Current Date

Search
Close this search box.
Search
Close this search box.

വിവാഹ ശേഷം സൗന്ദര്യത്തെ അവഗണിക്കുമ്പോള്‍

beauty.jpg

വിവാഹ ജീവിതത്തിന്റെ പ്രാരംഭത്തില്‍ ഭര്‍ത്താക്കന്‍മാര്‍ക്കു മുന്നില്‍ അണിഞ്ഞൊരുങ്ങാന്‍ ഭാര്യമാര്‍ ശ്രദ്ധിക്കാറുണ്ട്. എന്നാല്‍ കാലം കഴിയുന്നതോടെ പലരും സൗന്ദര്യത്തെ സംരക്ഷിക്കുന്നതില്‍ അശ്രദ്ധ കാണിക്കാന്‍ തുടങ്ങും. ഭര്‍ത്താവിന്റെ മുമ്പില്‍ അണിഞ്ഞൊരുങ്ങുന്നതില്‍ അശ്രദ്ധകാണിക്കുന്നവര്‍ സുഹൃത്തുകളെയും ബന്ധുക്കളെയും കാണാന്‍ പോകുമ്പോള്‍ അണിഞ്ഞൊരുങ്ങുന്നത് ഭര്‍ത്താവിന് പ്രയാസമുണ്ടാക്കും.

എല്ലാ ദിവസവും ഭര്‍ത്താവിന്റെ മുന്നില്‍ അണിഞ്ഞൊരുങ്ങി നില്‍ക്കണമെന്നല്ല ഇതിന്റെ അര്‍ത്ഥം. എല്ലാ സ്ത്രീകള്‍ക്കും അറിയാവുന്ന ചില പൊടിക്കൈകളിലൂടെ വൃത്തി കാത്തുസൂക്ഷിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. ഭര്‍ത്താവിനായി അലങ്കാരം സ്വീകരിക്കുന്നത് അവളുടെ ബാധ്യതയാണ്. പ്രവാചകന്‍(സ) പറഞ്ഞു: ‘സ്ത്രീക്ക് ലഭിക്കാവുന്ന ഉത്തമമായ നിധിയെ കുറിച്ച് ഞാന്‍ അറിയിച്ച് തരട്ടെയോ? സദ്‌വൃത്തയായ സ്ത്രീയെ കാണുന്നത് തന്നെ ഭര്‍ത്താവിന് സന്തോഷമായിരിക്കും. അവളില്‍ നിന്ന് വിദൂരത്തായാല്‍ അവനുവേണ്ടിയവള്‍ സൂക്ഷിക്കും, കല്‍പ്പിച്ചാല്‍ അവള്‍ അനുസരിക്കും.’

വിവാഹത്തിന് മുമ്പ് ഉമാമഃ ബിന്‍ത് ഹാരിസ് തന്റെ മകള്‍ക്ക് നല്‍കിയ ഉപദേശം വളരെ പ്രസിദ്ധമാണ്. ‘നിന്നില്‍ നിന്ന് മോശപ്പെട്ട ഒന്നും അദ്ദേഹത്തോട് ഉണ്ടാവരുത്. ഏറ്റവും നല്ല സുഗന്ധമല്ലാതെ നിന്നിലവന്‍ വാസനിക്കരുത്…..’ ഇന്ന് കമ്പോളത്തില്‍ ലഭ്യമായ സൗന്ദര്യവര്‍ദ്ധക വസ്തുക്കളുടെ പിറകെ പോയി ഭര്‍ത്താവിനെ പ്രയാസപ്പെടുത്തുക എന്നതല്ല ഇതിന്റെ ഉദ്ദേശ്യം.

