Current Date

Search
Close this search box.
Search
Close this search box.

ലൈംഗിക വിദ്യാഭ്യാസം : ആര് കൊടുക്കും?

sexedu.jpg

പ്രവാചകന്റെ കാലത്ത് ജീവിതത്തില്‍ അഭിമുഖീകരിക്കുന്ന എന്ത് പ്രശ്‌നവും അദ്ദേഹത്തോട് ചോദിക്കാന്‍ ശിഷ്യര്‍ മടികാണിച്ചിരുന്നില്ല. തികച്ചും അവരുടെ വ്യക്തിപരമായ കാര്യങ്ങളായിരുന്ന ലൈംഗിക കാര്യങ്ങളും അവര്‍ കൃത്യമായി പ്രവാചകനോട് ചോദിക്കാറുണ്ടായിരുന്നു. കാരണം അവരുടെ മതവും ശരീഅത്തും എന്താണ് ഇത്തരം കാര്യങ്ങളെ കുറിച്ച് പറയുന്നതെന്ന് അറിയാനും അത് ജീവിതത്തില്‍ പകര്‍ത്താനും അവര്‍ക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു. ആഇശ (റ) പറയുന്നു: അന്‍സാരി സ്ത്രീകള്‍ എത്ര നല്ലവര്‍! ദീനീ വിഷയങ്ങള്‍ പഠിക്കുന്നതില്‍ നിന്ന് ലജ്ജ അവരെ തടയുന്നില്ല.’

