Current Date

Search
Close this search box.
Search
Close this search box.

വൈവാഹിക ജീവിതത്തില്‍ സമ്മാനങ്ങളുടെ പ്രസക്തി

gift.jpg

സന്തോഷത്തിലും സന്താപത്തിലും നിന്നോടൊപ്പം നില്‍ക്കുകയും നിന്റെയും മക്കളുടെയും സേവനത്തിനായി അഹോരാത്രം പരിശ്രമിക്കുകയും നിനക്ക് വേണ്ടി ജീവിതം അര്‍പ്പിക്കുകയും ചെയത പ്രിയതമക്ക് സ്‌നേഹോപഹാരമായിട്ട് വല്ലതും നല്‍കുന്നതിനെ കുറിച്ച് നീ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ?  നിന്റെയും മക്കളുടെയും സന്തോഷത്തിനായി കഠിനാധ്വാനം ചെയ്യുകയും നിങ്ങള്‍ക്ക് സംരക്ഷണവും ആശ്വാസവും പ്രദാനം ചെയ്യുകയും ചെയ്യുന്ന നിന്റെ പ്രിയതമന് ചെറുസംഖ്യകള്‍ ഒരുക്കൂട്ടി വല്ല സ്‌നേഹോപഹാരം നല്‍കണമെന്ന് നീ വല്ലപ്പോഴും മനസ്സില്‍ ആലോചിച്ചിട്ടുണ്ടോ?  കുടുംബ ജീവിതത്തില്‍ സ്‌നേഹം പുതുക്കാനും പ്രശ്‌നങ്ങള്‍ കുറക്കാനും സന്തോഷം ഊട്ടിയുറപ്പിക്കാനുമായി ക്രിയാത്മകമായ മാര്‍ഗം എന്ന നിലക്ക് സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നതിനെ കുറിച്ച് ശ്രദ്ധിക്കാത്ത വധൂ വരന്മാര്‍ക്ക് നേരെയാണ് ഈ ചോദ്യങ്ങള്‍ ഉയരുന്നത്. ഇണകള്‍ തമ്മിലുള്ള പരസ്പര ധാരണയും ഹൃദ്യമായ ബന്ധവുമാണ് കുടംബമെന്ന സ്ഥാപനത്തിന് ബലം നല്‍കുന്നത്. അത്തരത്തിലുള്ള സന്തുഷ്ട കുടുംബങ്ങളിലൂടെയാണ് നല്ല ഒരു സമൂഹം രൂപപ്പെടുന്നതും.

എന്നാല്‍ ഖേദകരമെന്നു പറയട്ടെ, വൈവാഹിക ജീവിതത്തിന്റെ ആദ്യഘട്ടത്തില്‍ വധൂവരന്മാര്‍ മനം കവരുക എന്ന ലക്ഷ്യത്തോടെ എല്ലാ അര്‍ഥത്തിലുള്ള സ്‌നേഹപ്രകടനങ്ങള്‍ക്കും സ്‌നേഹോപഹാരങ്ങള്‍ നല്‍കുന്നതിനും സാധാരണ മത്സരിക്കാറുണ്ട്. എന്നാല്‍ വിവാഹത്തിന്റെ പ്രാരംഭ ദിശ പിന്നിടുന്നതോടെ ഈ സ്‌നേഹപ്രകടനങ്ങള്‍ നിലച്ചുപോകുകയും സ്‌നേഹോപഹാരങ്ങളുടെ നീരുറവ വറ്റിപ്പോകുന്നതും കാണാവുന്നതാണ്. ഭൗതികമായ ഇത്തരം പാരിതോഷികങ്ങള്‍ മാത്രമല്ല നിലക്കുന്നത്, മറിച്ച് സ്‌നേഹത്തോടെയുള്ള ഒരു നോട്ടം, നിര്‍മലമായ സ്പര്‍ശനങ്ങള്‍, പ്രോത്സാഹജനകമായ സംസാരങ്ങള്‍, മനോഹരമായ പുഞ്ചിരി, സ്‌നേഹമൂറുന്നതും വൈകാരികവുമായ വാക്കുകള്‍ എന്നീ ആന്തരികമായ ഗിഫ്റ്റുകള്‍ നല്‍കുന്നതിലും പൊതുവെ ജനങ്ങള്‍ പിശുക്ക് കാണിക്കുന്നത് കാണാം. തങ്ങളെ പരിഗണിക്കുന്നുണ്ടെന്നും കൃതജ്ഞതയുണ്ടെന്നും  ബോധ്യപ്പെടുമ്പോഴാണ് ജീവിതത്തിലെ നീറുന്ന പ്രതിസന്ധികളെയും ടെന്‍ഷനുകളെയും മറികടക്കാനും നന്മയോടെ പരസ്പരം ഇടപഴകാനും സാധിക്കുന്നത്.

ഏറ്റവും ആധുനികമായ മൊബൈലുകള്‍ വാങ്ങുന്നതിനും കൂള്‍ബാറിലും ഫാസ്റ്റ്ഫുഡ് കടകളിലും ബീച്ചിലും മറ്റു സൗഹൃദ വിരുന്നുകളിലുമായി  വീടിനു പുറത്ത് മിക്കവരും ധാരാളം സമ്പത്ത് ചിലവഴിച്ചുകൊണ്ടിരിക്കുന്നു. എന്നാല്‍ തങ്ങളുടെ ഇണകള്‍ക്ക് സ്‌നേഹോപഹാരങ്ങളായി അവര്‍ക്ക് ഇഷ്ടപ്പെട്ട വല്ലതും നല്‍കുന്നതിന്റെ മൂല്യത്തെ കുറിച്ചും അത് ഇണകളുടെ മനസ്സില്‍ ഉണ്ടാക്കുന്ന വലിയ സ്വാധീനത്തെ കുറിച്ചും അവര്‍ ബോധവാന്മാരല്ല എന്നതാണ് യാഥാര്‍ഥ്യം. വൈവാഹിക ജീവിതത്തിലുണ്ടാകുന്ന ചെറിയ അസ്വാരസ്യങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും ശേഷം സ്‌നേഹപ്രകടനത്തിന്റെ ഭാഗമായി ഇത്തരം സ്നേഹോപഹാരങ്ങള്‍ നല്‍കുന്നത് വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കും.

രണ്ട് വിധം സ്‌നേഹോപഹാരങ്ങള്‍
1. റൊമാന്റിക് അഥവാ കാല്‍പനികമായ പാരിതോഷികങ്ങള്‍
ഇത്തരം പാരിതോഷികങ്ങള്‍ ഇണകള്‍ക്കിടയിലെ സ്‌നേഹവികാരങ്ങള്‍ കൂടുതല്‍ ജ്വലിപ്പിക്കുതിനും വാത്സല്യത്തിന്റെ നീരുറവകള്‍ ചുരത്തുന്നതിനും പരസ്പരം ആകാംക്ഷയോടെ കാത്തിരിക്കുന്നതിനും വഴിയൊരുക്കും. ഒരു പൂച്ചെണ്ട് നല്‍കുക, സ്‌നേഹമസൃണമായ രീതിയില്‍ സംസാരിക്കുക, ഭര്‍ത്താവ് എത്തുന്നതിന് മുമ്പ് തന്നെ മുറി അലങ്കരിക്കുകയും സുഗന്ധപൂരിതമാക്കുകയും ചെയ്യുക, ഏറ്റവും ഹൃദ്യമായ രീതിയില്‍ സ്വീകരിക്കുക എന്നിവയെല്ലാം ഇതിന്റെ ഭാഗമാണ്. മനസ്സില്‍ താലോലിക്കാന്‍ കഴിയുന്ന ഫോണ്‍വിളികളും മെസ്സേജുകളുമെല്ലാം കാല്‍പനികതയുടെ വിവിധ രൂപങ്ങളാണ്.

2. ഭൗതികമായ പാരിതോഷികങ്ങള്‍
മനുഷ്യര്‍ സ്‌നേഹപൂര്‍വം പരിഗണന നല്‍കുന്നതും പ്രത്യുപകാരം പ്രതീക്ഷിക്കുകയും ചെയ്യുന്നവരാണ്. എന്നാല്‍ തന്റെ ഹൃദയവും മനസ്സും സമര്‍പ്പിച്ച ഒരാളില്‍ നിന്ന് ഈ സ്‌നേഹോപഹാരം ലഭിക്കുമ്പോള്‍ അതിന്റെ ആനന്ദം അനിര്‍വചനീനമാണ്. പരിമളം വീശുന്ന അത്തറുകള്‍, വസ്ത്രങ്ങള്‍, ആഭരണങ്ങള്‍ തുടങ്ങിയ എന്തും ഇത്തരത്തില്‍ ഉപഹാരങ്ങളായി നല്‍കാവുന്നതാണ്. അവളുടെ അത്യാവശ്യത്തിന് സ്വതന്ത്രമായി ചിലവഴിക്കാന്‍ മാസത്തില്‍ ഒരു സംഖ്യ നീക്കിവെക്കുന്നതും ഇതിന്റെ ഭാഗമാണ്. അപ്രകാരം തന്നെ ഭര്‍ത്താവ് സാമ്പത്തികമായി വളരെ പ്രയാസപ്പെടുന്ന സന്ദര്‍ഭത്തില്‍ ദാനമായും കടമായിട്ടും അവരെ സഹായിക്കുന്നതും ഇതിന്റെ ഭാഗമാണ്. പാരിതോഷികത്തിന്റെ വലുപ്പവും ബാഹ്യമായ മോഡികളുമല്ല അതിന്റെ സ്വാധീനം നിര്‍ണയിക്കുന്നത്. മറിച്ച് അതിന്റെ സെലക്ഷനും അത് സമര്‍പ്പിക്കുന്ന രീതിയും സമയവും സന്ദര്‍ഭവും അതിലടങ്ങിയിട്ടുള്ള സന്ദേശവുമെല്ലാം നിര്‍ണായകമായ സ്വാധീനം ചെലുത്തുന്നവയാണ്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles