Current Date

Search
Close this search box.
Search
Close this search box.

വീഴ്ച്ചകള്‍ അംഗീകരിക്കുക

retension.jpg

വളരെയധികം പ്രാധാന്യവും പ്രസക്തിയുമുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. പലപ്പോഴും അക്കാരണത്താല്‍ ദമ്പതികള്‍ വേര്‍പിരിയുന്നു. കൂട്ടുകാര്‍ക്കും പങ്കാളികള്‍ക്കും ഇടയില്‍ തര്‍ക്കവും വിയോജിപ്പും ഉണ്ടാകുന്നു. പരസ്പര ആദരവിന്റെ കുറവാണ് അതെന്നാണ് ചിലര്‍ മനസ്സിലാക്കുന്നത്. മറ്റുചിലര്‍ കരുതുന്നത് ഉത്തരവാദിത്വത്തിലും ബാധ്യകളിലും വരുന്ന വീഴ്ച്ചയാണ് അതെന്നാണ്. എന്നാല്‍ അതൊന്നുമല്ല, നമ്മുടെ ഭാഗത്തു നിന്നും സംഭവിക്കുന്ന തെറ്റുകളാണത്.

പ്രവാചകന്‍(സ) പറഞ്ഞ പോലെ ‘ആദം സന്തതികളെല്ലാം തെറ്റു ചെയ്യുന്നവരാണ്. പശ്ചാത്തപിക്കുന്നവരാണ് തെറ്റുകാരില്‍ ഉത്തമര്‍.’ തെറ്റ് ആരില്‍ നിന്നും സംഭവിക്കാം. അതിന്റെ അളവിലും കാരണത്തിലും ഇനത്തിലുമെല്ലാം ഏറ്റവ്യത്യാസങ്ങള്‍ ഉണ്ടായിരിക്കുമെന്ന് മാത്രം. എന്നാല്‍ തെറ്റ് തിരിച്ചറിയലും അതിന് വേണ്ട ചികിത്സ ചെയ്യലുമാണ് യഥാര്‍ഥ പ്രശ്‌നം.

സ്വന്തം തെറ്റും കുറ്റവും തിരിച്ചറിയാത്ത ആരെങ്കിലും നമുക്കിടയില്‍ ഉണ്ടാകുമോ എന്ന സംശയം അപ്പോഴുണ്ടായേക്കാം. ശരീഅത്ത് പാപമായി എണ്ണിപ്പറഞ്ഞിട്ടുള്ള കാര്യങ്ങളല്ല ഞാന്‍ തെറ്റു കൊണ്ടുദ്ദേശിച്ചത്. അത് നമുക്കും നമ്മുടെ നാഥനും ഇടയിലുള്ള പ്രശ്‌നമാണ്. മറ്റുള്ളവരോടുള്ള പെരുമാറ്റത്തില്‍ സംഭവിക്കുന്ന വീഴ്ച്ചയാണ് ഞാനുദ്ദേശിച്ചത്. തെറ്റുചെയ്യുന്നവരില്‍ ഉത്തമര്‍ പശ്ചാത്തപിക്കുന്നവരാണെന്നാണല്ലോ ഹദീസില്‍ പറയുന്നത്. കാരണം തങ്ങളുടെ തെറ്റിനെ മനസ്സിലാക്കുകയും അതിന് ചികിത്സ ചെയ്യുകയും ചെയ്തവരാണ് അവര്‍.

നമ്മുടെ തെറ്റുകള്‍ എപ്പോഴും ഒരുപോലെയായിരിക്കില്ല. അതുകൊണ്ടു തന്നെ അതുണ്ടാക്കുന്ന ഫലങ്ങളും ഒരു പോലെയാവില്ല. ആളുകള്‍ വ്യത്യസ്ത പ്രകൃതക്കാരും സ്വഭാവമുള്ളവരുമാണ്. അവരുടെ ചിന്തയിലും പ്രവര്‍ത്തനങ്ങളിലും വൈവിധ്യങ്ങളുണ്ടാവും. അതുകൊണ്ടു തന്നെ ഒരാളോടു പെരുമാറുന്ന പോലെ മറ്റൊരാളോട് പെരുമാറുന്നത് തെറ്റായി മാറിയേക്കും. സമാനമായി പ്രകൃതവും ശൈലിയും ചിന്തകളും വെച്ചുപുലര്‍ത്തുന്ന രണ്ട് പങ്കാളികള്‍ക്ക് സഹകരിച്ച് മുന്നോട്ടു പോകല്‍ എളുപ്പമായിരിക്കും. പരസ്പരമുള്ള അടുപ്പം അവര്‍ക്കിടയിലെ വിയോജിപ്പുകളെ കുറക്കുന്നു. അതുകൊണ്ടു തന്നെ പങ്കാളികളെ തെരെഞ്ഞെടുക്കുമ്പോള്‍ മൂല്യങ്ങളിലും കുടുംബത്തിന്റെ സമ്പ്രദായങ്ങളിലുമെല്ലാം സാമ്യതയുള്ളവരെ പങ്കാളിയായി സ്വീകരിക്കുന്നത് നല്ലതാണ്.

ഒരാള്‍ വളരെ അനിവാര്യമായ ഒന്നായി കാണുന്ന കാര്യം രണ്ടാമത്തെയാള്‍ അത്രയൊന്നും അത്യാവശ്യമല്ലാത്ത ഒന്നായിട്ടായിരിക്കാം അതിനെ കാണുന്നത്. ഇപ്രകാരം ഒരാള്‍ തെറ്റായി കാണുന്നത് മറ്റെയാളെ സംബന്ധിച്ച് ശരിയായിരിക്കാം. അപ്പോള്‍ പിന്നെ തെറ്റ് അംഗീകരിക്കുന്നതെങ്ങനെ എന്ന ചോദ്യമുണ്ടാവും. അതാണ് ഇതില്‍ നേരിടുന്ന പ്രശ്‌നം. പരസ്പരം മനസ്സിലാക്കി ഓരോരുത്തരും വിട്ടുവീഴ്ച്ചക്ക് തയ്യാറാവുക എന്നതാണ് അതിനുള്ള പരിഹാരം. എന്നാല്‍ തെറ്റ് അംഗീകരിക്കല്‍ തന്റെ വ്യക്തിത്വത്തിനേല്‍ക്കുന്ന കുറച്ചിലായിട്ടാണ് പലരും കാണുന്നത്.

തങ്ങളുടെ തെറ്റുകള്‍ അംഗീകരിക്കുകയോ അത് തിരുത്താന്‍ തയ്യാറാവുകയോ ചെയ്യാത്ത ആളുകളുണ്ട്. അപ്രകാരം വാക്കുകള്‍ കൊണ്ട് തെറ്റ് അംഗീകരിച്ചില്ലെങ്കിലും ക്രമേണ അത് തിരുത്താന്‍ തയ്യാറാവുന്നവരും നമുക്കിടയിലുണ്ട്. എന്നാല്‍ തെറ്റ് വാക്കുകള്‍ കൊണ്ട് അംഗീകരിക്കുകയും ദൃഢനിശ്ചയമില്ലായ്മ കൊണ്ട് തിരുത്താന്‍ സാധിക്കാത്തവരുമുണ്ട്. തെറ്റ് സംഭവിച്ചാല്‍ അത് തിരുത്തുകയും എന്നാല്‍ അത് തെറ്റായിരുന്നു എന്ന വാക്കുകള്‍ കൊണ്ട് അംഗീകരിക്കാന്‍ കാലതാമസമെടുക്കുകയും ചെയ്യുന്നവരുണ്ട്, പ്രത്യേകിച്ചും പുരുഷന്‍മാര്‍. അവരെ സംബന്ധിച്ചിടത്തോളം തെറ്റ് അംഗീകരിച്ചു കൊടുക്കല്‍ വലിയ പ്രയാസമാണ്. അതേസമയം വ്യംഗ്യമായ മാര്‍ഗങ്ങളിലൂടെ അവര്‍ അത് അംഗീകരിക്കുകയും ചെയ്യും.

