Current Date

Search
Close this search box.
Search
Close this search box.

വിവാഹം പവിത്ര സങ്കല്‍പ്പമാണ്

marriage.jpg

വിവാഹം അപരിഷ്‌കൃതമായി കണ്ടുകൊണ്ടിരിക്കുകയാണ് പോല്‍! ബൗദ്ധിക വികാസം വേണ്ടത്ര നേടിയിട്ടില്ലാത്ത തലമുറയുടെ അബദ്ധ നിരീക്ഷണങ്ങളുടെ ഭാഗമായി മതങ്ങളുടെ നിര്‍മ്മിതിയായി സമൂഹത്തില്‍ നിലനിന്ന അപരിഷ്‌കൃ ആചാരമാണ് വിവാഹം. വൈവാഹിക ബന്ധത്തെ കുറിച്ച് ഏറ്റവും പുതുതായി പുറത്തു വന്നുകൊണ്ടിരിക്കുന്ന നിരീക്ഷണമാണിത്.
പ്രപഞ്ചത്തിലെ അനന്തകോടി ജീവി വര്‍ഗങ്ങളില്‍ ഏറ്റവും സവിശേഷ സ്ഥാനം അലങ്കരിക്കുന്നവനാണ് മനുഷ്യന്‍. കേവലം ആറടി പൊക്കവും എഴുപത്-എണ്‍പത് കിലോ തൂക്കവും വരുന്ന ഈ സവിശേഷ ജീവിയാണ് പരിമിതമായ തോതിലാണെങ്കിലും പ്രപഞ്ചത്തെ നിയന്ത്രിച്ചു കൊണ്ടിരിക്കുന്നത്.
മാനവ ഗുണങ്ങളായ നൂറു കൂട്ടം കാര്യങ്ങളില്‍ പലതും അവന്‍ പല ജീവികളുമായും പങ്കു വെക്കുന്നുണ്ട്. വിജ്ഞാനവും വിവേകവുമാണ് മനുഷ്യനെ മറ്റുള്ളവയില്‍ നിന്ന് വേര്‍ തിരിക്കുന്നത്. മൃഗീയതയും മാനവികതയും തമ്മിലുളള പ്രധാന അതിര്‍ വരമ്പും ഈ രണ്ട് ഗുണങ്ങളാണ്.
കുത്തഴിഞ്ഞ ജീവിതം മൃഗീയതയുടെ ലക്ഷണമാണ്. ചിട്ടയുളള ജീവിതമാണ് മാനവികതയുടേത്. തന്റെ കീഴിലുള്ള മൃഗങ്ങള്‍ പോലും ഈ ചിട്ട പാലിക്കണമെന്നത് മനുഷ്യന്റെ സ്വാഭാവിക താല്‍പ്പര്യമാണ്.

 

ആഹരിക്കാനും ഭോഗിക്കാനും അനിയന്ത്രിത സ്വാതന്ത്ര്യം ആ നിലക്ക് കാലികള്‍ക്ക് പോലും മനുഷ്യന്‍ നല്‍കില്ല. അലഞ്ഞു തിരിഞ്ഞ് അനിയന്ത്രിതമായി കവല ചുറ്റുന്ന കാലികളോട് മനുഷ്യന് വേണ്ടത്ര താല്‍പ്പര്യവുമുണ്ടാവാറില്ല.
വിവാഹ ജീവിതത്തെ പഴഞ്ചനായി കാണുന്നവര്‍ സത്യത്തില്‍ മൃഗീയതയേയും പിന്നിലാക്കുന്നവരാണ്. രണ്ടു പുരുഷന്‍മാരോ രണ്ടു സ്ത്രീകളോ ഒന്നിച്ചു കഴിഞ്ഞു കൂടന്നത് പോലെ പ്രായപൂര്‍ത്തിയെത്തിയ സ്ത്രീ-പുരുഷന്‍മാര്‍ ഒന്നിച്ചു ജീവിച്ചാലുള്ള അവസ്ഥ എന്തായിരിക്കും. അതു തന്നെ ഒരു പൊതു സംസ്‌കാരമായി തീര്‍ന്നാലുളള പരിണിതി?!
ഒരു വ്യവസ്ഥിതിക്കും വിധേയമാകാത്ത, ഒരു നിയമത്തേയും മാനിക്കാത്ത കാട്ടു ജീവികളുടെ തലത്തിലേക്ക് സൂപ്പര്‍ പവറുളള ഇരുകാലി എത്തിപ്പെട്ടാല്‍ അതിന്റെ പരിണിതി അതി ഭയാനകവും വിവരണാതീതവുമായിരിക്കുമെന്നതില്‍ ആരാണ് സംശയിക്കുക.
മനുഷ്യ ജീവിതത്തിന്റെ മനോഹര സങ്കല്‍പ്പമാണ് വിവാഹം. പ്രായ പൂര്‍ത്തിയെത്തിയ എതിര്‍ ലിംഗങ്ങള്‍ ഇണക്കത്തിന്റെ പരമാവതി തലങ്ങളില്‍ യോജിക്കാവുന്ന സാഹചര്യമുണ്ടെന്ന് കണ്ടെത്തി പരസ്പര സമ്മതവും ഉഭയ കക്ഷി താല്പപ്പര്യവും വേണ്ടപ്പെട്ടവരുടെ അനുമതിയും സമൂഹത്തിന്റെ പൊതു അംഗീകാരവും നേടിയെടുത്ത് അനുഷ്ഠാന മാനങ്ങളോടെ ഒന്നിച്ചു ജീവിക്കുമ്പോള്‍ അതിലൂടെ നേടാവുന്ന നിര്‍വൃതി കാലികളുടെ ജീവിതത്തിലൂടെ ലഭിക്കുമോ?
ഇസ്‌ലാമിക കാഴ്ചപ്പാടില്‍ വിവാഹം പുണ്യകരമായ ഏര്‍പ്പാടാണ്. ഖുര്‍ആന്‍ വിശേഷിപ്പിച്ചത് പോലെ ‘ഇണകളുടെ പരസ്പര സമാധാനത്തിന്’ വേണ്ടിയുളള ഉഭയ കക്ഷി കരാര്‍. വ്യക്തി വിശുദ്ധിയും സമൂഹത്തിന്റെ നിലനില്‍പ്പും ഇതിന്റെ ലക്ഷ്യങ്ങളാണ്. വിവാഹം കഴിക്കുന്നതിലൂടെ സ്രഷ്ടാവിന്റെ നിര്‍ദ്ദേശം നടപ്പിലാക്കുകയാണ് ഒരാള്‍ ചെയ്യുന്നത്.
വിവാഹത്തിലൂടെ ഒരു വിശ്വാസി തന്റെ മൂന്നില്‍ രണ്ടു ഭാഗവും നേടിയെടുത്തു എന്നാണ് തിരുനബി ഒരിക്കല്‍ ഓര്‍മ്മപ്പെടുത്തിയത്. ബാക്കി ഭാഗത്തില്‍ അല്ലാഹുവിനെ അവന്‍ സൂക്ഷിക്കണമെന്നതാണ് തിരു വചനത്തിന്റെ തുടര്‍ച്ച.
വിവാഹത്തെ പഴഞ്ചനാക്കുന്നവര്‍ മൃഗീയതയെ താലോലിക്കുന്നവരാണ്. മനുഷ്യരെ കുറിച്ച് അഭിപ്രായം പറയേണ്ടവര്‍ മാനവികതയുളളവരാണ്. മൃഗീയതയും മാനവികതയും വിപരീത ദിശയിലുമാണ്. പക്വതയോടെ കാര്യങ്ങളെ സമീപിക്കലാണ് ബുദ്ധിയുടെ ലക്ഷണം. പൊതു ധാരയോട് പുറം തിരിഞ്ഞു നിന്നത്‌കൊണ്ട് ബുദ്ധിജീവിയാകില്ല.

Related Articles