Current Date

Search
Close this search box.
Search
Close this search box.

വിവാഹരാവ്: പ്രാമാണിക നിര്‍ദ്ദേശങ്ങള്‍

family-life.jpg

വിവാഹ ശേഷമുള്ള രാവുകള്‍ നൈര്‍മല്യവും സൗഹൃദവും സ്‌നേഹവും പ്രണയവും കൊണ്ട് നിറക്കേണ്ട രാവുകളാണ്. തന്റെ ഇണയുടെ ഭയവും പരിഭ്രമവും മാറ്റിയെടുക്കുന്ന തരത്തില്‍ സ്‌നേഹത്തിന്റെയും അനുരാഗത്തിന്റെയും മധുരമായ പെരുമാറ്റമാകണം ആദ്യരാവിലുണ്ടാവേണ്ടത്.

പുതിയൊരു ജീവിതത്തിലേക്ക് കടന്നുവരുന്ന സഹോദരീ സഹോദരന്മാര്‍ക്ക് പ്രയോജനപ്പെടുന്ന നബി(സ)യില്‍നിന്ന് ഉദ്ധരിക്കപ്പെട്ട ചില വാക്കുകളാണ് ഇവിടെ കുറിക്കുന്നത്:
1. വിവാഹം നല്ല ഉദ്ദേശ്യത്തോട് കൂടിയായിരിക്കുക: തന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കുക എന്ന ഉദ്ദേശത്തോടെ വിവാഹം കഴിക്കുക. നബി(സ) പറയുന്നു: ‘മൂന്നുകൂട്ടരെ സഹായിക്കല്‍ അല്ലാഹുവിന്റെ ബാധ്യതയാണ്: ദൈവമാര്‍ഗ്ഗത്തിലെ പോരാളി, മോചനം ആഗ്രഹിച്ച് കരാര്‍ പത്രം എഴുതിയ അടിമ, തന്റെ വിശുദ്ധി കാത്ത് സൂക്ഷിക്കാന്‍ വിവാഹം കഴിക്കുന്നവന്‍’ (അഹ്മദ്, തിര്‍മിദി, ഇബ്‌നു മാജ, ഹാകിം)
2. വിവാഹത്തിന് സുന്ദരമായി അണിഞ്ഞൊരുങ്ങല്‍: അല്ലാഹു അനുവദനീയമാക്കിയ രൂപത്തില്‍ അണിഞ്ഞൊരുങ്ങല്‍ വധുവിന് അഭികാമ്യമാണ്. വ്യക്തമായി നിഷിദ്ധമാണെന്ന് പ്രമാണം വന്ന കാര്യങ്ങളല്ലാത്തവ അനുവദനീയമാണെന്നതാണ് ഇതിന് തെളിവ്. പച്ചകുത്തുക, കൃത്രിമ മുടിയും മറ്റ് സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഉപയോഗിക്കുക തുടങ്ങിയ എന്നാല്‍ പ്രകൃതിക്ക് യോജിക്കാത്ത കാര്യങ്ങള്‍ നല്ലതല്ല. വധുവിന് നാട്ടുനടപ്പനുസരിച്ച് ആഭരണങ്ങള്‍ അണിയാവുന്നതാണ്. എന്നാല്‍ നിഷിദ്ധമായ വസ്ത്രങ്ങള്‍ ധരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കണം.
