Current Date

Search
Close this search box.
Search
Close this search box.

മാന്യമായ ജീവിതത്തിനുള്ള ഭാര്യയുടെ അവകാശം

couple5.jpg

മതാത്മകമായ അധ്യാപനങ്ങളുടെയും ആജ്ഞാ നിര്‍ദേശങ്ങളുടെയും ഒരു സമാഹാരത്തിലൂടെ ഐഹികവും പാരത്രികവുമായ സന്തുഷ്ടി എങ്ങിനെ കൈവരിക്കാം എന്ന് അറിയിക്കാന്‍ കൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ സുസ്ഥിതിക്കും ക്ഷേമത്തിനും അയാള്‍ ജീവിക്കുന്ന സമൂഹത്തിലെ ഓരോ അംഗങ്ങള്‍ക്കും അയാളുടെ ക്ഷേമവും സന്തോഷവും ഉറപ്പു വരുത്താനുതകുന്ന തരത്തിലുള്ള ചില കടമകളെ കുറിച്ച് ദൈവം തെര്യപ്പെടുത്തുന്നു. അങ്ങിനെ ഓരോ സമൂഹങ്ങള്‍ക്കുള്ളിലും അംഗങ്ങള്‍ പരസ്പരം സന്തോഷിപ്പിക്കാനുതകുന്ന ചില കടപ്പാടുകള്‍ നിര്‍വഹിക്കുന്നു.

സുസ്ഥിതി കൈവരിക്കാനുതകുന്ന മനുഷ്യ പ്രയത്‌നം സമൂഹത്തിലെ കരുത്തനായ ഒരാളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ദുര്‍ബലന്റെ അവസ്ഥ. കഴിവു കുറഞ്ഞവന്റെ സുസ്ഥിതി കൂടി ഉറപ്പ് വരുത്തുകയെന്നത് ശേഷിയുള്ളവന്റെ ഉത്തരവാദിത്വമാവണം.

സമൂഹത്തിലെ സുപ്രധാന ഇടമാണ് കുടുംബം. അതിലെ ഓരോ അംഗവും, പ്രത്യേകിച്ച് കഴിവ് കുറഞ്ഞവന്റെ സന്തോഷം ഉറപ്പ് വരുത്തണം. കുടുംബത്തില്‍ ഏറ്റവും ദുര്‍ബലരായ വിഭാഗമെന്ന നിലയില്‍ കുട്ടികളുടെ ക്ഷേമത്തില്‍ മാതാപിതാക്കള്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്നു. അല്ലാഹു പറയുന്നു : ‘മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണ്ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു.’ (അല്‍-ബഖറ : 233)

മറ്റുള്ളവരെ അപേക്ഷിച്ച് ശാരീരികവും മാനസികവുമായ മേധാശക്തിയാല്‍ അനുഗ്രഹിക്കപ്പെട്ട പിതാവിനാണ് കുടുംബത്തിലെ മറ്റംഗങ്ങളുടെയ സുസ്ഥിതി ഉറപ്പു വരുത്തേണ്ട ചുമതല എന്നതാണ് ഇസ്‌ലാമിക കാഴ്ച്ചപാട്. പുരുഷന് ഭാര്യയോടും കുടുംബത്തോടുമുള്ള കടമകള്‍ ഇസ്‌ലാം വിശദീകരിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ഭാര്യക്ക് ഭര്‍ത്താവില്‍ നിന്നും ഭൗതികവും ധാര്‍മികവുമായ ചില അവകാശങ്ങള്‍ക്ക് അര്‍ഹതയുണ്ടെന്ന് ഇസ്‌ലാം നിരീക്ഷിക്കുന്നു.

