Current Date

Search
Close this search box.
Search
Close this search box.

വാശിയുടെ യുവത്വം

couples.jpg

ഈഗോ സംഘട്ടനം കൊണ്ട് സ്വസ്ഥ ജീവിതം നഷ്ടപ്പെട്ട ദമ്പതിമാര്‍ ഏറെയുണ്ട്. സ്വത്വബോധത്തിന്റെ ഇംഗ്ലീഷ് പദമാണ് ഈഗോ. തന്നെ പറ്റി അമിതമായ മതിപ്പ്, തന്റെ ഇണയെക്കാള്‍ കുലമഹിമ കൊണ്ടും ധനം കൊണ്ടും സൗന്ദര്യം കൊണ്ടും താന്‍ ഉന്നതിയിലാണെന്ന് ഇരുവരും ചിന്തിക്കുമ്പോള്‍ അത് പെരുമാറ്റത്തില്‍ പ്രകടമാകും. അതുണ്ടാക്കുന്ന മാനസിക സംഘട്ടനമാണ് ഈഗോ ക്ലാഷ്.

അപ്പോള്‍ ചിന്തിക്കേണ്ടത് ഇനി പറയും പോലെയാണ്. താന്‍ തന്നെപ്പറ്റി പുലര്‍ത്തിപ്പോരുന്ന ഉപരിബോധം ശരിയാണെന്നു വരാം. പക്ഷേ, അതുകൊണ്ട് എന്റെ ഭാര്യ താഴ്ന്നവളാകുന്നുണ്ടോ? അവളുടെ വിദ്യാഭ്യാസവും തൊഴിലും കുടുംബമഹിമയും എന്റേതിനു തുല്യമല്ലേ, അതിനാല്‍ എന്റെ ഉപരിബോധത്തിനെന്തര്‍ഥം, ഒന്നുകില്‍ ഞങ്ങള്‍ തുല്യശക്തര്‍ അല്ലെങ്കില്‍ തുല്യ ദുര്‍ബലര്‍ എന്ന ചിന്തിക്കുക. ഇതുതന്നെയാവണം ഭാര്യ ഭര്‍ത്താവിനെ പറ്റിയും ചിന്തിക്കേണ്ടത്. ഇരുവരും ഇങ്ങനെ ചിന്തിക്കുന്നില്ലെങ്കില്‍ അവര്‍ അവനവനെ തന്നെ ആക്രമിക്കുകയാണ്. ഓരോരുത്തരും ഇണയെ ആദരിക്കുന്നുവെങ്കില്‍ അതോടൊപ്പം തന്നെയും ആദരിക്കലാണ്. ഇണയെ സ്‌നേഹിക്കുന്നതോടൊപ്പം തന്നെയും സ്‌നേഹിക്കുന്നു. ഇങ്ങനെ മനസ്സിലെ തീയണക്കുക, മനസ്സിലെ അഴുക്കുകള്‍ വൃത്തിയാക്കുക, അവിടെ സ്‌നേഹത്തിന്റെ കുളിര്‍ജലം നിറക്കുക. ധനം കൊടുത്താല്‍ തീര്‍ന്നുപോകുന്നതു പോലെ സ്‌നേഹവും കാരുണ്യവും വിദ്യയും കൊടുത്താല്‍ തീര്‍ന്നുപോകില്ല. വര്‍ധിക്കുകയാണ് ചെയ്യുക. സ്‌നേഹത്തിന്റെ ശത്രുവാണല്ലോ കോപം. സ്‌നേഹത്തിനും കോപത്തിനും സമൂഹത്തില്‍ നിന്നും ഇണയില്‍ നിന്നും ലഭിക്കുന്ന പ്രതികരണത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. സ്‌നേഹം കൊടുത്താല്‍ അതേയളവില്‍ തിരിച്ചു കിട്ടിക്കൊള്ളണമെന്നില്ല. എന്നാല്‍ കോപം കൊടുത്താല്‍ കൊടുത്തതിനേക്കാള്‍ കൂടുതലാണ് തിരിച്ചുകിട്ടുക. സ്‌നേഹം തിരിച്ചുകിട്ടാത്ത അവസ്ഥയുമുണ്ടാകും. കോപം തിരിച്ചുകിട്ടാത്ത അനുഭവം ദുര്‍ലഭങ്ങളില്‍ ദുര്‍ലഭമായിരിക്കും. അതിനാല്‍ ഇണക്ക് സ്‌നേഹം നല്‍കിയില്ലെങ്കിലും കോപം നല്‍കാതിരിക്കുക.

സ്‌നേഹത്തിന് എന്നും യുവത്വം വേണം. കോപത്തെ യുവത്വത്തിലേക്കെത്തിക്കരുത്. ആയുസ്സ്, ആരാധനാകര്‍മങ്ങള്‍ എന്നിവ വാശിയെ തളര്‍ത്താന്‍ ഉപകരിക്കണം. നിത്യവും അഞ്ചുനേരം രണ്ടുപേരും നമസ്‌കരിക്കുന്നു. ദിവസവും ഒരു നേരമെങ്കിലും വഴക്കടിക്കുകയും ചെയ്യുന്നു. ഇതാണ് അവസ്ഥയെങ്കില്‍ ആരാധന ആത്മാവിനെ സ്വാധീനിച്ചിട്ടില്ല എന്ന് വ്യക്തം. ആരാധന വിനയ പ്രകടനമാണല്ലോ. അതു നിര്‍വഹിച്ച ഇണകള്‍ പര്‌സപരം വിനയപ്പെടാന്‍ ശീലിക്കേണ്ടതുണ്ട്. വിനയമുള്ളിടത്ത് പരസ്പരം അഹംബോധത്തിന് ഇടമില്ല. അഹംബോധത്തില്‍ നിന്നാണ് ഈഗോ സംഘട്ടനം ഉടലെടുക്കുക.

നേരത്തെ പറഞ്ഞ ഉപരിചിന്തയുടെ മറ്റൊരു വശവും കൂടി കാണണം. അപകര്‍ഷബോധം മറച്ചുവെക്കാന്‍ ചിലര്‍ ഉപരിചിന്ത(ഉല്‍ക്കര്‍ഷബോധം) പ്രകടിപ്പിക്കും. അത് തന്റെ നല്ല പാതിയില്‍ കൂടുതല്‍ വിഷമമുണ്ടാക്കുകയാണ് ചെയ്യുക. കുഴിയാനയാണ് കാട്ടാനയായി അഭിനയിക്കുന്നത് എന്ന് പുച്ഛമാണ് ഇണയില്‍ അതുണ്ടാക്കുക. അതിനാല്‍ ശ്രദ്ധിക്കേണ്ടത് രണ്ടു കാര്യങ്ങളാണ്. ഒന്ന് തന്നെ പറ്റി കൃ്ത്യമായി പഠിക്കണം. ഓവര്‍ എസ്റ്റിമേറ്റ് നടത്തരുത്. അമ്പത് കിലോ ഭാരം വഹിക്കാന്‍ മാത്രം ആരോഗ്യമുള്ളവന്‍ ഒരു കിന്റല്‍ വഹിക്കാന്‍ ശക്തനാണ് താന്‍ എന്ന് ഭാവിക്കരുത്. ആ ഭാവം അന്യരില്‍ തന്നെ പറ്റി നിന്ദയാണുണ്ടാക്കുക. രണ്ടാമത്തേത് വിട്ടുവീഴ്ചയാണ്. രണ്ടാമത്തേത് വിട്ടുവീഴ്ചയാണ്. ഇണ എന്തു ഭാവമാണ് വെച്ചുപുലര്‍ത്തുന്നതും പ്രകടിപ്പിക്കുന്നതും എന്ന് നോക്കി അതേ അളവില്‍ തിരിച്ചടിക്കാതിരിക്കുക. എങ്കില്‍ കാലക്രമത്തില്‍ തന്റെ നല്ല പാതിയുടെ കോപത്തിന്റെയും പൊങ്ങച്ചത്തിന്റെയും ആരോഗ്യം ക്ഷയിച്ചുകൊള്ളും.

Related Articles