വരന്‍ നല്ല വസ്ത്രങ്ങളും മറ്റ് അനുവദനീയമായ അലങ്കാരങ്ങളും അണിയുന്നത് വധുവിനോട് നല്ലനിലയില്‍ പെരുമാറണം എന്ന ദൈവികകല്‍പനയുടെ പൂര്‍ത്തീകരണമാണ്. അല്ലാഹു പറയുന്നു: ‘അവര്‍ക്ക് കടമകളുള്ളത് പോലെതന്നെ അവകാശങ്ങളുമുണ്ട്.'(സൂറത്തുല്‍ ബഖറ)
3. ഭാര്യയുമായി ഇടപെടുമ്പോള്‍ നൈര്‍മല്യം കാത്തുസൂക്ഷിക്കുക: ഇമാം അഹ്്മദ് അസ്മാഅ് ബിന്‍ത് യസീദില്‍നിന്ന് ഉദ്ധരിക്കുന്നു: ‘നബി(സ)ക്ക് വേണ്ടി ഞാന്‍ ആയിശ(റ)നെ അണിയിച്ചൊരുക്കി. നബി(സ) ഒരു പാത്രത്തില്‍ പാലുമായി വന്നു, നബി അല്‍പം കുടിച്ച ശേഷം അത് ആയിശക്ക് കൊടുത്തു. നാണം കാരണം ആയിശ അത് വാങ്ങിയില്ല. അപ്പോള്‍ ഞാന്‍ നബിയില്‍നിന്നും വാങ്ങി കുടിക്കാന്‍ ആയ്ശയോട് പറഞ്ഞു: അവര്‍ പാത്രം വാങ്ങി കുടിച്ചു.’
4. വധുവിന്റെ അടുത്ത് പ്രവേശിക്കുമ്പോള്‍ വരന്‍ ചൊല്ലേണ്ട പ്രാര്‍ഥന: ആദ്യരാവില്‍ വരന്‍ വധുവിന്റെ തലയില്‍ കൈവെച്ച് പ്രവാചകന്‍ പഠിപ്പിച്ച ഈ പ്രാര്‍ഥന ചൊല്ലണം: ‘നിങ്ങള്‍ ഒരു പെണ്ണിനെ വിവാഹം കഴിച്ചാല്‍ അവളുടെ തലയില്‍ കൈവെക്കുക എന്നിട്ട് ബിസ്മി ചൊല്ലുക പിന്നെ അനുഗ്രഹത്തിന് വേണ്ടി പ്രാര്‍ഥിക്കുക: അല്ലാഹുവേ ഇവളിലും ഇവളില്‍ ഉല്‍പാദിപ്പിക്കപ്പെടുന്നതിലും ഞാന്‍ നിന്നോട് നന്മയെ തേടുന്നു. അല്ലാഹുവേ ഇവളുടെയും ഇവളിലുല്‍പാദിപ്പിക്കപ്പെടുന്നതിന്റയും തിന്മയില്‍ നിന്ന് ഞാന്‍ നിന്നില്‍ ശരണം തേടുന്നു.’
5. രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരം: വരനും വധുവും ഒന്നിച്ച് രണ്ട് റക്അത് സുന്നത് നമസ്‌കരിക്കുന്നത് അഭികാമ്യമാണ്. ഇബ്‌നു അബീ ശൈബയും അബ്ദുറസ്സാഖും അബൂ സഈദില്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. ഞാന്‍ ഒരു അടിമ സ്ത്രീയെ വിവാഹം ചെയ്തു. ഇബ്‌നു മസ്ഊദ്, അബൂദര്‍റ്, ഹുദൈഫ തുടങ്ങീ സ്വഹാബികള്ളും അവിടെ എത്തിയിരുന്നു. വിവാഹകര്‍മങ്ങള്‍ക്ക് ശേഷം അബൂദര്‍റ് പറഞ്ഞു: ‘നീ നിന്റെ ഭാര്യയുടെ അടുത്ത് പ്രവേശിച്ചാല്‍ രണ്ട് റക്അത് നമസ്‌കരിക്കുക. അല്ലാഹുവോട് അവളിലെ നന്മ വര്‍ദ്ധിപ്പിക്കാനും തിന്മ ഇല്ലാതാക്കാനും പ്രാര്‍ഥിക്കുകയും ചെയ്യുക.’
6. ഭാര്യയുമായി ബന്ധപ്പെടുമ്പോള്‍ ചൊല്ലേണ്ടത്: ഇബ്‌നു അബ്ബാസ്(റ) നബി(സ)യുല്‍നിന്നും റിപ്പോര്‍ട്ട് ചെയ്യുന്നു. നബി(സ) പറഞ്ഞു: നിങ്ങള്‍ ഭാര്യമാരുമായി ബന്ധപ്പെടുകയാണെങ്കില്‍ ഇങ്ങനെ പ്രാര്‍ഥിക്കുക: അല്ലാഹുവേ ഞങ്ങളില്‍ നിന്നും ഞങ്ങള്‍ക്ക് നീ നല്കുന്നതില്‍നിന്നും ഇബ്‌ലീസിനെ അകറ്റി നിര്‍ത്തേണമേ. ഇങ്ങനെ പ്രാര്‍ഥിച്ചവര്‍ക്ക് നല്‍കപ്പെടുന്ന സന്താനങ്ങളെ ഒരിക്കലും ഇബ്്‌ലീസ് ബാധിക്കുകയില്ല.’
7. ഭാര്യാ ഭര്‍ത്താക്കന്മാര്‍ക്കിടയില്‍ രഹസ്യങ്ങള്‍ സൂക്ഷിക്കുക: ഇമാം അഹ്മദ് അസ്മാഅ് ബിന്‍ത് യസീദില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്യുന്നു: ഞങ്ങള്‍ കുറെ പേര്‍ ഒരുമിച്ചിരിക്കുമ്പോള്‍ പ്രവാചകന്‍ ചോദിച്ചു: നിങ്ങളിലാരാണ് തങ്ങളുടെ കിടപ്പറ രഹസ്യങ്ങള്‍ ജനങ്ങളോട് പറയുന്നത് ? അപ്പോള്‍ ഞങ്ങള്‍ ആരും ഒന്നും പറഞ്ഞില്ല. അപ്പോള്‍ നബി(സ) പറഞ്ഞു: ‘നിങ്ങളിലാരെങ്കിലും അങ്ങിനെ ചെയ്യുകയാണെങ്കില്‍ ജനങ്ങള്‍ക്ക് മുമ്പില്‍വെച്ച് പരസ്യമായി പരസ്പരം ബന്ധപ്പെടുന്ന പിശാചുകളിലെ സ്ത്രീ പുരുഷന്‍മാരെ പോലെയാണവര്‍.’ (ബുഖാരി)
8. രണ്ട് പ്രാവശ്യം തുടര്‍ച്ചയായി ബന്ധപ്പെടുകയാണെങ്കില്‍ അവക്കിടയില്‍ അംഗശുദ്ധിവരുത്തുകയോ കുളിക്കുകയോ ചെയ്യുന്നത് സുന്നത്താണ്. നബി(സ) പറഞ്ഞു: ‘നിങ്ങളിലാരെങ്കിലും സ്വന്തം ഭാര്യയുമായി ബന്ധപ്പെടുകയും വീണ്ടും അത് ആവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുകയും ചെയ്യുകയാണെങ്കില്‍ അവര്‍ അംഗശുദ്ധി വരുത്തട്ടെ’ (മുസ്്‌ലിം). മറ്റൊരു റിപ്പോര്‍ട്ടില്‍ നബി(സ) കുളിച്ചു എന്നും അതാണ് ഉത്തമമെന്ന് പറഞ്ഞു എന്നും ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.(അബൂ ദാവൂദ്)
9. ദമ്പതികള്‍ ഒന്നിച്ച് കുളിക്കല്‍: ദമ്പതികള്‍ ഒരുമിച്ച് കുളിക്കല്‍ അനുവദനീയമാണ്. നബി(സ)യും ആയിശ(റ) ഒന്നിച്ച് ഒരേ പാത്രത്തില്‍നിന്ന് കുളിക്കാറുണ്ടായിരുന്നു എന്ന് ഹദീസുകളില്‍വന്നിട്ടുണ്ട്.(ബുഖാരി, മുസ്്‌ലിം) ഈ ഹദീസുകളില്‍ നിന്ന് ഭാര്യാ ഭര്‍ത്താക്കന്‍മാര്‍ തമ്മില്‍ നഗ്‌നത കാണുന്നത് അനുവദിനീയമാണെന്നും പരസ്പരം ഔറത്ത് കാണാവുന്നതാണെന്നും മനസ്സിലാക്കാവുന്നതാണ്.
10. ഭാര്യയെ രസിപ്പിക്കുക: ഭാര്യാ ഭര്‍ത്താക്കള്‍ തമ്മില്‍ രസിപ്പിക്കുകയും കളിപ്പിക്കുകയും ചെയ്യുന്നതും മധുര വര്‍ത്തമാനങ്ങള്‍ പറയുന്നതും പ്രവാചകചര്യയില്‍ പെട്ടതാണ്. നബി(സ) പറയുന്നു: ‘നിനക്ക് പരസ്പരം രസിപ്പിക്കാനും കളിപ്പിക്കാനും പറ്റിയ കന്യകയല്ലേ അവള്‍.'(ബുഖാരി) നബി(സ) ഭാര്യമാരെ ചുംബിക്കുകയും അവരുമായി കളിതമാശകളില്‍ ഏര്‍പ്പെടുകയും ചെയ്യാറുണ്ടായിരുന്നു എന്ന്് ബുഖാരിയും മുസ്്‌ലിമും റിപ്പോര്‍ട്ട് ചെയ്ത ഹദീസുകളില്‍ വന്നിട്ടുണ്ട്.
11. ഭാര്യാ ഭര്‍തൃബന്ധത്തില്‍ ബീജം ഭാര്യയുടെ ഗര്‍ഭപാത്രത്തില്‍ എത്താതെ തെറ്റിച്ച് കളയുന്നതിനാണ് അസ്്ല്‍ എന്ന് പറയുന്നത്. ഇത് ആവശ്യമുള്ളപ്പോള്‍ ചെയ്യല്‍ അനുവദിനീയമാകുന്നു. എന്നാല്‍ മനുഷ്യരുടെ വംശനിലനില്‍പിന്റെ ആധാരമായ ദാമ്പത്യ ബന്ധത്തിന്റെ ഉദ്ദേശം തന്നെ അട്ടിമറിക്കുന്ന തരത്തില്‍ ഈ പ്രവര്‍ത്തനങ്ങള്‍ അതിരുകടക്കരുത്.

വരന് ചില ഉപദേശങ്ങള്‍
വിവാഹരാത്രിയെകുറിച്ച് മറ്റുള്ളവര്‍ പറഞ്ഞുണ്ടാക്കിയ തെറ്റായ ധാരണകളുടെ അടിസ്ഥാനത്തിലാകരുത് തന്റെ ഇണയെ സമീപ്പിക്കുന്നത്. തന്റെ ജീവിതത്തിലെ വളരെ സാധാരണമായ ഒരു ദിനമെന്ന നിലയില്‍ ആത്മവിശ്വാസത്തോടെയാണ് ഭാര്യയെ അഭിമുഖീകരിക്കേണ്ടത്. അതിന് സഹായകമാകുന്ന ചില കാര്യങ്ങളാണ് ഇനി വിവരിക്കുന്നത്:
* നീ എത്ര പരിഭ്രമത്തോടെയാണോ വിവാഹ രാവിനെ കാണുന്നത് അതുപോലെയോ അല്ലെങ്കില്‍ അതില്‍ കൂടുതലോ പരിഭ്രമവും അനിശ്ചിതത്തവും നിന്റെ ഇണക്കും ഉണ്ടാവുമെന്ന്് മനസ്സിലാക്കുക. അതുകൊണ്ടുതന്നെ നീ മുന്‍കയ്യെടുക്കാത്ത ഒരു പ്രവര്‍ത്തിക്കും അവളും മുന്‍കയ്യെടുക്കുമെന്ന് കരുതരുത്.
* നിന്നില്‍ നിന്നോ നിന്റെ ഇണയില്‍ നിന്നോ ഉണ്ടാകുന്ന എന്തെങ്കിലും ചെറിയ വീഴ്ചയെ ന്യായീകരിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ പരസ്പരം വിട്ടുവീഴ്ച ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കുക.