അല്ലാഹു പറയുന്നു : ‘പുരുഷന്‍മാര്‍ സ്ത്രീകളുടെ മേല്‍ നിയന്ത്രണാധികാരമുള്ളവരാകുന്നു. മനുഷ്യരില്‍ ഒരു വിഭാഗത്തിന് മറു വിഭാഗത്തേക്കാള്‍ അല്ലാഹു കൂടുതല്‍ കഴിവ് നല്‍കിയത് കൊണ്ടും, (പുരുഷന്‍മാര്‍) അവരുടെ ധനം ചെലവഴിച്ചതുകൊണ്ടുമാണത്. അതിനാല്‍ നല്ലവരായ സ്ത്രീകള്‍ അനുസരണശീലമുള്ളവരും, അല്ലാഹു സംരക്ഷിച്ച പ്രകാരം (പുരുഷന്‍മാരുടെ) അഭാവത്തില്‍ (സംരക്ഷിക്കേണ്ടതെല്ലാം) സംരക്ഷിക്കുന്നവരുമാണ്.’ (അന്നിസാഅ് : 34)

ഇസ്‌ലാമില്‍ സ്ത്രീയുടെ മുഖ്യഭൗതിക വ്യവഹാര കേന്ദ്രം വീടാണ്. സത്യത്തില്‍ മനുഷ്യനെ അല്ലാഹു സൃഷ്ടിച്ചത് തന്നെ ചില പ്രത്യേകം ജീവിത ഭാഗധേയങ്ങള്‍ ഈ പ്രപഞ്ചത്തില്‍ നിര്‍വഹിക്കാന്‍ കൂടിയാണ്. തന്നെയുമല്ല ഓരോ മനുഷ്യനും അവന്റെ കര്‍ത്തവ്യം പൂര്‍ണ്ണമായി നിര്‍വഹിക്കാനാവശ്യമായ കഴിവും യോഗ്യതകളും അവന്‍ നിശ്ചയിക്കുകയും ചെയ്തിട്ടുണ്ട്. അല്ലാഹു പറയുന്നു : ‘നിങ്ങളുടെ കഴിവില്‍ പെട്ട, നിങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് നിങ്ങള്‍ അവരെ താമസിപ്പിക്കണം. അവര്‍ക്കു ഞെരുക്കമുണ്ടാക്കാന്‍ വേണ്ടി നിങ്ങള്‍ അവരെ ദ്രോഹിക്കരുത്. അവര്‍ ഗര്‍ഭിണികളാണെങ്കില്‍ അവര്‍ പ്രസവിക്കുന്നത് വരെ നിങ്ങള്‍ അവര്‍ക്കു ചെലവുകൊടുക്കുകയും ചെയ്യുക. ഇനി അവര്‍ നിങ്ങള്‍ക്കു വേണ്ടി ( കുഞ്ഞിന് ) മുലകൊടുക്കുന്ന പക്ഷം അവര്‍ക്കു നിങ്ങള്‍ അവരുടെ പ്രതിഫലം കൊടുക്കുക. നിങ്ങള്‍ തമ്മില്‍ മര്യാദപ്രകാരം കൂടിയാലോചിക്കുകയും ചെയ്യുക.’ (തലാഖ് : 6)

അതിനാല്‍ ഇസ്‌ലാം, കുടുംബത്തിന് എല്ലാ അര്‍ഥത്തിലും താങ്ങാവുക എന്ന ഉത്തരവാദിത്വം പിതാവിനെയാണ ഏല്‍പ്പിച്ചിരിക്കുന്നത്. മാത്രവുമല്ല ഭാര്യയെ പൊതുതൊഴിലിടങ്ങളില്‍ പോയി ജോലിയെടുക്കാന്‍ നിര്‍ബന്ധിക്കാവതല്ല. കാരണം അതല്ല അവളുടെ ജോലി എന്നത് തന്നെയാണ്. പ്രകൃത്യാ അവളതിന് സൃഷ്ടിക്കപ്പെട്ടതല്ല. ഭാര്യ, ഉമ്മ എന്നീ നിലകളില്‍ വീട്ടില്‍ അവള്‍ക്ക് ചെയ്യാനുള്ള ചില ജോലികളുണ്ട്. ഇത്തരത്തില്‍ ജോലിയെടുക്കുന്ന അവള്‍ക്ക് ഭര്‍ത്താവില്‍ നിന്ന് സാമ്പത്തികമായ അവകാശത്തിന് അര്‍ഹതയുണ്ട്. അതുകൊണ്ട് തന്നെ ചെലവിന് കൊടുക്കുന്നു എന്ന പേരില്‍ അവളെ കടപ്പെടാന്‍ നിര്‍ബന്ധിക്കുകയുമരുത്. കാരണം അതവളുടെ അവകാശവും വീട്ടുജോലിയിലെ സഹപങ്കാളി എന്ന നിലയില്‍ അവള്‍ക്കര്‍ഹതപ്പെട്ട ആനുകൂല്യവുമാണ്.

