂടിയായിരിക്കും. അല്ലാഹു പറയുന്നു:
‘പുരുഷന്മാര്‍ സ്ത്രീകളുടെ നാഥന്മാരാകുന്നു. അല്ലാഹു അവരില്‍ ചിലരെ മറ്റുള്ളവരെക്കാള്‍ അനുഗ്രഹിച്ചിട്ടുള്ളതുകൊണ്ടും, പുരുഷന്മാര്‍ അവരുടെ ധനം ചെലവഴിക്കുന്നതുകൊണ്ടുമാകുന്നു അത്.’ (അന്നിസാഅ്: 34)

വിവ: നസീഫ്

Related Articles