* മറ്റുള്ളവരില്‍ നിന്ന് നീ കേട്ടു പഠിച്ച കാര്യങ്ങള്‍ നീ നിന്റെയും ഇണയുടെയും ജീവിതത്തില്‍ പ്രയോഗിക്കാന്‍ ശ്രമിക്കരുത്. കാരണം ഓരോ വ്യക്തികളും വ്യത്യസ്തരാണ്. ഓരോരുത്തരുടെയും ഇഷ്ടങ്ങളും അനിഷ്ടങ്ങളും വ്യത്യസ്തമാണ്.
* വിവാഹത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ ഒരിക്കലും കാഠിന്യവും പരുത്ത സ്വഭാവവും കാണിക്കരുത്. കഴിയുന്നത്ര നിര്‍മലമായി പെരുമാറുക.
* ദാമ്പത്യ ജീവിതത്തിന്റെ വിജയത്തില്‍ വളരെ പ്രധാനപ്പെട്ട സംഗതിയാണ് ആദ്യ ലൈഗികബന്ധം എന്നത്. അത് വളരെ ഹൃദ്യവും മറക്കാനാവാത്ത അനുഭവവുമാക്കി മാറ്റാന്‍ ശ്രമിക്കണം.
* ഭര്‍ത്താവിനെ കുറിച്ച് വളരെ വലിയ പ്രതീക്ഷയുമായിട്ടായിരിക്കും വധു വരുന്നത്. അത് മനസ്സിലാക്കി ആ പ്രതീക്ഷ തകര്‍ക്കാത്ത നിലയിലായിരിക്കണം പെരുമാറ്റം. വാക്കിലും പ്രവര്‍ത്തിയിലും നോട്ടത്തിലുമെല്ലാം പരമാവധി ശ്രദ്ധ പുലര്‍ത്തണം.
* തന്റെ ഇണയെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള കളിതമാശകളിലും രസക്രിയകളിലും ഏര്‍പ്പെടാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വധുവിന് ചില ഉപദേശങ്ങള്‍
* കൂട്ടുകാരികളും മറ്റും വിവരിച്ചതോ വായിച്ചറിഞ്ഞതോ ആയ സങ്കല്‍പങ്ങളുമായി ആദ്യരാത്രിയെ സമീപ്പിക്കരുത്.
* ഇസ്ലാമിക സന്മാര്‍ഗ്ഗത്തില്‍ നിന്ന് അകലെയുള്ള വിലകുറഞ്ഞ പുസ്തകങ്ങളെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നത് സൂക്ഷിക്കണം.
* ഈ രാത്രി നിന്റെ ജീവിതത്തില്‍ വളരെ പ്രധാനപ്പെട്ടതാണെന്നതു കൊണ്ട് വല്ല സംശയവുമുണ്ടെങ്കില്‍ അത് നിന്റെ അടുത്ത കുടുംബാംഗങ്ങളോട് ചോദിച്ച് ഉറപ്പ് വരുത്തുക.
* നിഷിദ്ധമല്ലാത്ത തരത്തില്‍ തന്റെ ഭര്‍ത്താവിന് വേണ്ടി ഉടുത്തണിഞ്ഞൊരുങ്ങാനും സുഗന്ധദ്രവ്യങ്ങള്‍ ഉപയോഗിക്കാനും സ്വന്തത്തെ ഭര്‍ത്താവിന് വേണ്ടി ഒരുക്കിനിര്‍ത്താനും ശ്രദ്ധിക്കണം.
* ഭര്‍ത്താവിനെ തൃപ്തിപ്പെടുത്തുന്ന തരത്തിലുള്ള നല്ല വാക്കുകളും പെരുമാറ്റവും തിരഞ്ഞെടുക്കുക.

വിവ: ജുമൈല്‍ കൊടിഞ്ഞി

Related Articles