Current Date

Search
Close this search box.
Search
Close this search box.

രണ്ടു തരം സമീപനം

discuss.jpg

നാം പകലിലെ ജോലിത്തിരക്കിന് ശേഷം രാത്രി വീട്ടിലെത്തുന്നു. അത്യാവശ്യകാര്യങ്ങള്‍ ചെയ്ത് തീര്‍ക്കുന്നു. അപ്പോഴേക്കും കുടുംബിനി ഭക്ഷണം വിളമ്പിവെച്ച് നമ്മെ വിളിക്കുന്നു. ആഹാരം കഴിക്കാന്‍ തുടങ്ങിയിപ്പോള്‍ മനസിലായി എരിവ് അല്‍പം കൂടുതലാണെന്ന് അപ്പോള്‍ നമുക്ക് രണ്ടു തരം സമീപനം സ്വീകരിക്കാം.
ഒന്നുകില്‍ കോപാകുലനായി കലമ്പലുണ്ടാക്കാം, ദേഷ്യം പ്രകടിപ്പിക്കാം, ചീത്ത പറയാം, ഭക്ഷണം ഉണ്ടാക്കാനറിയില്ലെന്ന് ആക്ഷേപിക്കാം, എന്നിട്ടും കോപമടങ്ങുന്നില്ലെങ്കില്‍ അവളുടെ കുടുംബത്തെകൂടി കുറ്റപ്പെടുത്താം, ഭക്ഷണം കഴിക്കാതെ പാത്രം നീക്കിവെച്ച് എഴുന്നേറ്റ് പോരാം. എന്നാല്‍ ഇതൊന്നും കുടുംബിനിയില്‍ ഗുണകരമായ മാറ്റമുണ്ടാക്കുകയില്ല. തല്‍ക്കാലം അങ്ങേയറ്റം ദു:ഖിതയായി കണ്ണീര്‍ വാര്‍ത്തേക്കാം. പ്രതികാര മനസോടെ മുഖം കറുപ്പിച്ചേക്കാം. ദീര്‍ഘ നേരത്തെ മൗനത്തിലൂടെ പ്രധിഷേധമറിയിച്ചേക്കാം. ഏതായാലും ആ രാത്രി ഇരുവരുടെയും എല്ലാ സന്തോഷവും നഷ്ടപ്പെടും. സ്വൈര്യം വിട പറയും. അസ്വസ്ഥത ഇരുവര്‍ക്കുമിടയിലും കത്തിപ്പടരും. അങ്ങനെ അന്നത്തെ രാത്രി അശാന്തമായെന്നുറപ്പ്.

മറിച്ച് കുടുംബിനിയോട് സ്‌നേഹ പൂര്‍വ്വം ശാന്തസ്വരത്തില്‍ പറയുന്നുവെന്ന് കരുതുക. ‘ഞാന്‍ പലയിടത്ത് നിന്നും ഭക്ഷണം കഴിക്കാറുണ്ട്. കല്യാണത്തിലും സല്‍ക്കാരത്തിലും പങ്കെടുത്ത് വിഭവ സമൃദ്ധമായ സദ്യ ആസ്വദിക്കാറുണ്ട്. എന്നാല്‍ നീ ഉണ്ടാക്കിത്തരുന്ന അത്ര രുചകരമായ ഭക്ഷണം ഇന്നോളം എവിടെ നിന്നും കഴിച്ചിട്ടില്ല. ഇന്നത്തെ കറിയില്‍ അല്‍പം എരിവ് കൂടുതലാണെന്ന് തോന്നുന്നു. ഒരു പക്ഷെ മുളക് പൊടിച്ച മില്ലില്‍ തന്നെ മല്ലിയും പൊടിച്ചതിനാലാകാം. സാരമില്ല, ഒരു ദിവസമൊക്കെ അങ്ങനെയും ഉണ്ടാകുമല്ലോ.’ ഇത് കേള്‍ക്കുന്നതോടെ കുടുംബിനിക്ക് സമാധാനമാകും, അവര്‍ അഭിമാന പുളകിതയും ആഹ്ലാദഭരിതയുമാകും. മനസാ പറയും എത്ര നല്ല ഇക്ക അടുത്ത ദിവസം ഭക്ഷണം പാകം ചെയ്യുമ്പോള്‍ വളരെ ശ്രദ്ധയോടെയും സൂക്ഷമതയോടെയും കൈകാര്യം ചെയ്യും. ഏറ്റവും രുചികരമായ ആഹാരമൊരുക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്യും. അതോടെ അന്നത്തെ രാത്രിയെ അത് സുന്ദരമാക്കും. കിടപ്പറയില്‍ കൂരിരുളിന് പകരം പ്രകാശം പരക്കും. മൗനത്തിന് പകരം സംതൃപ്തമായ വര്‍ത്തമാനങ്ങളും. ഇരുവരുടെയും അകം തപിച്ച് പൊള്ളുന്നതിന് പകരം തണുത്ത് കുളിരണിയും. ജീവിതത്തിലുടനീളം ഇത്തരം സമീപനം സ്വീകരിച്ചാല്‍ ദാമ്പത്യവും ഭദ്രവും സംതൃപ്തവുമായി നിലനില്‍ക്കും.

കോപിച്ചും കുറ്റപ്പെടുത്തിയും ആക്ഷേപിച്ചും ശകാരിച്ചും ആരിലും കാര്യമായ മാറ്റമുണ്ടാക്കാനാകില്ല. മാത്രമല്ല അതിനിരയാകുന്നവരുടെ അഭിമാനത്തെ ക്ഷതപെടുത്തും. ആത്മവിശ്വാസം നഷ്ടപ്പെടുത്തും. നിരാശയും ഇച്ഛാഭംഗവും വളര്‍ത്തും. താനൊന്നിനും കൊള്ളത്തവളാണെന്ന തോന്നലുണ്ടാക്കും. അത് അവസാനം ആലസ്യത്തിലേക്ക് നയിക്കുകയും ചെയ്യും. എന്നാല്‍ അഭിനന്ദനവും പ്രശംസയും അവരുടെ ആത്മവിശ്വാസം വളര്‍ത്തും. കര്‍മശേഷിയെ പോഷിപ്പിക്കും. സദാ സന്തോഷവും സംതൃപ്തിയും ലഭിക്കുന്നതിനാല്‍ കര്‍മശേഷിയെ പോഷിപ്പിക്കും.

Related Articles