Current Date

Search
Close this search box.
Search
Close this search box.

സന്താനനിയന്ത്രണവും ഇസ്‌ലാമും

family-planng.jpg

വിവാഹം എന്നത് ഏറെ പ്രാധാന്യമുള്ള ഒരു സാമൂഹിക സ്ഥാപനമാണ്. അത് സമൂഹത്തെ ഒത്തൊരുമയില്‍ കൊണ്ട് പോകുന്നു. വിവാഹം മൂലം കുടുംബവും കുട്ടികളുമെന്ന ദൈവികമായ ഫലം നമുക്ക് ലഭിക്കുന്നു. കുടുംബത്തില്‍ ഒരു കുഞ്ഞ് ജനിക്കുക എന്നത് എല്ലാ സമൂഹത്തിലും വ്യക്തിപരവും സാമൂഹികവുമായ ഒരു മഹത്തായ കാര്യമായി കൊണ്ടാടുന്നു.  കുട്ടികള്‍ മൂലം ജീവിതത്തിനു ഒരു പ്രത്യേക ലക്ഷ്യവും കുടുംബത്തില്‍ സന്തോഷവുമുണ്ടായിത്തീരുന്നു. ഇസ്‌ലാമില്‍ കുട്ടികള്‍ എന്നത് അല്ലാഹുവിന്റെ സമ്മാനമായാണ് ഗണിക്കപ്പെടുന്നത്. അല്ലാഹു പറയുന്നു. ‘അല്ലാഹു നിങ്ങള്‍ക്ക് നിങ്ങളുടെ കൂട്ടത്തില്‍ നിന്ന് തന്നെ ഇണകളെ ഉണ്ടാക്കുകയും, നിങ്ങളുടെ ഇണകളിലൂടെ അവന്‍ നിങ്ങള്‍ക്ക് പുത്രന്‍മാരെയും പൗത്രന്‍മാരെയും ഉണ്ടാക്കിത്തരികയും, വിശിഷ്ട വസ്തുക്കളില്‍ നിന്നും അവന്‍ നിങ്ങള്‍ക്ക് ഉപജീവനം നല്‍കുകയും ചെയ്തിരിക്കുന്നു’ (16:72).

കുട്ടികള്‍ക്ക് എല്ലാവിധ പ്രാധാന്യം നല്‍കുന്നതോടൊപ്പം തന്നെ ചില സമയങ്ങളിലുണ്ടാകുന്ന ആരോഗ്യപരവും സാമ്പത്തികവുമായ ഞെരുക്കങ്ങള്‍ മാതാപിതാക്കളെ സന്താന നിയന്ത്രണത്തിലേക്കും കുടുംബാസൂത്രണത്തിലേക്കും എത്തിക്കുന്നു.
 
കുടുംബാസൂത്രണം
കുടുംബാസൂത്രണം, ജനസംഖ്യാ നിയന്ത്രണം തുടങ്ങിയ ആശയങ്ങള്‍ക്ക് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.  ആസൂത്രിത മാതൃത്വം അല്ലെങ്കില്‍ പിതൃത്വം, ഉത്തരവാദിത്ത മാതൃത്വം, ഗര്‍ഭ നിരോധനം, ബീജ നിയന്ത്രണം സന്താന നിയന്ത്രണം തുടങ്ങി പല പേരുകളിലും ഇത് അറിയപ്പെടുന്നു. എന്‍സൈക്ലോ പീഡിയ ബ്രിട്ടാനിക്കയില്‍ കുടുംബത്തില്‍ സന്താനങ്ങളുടെ മനപൂര്‍വമായ നിയന്ത്രണം എന്നാണ് നിര്‍വചനം നല്‍കിയിരിക്കുന്നത്. അതായത്, മനുഷ്യന്റെ പ്രത്യുല്‍പാദനത്തെ അബോര്‍ഷന്‍, ഗര്‍ഭ നിരോധനം, കൃത്രിമ വന്ധ്യംകരണം തുടങ്ങിയ മാര്‍ഗങ്ങളിലൂടെ മനപൂര്‍വം ചുരുക്കി നിയന്ത്രണം വരുത്തുക എന്നതാണ് കുടുംബാസൂത്രണം കൊണ്ട് അര്‍ഥമാക്കുന്നത്. സന്താനങ്ങളുടെ എണ്ണത്തില്‍ പരിധി വെച്ചും ഗര്‍ഭധാരണങ്ങളില്‍ ദീര്‍ഘമായ ഇടവേള സൃഷ്ടിച്ചും ദമ്പതികള്‍ ഇത് ചെയ്യുന്നു.
ആരോഗ്യ പ്രശ്‌നങ്ങളാലും സാമ്പത്തിക പ്രയാസങ്ങളാലും ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ ഇത്തരം മാര്‍ഗങ്ങളിലൂടെ സന്താന നിയന്ത്രണം വരുത്തുന്നു. ഇവിടെ സന്താന നിയന്ത്രണത്തിന്റെയും കുടുംബാസൂത്രണത്തിന്റെയും ഖുര്‍ആനിലെയും സുന്നത്തിലെയും വീക്ഷണങ്ങള്‍ ചര്‍ച്ച ചെയ്യുകയാണ് ഉദ്ദേശം.
 
