Current Date

Search
Close this search box.
Search
Close this search box.

മൗനിയായ ഭര്‍ത്താവ്

silence.jpg

ആത്മഭാഷണം നടത്തുന്നതിലെ മടുപ്പുകാരണമാണ് ഞാനിതെഴുതുന്നത്. വിവാഹിതയായി ഭര്‍ത്താവിനും കുട്ടികളോടുമൊത്ത് കുടുംബ ജീവിതം നയിക്കുന്നതോടൊപ്പം മാനസികമായി ഏകാന്തത അനുഭവിക്കാനുള്ള ദുര്യോഗമാണ് എനിക്കുള്ളത്. ഭര്‍ത്താവ് ഉണ്ടായിരിക്കെ തന്നെ ഞാന്‍ ഒറ്റപ്പെടലിന്റെ കയ്പുനീര്‍ കുടിക്കുന്നു. അദ്ദേഹം വിദേശത്തോ അല്ലെങ്കില്‍ ജോലിയാവശ്യാര്‍ഥം കൂടുതല്‍ സമയം പുറത്ത് കഴിയുന്ന ആളോ അല്ല. വൈകുന്നേരത്തോടെ ജോലി അവസാനിക്കുന്ന ഒരു സര്‍ക്കാറുദ്യോഗസ്ഥനാണദ്ദേഹം. എന്നാല്‍ ഒരു ഭാര്യ എന്ന നിലക്കുള്ള വൈകാരിക ആവശ്യങ്ങള്‍ക്ക് മാത്രമേ അദ്ദേഹം ഞാനുമായി ബന്ധം പുലര്‍ത്താറുള്ളൂ. അക്കാര്യങ്ങളിലെല്ലാം അദ്ദേഹം നല്ലവിധത്തില്‍ തന്നെയാണ് ഇടപെടാറ്. ഞങ്ങളുടെ ബന്ധത്തില്‍ ഒരു തരം വരള്‍ച്ചയാണനുഭവപ്പെടുന്നത്. എനിക്കാവശ്യമായ മാനസിക പിന്തുണ തിരിച്ചറിയുന്നതല്ലാത്ത കാര്യങ്ങളിലെല്ലാം വളരെയധികം ബുദ്ധിമാനാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഇടപഴകലുകളില്‍ നിന്ന് ഞാന്‍ മനസിലാക്കുന്നത് എന്നെ വളരെയധികം സ്‌നേഹിക്കുന്നു എന്ന് തന്നെയാണ്. എന്നാല്‍ സൗകര്യങ്ങളുള്ള വീട്, നല്ല ഭക്ഷണം ഇതില്‍ പരിമിതപ്പെടുന്നതാണോ എന്റെ ആവശ്യങ്ങള്‍ എന്നതാണ് ഏറ്റവും പ്രധാനം. ഞങ്ങളുടെ കുട്ടികളെയും ഇത് സ്വാധീനിക്കുന്നുവെന്നതാണ് വലിയ പ്രശ്‌നം.

ഒരു ദിവസം സംഭവിച്ചത് പറയാന്‍ നിങ്ങള്‍ എന്നെ അനുവദിക്കണം. ഭര്‍ത്താവ് ജോലിസ്ഥലത്ത് നിന്നും പതിവുപോലെ മടങ്ങിയെത്തി. അദ്ദേഹം ആവശ്യപ്പെട്ടതനുസരിച്ച് ഞാന്‍ ഭക്ഷണം വിളമ്പിക്കൊടുത്തു. ടി.വിയും കണ്ടുകൊണ്ടദ്ദേഹം ഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ ഞാനടുത്തുണ്ടായിട്ടു പോലും എന്നോട് വെള്ളമോ ഭക്ഷണമോ ആവശ്യപ്പെടാനല്ലാതെ വാ തുറന്നത് പോലുമില്ല. പിന്നീട് അദ്ദേഹത്തിന്റെ പതിവുചര്യകളായ ഉറക്കം, പത്ര-മാസികകളുടെ വായന തുടങ്ങിയ കാര്യങ്ങളിലേര്‍പ്പെട്ടു. വായനയിലും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനിടയിലുമെല്ലാം എന്തെങ്കിലും ആവശ്യങ്ങള്‍ക്കല്ലാതെ അദ്ദേഹം എന്നെ വിളിക്കുന്നത് ഞാന്‍ കേട്ടില്ല. അദ്ദേഹത്തോടൊപ്പം ചേരുന്നതിനായി ഞാനെന്തെങ്കിലും ചോദിച്ചാല്‍ താന്‍ വലിയ തിരക്കിലാണെന്ന ഭാവത്തിലായിരുന്നു പ്രതികരണം. കേവലം റെസ്റ്റോറന്റ് മാനേജറുടെ ജോലി മാത്രമായിരുന്നു എന്റേത്. വാരാന്ത്യങ്ങളിലെ ഒഴിവ് ദിവസങ്ങളില്‍ പോലും ഞങ്ങളൊരുമിച്ച് പുറത്ത് പോകാറുണ്ടായിരുന്നില്ല. പുറത്ത് പോവുകയാണെങ്കില്‍ തന്നെ അദ്ദേഹം ഒറ്റക്ക് കാറുമായി പോകുകയാണ് പതിവ്.

ഏതൊരു ഭാര്യയെയും പോലെ അദ്ദേഹത്തിന്റെ ശ്രദ്ധയാകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ ഞാനും നടത്തി. പക്ഷെ അദ്ദേഹത്തിന്റെ തണുത്ത പ്രതികരണം എന്നെ നിരാശപ്പെടുത്തി. ഞാന്‍ വായനിയിലേക്ക് തിരിഞ്ഞു. ചുരുക്കത്തില്‍ വീട് ഒരു ലൈബ്രറിയായി മാറി. ഏകാന്തത എന്നെ വായനയെ സ്‌നേഹിക്കുന്നവളാക്കി എന്നത് ഒരു യാഥാര്‍ഥ്യമാണ്. ബന്ധത്തിലെ ഈ ഏകാന്തത കുട്ടികളിലും പ്രതിഫലിക്കുന്നുണ്ട്. അവര്‍ക്ക് എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ കൂടി അവരത് ആവശ്യപ്പെട്ടില്ല. ഒരു കാര്യത്തെകുറിച്ചും യാതൊരു ചര്‍ച്ചയും സംഭാഷണവും നടക്കാത്ത വിരസമായിത്തീര്‍ന്നു ഞങ്ങളുടെ വീട്. ഒന്നുകില്‍ ഉചിതമായ തീരുമാനമെടുക്കാന്‍ എനിക്കവസരം നല്‍കണം അല്ലെങ്കില്‍ എന്തു ചെയ്യണമെന്ന് കൃത്യമായി പറയണം. എന്തെങ്കിലും ഞാന്‍ ചോദിക്കുകയോ അന്വേഷിക്കുകയോ ചെയ്യുമ്പോള്‍ എന്റെ അഭിപ്രായത്തെ പരിഹസിക്കുകയും അവഗണിക്കുകയുമാണദ്ദേഹം ചെയ്യുന്നത്. ലംഘിക്കാനോ നിരൂപിക്കാനോ പാടില്ലാത്ത കോടതി വിധിപോലെയാണത്രെ അദ്ദേഹത്തിന്റെ വാക്കുകള്‍.

ഞാന്‍ വളരെയധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ബുദ്ധിപരമായ കഴിവുകളെയും ഞാന്‍ അംഗീകരിക്കുന്നു. ഞങ്ങള്‍ക്കിടയില്‍ സംഭാഷണം നടക്കാത്തത് കാരണം ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങളെകുറിച്ച് ബോധ്യപ്പെടുത്താന്‍ ഞാന്‍ പലതവണ ശ്രമം നടത്തി. ‘നിനക്ക് കിട്ടിയ അനുഗ്രഹങ്ങള്‍ക്കെല്ലാം എന്തുകൊണ്ട് നീ അല്ലാഹുവെ സ്തുതിക്കുന്നില്ല? അല്ലെങ്കില്‍ എന്ത് കുറവാണ് നിനക്കുള്ളത്? തുടങ്ങിയ മറുപടികളാണ് എനിക്കപ്പോഴെല്ലാം കിട്ടിയത്. നീ ഉദ്ദേശിക്കുന്ന പോലെ ചെലവഴിക്കാന്‍ നിന്റെ അക്കൗണ്ടില്‍ ഞാന്‍ പണമിടുന്നുണ്ട്, ക്ലബ്ബില്‍ നിനക്ക് അംഗത്വമുണ്ട്…. എന്നിട്ടും എന്ത് ആരോപണമാണ് എനിക്കെതിരെയുന്നയിക്കുന്നത്? എന്നാല്‍ ഭര്‍ത്താവ് പറയുന്ന പോലെ ഞാന്‍ യഥാര്‍ത്ഥത്തില്‍ അല്ലാഹു ഞങ്ങള്‍ക്കേകിയതില്‍ തൃപ്തയാണോ? എന്റെ കൂട്ടുകാരികളുമായി താരതമ്യം ചെയ്യുമ്പോള്‍ എന്റെ അവസ്ഥ തീര്‍ത്തും ദുഖകരമാണ്. എന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ ഞാന്‍ അങ്ങേയറ്റം പരിഭ്രാന്തിയിലാണ്. ഒരു വേര്‍പാടിന്റെ വക്കിലാണോ ഞങ്ങളെത്തി നില്‍ക്കുന്നതെന്ന് ഞാന്‍ സംശയിച്ച് പോകുന്നു. നിങ്ങളില്‍ നിന്നും കൃത്യമായ ഒരു മറുപടി പ്രതീക്ഷിച്ചാണ് ഞാനിതെഴുതുന്നത്.

പ്രിയ മോളേ, നിങ്ങളുടെ മൗനിയായ ഭര്‍ത്താവിനെകുറിച്ചാണ് നിങ്ങള്‍ എഴുതിയത്. എന്നാല്‍ എനിക്ക് ചില കാര്യങ്ങള്‍ ചോദിക്കേണ്ടതുണ്ട്. നിങ്ങളുമായുള്ള വിവാഹന്വേഷണത്തിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ പ്രകൃതം ഇതായിരുന്നോ? വിവാഹത്തിന്റെ ആദ്യമാസങ്ങളില്‍ അദ്ദേഹത്തിന്റെ പെരുമാറ്റം എപ്രകാരമായിരുന്നു? നിങ്ങള്‍ക്കിടയിലെ മാനസികമായ ഏകാന്തതക്ക് പിന്നിലെ കാരണമെന്താണെന്ന് നിങ്ങള്‍ ആത്മപരിശോധന നടത്തിയിട്ടുണ്ടോ? ജീവികള്‍ക്കിടയില്‍ പരസ്പര സഹകരണത്തോടെയുള്ള ജീവിതത്തിന് പ്രകൃതിപരമായ മാര്‍ഗമാണ് സംഭാഷണമെന്നത്. അത് മനുഷ്യരില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. സ്രഷ്ടാവായ അല്ലാഹു നല്‍കിയ വ്യത്യസ്തങ്ങളായ അവയവങ്ങള്‍ മുഖേന അവ പരസ്പരം സംവദിക്കുന്നു. ലോകരക്ഷിതാവായ അല്ലാഹു മലക്കുകളോടും പ്രവാചകന്‍മാരോടും പിശാചിനോട് പോലും സംവദിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ നിന്ന് നമുക്കത് വ്യക്തമാകുന്നു: ‘അല്ലാഹു ചോദിച്ചു: അല്ലയോ ഇബ്‌ലീസ്, പ്രണാമം ചെയ്തവരോടൊപ്പം ചേരാതിരിക്കാന്‍ നിന്നെ പ്രേരിപ്പിച്ചതെന്ത്?’ (അല്‍ഹിജ്ര്‍: 32)

ദമ്പതികള്‍ക്കിടയിലെ മൂകതക്കും ഏകാന്തതക്കും ഭര്‍ത്താവിന്റെ വരണ്ട പ്രകൃതത്തിനും സാധാരണ കാരണമായി വരാറുള്ള ചില കാര്യങ്ങള്‍ വിവരിക്കാം.
1. ഭാര്യയുടെ സംസാരം വ്യക്തിപരമോ കുടുംബത്തിന്റെയോ ആവശ്യങ്ങളില്‍ മാത്രം പരിമിതപ്പെടുക, അല്ലെങ്കില്‍ നിരന്തരമുള്ള ആവലാതികളായിരിക്കുക, അതുമല്ലെങ്കില്‍ ഭര്‍ത്താവിനെ വേദനിപ്പിക്കാനും ഇകഴ്ത്താനുമാത്രം ഉദ്ദേശിച്ച് നടത്തുന്ന കുറ്റപ്പെടുത്തലുകളായിക്കുക എന്നതാണ്. അതുമല്ലെങ്കില്‍ അവളുടെ സംസാരം ജീവിതത്തില്‍ കഴിഞ്ഞ് പോയതും നഷ്ടപ്പെട്ടതുമായ കാര്യങ്ങളെകുറിച്ചുള്ള മോശപ്പെട്ട ഓര്‍മ്മപ്പെടുത്തലാകുന്നതും അതിന് കാരണമാണ്.
2. സംസാരത്തില്‍ അനുയോജ്യമല്ലാത്ത ശൈലി സ്വീകരിക്കുന്നതും പരിഹാരം കണ്ടെത്തുന്നതിനായി ഭാര്യാഭര്‍ത്താക്കന്‍മാര്‍ നിര്‍ബന്ധമായും ചര്‍ച്ച ചെയ്യേണ്ട സുപ്രധാനമായ കാര്യം തന്നെ പ്രകടിപ്പിക്കാന്‍ തെരെഞ്ഞെടുക്കുന്ന രീതി അനുയോജ്യമാകാതിരിക്കുക.
3. സുപ്രധാനമായ കാര്യം തന്നെയാണ് പറയുന്നതും അത് പറയാന്‍ തെരെഞ്ഞെടുക്കുന്ന ശൈലിയും ഏറ്റവും യോജിച്ചത് തന്നെയാണ്, എന്നാല്‍ അതിനായി തെരെഞ്ഞെടുക്കുന്ന സമയവും സ്ഥലവും അനുചിതമാവുക. ഉദാഹരണമായി ബെഡ് റൂമില്‍ ഉറങ്ങുന്നതിന് തൊട്ടുമുമ്പ് വിഷയം ഉന്നയിക്കുക. ബെഡ്‌റൂം ചര്‍ച്ചക്കുള്ള വേദിയല്ല, അവിടെ വെച്ചല്ല ജീവിതത്തിലെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യേണ്ടതും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കേണ്ടതും എന്നതാണ് എന്റെ വീക്ഷണം. അവിടെ വെച്ച് അതിനനുയോജ്യമായ തരത്തിലുള്ള സംസാരങ്ങള്‍ മാത്രമേ നടത്താവൂ.
4. മാനസികാവസ്ഥയും പ്രകൃതവും പരിഗണിക്കുക. ഭര്‍ത്താവ് ചിലപ്പോള്‍ തന്റെ ജോലി സംബന്ധമായ കാര്യത്തിലോ സാമ്പത്തിക പ്രതിസന്ധിയിലോ അതുപോലുള്ള മറ്റു പ്രയാസങ്ങളിലോ വേവലാതിപ്പെട്ടിരിക്കുമ്പോഴായിരിക്കും ഭാര്യ സംസാരിക്കാനെത്തുന്നത്.
5. പറയുന്ന കാര്യം എത്ര നിസ്സാരമാണെങ്കിലും ഭാര്യ നിശബ്ദയായി അത് ശ്രദ്ധിക്കുന്നില്ലെങ്കില്‍ ഭര്‍ത്താവിന് സംസാരത്തിന് വൈമനസ്യമുണ്ടാകും.
6. ഭര്‍ത്താവ് പറയുന്നത് ശ്രദ്ധയോടെ കേള്‍ക്കുക എന്നത് മാത്രമല്ല, അതിന് ശേഷം എന്ത് സംഭവിക്കുന്നു എന്നത് വളരെ പ്രധാനമാണ്. പറയുന്ന കാര്യങ്ങള്‍ക്കനുസൃതമായ പ്രതികരണം ഉണ്ടാവുക എന്നത് അനിവാര്യമാണ്. കുട്ടികളുമായി ബന്ധപ്പെട്ട ഗുരുതരമായ ഒരു വിഷയം ഭര്‍ത്താവ് പറയുകയും അത് പാലിക്കാതെ കേള്‍ക്കുക മാത്രം ചെയ്യരുത്.
7. സംഭാഷണത്തിനിടയില്‍ ഭാര്യ തെറ്റായി പ്രതികരിക്കുന്നത് സംഭാഷണം തന്നെ ഇല്ലാതാകുന്നതിലേക്ക് നയിച്ചേക്കാം. സംസാരിക്കുന്ന വിഷയവുമായി യാതൊരു ബന്ധവുമില്ലാത്ത ഇഷ്ടപ്പെടാത്ത ഓര്‍മ്മകളിലേക്കും മുന്‍കഴിഞ്ഞ കാര്യങ്ങളിലേക്കും സംസാരത്തെ വഴിതിരിച്ച് വിടുകയായിരിക്കും അവള്‍ ചെയ്യുക. അല്ലെങ്കില്‍ അവളുടെ ഭാഗത്ത് നിന്നുമുണ്ടാകുന്നത് നിഷേധാത്മകമായ പിന്‍വലിയലായിരിക്കും. സംസാരിച്ചുകൊണ്ടിരിക്കെ സ്ഥലം വിടുക അതിന് ഉദാഹരണമാണ്.

മൂകത നീണ്ടുനില്‍ക്കുന്നത് നിരാശയിലേക്കായിരിക്കും നയിക്കുക. ദമ്പതികള്‍ക്കിടയിലുള്ള സംസാരത്തില്‍ മാത്രം അത് ഒതുങ്ങുകയില്ല, എല്ലാ തരത്തിലുമുള്ള ബന്ധം തളര്‍ത്തുന്നതിലേക്ക് അത് നയിക്കും. ദാമ്പത്യ ജീവിതത്തെ തന്നെ മടുപ്പിലേക്കായിരിക്കും അതെത്തിക്കുക. സ്വാഭാവികമായും വിവാഹബന്ധം വേര്‍പെടുന്നതിലേക്കായിരിക്കും അതെത്തിക്കുക. കുട്ടികളിലും തെറ്റായ പ്രവണതകള്‍ സൃഷ്ടിക്കുന്നതിന് അത് കാരണമാകും. സന്താനപരിപാലനമെന്ന ഭാരിച്ച ഉത്തരവാദിത്വം നിര്‍വഹിക്കുന്നതിലും വലിയ വീഴ്ചകള്‍ക്കത് കാരണമാകും.

പരിഹാരത്തിനായി നല്ല ഉദ്ദേശ്യശുദ്ധിയോട് കൂടി അല്ലാഹുവില്‍ ഭരമേല്‍പ്പിക്കുകയാണ് വേണ്ടത്. തന്റെ ഭര്‍ത്താവിനെ അനുസരിക്കുന്ന ഭാര്യയായിരിക്കുകയെന്നതാണ് മറ്റെന്തിനേക്കാളും ശ്രേഷ്ഠമായതെന്ന് എപ്പോഴും ഓര്‍ക്കുക. ഭര്‍ത്താവുമായുള്ള നിങ്ങളുടെ ബന്ധം അതിന്റെ തുടക്കം മുതല്‍ വിലയിരുത്തേണ്ടതുണ്ട്. ഭര്‍ത്താവിനെ ഇത്തരം ഒരവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ നിങ്ങളുടെ സ്വഭാവം എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്ന് തിരിച്ചറിയണം. രാത്രി സമയങ്ങളില്‍ എഴുന്നേറ്റ് നമസ്‌കരിക്കുകയും അല്ലാഹുവോട് കേണപേക്ഷിക്കുകയും ചെയ്യണം. ദമ്പതികള്‍ക്കിടയില്‍ സംസാരത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന പുസ്തകങ്ങളും ലേഖനങ്ങളും ഭര്‍ത്താവിന് സമ്മാനിക്കുക. ഏറ്റവും അനുയോജ്യമായ സമയവും സന്ദര്‍ഭവും സാഹചര്യവും തെരെഞ്ഞെടുത്ത് ഭര്‍ത്താവിനോട് സംസാരിക്കാന്‍ മുതിരണം. സംസാരം തുടങ്ങേണ്ടത് ആത്മനിരൂപണം നടത്തി കൊണ്ടായിരിക്കണം. സുന്ദരമായ ബന്ധത്തില്‍ വീഴ്ചകള്‍ വരുന്നതിന് നിങ്ങളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചകള്‍ അംഗീകരിക്കുക.

ഭര്‍ത്താവിനോട് എനിക്ക് പറയാനുള്ളത്, ഭാര്യയുടെ മാനസികാവസ്ഥ പരിഗണിക്കുകയെന്നത് മറ്റേത് ഉത്തരവാദിത്തത്തേക്കാളും പ്രാധാന്യമര്‍ഹിക്കുന്നതാണ്. വിനിമയ മാര്‍ഗങ്ങളിലൂടെയാണത് സാധ്യമാവുക. കണ്ണുകളുടെയും ശരീരത്തിന്റെയും ഭാഷ അതിനായി സ്വീകരിക്കണം. തന്റെ ഇണയുടെ മാനസികാവസ്ഥ തിരിച്ചറിയാന്‍ ഭര്‍ത്താവിന് സാധിക്കണം. തന്റെ ഭര്‍ത്താവില്‍ നിന്നുള്ള പരിഗണന ഭാര്യക്ക് അനുഭവിക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അത് തന്നെ പ്രശ്‌നത്തിന് ധാരാളമായി. തന്റെ വാക്കുകള്‍ക്ക് ഭര്‍ത്താവ് ചെവി നല്‍കുന്നില്ലെന്ന് തിരിച്ചറിയുന്ന ഭാര്യ സ്വാഭാവികമായും സ്വന്തത്തിലേക്ക് ഒതുങ്ങികൂടുന്ന അവസ്ഥയിലേക്ക് ചെന്നെത്തും. ആ അവസ്ഥയില്‍ എത്ര നിസ്സാരമായ പ്രശ്‌നവും ഭീകരമായി മാറും. ദമ്പതികള്‍ക്കിടയില്‍ സംസാരം നടക്കുന്നില്ലെങ്കില്‍ ദാമ്പത്യം എങ്ങനെ നിലനില്‍ക്കും? ഇണകളില്‍ ഓരോരുത്തരും മറ്റുള്ളവരുടെ ആവശ്യങ്ങള്‍ എങ്ങനെ തിരിച്ചറിയും? അവര്‍ക്കിടയില്‍ ആശയവിനിമയം നടക്കുന്നില്ലെങ്കില്‍ സന്താനപരിപാലനമെന്ന ഉത്തരവാദിത്വം കാര്യക്ഷമമായി നടക്കും? ഇണകളില്‍ ഓരോരുത്തരും മറ്റേയാളെ പരിഗണിക്കുകയും അവരുടെ സന്തോഷത്തിന് പരിഗണന നല്‍കുകയുമാണ് ചെയ്യേണ്ടത്.
 

Related Articles