പ്രവാചകന്റെ കാലത്ത് ചില സ്ത്രീകള്‍ ലൈംഗികവിഷയങ്ങളെ കുറിച്ച് പ്രവാചകനോട് നേരിട്ടും ഭാര്യമാര്‍ വഴിയും കാര്യങ്ങള്‍ അന്വേഷിക്കാറുണ്ടായിരന്നു. ലൈംഗിക വിദ്യാഭ്യാസം എന്നത് മറച്ച്‌വെച്ച് സങ്കീര്‍ണമാക്കേണ്ട ഒരു പ്രശ്‌നമല്ലെന്നും അത് വളരെ തുറന്ന സമീപനത്തോടെ കൈകാര്യം ചെയ്യേണ്ടതാണെന്നുമാണ് പ്രവാചകന്റെയും(സ) ശിഷ്യന്മാരുടെയും ചരിത്രത്തില്‍ നിന്ന് മനസ്സിലാക്കാനാവുക. എന്നാല്‍ ‘ലജ്ജ ഈമാനിന്റെ ഭാഗമാകുന്നു’ എന്ന് പഠിപ്പിച്ച പ്രവാചകന്‍ തന്നെയാണ് മതകാര്യങ്ങള്‍ പഠിക്കുന്നതില്‍ ലജ്ജ തടസ്സമാകരുതെന്നും പഠിപ്പിച്ചത്.
കുട്ടികള്‍ക്ക് ലൈംഗികവിദ്യാഭ്യാസം നല്‍കല്‍ അനിവാര്യമാണെന്നാണ് പ്രവാചകാധ്യാപനങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്. ഇതിന്റെ ശൈലി തീരുമാനിക്കേണ്ടത് അതത് കാലത്തിന്റെ പ്രത്യേകതകള്‍ക്കനുസരിച്ചാണ്. എന്നാല്‍ അടിസ്ഥാനപരമായി മനസ്സിലാക്കേണ്ടത് കുടുംബത്തില്‍ നിന്നാണ് കാര്യമായ ലൈംഗിക വിദ്യാഭ്യാസം തുടങ്ങേണ്ടത് എന്നതാണ്. ബാക്കി സ്‌കൂളില്‍ നിന്നും വ്യക്തിപരമായും ഒരാള്‍ നേടിയെടുക്കേണ്ടതാണ്. പക്ഷെ ഇത്തരം വിദ്യാഭ്യാസങ്ങള്‍ ലഭിക്കേണ്ടത് തീര്‍ത്തും ഇസ്‌ലാമികമായ ആദര്‍ശത്തിന്റെയും അധ്യാപനങ്ങളുടെയും തണലിലായിരിക്കണം. കൗമാരക്കാര്‍ തന്റെ ശരീരത്തിന്റെയും എതിര്‍ലിംഗത്തിലെ ശരീരഘടനയെയും കുറിച്ചറിയുന്നതോടൊപ്പം ബന്ധങ്ങളിലെ ഇസ്‌ലാമികതയെയും അനിസ്‌ലാമികതയെയും തിരിച്ചറിയേണ്ടതുണ്ട്. അതിന് അവരെ സഹായിക്കുന്ന തരത്തിലുള്ള ശിക്ഷണ പരിശീലനങ്ങള്‍ രക്ഷിതാക്കളും കുടുംബവും സമൂഹവും അവര്‍ക്ക് നല്‍കണം.
ആധുനിക കാലഘട്ടത്തില്‍ രക്ഷിതാക്കളും കുടുംബവും വേണ്ട രീതിയില്‍ ഇസ്‌ലാമിക ലൈംഗിക വിദ്യാഭ്യാസം മക്കള്‍ക്ക് പകര്‍ന്ന് കൊടുത്തില്ലെങ്കില്‍ ധാരാളം പ്രശ്‌നങ്ങളെ നാം അഭിമുഖീകരിക്കേണ്ടിവരും. ലൈംഗികമായ അറിവുകള്‍ തന്റെ വൈകാരികതയെ നിയന്ത്രിക്കാന്‍ സാധിക്കുന്ന തരത്തില്‍ നല്‍കപ്പെടാത്ത കൗമാരക്കാര്‍ക്ക് ഇന്ന് ഈ മേഖലയില്‍ തെറ്റായ വിവിരങ്ങള്‍ ലഭിക്കാന്‍ ധാരാളം സാധ്യതകളുണ്ട്. ഇന്റര്‍നെറ്റും സോഷ്യല്‍ നെറ്റുവര്‍ക്കുകളും വ്യാപകമായ ഇക്കാലത്ത് വഴിതെറ്റാന്‍ കൗമാരക്കാര്‍ക്ക് തങ്ങളുടെ വിരല്‍ തുമ്പുകള്‍ മാത്രം മതി. ലൈംഗിക രംഗങ്ങളടങ്ങുന്ന വീഡിയോകളും ചിത്രങ്ങളും കാണാന്‍ അവര്‍ക്ക് ക്ലിക്കുകള്‍ മാത്രമേ വേണ്ടതുള്ളൂ.