അലങ്കാരം ഇഷ്ടപ്പെടുന്നത് പ്രകൃതം

സ്ത്രീകളുടെ പ്രകൃതത്തിന്റെ തന്നെ ഭാഗമാണ് അലങ്കാലങ്ങള്‍ ഇഷ്ടപ്പെടുകയെന്നത്. അല്ലാഹു പറയുന്നത് കാണുക: ‘ആഭരണങ്ങളണിയിച്ച് വളര്‍ത്തപ്പെടുന്ന, തര്‍ക്കങ്ങളില്‍ തന്റെ നിലപാട് തെളിയിക്കാന്‍ കഴിവില്ലാത്ത സന്തതിയെയാണോ അല്ലാഹുവിന്റെ പേരില്‍ ആരോപിക്കുന്നത്?’ (അസ്സുഖ്‌റുഫ്: 18) സ്ത്രീകളുടെ അലങ്കാര ഭ്രമം അവരുടെ പ്രായവുമായി ബന്ധപ്പെട്ടതാണ്. വിവാഹ ഉടമ്പടിക്ക് ശേഷം തന്റെ പ്രതിശ്രുത വരന്റെ മുന്നില്‍ ഏറ്റവും സുന്ദരിയായിരിക്കാന്‍ അവള്‍ ആഗ്രഹിക്കുന്നു. വിവാഹത്തിന് ശേഷം ഉത്തരവാദിത്വങ്ങള്‍ അധികരിക്കുമ്പോള്‍ അതിന് നല്‍കുന്ന പ്രാധാന്യത്തിലും ക്രമേണ കുറവ് വരുന്നു.

ഞാന്‍ വിവാഹം ചെയ്തിട്ടുള്ള സുന്ദരിയായ സ്ത്രീയല്ല ഇത് എന്ന് വിവാഹത്തിന്റെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്ന ഒരു യുവാവിന്റെ വാക്ക് അതിന്റെ ഗൗരവത്തെയാണ് കുറിക്കുന്നത്. സ്ത്രീക്ക് ദിവസവും ഒട്ടേറെ ജോലികള്‍ ചെയ്യാനുണ്ടായിരിക്കും, അതെല്ലാം കഴിയുമ്പോഴേക്കും അവള്‍ ആകെ ക്ഷീണിച്ചിരിക്കും. പിന്നെ അണിഞ്ഞൊരുങ്ങാന്‍ എവിടെ സമയം എന്നായിരിക്കും അവരുടെ മറുപടി. ഭാര്യ മോശമായ രീതിയില്‍ ഭര്‍ത്താവിന്റെ അടുക്കല്‍ ചെല്ലുന്നത് അദ്ദേഹത്തോടുള്ള ബാധ്യതയില്‍ വരുത്തുന്ന വീഴ്ചയാണ്. അണിഞ്ഞൊരുങ്ങാനുള്ള സ്ത്രീയുടെ പ്രകൃതത്തെ ഒരിക്കലും അവഗണിക്കരുത്, ഒരു ജോലിയും തിരക്കും അതിന് കാരണമാകരുത്.

ഭര്‍ത്താവിന്റെ പങ്ക്

ഭാര്യ സൗന്ദര്യത്തെ പരിഗണിക്കുന്നതിലും അവഗണിക്കുന്നതിലും ഭര്‍ത്താവിന് കാര്യമായ പങ്കാണുള്ളത്. അവന്‍ പലപ്പോഴും അവളുടെ സൗന്ദര്യത്തെ അവഗണിക്കുകയോ അല്ലെങ്കില്‍ വിമര്‍ശിക്കുകയോ ചെയ്യുന്നു. അവള്‍ അതിനെ പരിഗണിക്കുമ്പോഴും പലപ്പോഴും അവന്‍ തന്നെ അതിനെ അവഗണിക്കുകയാണ്. ഇത്തരത്തിലുള്ള ഭര്‍ത്താക്കന്‍മാര്‍ പ്രവാചക ചര്യയെ മറക്കുകയാണ് ചെയ്യുന്നത്. പ്രവാചകന്‍(സ) ഒരിക്കല്‍ പറഞ്ഞു: ‘ഇഹലോകത്ത് എനിക്ക് പ്രിയപ്പെട്ടത് സ്ത്രീകളും സുഗന്ധദ്രവ്യവുമാണ്. എനിക്ക് കണ്‍കുളിര്‍മയേകുന്നത് നമസ്‌കാരമാണ്.’ (അന്നസാഇ)