ഇസ്‌ലാമിലെ അടിസ്ഥാന തത്വങ്ങള്‍
ഇസ്‌ലാം എന്നത് എല്ലാ കാലത്തേക്കും എല്ലാ ജനങ്ങള്‍ക്കും വേണ്ടിയുള്ള ദര്‍ശനമാകുന്നു. ജീവിതത്തിന്റെ സകല മേഖലകളുമായും അത് ബന്ധപ്പെട്ടു കിടക്കുന്നു. വെറും ആരാധനാ കര്‍മങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്ന മതമല്ല ഇസ്‌ലാം. സാമൂഹികവും സാമ്പത്തികവും സദാചാരപരവും രാഷ്ട്രീയപരവും അന്താരാഷ്ട്രപരവുമായ എല്ലാ കാര്യങ്ങളിലും ഇസ്‌ലാം അതിന്റെതായ നിലപാട് വ്യക്തമാക്കുന്നുണ്ട്. ഇവിടെ കുടുംബാസൂത്രണത്തെ പിന്തുണക്കുന്ന ചില അടിസ്ഥാന കാര്യങ്ങള്‍ ഇസ്‌ലാമിലുണ്ട്.

1- ഇസ്‌ലാം എളുപ്പത്തിന്റെയും നൈര്‍മല്യത്തിന്റെയും മതമാകുന്നു. കാഠിന്യവും പൗരുഷവും അത് നിഷേധിക്കുന്നു. അല്ലാഹു പറയുന്നു. ‘നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു
ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല'(2:185).
‘നിങ്ങള്‍ക്ക് ഭാരം കുറച്ചുതരണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നു. ദുര്‍ബലനായിക്കൊണ്ടാണ് മനുഷ്യന്‍
സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്'(4:28).

2-  ഇസ്‌ലാം മിതത്വത്തിന്റെയും മധ്യമ നിലപാടിന്റെയും മതമാകുന്നു. അമിതമാകുന്നതിനെയും തീവ്രതയെയും അത് നിരുത്സാഹപ്പെടുത്തുന്നു.
‘അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല'(2:286).

3-  ഇസ്‌ലാം നന്മയുടെ മതമാകുന്നു. തിന്മയെ അതൊരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല.
‘പറയുക: ദുഷിച്ചതും നല്ലതും സമമാകുകയില്ല. ദുഷിച്ചതിന്റെ വര്‍ദ്ധനവ് നിന്നെ അത്ഭുതപ്പെടുത്തിയാലും ശരി. അതിനാല്‍ ബുദ്ധിമാന്‍മാരേ, നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം'(5:100).

