Current Date

Search
Close this search box.
Search
Close this search box.

വെളുത്ത ഭര്‍ത്താവും കറുത്ത ഭാര്യയും

black-and-white.jpg

തൊലി കറുത്താലും
കരള്‍ വെളുക്കണം
കരള്‍ വെളുത്താലോ
കദനം മാറീടും’
ഈ പദ്യം ഭാര്യക്കും ഭര്‍ത്താവിന്നും ബാധകമാണ്. മനസ്സു വെളുത്ത ഒരിണയുണ്ടെങ്കില്‍ അതാണ് ജീവിതത്തിലെ ഏറ്റവും മധുരമുള്ള അനുഭവം. മനസ്സിന് വെളുപ്പില്ലെങ്കില്‍ ഇരുവര്‍ക്കും സൗന്ദര്യത്തില്‍ എ. പ്ലസ് ഉണ്ടായിട്ടു കാര്യമില്ല. ജീവിതം ദുഖ പൂര്‍ണമായിരിക്കും.
നിറത്തിലും സൗന്ദര്യത്തിലും രണ്ടറ്റങ്ങളില്‍ നില്‍ക്കുന്ന എത്രയോ ഇണകള്‍ പൂര്‍ണസംതൃപ്തിയോടെ ദാമ്പത്യജീവിതം നയിച്ചുവരുന്നുണ്ട്. കാരണമെന്താണ്? ഇരുവര്‍ക്കും ഓരോ വെളുത്ത മനസ്സുണ്ട് എന്നതു തന്നെ. മനസ്സിന്റെ വെളുപ്പാണ് സ്‌നേഹം. മനസ്സിന്റെ കറുപ്പാണ് കോപം. മനസ്സ് സ്‌നേഹധന്യമായാല്‍ അന്യന്ന് സൗന്ദര്യമില്ലെന്ന് തോന്നുന്ന ആളും ഇണക്ക് സുന്ദരനോ സുന്ദരിയോ ആയി അനുഭവപ്പെടും. കവി ജി. ശങ്കരക്കുറുപ്പ് ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

‘പ്രേമത്തിന്‍ കണ്ണില്‍ക്കൂടി
നോക്കുമ്പോളേതും കാണാം
കാമനീയകത്തിന്റെ
കളിവീടായിത്തന്നെ’

ഭാര്യയെ തൊട്ടതിനൊക്കെ കുറ്റം പറയുന്ന ഭര്‍ത്താവ് എത്ര സുന്ദരനായാലും അവള്‍ക്കദ്ദേഹത്തെ സ്‌നേഹിക്കാന്‍ കഴിയില്ല. ഭാര്യ എന്തു തെറ്റു ചെയ്താലും ഒന്നും വിമര്‍ശിക്കാത്ത, പ്രതികരിക്കാത്ത ഭര്‍ത്താവിനെ ഭാര്യ ഭര്‍ത്താവായി കാണുകയുമില്ല. ശാസിക്കേണ്ട സമയത്ത് ശാസിക്കും, കണ്ണുരുട്ടേണ്ട സമയത്ത് കണ്ണുരുട്ടും. പുഞ്ചിരിക്കേണ്ട സമയത്ത് പുഞ്ചിരിക്കും. അബദ്ധങ്ങള്‍ക്ക് ശിക്ഷിക്കില്ല, അബദ്ധങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ശിക്ഷിക്കും എന്ന് ഭാര്യക്ക് തോന്നുംവിധം പെരുമാറുമ്പോഴാണ് ഭര്‍ത്താവില്‍ അവള്‍ വ്യക്തിത്വം കാണുക. അഥവാ തന്റേടമുള്ളവനാണ് ഭര്‍ത്താവ് എന്ന് അവള്‍ മനസ്സിലാക്കുക.

ഭര്‍ത്താവിന്റെ ഇഷ്ടം നേടാനുള്ള മാര്‍ഗമെന്ത് എന്ന് ഭാര്യ സദാ ചിന്തിക്കണം. ഒന്നാമതായി താന്‍ ഭര്‍ത്താവിന്റെ സാന്നിദ്ധ്യം വളരെയധികം ഇഷ്ടപ്പെടുന്നുവെന്ന് ഭര്‍ത്താവില്‍ തോന്നലുണ്ടാക്കണം. ഉദ്യോഗസ്ഥനും എഴുത്തുകാരനും പൊതുപ്രവര്‍ത്തകനുമായ ഭര്‍ത്താവിനോട് റിട്ടയര്‍മെന്റ് അടുത്തപ്പോള്‍ ഭാര്യ പറഞ്ഞു. ‘ പെന്‍ഷന്‍ പറ്റാറായല്ലോ. ഇനി ദൂരെ ജോലിക്കു ചേരാന്‍ ആര്‍ക്കും വാക്ക് കൊടുക്കരുത്. ഉച്ചയൂണിന് വീട്ടിലെത്താന്‍ പറ്റിയ സ്ഥലത്ത് വല്ല ചെറിയ ജോലി വേണമെങ്കില്‍ സ്വീകരിച്ചോളൂ, വരുമാനം കുറഞ്ഞാലും നമുക്ക് അഡ്ജസ്റ്റ്‌മെന്റ് ചെയ്തു ജീവിക്കാം ‘

ഈ ഭാര്യ സമര്‍ഥയല്ലേ? അതെ, താന്‍ ഭര്‍ത്താവിന്റെ സാമീപ്യത്തിന്ന് ദാഹിക്കുന്നു എന്ന് അവള്‍ക്ക് ബോധ്യപ്പെടുത്താന്‍ കഴിഞ്ഞു. അവളുടെ നിറം അപ്പോളദ്ദേഹത്തിന് അയോഗ്യതയായിത്തോന്നുകയില്ല. അവളുടെ മനസ്സിന് വെളുപ്പും സൗന്ദര്യവുമുണ്ടെന്ന് മനസ്സിലാക്കിയ അദ്ദേഹത്തിന് അവളോട് സ്‌നേഹം വര്‍ധിക്കും.
നല്ല പാചകക്കാരിയാവുക, വൃത്തിയുള്ളവളാവുക, ഭര്‍ത്താവിന്ന് കോപം വരാനുള്ള കാര്യങ്ങള്‍ അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കി അത് വെടിയുക ഇവയും സ്‌നേഹം നേടാനുള്ള മാര്‍ഗങ്ങളാണ്.

ഒരു നല്ല കേള്‍വിക്കാരിയാവുക എന്നതും ഭര്‍ത്താവിനെ ഇഷ്ടപ്പെടുത്തും. ഭര്‍ത്താവ് ദീര്‍ഘയാത്ര ചെയ്ത് ഒരുദിവസം രാത്രി പന്ത്രണ്ട് മണിക്കെത്തുന്നു. യാത്രയില്‍ രസകരമായ ചില അനുഭവങ്ങളുണ്ടായിട്ടുണ്ട് അദ്ദേഹത്തിന്ന്. ഒരു ചെറിയ വിവരണം നടത്തണമെന്ന് അദ്ദേഹത്തിന്നാഗ്രഹമുണ്ട്. ഭക്ഷണം കഴിഞ്ഞ് കിടപ്പുമുറിയിലെത്തിയപ്പോള്‍ അദ്ദേഹം പറയാന്‍ തുടങ്ങുന്നു. ഭാര്യയുടെ പ്രതികരണം. ‘ഹോ നട്ടപ്പാതിരക്കാ കഥപറച്ചില്‍ ? അതു നാളെയാക്കാം’.
ഈ ഭാര്യ വലിയ അബദ്ധമാണ് ചെയ്തത്. അവള്‍ക്കിങ്ങനെ ചെയ്യാമായിരുന്നു. സംസാരപ്രിയനായ ഭര്‍ത്താവ് യാത്രകഴിഞ്ഞ് വരിക അര്‍ധരാത്രിയായിരിക്കുമെന്നൂഹിച്ച് ഉച്ച ഭക്ഷണം കഴിഞ്ഞ് അല്‍പം ഉറങ്ങി ക്ഷീണം തീര്‍ക്കുക. അല്ലെങ്കില്‍ രാത്രി നേരത്തെയുറങ്ങി ഭര്‍ത്താവിന്റെ കാളിംഗ് ബെല്‍ കേട്ടു പെട്ടെന്നുണര്‍ന്ന് മുഖം കഴുകി ഉന്മേഷം വരുത്തി വാതില്‍ തുറക്കുക, താന്‍ നേരത്തേ ഭക്ഷണം കഴിച്ചിട്ടുണ്ടെങ്കിലും ഭര്‍ത്താവിനൊപ്പം അല്‍പം കഴിക്കുക. യാത്ര എങ്ങനെയുണ്ടായിരുന്നു എന്ന് അന്വേഷിക്കുക. അദ്ദേഹത്തിന്റെ വിവരണം ശ്രദ്ധാപൂര്‍വം കേള്‍ക്കുക.

ഭര്‍ത്താവ് അധികനേരം സംസാരിച്ച് ഭാര്യയെ ബുദ്ധിമുട്ടിക്കില്ല, കാരണം അദ്ദേഹത്തിന് ക്ഷീണവും ഉറക്കും ഉണ്ടാകുമല്ലോ. നമ്മുടെ ചെറിയ ശ്രദ്ധ വിലയ ലാഭവും ചെറിയ അശ്രദ്ധ വലിയ നഷ്ടവുമുണ്ടാക്കും എന്ന് ഇത്തരം കാര്യങ്ങള്‍ മുന്നില്‍ വച്ച് ചിന്തിച്ചാല്‍ മനസ്സിലാവും. ഈ ചിന്തയുടെ അഭാവം വാര്‍ധക്യകാല ജീവിതം ഇരുവര്‍ക്കും വിരസമാകും. ശാരീരിക ബന്ധം കൂടുതല്‍ ആവശ്യമുള്ള കാലത്തെ സ്‌നേഹം അതു കുറഞ്ഞ വാര്‍ധക്യകാലത്ത് ഇല്ലാതെ വരുന്നത് ഇങ്ങനെ ചിന്തിച്ചു പെരുമാറാത്തത് കൊണ്ടാണ്. പ്രായം കൂടുന്നതിനനുസരിച്ച് സ്‌നേഹം വര്‍ധിച്ചുവരണം. അത് ശരീരത്തിന്റെ നിറം കൊണ്ടോ അഴകുകൊണ്ടോ ഉണ്ടാകുന്നതല്ല, മനസ്സിന്റെ വെണ്മകൊണ്ടേ അത് കൈവരികയുള്ളൂ.

Related Articles