മറ്റുള്ളവര്‍ പറയുന്നത് കേള്‍ക്കാന്‍ നാം അവസരം നല്‍കുകയും അതിലൂടെ അവര്‍ പറയുന്നത് നാം മനസ്സിലാക്കുകയും ചെയ്താല്‍ ചികിത്സിക്കേണ്ട് തെറ്റ് നിര്‍ണയിക്കാന്‍ നമുക്ക് സാധിക്കും. ‘ഞാന്‍ പറഞ്ഞത് ശരിയാണ് എന്നാല്‍ അത് തെറ്റാവാനുള്ള സാധ്യതയുണ്ട്, മറ്റുള്ളവരുടെ സംസാരം തെറ്റാണ് എന്നാല്‍ അത് ശരിയാവാനും സാധ്യതയുണ്ട്’ എന്ന അടിസ്ഥാനം ഉള്‍ക്കൊണ്ടു കൊണ്ടായിരിക്കണം നാം പെരുമാറേണ്ടത്. ഇങ്ങനെ നമുക്കിടയില്‍ ധാരാളം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നമുക്ക് കഴിയും. എന്നാല്‍ തെറ്റുകള്‍ മറ്റുള്ളവര്‍ക്ക് മേല്‍ കെട്ടിവെച്ച് അതിന്റെ ഭാരം അവരെ കൊണ്ട് വഹിപ്പിക്കാനാണ് പലപ്പോഴും നാം ശ്രമിക്കാറുള്ളത്.

അല്ലാഹുവിന്റെ അവകാശത്തില്‍ നാം വരുത്തുന്ന വീഴ്ച്ചകള്‍ നാം അതില്‍ നിന്ന് മടങ്ങുന്നതോടെ മായ്ക്കപ്പെടുന്നു. എന്നാല്‍ അല്ലാഹുവിന്റെ അടിമകള്‍ വിട്ടുവീഴ്ച്ച ചെയ്യുകയോ പൊറുക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടാണ് തെറ്റ് അംഗീകരിക്കുന്നത് തന്നെ വലിയ ഔദാര്യമായി മനുഷ്യന് തോന്നുന്നത്. തെറ്റ് അംഗീകരിച്ചാല്‍ മറ്റുള്ളവരുടെ ആക്ഷേപത്തിനും പരിഹാസത്തിനും അത് കാരണമാകുമല്ലോ എന്ന ഭയമാണ് പലപ്പോഴും അതില്‍ നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്.

വാക്കുകളാല്‍ വ്യക്തമായി തെറ്റ് അംഗീകരിക്കാനാണ് എപ്പോഴും നാം ശ്രദ്ധിക്കേണ്ടത്. തെറ്റിന് ചികിത്സ തേടുന്നതിന് മുമ്പ് അതാണ് ചെയ്യേണ്ടത്. സ്വന്തത്തിന് മാത്രം പ്രാധാന്യവും പരിഗണനയും കല്‍പിക്കുന്ന ആളുകള്‍ തെറ്റ് അംഗീകരിക്കുന്നത് തന്റെ ന്യൂനതയും ദൗര്‍ബല്യവുമായിട്ടാണ് മനസ്സിലാക്കുക. അത്തരക്കാരുമായി കൂടുതല്‍ തര്‍ക്കിക്കാതെ അവരുടെ പാട്ടിന് വിടുകയാണ് നല്ലത്. അതേസമയം മറ്റുള്ളവരുടെ തൃപ്തിയും പ്രശ്‌നങ്ങളിലാത്ത സമാധാന പൂര്‍ണമായ ജീവിതവും ആഗ്രഹിച്ച് ഉടന്‍ തെറ്റ് അംഗീകരിക്കാന്‍ തയ്യാറാവുന്നവരുമുണ്ട്. തന്റെ ക്ഷമാപണം നിലവിലുള്ള പ്രശ്‌നത്തിന് പരിഹാരമാകുമെങ്കില്‍ അതിന് യാതൊരു മടിയും അവര്‍ക്കുണ്ടാവില്ല.

സംഗ്രഹം: നസീഫ്‌

Related Articles