4- ആസൂത്രണത്തെ ഊന്നിപ്പറഞ്ഞ മതമാകുന്നു ഇസ്‌ലാം. ‘തീര്‍ച്ചയായും ഏതു വസ്തുവെയും നാം സൃഷ്ടിച്ചിട്ടുള്ളത് ഒരു വ്യവസ്ഥപ്രകാരമാകുന്നു'(54:49).
മേല്‍ പറഞ്ഞ അടിസ്ഥാനങ്ങളനുസരിച്ച്, കൂടെക്കൂടെയുണ്ടാകുന്ന ഗര്‍ഭധാരണത്തിന്റെ കാഠിന്യം കുറക്കാന്‍ സന്താന നിയന്ത്രണം ആകാവുന്നതാണെന്ന് മനസ്സിലാക്കാം. അതേ സമയം തന്നെ നല്ലൊരു കുടുംബത്തിന്റെ രൂപീകരണത്തിനും അതിന്റെ ആസൂത്രണത്തിനും ശ്രമിക്കുന്നതിനെ ഇസ്‌ലാം അഭിനന്ദിക്കുന്നുണ്ട്. സാമ്പത്തികമായും സാംസ്‌കാരികമായും ഉയരാത്ത എത്ര കുടുംബങ്ങള്‍ തങ്ങളുടെ സന്താനങ്ങളിലൂടെ ഉയര്‍ന്നു വന്നിട്ടുണ്ട്. സന്താനനിയന്ത്രണത്തെ വിലക്കുന്നതോ അനുവദിക്കുന്നതോ ആയ ഒരു വ്യക്തമായ വാക്യവും ഖുര്‍ആനില്‍ വന്നിട്ടില്ലെന്നിരിക്കെ അതിനെ എതിര്‍ക്കുന്നവരും ന്യായീകരിക്കുന്നവരും തങ്ങളുടെ വാദങ്ങള്‍ സ്ഥാപിക്കാനായി ഖുര്‍ആനിക വചനങ്ങള്‍ തന്നെയാണ് ഉദ്ധരിക്കുന്നത്. അതിനെ എതിര്‍ക്കുന്നവര്‍, ഗര്‍ഭധാരണം തടഞ്ഞു വെക്കുന്നത് ശിശുഹത്യയാണെന്നും അത് ഇസ്‌ലാം വിലക്കിയതാണെന്നും അവകാശപ്പെടുന്നു. ഖുര്‍ആന്‍ പറയുന്നു. ‘ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്’ (6:151).  ഇതിന്റെ അതേ അര്‍ഥം ഉള്‍ക്കൊള്ളുന്ന മറ്റു ആയത്തുകളും നമുക്ക് കാണാവുന്നതാണ്.

എതിര്‍ക്കുന്നവരുടെ കാഴ്ചപ്പാട്
കുടുംബാസൂത്രണത്തെ എതിര്‍ക്കുന്നവര്‍ പറയുന്നത് ഇത്തരം ആയത്തുകള്‍ അതിനെ വിലക്കുന്നതിനുള്ള പരോക്ഷമായ കല്പനയാണെന്നാണ്. എന്നാല്‍ പിന്തുണക്കുന്നവരെ സംബന്ധിച്ചടത്തോളം, ഗര്‍ഭസ്ഥ ശിശുവിനെ ജീവനോടെ കൊല്ലുക എന്നതും ജീവനോടെ കുഴിച്ചു മൂടുക എന്നതും നിരോധിക്കപ്പെട്ടതു തന്നെയാണ്. ഇസ്‌ലാം അതിനെ കഠിനമായി വിലക്കിയിരിക്കുന്നു എന്നത് സംശയലേശമന്യേ എല്ലാവര്‍ക്കും ബോധ്യപ്പെട്ടതാണ്. എന്നാല്‍ കൊല്ലപ്പെടാനുള്ള എല്ലാവിധ സാധ്യതയും ഒഴിവാക്കുന്നതിന് സന്താന നിയന്ത്രണം ആകാവുന്നതാണ്. ജനിച്ച കുഞ്ഞിനെയോ ഗര്‍ഭസ്ഥ ശിശുവിനെയോ കൊല്ലുക എന്നത് ശക്തമായി അപലപിക്കേണ്ടതു തന്നെയാണ്. സന്താന നിയന്ത്രണത്തെ എതിര്‍ക്കുന്നവരുടെ വാദം അല്ലാഹുവിന്റെ ഖദ്‌റിനെ ഖണ്ഡിക്കുന്നു എന്നതാണ്. അതു മൂലം വിശ്വാസത്തിന്റെ അടിസ്ഥാനമായ ഖദ്‌റിനെ നാം നിഷേധിക്കുന്നു എന്നും. അല്ലാഹു പറയുന്നു. ‘ലോകരക്ഷിതാവായ അല്ലാഹു ഉദ്ദേശിക്കുന്നുവെങ്കിലല്ലാതെ നിങ്ങള്‍ ഉദ്ദേശിക്കുകയില്ല’ (81:29).

എതിര്‍ക്കുന്നവരുടെ മറ്റൊരു വാദം, അല്ലാഹു തന്റെ സൃഷ്ടികള്‍ക്ക് വിഭവം നല്‍കുമെന്നാണ്. അതിനുള്ള വഴികള്‍ അല്ലാഹു സൃഷ്ടിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു. ‘ഭൂമിയില്‍ യാതൊരു ജന്തുവും അതിന്റെ ഉപജീവനം അല്ലാഹു ബാധ്യത ഏറ്റതായിട്ടല്ലാതെ ഇല്ല. അവയുടെ താമസസ്ഥലവും സൂക്ഷിപ്പുസ്ഥലവും അവന്‍ അറിയുന്നു. എല്ലാം സ്പഷ്ടമായ ഒരു രേഖയിലുണ്ട്’ (11:6). അതിനാല്‍ കുടുംബാസൂത്രണം എന്നത് അല്ലാഹുവിന്റെ കഴിവില്‍ ഉണ്ടാകുന്ന വിശ്വാസമില്ലായ്മയില്‍ നിന്നും വരുന്നതാണെന്ന് ഇക്കൂട്ടര്‍ പറയുന്നു. അതുപോലെത്തന്നെ, നമ്മള്‍ തീര്‍ച്ചയായും അല്ലാഹുവില്‍ ഭരമേല്‍പിക്കണമെന്നും അവര്‍ വാദിക്കുന്നു. ഖുര്‍ആന്‍ പറയുന്നു. ‘ഞങ്ങളുടെ രക്ഷിതാവേ, നിന്റെ മേല്‍ ഞങ്ങള്‍ ഭരമേല്‍പിക്കുകയും, നിങ്കലേക്ക് ഞങ്ങള്‍ മടങ്ങുകയും ചെയ്തിരിക്കുന്നു. നിങ്കലേക്ക് തന്നെയാണ് തിരിച്ചുവരവ്’ (60:4).

പിന്തുണക്കുന്നവരുടെ കാഴ്ചപ്പാട്
ഒരിക്കല്‍ ഒരാള്‍ നബി(സ)യോട് ചോദിച്ചു : ഒട്ടകത്തെ കെട്ടിയിടുകയോ അതോ അല്ലാഹുവില്‍ ഭരമേല്‍പിക്കുകയോ ഏതാണ് ചെയ്യേണ്ടത്?  നബി പറഞ്ഞു : ഒട്ടകത്തെ കെട്ടിയിട്ട് ഭരമേല്‍പിക്കുക. അതായത് ഗര്‍ഭ നിരോധനം എന്നത് അല്ലാഹുവിലുള്ള വിശ്വാസത്തിനെതിരല്ല. അതൊരു മാര്‍ഗം മാത്രമാണ്. അതിന്റെ ബാക്കി കാര്യങ്ങളെല്ലാം അല്ലാഹുവിന്റെ കരങ്ങളില്‍ നിക്ഷിപ്തമാണ്. അല്ലാഹു എല്ലാ സ്ൃഷ്ടികള്‍ക്കും വിഭവം നല്‍കും എന്നും പറഞ്ഞു അതിനു കാത്തിരിക്കരുത്. ഭാവിക്കു വേണ്ടി ആസൂത്രണം ചെയ്യണം, വിജയത്തിനു വേണ്ടി പ്രയത്‌നിക്കണം, നല്ല ഫലം കിട്ടാന്‍ നന്നായി അധ്വാനിക്കണം എന്നിട്ട് കാര്യങ്ങളൊക്കെ അല്ലാഹുവില്‍ ഭരമേല്‍പിക്കുക. കുടുംബാസൂത്രണത്തെ പിന്തുണക്കുന്നവര്‍ക്ക് അതിനുള്ള പരോക്ഷമായ തെളിവ് ഖുര്‍ആനില്‍ ഉണ്ട്. മുല കുടിക്കേണ്ട പ്രായം തികച്ചും രണ്ട് വര്‍ഷം വേണമെന്ന കാര്യത്തിലാണത്.(2:233, 31:14, 46:15)

ഇക്കാലയളവില്‍ ഗര്‍ഭധാരണത്തെ പ്രവാചകന്‍ നിരുത്സാഹപ്പെടുത്തിയിരിക്കുന്നു. അതിനാല്‍ തന്നെ രണ്ട് വര്‍ഷം വരെ ലൈംഗികതയില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ദമ്പതികള്‍ക്ക് ഒരിക്കലും കഴിയില്ല. അപ്പോള്‍ അത് തടയാനായി മറ്റു മാര്‍ഗങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഹദീസുകളിലും ഇതിനു പിന്‍ബലമേകുന്ന തെളിവുകള്‍ കാണാവുന്നതാണ്. പ്രവാചകന്റെ കാലത്ത് സ്വഹാബികള്‍ അസ്ല്‍  (ബീജത്തെ ഉപേക്ഷിക്കല്‍) ചെയ്തിരുന്നു. ‘ജാബിര്‍(റ) നെ തൊട്ട് നിവേദനം: നബി (സ)യുടെ കാലത്ത് ഞങ്ങള് ബീജ ഉപേക്ഷിക്കാറുണ്ടായിരുന്നു ആ വിവരമറിഞ്ഞിട്ടും  നബി (സ) ഞങ്ങളെ തടഞ്ഞില്ല.'(മുസ്ലിം)
‘ഖുര്‍ആന്‍ അവതരിച്ച് കൊണ്ടിരിക്കെ ഞങ്ങള്‍ അസ്ല്‍ ചെയ്യാറുണ്ടായിരുന്നു.'(ബുഖാരി)
ബീജം ഉപേക്ഷിക്കല്‍ നിരുപാധികം അനുവദനീയമാണെന്നാണ് നടേ പറഞ്ഞ ഹദീസുകളുടെ സാക്ഷ്യം.
മദ്ഹബിന്റെ നാല് ഇമാമുമാരും കുടുംബാസൂത്രണത്തെ പിന്തുണച്ചിരുന്നു. ലോക പ്രശസ്ത പണ്ഡിതന്മാരും ഇതിനു ബലമേകുന്ന തരത്തില്‍ ഫത്‌വകളിറക്കിയിട്ടുണ്ട്. അബോര്‍ഷനും ഗര്‍ഭ നിരോധനവും തമ്മില്‍ വലിയ വ്യത്യാസമുള്ളതായി നമുക്ക് കാണാം. അതിനാല്‍ തന്നെ, സന്താനങ്ങള്‍ രക്ഷിതാക്കള്‍ക്കും സമൂഹത്തിനും ഒരു പോലെ ഗുണം ചെയ്യുമെങ്കിലും ഖുര്‍ആനിന്റെയും സുന്നതിന്റെയും അടിസ്ഥാനത്തില്‍ കുടുംബാസൂത്രണം, സന്താനനിയന്ത്രണം തുടങ്ങിയവ വിലക്കപ്പെട്ടിട്ടില്ല എന്നു മനസ്സിലാക്കാവുന്നതാണ്.
അവലംബം : radianceweekly.in

വിവ : ശഫീഅ് മുനീസ്.ടി

Related Articles