Current Date

Search
Close this search box.
Search
Close this search box.

സംതൃപ്ത ദാമ്പത്യത്തിലേക്കുള്ള വഴികള്‍

happy.jpg

സംതൃപ്ത ദാമ്പത്യം രണ്ട് അടിസ്ഥാന കാര്യങ്ങളിലാണ് നിലനില്‍ക്കുന്നത്. സത്യസന്ധതയും തുറന്ന സമീപനവുമാണവ. ദാമ്പത്യം മനുഷ്യജീവിതത്തിലെ സുപ്രധാന ബന്ധങ്ങളിലൊന്നാണ്. മനുഷ്യവികാരങ്ങളും ചിന്തകളും ജീവിതത്തിലന്റെ വിശദാംശങ്ങളും അതുള്‍ക്കൊള്ളുന്നു. ഇക്കാരണത്താല്‍ തന്നെ സവിശേഷമായ ഒരു സ്വഭാവപ്രകൃതിയെ അതാവശ്യപ്പെടുന്നു. ഇടപഴകുന്ന ഏത് മേഖലയിലും സത്യസന്ധതയും തുറന്ന സമീപനവും ഈ ബന്ധത്തെ വ്യതിരിക്തമാക്കുന്നു.

മേല്‍പരാമര്‍ശിച്ച രണ്ട് ഗുണങ്ങളുടെ അഭാവത്തില്‍ ദാമ്പത്യം ദുരിതപൂര്‍ണ്ണമാവുന്നു. അവിടെ വികാര വിചാരങ്ങള്‍ വരണ്ടതും ഊഷരവുമായി മാറുന്നു. പ്രത്യേകിച്ച് കാര്യങ്ങള്‍ തുറന്ന് പങ്ക് വെക്കാതിരിക്കുന്നതിലൂടെ പലതരത്തിലുള്ള വൈഷമ്യങ്ങള്‍ പൊതിയുന്നു.

തന്റെ കുറ്റങ്ങളും പോരായ്മകളും ഭാര്യ തിരിച്ചറിയുമെന്ന് ഉല്‍കണ്ഠപ്പെട്ട് പുരുഷന്‍ അത് മറച്ച് വെക്കുന്നു. വേറൊരു തരത്തില്‍, തന്റെ പ്രിയതമയുടെ സ്വപ്‌നത്തിലെ പുരുഷനല്ല താന്‍ എന്ന് വ്യാകുലപ്പെട്ട് കാര്യങ്ങള്‍ മറച്ചു വെക്കുന്നു. ഇതെല്ലാം നാനാവിധ പ്രയാസങ്ങള്‍ ദാമ്പത്യബന്ധത്തില്‍ സൃഷ്ടിക്കുന്നു.

പൊതുവെ പെണ്ണുങ്ങള്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതം സുതാര്യവും സത്യസന്ധവുമായിരിക്കണമെന്ന് അങ്ങേയറ്റം അഭിലഷിക്കുന്നവരാണ്. ജീവിത വ്യവഹാരം, ദൈനംദിന കാര്യങ്ങള്‍, വീട്ടുവിശേഷങ്ങള്‍, കൂട്ടുകാരിയുടെ വര്‍ത്തമാനങ്ങള്‍, മക്കളുടെ ശിക്ഷണം തുടങ്ങിയവയെല്ലാം തന്റെ പ്രിയതമനുമൊത്ത് ഉള്ള് തുറന്ന് പങ്കുവെക്കാന്‍ അവളാഗ്രഹിക്കുന്നു. ഇനി ഉദ്യോഗസ്ഥയായ ഭാര്യയാണെങ്കില്‍ ഔദ്യോഗിക കാര്യങ്ങള്‍ വലിയ തോതില്‍ പങ്കുവെക്കാനായിരിക്കും താല്‍പര്യം.

ഇത്തരം ദാമ്പത്യ ബന്ധത്തില്‍ ഒരാള്‍ക്ക് മറ്റൊരാളെ കുറിച്ച കാഴ്ച്ചപാട്, അവര്‍ പരസ്പരം കൈമാറുന്ന ആനന്ദവും വൈകാരികാനുഭവങ്ങളുമെല്ലാം സത്യസന്ധവും തുറന്ന സമീപനത്തിലധിഷ്ഠിതവുമായിരിക്കണം.

സ്വന്തം ഭാര്യയുടെ ദൃഷ്ടിയില്‍ ഏറ്റവും മാന്യനായ വ്യക്തിത്വവും മാതൃകാപുരുഷനും താനായിരിക്കണമെന്നാണ് മിക്ക പുരുഷന്‍മാരും കൊതിക്കുന്നത്. സംതൃപ്തിയും സുരക്ഷിതത്വവും തന്നിലൂടെ മാത്രമെ കരഗതമാവുകയുള്ളൂവെന്ന് അവളംഗീകരിക്കണമെന്നും അവന്‍ ആഗ്രഹിക്കുന്നു. ഈ അംഗീകാരം ലഭിക്കുന്ന പുരുഷന് ദാമ്പത്യത്തില്‍ മടുപ്പ് അനുഭവപ്പെടില്ല. എന്നാല്‍ എല്ലായ്‌പ്പോഴും ഭര്‍ത്താവിന്റെ കുറ്റങ്ങളും കുറവുകളും തുറന്ന് പറയുന്ന ഭാര്യ അയാളുടെ മനസ്സിലെ നല്ല അനുഭവങ്ങളെ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഭര്‍ത്താവുമൊത്തുള്ള ജീവിതത്തില്‍ മേല്‍ പരാമൃഷ്ടമായ തുറന്ന സമീപനം ഒഴിവാക്കേണ്ട രണ്ട് കാര്യങ്ങളില്‍ സ്ത്രീകള്‍ പ്രത്യേകം ശ്രദ്ധിക്കണം.

ഒന്ന്, ഭര്‍ത്താവിന്റെ കുടുംബാംഗങ്ങളുടെ കാര്യങ്ങള്‍ പങ്കുവെക്കുമ്പോള്‍ ഭാര്യ പ്രത്യേകം ശ്രദ്ധിക്കണം. തനിക്ക് നീരസമോ മനക്ലേശമോ ഉണ്ടാക്കുന്ന സ്വഭാവ പെരുമാറ്റങ്ങള്‍ അവരില്‍ നിന്ന് ഉണ്ടായേക്കാം. യാതൊരു മുന്നൊരുക്കങ്ങളുമില്ലാത്ത ഇത്തരം കാര്യങ്ങള്‍ ഭര്‍ത്താവിനോട് തുറന്നടിക്കുമ്പോള്‍ അത് അദ്ദേഹത്തെ വല്ലാതെ തളര്‍ത്തുകയും പ്രയാസപ്പെടുത്തുകയും ചെയ്യും. പ്രത്യേകിച്ച് പ്രിയതമന്റെ മാതാപിതാക്കളെ കുറിച്ച കുറ്റങ്ങളും പരിഭവങ്ങളും കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും. കാരണം മാതാപിതാക്കള്‍ക്ക് സ്വഭര്‍ത്താവിന്റെ ഹൃദയത്തില്‍ സവിശേഷ സ്ഥാനമുണ്ടെന്ന് ഓരോ ഭാര്യമാരും തിരിച്ചറിയണം. തന്നെയുമല്ല ഈ ലോകത്ത് മറ്റാരെക്കാളും അവര്‍ക്ക് പരിഗണന നല്‍കണമെന്നത് അല്ലാഹുവിന്റെ കല്‍പനയാണ്. അതിനാല്‍ ഭാര്യമാര്‍ അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഇത്തരം നെഗറ്റീവായ സമീപനങ്ങളെ പോലും പോസിറ്റീവായ കാണുകയും ക്ഷമയവലംബിക്കുകയും വേണം. അവരോടുള്ള നീരസം കഴിവതും ഉള്ളിലൊതുക്കുക. ഭര്‍ത്താവുമായി കലഹഹേതുവാകുന്ന തരത്തില്‍ പങ്കുവെക്കുന്നത് ഒഴിവാക്കുക. അവരെ കുറിച്ച് സംഭാഷണങ്ങളില്‍ സത്യസന്ധത പുലര്‍ത്തുക.

രണ്ട്, ഒരു പുരുഷനെന്ന നിലയില്‍ തന്റെ ഭര്‍ത്താവിന്റെ കഴിവുകളെയും ആകര്‍ഷക ഘടകങ്ങളെയും വിലമതിക്കുക. ഉല്‍ബുദ്ധരായ ഒരു സ്ത്രീ ഒരിക്കലും തന്റെ ഭര്‍ത്താവിന്റെ വ്യക്തിത്വവുമായും കഴിവുകളുമായും ബന്ധപ്പെട്ട ന്യൂനതകള്‍ അദ്ദേഹത്തോട് തുറന്ന് പറയില്ല. കാരണം എല്ലാ ഗുണങ്ങളും ഒത്തു ചേര്‍ന്ന ഒരു പുരുഷന്‍ ഇല്ല എന്നത് തന്നെ. എങ്ങിനെയായാലും എന്തെങ്കിലുമൊക്കെ കുറവുകളും കുറ്റങ്ങളുമുള്ളവരായിരിക്കും മിക്ക പുരുഷന്‍മാരും. അതിനര്‍ഥം സ്വഭര്‍ത്താവിനെ സന്തോഷിപ്പിക്കാന്‍ അയാളുടെ മുഴുവന്‍ പോരായ്മകളും സഹിച്ച് ആത്മപീഢയുമായി കഴിഞ്ഞു കൂടണമെന്നാണോ? ഒരിക്കലുമല്ല. എന്നാല്‍ ഭര്‍ത്താവിന്റെ ഹൃദയത്തില്‍ സന്തോഷമുണ്ടാക്കുന്നതിനായി ഈ ഭൂമിയില്‍ താന്‍ സ്വപ്‌നം കണ്ട സര്‍വ ഗുണങ്ങളും ഒത്തുചേര്‍ന്ന മഹത് വ്യക്തിത്വമാണ് തന്റെ ഭര്‍ത്താവ് തോന്നിപ്പിക്കുന്ന തരത്തില്‍ പെരുമാറാന്‍ ഭാര്യക്ക് അനുവാദമുണ്ട്.
അവലംബം : onislam.net

വിവ : ഷംസീര്‍ എ.പി.

Related Articles