സോഷ്യല്‍ നെറ്റുവര്‍ക്കുകളിലൂടെയും മറ്റും പരസ്പരബന്ധത്തിലായി പ്രണയത്തിലെത്തുന്ന കൗമാരക്കാരും ഇപ്പോള്‍ സമൂഹത്തില്‍ കുറവല്ല. ഇത്തരം അനാരോഗ്യകരമായ ബന്ധങ്ങളിലേക്ക് ചെറുപ്രായത്തില്‍ നയിക്കപ്പെടാനുള്ള ഒരു സുപ്രധാന കാരണം ബന്ധങ്ങളിലെ ധാര്‍മികത രക്ഷിതാക്കളില്‍ നിന്നും കുടുംബത്തില്‍ നിന്നും പകര്‍ന്ന് കിട്ടാത്തതുതന്നെയാണ്. വൈകാരികമായി പൊട്ടിത്തെറിക്കാന്‍ പാകത്തിലുള്ള അവസരത്തിലായിരിക്കും കൗമാരക്കാര്‍. അവര്‍ക്ക് ആധുനിക മീഡിയകള്‍ നല്‍കുന്ന അനന്തസാധ്യതകള്‍ വൈകാരികളെ ചൂഷണം ചെയ്യുന്നതായിരിക്കും. അതുകൊണ്ട് ഇവയിലെ ശരിയും തെറ്റും, ഉപകാരങ്ങളും ചതിക്കുഴികളും രക്ഷിതാക്കളില്‍ നിന്നും മറ്റ് അടുത്ത രക്തബന്ധുക്കളില്‍ നിന്നും പുതുതലമുറക്ക് പകര്‍ന്നു കിട്ടണം. എന്നാല്‍ മാത്രമേ കാര്യങ്ങള്‍ ഭംഗിയായി മുന്നോട്ട് പോവുകയുള്ളു.
രക്ഷിതാക്കള്‍ ലൈഗികവിദ്യാഭ്യാസവും മര്യാദകളും പഠിപ്പിക്കണമെന്ന് പറയുമ്പോള്‍ അവര്‍ മക്കളെ ആധുനിക മാധ്യമങ്ങളില്‍ നിന്നെല്ലാം തടയണമെന്നല്ല അര്‍ഥം. ആധുനിക മീഡിയകളെയും അതിലൂടെ രൂപപ്പെടുന്ന ബന്ധങ്ങളെയും എപ്രകാരമാണ് ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതെന്നാണ് രക്ഷിതാക്കള്‍ മക്കളെ പഠിപ്പിക്കേണ്ടത്. തങ്ങളുടെ കാലത്തുണ്ടായിരുന്ന സാഹചര്യങ്ങളുമായി മക്കളുടെ അന്തരീക്ഷത്തെ താരതമ്യപ്പെടുത്തരുത്. എതിര്‍ലിംഗത്തിലുള്ള കൂട്ടുകാരനുമായോ കൂട്ടുകാരിയുമായോ സംസാരിക്കാന്‍ പോലും പാടില്ലെന്ന് നിര്‍ബന്ധം പിടിക്കരുത്. അതിലൂടെ അവരുടെ ആകാംക്ഷയും ആശങ്കയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമേ അതുപകരിക്കുകയുള്ളൂ. അത് കൂടുതല്‍ ദുരന്തത്തിലേക്കായിരിക്കും നയിക്കുക.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുകയും ഇടപഴകുകയും ചെയ്യുകയെന്നത് ഇന്നത്തെ സാഹചര്യത്തില്‍ അനിവാര്യമാണ്. എന്നാല്‍ ഈ ഇടപഴകലുകളില്‍ പാലിക്കേണ്ട അതിരും വരമ്പുകളും സൗഹൃദത്തിലൂടെയും സഹവാസത്തിലൂടെയും പകര്‍ന്ന് നല്‍കുകയാണ് ചെയ്യേണ്ടത്. ഇത്തരം ബന്ധങ്ങളില്‍ ക്രിയാത്മകമായ ദാമ്പത്യത്തിലേക്ക് എത്തിക്കാമെന്ന് പ്രതീക്ഷയുള്ള അവസരങ്ങള്‍ രൂപപ്പെടുകയാണെങ്കില്‍ രക്ഷിതാക്കള്‍ എന്ന നിലയിലുള്ള അഭിമാന പ്രശ്‌നങ്ങള്‍ ഒഴിവാക്കി ഇസ്‌ലാമിക നിയമങ്ങള്‍ക്കനുസൃതമായ വിവാഹ ബന്ധത്തിലേക്ക് അവരെ നയിക്കാനുള്ള സന്മനസ്സാണ് രക്ഷിതാക്കള്‍ കാണിക്കേണ്ടത്. കാരണം ഇന്നത്തെ കാലത്ത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും വിലക്കുകള്‍ എത്രതന്നെ നിലവിലുണ്ടെങ്കിലും അവയെ മറികടന്ന് പരസ്പരം ബന്ധം തുടരാന്‍ പുതുതലമുറക്ക് അവസരങ്ങളുണ്ട്. അതുകൊണ്ട് മക്കളെ തെറ്റുകള്‍ ചെയ്യിക്കുന്നതിനെക്കാള്‍ എന്തുകൊണ്ടും നല്ലത് അനുവദനീയവും ആരോഗ്യകരവുമായ ബന്ധം പുലര്‍ത്താന്‍ സഹായിക്കുകയാണ്. 

Related Articles