ആഇശ(റ) പറയുന്നു: ‘ഞാന്‍ ആര്‍ത്തവക്കാരിയായിരിക്കെ പ്രവാചകന്റെ മുടി ചീകികൊടുക്കാറുണ്ടായിരുന്നു.’ അബൂഹുറൈറ ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ പറയുന്നു: ‘മുടിയുള്ളവര്‍ അതിനെ ആദരിക്കട്ടെ’. ഭാര്യ സൗന്ദര്യത്തെ അവഗണിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഭര്‍ത്താവിന്റെ മേല്‍ കെട്ടിവെക്കാനാവില്ല. അതിലേറെ അതിന് കാരണമായി മാറുന്നത് അവളുടെ തിരക്കുകളും ജോലിയുമാണ്. ഇതിനായി വിവാഹത്തിന് മുമ്പ് തന്നെ യുവതികള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കുന്നതിനുള്ള പരിശീലനം നല്‍കേണ്ടതുണ്ട്. അവള്‍ക്ക് മക്കളോടും ഭര്‍ത്താവിനോടും വീടുമായി ബന്ധപ്പെട്ടതും സ്വന്തം സൗന്ദര്യത്തെ പരിഗണിക്കുന്നതിനുമുള്ള ബാധ്യതയുണ്ട്. സമയത്തെ ശരിയായി പ്രയോജനപ്പെടുത്തുന്നതിനും അതിനനുസരിച്ച് ഉത്തരവാദിത്വത്തെ വിഭജിക്കുന്നതിനും മക്കളെ പഠിപ്പിക്കുന്നില്ലെന്ന് ദുഖകരമായ വസ്തുതയാണ്. അതുകൊണ്ട് തന്നെയാണ് തന്റെ സമയത്തിനനുസരിച്ച് ഉത്തരവാദിത്വങ്ങളെ വിഭജിക്കുന്നതില്‍ ഭാര്യ പരാജയപ്പെടുന്നതും.

ആ പ്രായമെല്ലാം കഴിഞ്ഞില്ലേ..!

സൗന്ദര്യത്തെകുറിച്ച പാരമ്പര്യ തെറ്റിധാരണ കാരണമാണ് ചില സ്ത്രീകള്‍ അതിനെ അവഗണിക്കുന്നത്. വിവാഹന്വേഷണത്തിന്റെ നാളുകളിലും വിവാഹത്തിന്റെ ആദ്യ ദിനങ്ങളിലുമാണ് അണിഞ്ഞൊരുങ്ങുകയും സൗന്ദര്യത്തിന് പ്രാധാന്യം നല്‍കുകയും വേണ്ടതെന്ന് അവര്‍ വിശ്വസിക്കുന്നു. ഭര്‍ത്താവിനോട് നല്ല രീതിയില്‍ ഇടപഴകുന്നതിന്റെ ഭാഗമാണതെന്ന് അവരോട് പറഞ്ഞാള്‍ അവര്‍ക്കു പറയാനുള്ള മറുപടി ‘ഞങ്ങള്‍ക്ക് ആ പ്രായമെല്ലാം കഴിഞ്ഞില്ലേ’ എന്നായിരിക്കും. ഭര്‍ത്താവിനെ തന്നില്‍ നിന്ന് അകറ്റാതിരിക്കാന്‍ സൗന്ദര്യത്തെ പരിഗണിക്കല്‍ നിര്‍ബന്ധമാണെന്നത് ഇത്തരക്കാര്‍ മറക്കുകയാണ് ചെയ്യുന്നത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles