Current Date

Search
Close this search box.
Search
Close this search box.

മേധാവിത്വം പുരുഷന് തന്നെയല്ലേ?

couple8.jpg

‘ഖവ്വാമഃ’ യുടെ മറവില്‍ പുരുഷന്‍ സ്ത്രീക്കെതിരെ നടത്തുന്ന അതിക്രമത്തിന്റെ എത്രയോ കഥകളുണ്ട്. ഭാര്യയെ അതിക്രൂരമായി അടിച്ച് അവളുടെ കേള്‍വിശക്തി പോലും നഷ്ടപ്പെടുത്തിയ പുരുഷനോട് അതിന്റെ കാരണം ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി അവള്‍ക്കുമേലുള്ള തന്റെ ‘ഖവ്വാമത്തിന്റെ’ ഭാഗമാണ് അതെന്നാണ്. മറ്റൊരു പുരുഷന്‍ തന്റെ ഭാര്യയെ നാലു വര്‍ഷത്തിലേറെയായി വീട്ടില്‍ തടഞ്ഞിട്ടിരിക്കുകയാണ്. അവളുടെ ഉമ്മക്കോ സഹോദരിമാര്‍ക്കോ ഒപ്പം ഒന്ന് പുറത്ത് പോകാന്‍ പോലും അവള്‍ക്ക് അനുമതി നല്‍കുന്നില്ല. അതിനെ കുറിച്ച് അയാളോട് സംസാരിച്ചപ്പോള്‍ അതിന് ലഭിച്ച മറുപടി, എന്റെ ഭാര്യ എന്റെ അനുമതിയില്ലാതെ പുറത്ത് പോവാന്‍ പാടില്ല, ഭര്‍ത്താവെന്ന നിലയിലുള്ള അവള്‍ക്ക് മേലുള്ള എന്റെ അധികാരത്തില്‍ പെട്ട കാര്യമാണത്. തന്റെ വീട്ടിലേക്കോ ഉമ്മയുടെ കുടുംബങ്ങള്‍ ഒത്തുകൂടുമ്പോള്‍ അതില്‍ പങ്കെടുക്കാനോ അനുവാദം ചോദിച്ചാല്‍ നല്‍കാത്ത ഭര്‍ത്താവ് അതിന് കണ്ടെത്തുന്ന ന്യായവും സമാനമാണ്. നീ നിന്റെ ഭര്‍ത്താവിനെ അനുസരിക്കണം, ഒരു കാരണവശാലും ധിക്കരിക്കരുത് നിനക്ക് മേലുള്ള എന്റെ അധികാരത്തില്‍ പെട്ടതാണത് എന്ന മറുപടിയാണവള്‍ക്ക് ലഭിക്കുന്നത്. ഭാര്യയുടെ ഫോണ്‍ ചോര്‍ത്തുകയും ചുഴിഞ്ഞന്വേഷിക്കുകയും ചെയ്യുന്ന ഭര്‍ത്താവും അതിന് കണ്ടെത്തുന്ന ന്യായീകരണം ‘ഖവ്വാമഃ’ തന്നെ.

ഈ പുരുഷന്‍മാരെല്ലാം ‘ഖവ്വാമഃ’യുടെ ശരിയായ അര്‍ത്ഥം മനസ്സിലാക്കിയിട്ടുണ്ടോ? പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ ‘ഖവ്വാമഃ’ ഉള്ളവരാണെന്ന വിശുദ്ധ ഖുര്‍ആനിലൂടെ അല്ലാഹു പറയുമ്പോള്‍ (അന്നിസാഅ്: 34) എന്താണ് പുരുഷന്‍മാര്‍ മനസ്സിലാക്കിയിട്ടുള്ളത്? ‘ഖവ്വാമഃ’ എന്ന പദം ഖുര്‍ആന്‍ ഒറ്റത്തവണ മാത്രമേ പരമാര്‍ശിച്ചിട്ടുള്ളൂ. സ്ത്രീയെ വീട്ടില്‍ തന്നെ തടഞ്ഞ് വെക്കുകയും അവളുടെ ഖബറിലേക്കല്ലാതെ പുറത്തു വിടാതിരിക്കുകയും ചെയ്യുക എന്നതാണോ അതിനര്‍ത്ഥം? അവളെ മുറിപ്പെടുത്തുന്ന തരത്തില്‍ അടിക്കാനുള്ള അനുവാദമാണോ അത്? വീട്ടുകാരെയും മാതാപിതാക്കളെയും സന്ദര്‍ശിക്കാന്‍ അവളെ അനുവദിക്കാതിരിക്കലാണോ അതിന്റെ ആശയം? അല്ലെങ്കില്‍ അവളുടെ ഫോണ്‍ നിരീക്ഷിക്കലും അനുവാദമില്ലാതെ അതെടുത്ത് പരിശോധിക്കലുമാണോ അത്?

ദാമ്പത്യ ബന്ധത്തിന്റെ അടിസ്ഥാനം അധീശത്വമോ സ്വേഛാധിപത്യമോ അല്ല, മറിച്ച് പ്രണയവും കാരുണ്യവുമാണ്. അപ്രകാരം അവര്‍ക്കിടയിലെ സംസാരം ഏകപക്ഷീയ കല്‍പനകളല്ല, പരസ്പര കൂടിയാലോചനയാണ്. തല്‍സംബന്ധമായി എന്നെ ആശ്ചര്യപ്പെടുത്തിയ ഒരു സംഭവമുണ്ട്. ആശുപത്രിയില്‍ രോഗിയായി കിടക്കുന്ന പിതാവിനെ സന്ദര്‍ശിക്കാന്‍ അനുവദിക്കാതെ ഒരു ഭര്‍ത്താവ് ഭാര്യയെ വീട്ടില്‍ തന്നെ അടച്ചിട്ടു. പിതാവ് മരിക്കുന്നത് വരെ അവള്‍ക്കതിന് അനുമതി നല്‍കിയില്ല. പിതാവിന്റെ മരണം കടുത്ത മാനസിക ആഘാതാണ് അവള്‍ക്കുണ്ടാക്കിയത്. പിന്നീട് അവളുമായി പല ഡോക്ടര്‍മാരുടെയും അടുത്ത് കയറിയിറങ്ങുയാണ് ആ ഭര്‍ത്താവ്. ഖവ്വാമഃയെ തെറ്റായി മനസ്സിലാക്കി എന്ന ഒറ്റ കാരണമാണ് അതിന് പിന്നിലുള്ളത്. പിതാവിനെ സന്ദര്‍ശിക്കാന്‍ അനുമതിക്കായി നിരവധി തവണ അദ്ദേഹത്തെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയിട്ടും കല്‍പിക്കാനും തടയാനുമുള്ള അധികാരം തനിക്കാണെന്ന് പറഞ്ഞ് തള്ളിക്കളയുകയായിരുന്നു അവയെല്ലാം. അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ എന്നോട് പറഞ്ഞതും തെറ്റായി ധരിച്ചിരിക്കുന്ന ‘ഖവ്വാമഃ’നെ കുറിച്ച് തന്നെയായിരുന്നു. പിതാവിന് സന്ദര്‍ശിക്കാന് അവള്‍ക്കനുമതി നല്‍കണോ വേണ്ടയോ എന്ന് നിശ്ചയിക്കാനുള്ള അധികാരം അവളുടെ ഭര്‍ത്താവിനാണ്, അവള്‍ക്ക് കൂടുതലായി പ്രതിഫലം ലഭിക്കുന്ന കാര്യം ഭര്‍ത്താവിനെ അനുസരിക്കലാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു: സ്വാര്‍ത്ഥ ചിന്തയില്‍ നിന്നും ഉടലെടുക്കുന്ന കാര്യമാണിത്. ഇസ്‌ലാമോ ഇസ്‌ലാമിക ശരീഅത്തോ ഇതംഗീകരിക്കുന്നില്ല. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാനും അവര്‍ക്ക് പ്രത്യേക പരിഗണന നല്‍കാനുമാണ് ഇസ്‌ലാം കല്‍പിക്കുന്നത്. മരണശയ്യയില്‍ കിടക്കുന്ന പിതാവിന് നന്മ ചെയ്യാന്‍ അവളെ സഹായിക്കുകയാണ് നിന്റെ കടമ. അല്ലാഹു തനിക്കുള്ള അനുസരണത്തിന് തൊട്ടുടനെ വലിയ പ്രാധാന്യത്തോടെ പരാമര്‍ശിച്ചിരിക്കുന്ന ഒന്നില്‍ നിന്ന് അവളെ തടയുകയല്ല വേണ്ടത്. അല്ലാഹു പറുന്നു: ‘നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവന്നു മാത്രമല്ലാതെ മറ്റാര്‍ക്കും ഇബാദത്ത് ചെയ്യരുത്. മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കേണം.’ (അല്‍-ഇസ്‌റാഅ്: 23)

ഖവ്വാമഃ എന്താണെന്ന് മനസ്സിലാക്കുന്നതില്‍ നമുക്കിന്ന് വലിയ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്. അതിന്റെ ശരിയായ അര്‍ത്ഥം ചിലരെല്ലാം മനസ്സിലാക്കിയതില്‍ നിന്ന് വേര്‍തിരിച്ചു തന്നെ മനസ്സിലാക്കേണ്ടതുണ്ട്. പരിചരണം, സംരക്ഷണം, ഉത്തരവാദിത്വം വഹിക്കല്‍, നിര്‍ഭയത്വം നല്‍കല്‍, സന്തുഷ്ടമായ ജീവിതത്തിനുള്ള വഴികള്‍ ഒരുക്കല്‍, ജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കാന്‍ ഭാര്യയെ സഹായിക്കല്‍ തുടങ്ങിയവയെല്ലാമാണ് അതിന്റെ ഉദ്ദേശ്യം. ചിലര്‍ മനസ്സിലാക്കിയിരിക്കുന്ന പോലെ സേച്ഛാധിപത്യമോ അടിച്ചമര്‍ത്തലോ അല്ല അത്. രണ്ട് തരത്തിലുള്ള ചിന്തയിലേക്ക് അത് നമ്മെ എത്തിച്ചിരിക്കുന്നു. ഒന്ന് പുരുഷപക്ഷത്ത് നിന്നാണെങ്കില്‍ രണ്ടാമത്തേത് സ്ത്രീപക്ഷത്ത് നിന്നുമാണ്. ഒന്നാമത്തേത് ചില പുരുഷന്‍മാരുടെ ഖവ്വാമത്തിനെ കുറിച്ചുള്ള തെറ്റിധാരണയാണ്. പുരുഷന്റെ ഖവ്വാമതിനെ അംഗീകരിക്കാത്ത സ്ത്രീ സ്വാതന്ത്ര്യമാണ് രണ്ടാമത്തേത്. ഭര്‍ത്താവിനെ അനുസരിക്കാതിരിക്കാനാണ് അതിന്റെ ആളുകള്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നത്. സംഭാഷണങ്ങളിലും പരിപാടികളിലും അത് പ്രതിധ്വനിച്ചു കൊണ്ടിരിക്കുന്നു. തന്റെ ജീവിതത്തിന്റെ കേന്ദ്രമായി പുരുഷനെ കാണാതിരിക്കാനും അവനുള്ള പ്രാധാന്യം വകവെച്ചു നല്‍കാതിരിക്കാനുമാണ് അത് സ്ത്രീകളോട് ആവശ്യപ്പെടുന്നത്. വിനോദത്തിലൂടെയും വിനോദയാത്രകളിലൂടെയും മസ്സാജുകളിലൂടെയും സ്വന്തം ശരീരത്തിനും സൗന്ദര്യത്തിനും കൂടുതല്‍ പരിഗണന നല്‍കാനാണവര്‍ സ്ത്രീകളോട് ആവശ്യപ്പെടുന്നത്. ജീവിതത്തില്‍ ഭാര്യ സന്തോഷവതിയല്ലെങ്കില്‍ അവളുടെ സ്വാതന്ത്ര്യത്തിന് തടസ്സം വരുത്താതിരിക്കാന്‍ വിവാഹമോചനം ആവശ്യപ്പെടുകയാണ് ചെയ്യുന്നത്. രണ്ട് കയ്പുറ്റ അവസ്ഥകള്‍ക്കിടയിലാണ് പുതുതലമുറ ജീവിക്കുന്നത്. ഒന്ന് പുരുഷന്റെ ഖവ്വാമത്തിനെ കുറിച്ച തെറ്റിധാരണയാണെങ്കില്‍, രണ്ടാമത്തേത് സ്വാതന്ത്ര്യത്തെ കുറിച്ച സ്ത്രീയുടെ തെറ്റിധാരണയാണ്. അവ രണ്ടും കുടുംബത്തെയും ജീവിതത്തെയും തകര്‍ക്കുകയാണെന്ന് ചെയ്യുകയെന്ന് നാം തിരിച്ചറിയുക.

മൊഴിമാറ്റം : നസീഫ്‌

Related Articles