Current Date

Search
Close this search box.
Search
Close this search box.

വിധവയുടെ രോദനം

widow.jpg

സമൂഹത്തിന്റെ ഏറ്റവും ചെറിയ യൂണിറ്റായ കുടുംബത്തിന്റെ വിജയ നിദാനത്തിന് നല്ല നായകത്വം അനിവാര്യമാണ്. ഭര്‍ത്താവിന് ഇസ്‌ലാം പ്രത്യേക അവകാശങ്ങളും പരിഗണനയും നല്‍കിയിട്ടുണ്ട്. കുടുംബത്തിന്റെ സംരക്ഷണം, ചിലവ്, സുരക്ഷ, ആത്മീയവും ഭൗതികവുമായ വളര്‍ച്ച ഇതെല്ലാം അവന്റെ ഉത്തരവാദിത്തത്തില്‍ പെട്ടതാണ്. എന്നാല്‍ നിരവധി ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഇണകളോടൊപ്പം വേറിട്ട ജീവിതം നയിക്കുന്നവരാണ്. കാരണം മിക്ക ഇണകളും അവന്റെ മേല്‍ യാഥാര്‍ഥ്യ ബോധമില്ലാതെ ധാരാളം ഭാരങ്ങളും ആവശ്യങ്ങളും അടിച്ചേല്‍പിക്കുന്നു. മിക്ക സന്ദര്‍ഭങ്ങളിലും അവനില്‍ നിന്നുള്ള വീഴ്ചകളെ അവര്‍ ചികഞ്ഞുകൊണ്ടിരിക്കുന്നു.  അത്തരത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് നിരന്തരം അസ്വസ്ഥതകള്‍ സൃഷ്ടിച്ച് വൈവാഹിക ജീവിതത്തില്‍ നിന്നു തന്നെ ഒളിച്ചോടാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. സ്വാര്‍ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി സ്ത്രീകളെ പ്രതിസന്ധികളുടെ കയത്തിലേക്ക് വലിച്ചെറിയുന്ന പുരുഷന്മാരുമുണ്ട് എന്നത് യാഥാര്‍ഥ്യമാണ്.  മിക്ക സ്ത്രീകളും ദാമ്പത്യ ജീവിതത്തിന്റെ പ്രാധാന്യം വേര്‍പാടിന് ശേഷം മാത്രം തിരിച്ചറിയുന്നവരാണ്. വിധവയായിത്തീരുന്നതോടെ അറുതിയില്ലാത്ത രോദനത്തിന് തുടക്കം കുറിക്കുകയാണ്. ദുഖവും ഭാരവും ഉത്തരവാദിത്തവും പിന്നീട് അവള്‍ തന്നെ വഹിക്കേണ്ടി വരുന്നു.

വിധവയുടെ രോദനം
ഇന്നലെ വരെ ഭര്‍ത്താവിന്റെ സംരക്ഷണത്തിലും മടിത്തട്ടിലും വളര്‍ന്ന അവള്‍ക്ക് ഒന്നും ഗൗരവതരമായി ചിന്തിക്കേണ്ടിയിരുന്നില്ല. പെട്ടെന്നാണ് തുണയെ നഷ്ടപ്പെട്ട് അവള്‍ വിധവയായിത്തീരുന്നത്. അതോടെ അവളുടെ എല്ലാ രേഖകളിലും വിവാഹിത എന്ന വിശേഷണം വെട്ടിമാറ്റി വിധവ എന്നു ചേര്‍ക്കുകയാണ്. ഇത് കാണുമ്പോള്‍ തന്നെ അവളുടെ നയനങ്ങള്‍ തടം കെട്ടുകയും വെപ്രാളത്തോടെ ഉണര്‍ന്നെണീക്കുകയും ചെയ്യുന്നു. അവളുടെ ചെയ്തികള്‍ കാരണം കാലത്തിന്റെ മുഖത്തടി ഏറ്റുവാങ്ങിയതു പോലെ അവള്‍ സതബ്ദയാകുന്നു. ഒരേ സമയം മാതാവിന്റെയും പിതാവിന്റെയും ഉത്തരവാദിത്തങ്ങള്‍ അവള്‍ വഹിക്കേണ്ടിവരുന്നു. തുടക്കത്തില്‍ സന്തുലിതമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ കഴിയാത്തതിലെ വിഷമതകള്‍ വഹിച്ചുകൊണ്ട് അവള്‍ ഗതികിട്ടാതെ അലയുന്നു.

എന്നാല്‍, ഇത്തരം വെല്ലുവിളികളെ ധീരതയോടെ നേരിടുന്ന വിധവകളുമുണ്ട്. തന്റെ ഉത്തരവാദിത്തം തിരിച്ചറിഞ്ഞുകൊണ്ട് ഉത്തമ ശിക്ഷണത്തിലൂടെ സന്താനങ്ങളെ അവര്‍ വളര്‍ത്തിയെടുകയും ചെയ്യുന്നു. തന്റെ ദൗര്‍ബല്യവും നിസ്സഹായതയും വിളിച്ചോതി തെരുവുകളില്‍ അലയുന്ന ചിലരുണ്ട്. മക്കളെ വളര്‍ത്തുക എന്ന ഉത്തരവാദിത്തം വലിയ ബാധ്യതയായിക്കൊണ്ടു നടക്കുന്നവരെയും കാണാം. വീട്ടകങ്ങളില്‍ നല്ല ശിക്ഷണവും ഉപദേശവും നല്‍കി അവരെ വളര്‍ത്തുന്നതില്‍ ഇവര്‍ പരാജയപ്പെടുകയും തെറ്റായ ജീവിത വൃത്തിയിലേക്ക് തെന്നിമാറുകയും ചെയ്യുന്നു.

ചില വിധവമാര്‍ വലിയ പരീക്ഷണങ്ങളെ അഭിമുഖീകരിക്കുന്നവരാണ്. മകന്റെ ആകസ്മികമായ നിര്യാണത്തോടെ ഭാര്യയിലേക്കും കുട്ടികളിലേക്കും അനന്തരാവകാശങ്ങള്‍ നീങ്ങുന്നത് തടയാന്‍ വേണ്ടി കുതന്ത്രങ്ങളൊപ്പിക്കുന്ന ചില വീട്ടുകാരുടെ നീചമായ പ്രവര്‍ത്തനങ്ങളാണ് ഇതിന് കാരണം. മാത്രമല്ല, വിധവയെ കുറിച്ച് തെറ്റായ സങ്കല്‍പങ്ങളിലും ഊഹങ്ങളിലും കഴിച്ചുകൂട്ടുന്നവരെയും നമുക്ക് കാണാം. വീടിനു പുറത്തും ജോലി സ്ഥലങ്ങളിലും ഇത്തരം സ്ത്രീകളെ മോശമായ പ്രവര്‍ത്തനങ്ങളിലേക്ക് നിര്‍ബന്ധിക്കുന്നവരെയും അഭിമുഖീകരിക്കേണ്ടി വരുന്നു. സാമ്പത്തിക ഞെരുക്കവും പ്രയാസങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ ആശ്വാസ നടപടികള്‍ സ്വീകരിക്കാതെ കുത്തുന്ന വാക്കുകള്‍ ഉപയോഗിച്ച് ദ്രോഹിക്കുന്നവരും ഉണ്ട്.

ഇസ്‌ലാം വിധവകള്‍ക്ക് എല്ലാവിധ ആദരവുകളും സംരക്ഷണവും പരിഗണനയും നല്‍കുന്നതായി കാണാം. പ്രവാചകന്‍(സ) വിവാഹം ചെയ്തത് ഭൂരിഭാഗവും വിധവകളില്‍ പെട്ടവരെയായിരുന്നു. വിധവകളുടെ സംരക്ഷണം അല്ലാഹുവിന്റെ സാമീപ്യം കരസ്ഥമാക്കാനുള്ള വലിയ സല്‍കര്‍മ്മമായി ഇസ്‌ലാം കാണുന്നു. പ്രവാചകന്‍ പഠിപ്പിച്ചു:’ വിധവകളുടെയും അഗതികളുടെയും സംരക്ഷണത്തിന് വേണ്ടി പരിശ്രമിക്കുന്നവന്‍ ദൈവമാര്‍ഗത്തിലെ പോരാളിയെ പോലെയാണ്, അല്ലെങ്കില്‍ രാത്രിയില്‍ നിന്നു നമസ്‌കരിക്കുകയും പകലില്‍ നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവനെ പോലെയാണ്.’ ( ബുഖാരി)

ഭര്‍ത്താവ് നഷ്ടപ്പെട്ടു എന്നതിനാല്‍ ജീവിതത്തില്‍ നിന്ന് ഒളിച്ചോടണമെന്നോ തുടര്‍ന്നുള്ള ജീവിതം ചങ്ങലകളില്‍ കുരുക്കിയിടണമെന്നോ ഇസ്‌ലാം താല്‍പര്യപ്പെടുന്നില്ല. സമൂഹത്തിലെ അംഗങ്ങള്‍ക്കുള്ള എല്ലാ ഉയര്‍ന്ന പരിഗണനകളും അവര്‍ക്ക് നല്‍കണമെന്ന് ഇസ്‌ലാം ആഗ്രഹിക്കുന്നു. ഇദ്ദയുടെ കാലാവധി കഴിഞ്ഞാല്‍ അനുയോജ്യമായ മറ്റൊരു വിവാഹം കഴിക്കുന്നത് അവരുടെ അവകാശമായി ഇസ്‌ലാം കാണുന്നു. സാധാരണ ഗതിയില്‍ നാല് മാസവും പത്ത് ദിവസവുമാണ് ഇദ്ദയുടെ കാലാവധി. ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയാണ് ഇദ്ധയുടെ കാലാവധി. നല്ല ഒരു മുസ്‌ലിം കുടുംബമായി പിന്നീടവള്‍ക്ക് കഴിഞ്ഞു കൂടാം. തങ്ങളുടെ സന്താനങ്ങളെയോര്‍ത്ത് ശിഷ്ടകാലം അവരുടെ കൂടെ കഴിയുന്ന സ്ത്രീകളുമുണ്ട്. അത്തരത്തിലുള്ളവര്‍ക്ക് സമൂഹം വലിയ ആദരവ് നല്‍കുന്നതായി കാണാം.

വിധവയുടെ സമീപനം എന്തായിരിക്കണം
മാളത്തില്‍ കഴിയുന്ന ഉറുമ്പിന് പോലും ആഹാര വിഭവങ്ങള്‍ നല്‍കുന്ന അല്ലാഹുവിനെ കുറിച്ച് പ്രതീക്ഷ വെച്ച് പുലര്‍ത്തുകയും അവന്റെ സാമീപ്യത്തിനായി പരിശ്രമക്കുകയും വേണം. നിരാശയാകാതെ ദൈവിക കാരുണ്യത്തെ കുറിച്ചുള്ള ശുഭപ്രതീക്ഷയില്‍ കഴിയണം. അല്ലാഹുവിനോട് മനസ്സ് തുറന്ന് ചോദിക്കുന്നവരുടെ പ്രാര്‍ഥനകള്‍ അവന്‍ തട്ടിമാറ്റുകയില്ല എന്ന് തിരിച്ചറിയുകയും വേണം. അല്ലാഹു പറഞ്ഞു: ‘ അല്ലാഹുവോട് ഭക്തി കാണിക്കുന്നവന്ന്അല്ലാഹു രക്ഷാമാര്‍ഗമൊരുക്കിക്കൊടുക്കും. അവന്‍ വിചാരിക്കാത്ത വിധം അവന് ആഹാരം നല്‍കും. എല്ലാം അല്ലാഹുവില്‍ അര്‍പ്പിക്കുന്നവന് അല്ലാഹു തന്നെ മതി. അല്ലാഹു അവന്റെ കാര്യം നിറവേറ്റുക തന്നെ ചെയ്യും’.(അത്വലാഖ് 2-3). ദുഖങ്ങളും പ്രയാസങ്ങളും അഭിമുഖീകരിക്കുമ്പോള്‍ അവനിലേക്ക് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്യുക.’ ‘ഞാന്‍ ആവശ്യപ്പെട്ടു: നിങ്ങള്‍ നിങ്ങളുടെ നാഥനോട് മാപ്പിനപേക്ഷിക്കുക. അവന്‍ ഏറെ പൊറുക്കുന്നവനാണ്. ‘അവന്‍ നിങ്ങള്‍ക്ക് ധാരാളം മഴ വീഴ്ത്തിത്തരും.’സമ്പത്തും സന്താനങ്ങളും കൊണ്ട് നിങ്ങളെ സഹായിക്കും. നിങ്ങള്‍ക്ക് തോട്ടങ്ങളുണ്ടാക്കിത്തരും. അരുവികളൊരുക്കിത്തരും.’ (നൂഹ് 10-12)

നമസ്‌കാരം നിഷ്ടയോടെ നിര്‍വഹിക്കുക, ദിനേനയുള്ള പ്രാര്‍ഥനകള്‍ പതിവാക്കുക, വിശുദ്ധ ഖുര്‍ആന്‍ പഠിക്കുകയും പാരായണം ചെയ്യുകയും ചെയ്യുക, ഏഷണി പരദൂഷണം തുടങ്ങിയവയില്‍ നിന്ന് അകന്നു നില്‍ക്കുക, നല്ല പുസ്തകങ്ങള്‍ വായിക്കുക…….. ഇതിലൂടെയെല്ലാം ഹൃദയത്തില്‍ ഈമാനികമായ ഊര്‍ജ്ജം സംഭരിക്കുക എന്നത് വളരെ അനിവാര്യമാണ്. ഈ ഐഹിക ജീവിതം നശ്വരമാണ്, അതിന്റെ ആസ്വാദനങ്ങള്‍ കേവലം രസകുമിളകളാണ്. അതിനാല്‍ ശാശ്വത വിജയത്തിന്റെ പാതയില്‍ സ്ഥൈര്യത്തോടെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം.  

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌

Related Articles