തങ്ങളുടെ ഉത്തരവാദിത്വഹ്ങള്‍ ഭംഗിയായി നിര്‍വഹിക്കാന്‍ മാതാപിക്കള്‍ക്കും പരസ്പരം ചില ഉത്തരവാദിത്വങ്ങളുണ്ട്. അവരോരുത്തരും തങ്ങളിലൂടെ സാധിക്കാത്തത് പരസ്പര സഹകരണത്തോടെ പൂര്‍ത്തീകരിക്കണം. എന്നാല്‍ അവരുടെ ജീവിതം ഈ ലോകത്തും പരലോകത്തും എറെ സന്തോഷകരമായിരിക്കും. ഭൂമിയല്‍ നിര്‍മ്മാണം സാധ്യമാക്കുന്ന കായിക ബലം പുരുഷനുണ്ട്. അത്തരം കഴിവുകളും ശക്തിയുമപയോഗിച്ച് അവന്‍ തന്റെ ആശ്രിതന്‍ എന്നിവരുടെ ക്ഷേമത്തിനും വേണ്ടി സമ്പാദിക്കുന്നു. ശാരീരിക ശക്തി കൊണ്ട് അനുഗ്രഹീതനായ കുടുംബാംഗം എന്ന നിലക്ക് ഇത് അവന്റെ ഉത്തരവാദിത്വമാണ്.

മുഹമ്മദ് നബി(സ) പറഞ്ഞു: ‘കുടുംബത്തിനു വേണ്ടിയോ പാവപ്പെട്ടവന് വേണ്ടിയോ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ മറ്റു വിധേനയോ ചെലവഴിച്ച് ഒരു ദീനാറില്‍ അല്ലാഹു ഏറ്റവും പ്രതിഫലമരുളുന്നത് കുടുംബത്തിന് വേണ്ടി ചെലവഴിച്ച ദീനാറിന്റെ പേരിലായിരിക്കും (സ്വഹീഹ് മുസ്‌ലം)

ഒരു ഭാര്യക്ക് ലഭിക്കേണ്ട ധാര്‍മികാവശങ്ങള്‍ ഇങ്ങനെ സംഗ്രഹിക്കാം : അവളോട് അനുകമ്പയോടെ പെരുമാറുക, അവളുടെ കുറ്റങ്ങളും കുറവുകളും പൊറുക്കുക, അവള്‍ക്ക് കുലീനമായ ഒരസ്ഥിത്വമുണ്ടെന്നും അതിലൂടെ കുടുംബത്തിലും സമൂഹത്തിലും അവള്‍ ആദരിക്കപ്പെടേണ്ടവളും അനുകമ്പയോടെയുള്ള പെരുമാറ്റം അര്‍ഹിക്കുന്നവളാണെന്നും അംഗീകരിക്കുക, കുടുംബപരമായ ഉത്തരവാദിത്വങ്ങളില്‍ അവളെ സഹായിക്കുക തുടങ്ങിയവയാണത്.

ഭാര്യയോടുള്ള സല്‍പെരുമാറ്റവും അവളുടെ വീഴ്ച്ചകളും കുറവുകളും പൊറുത്തു കൊടുക്കുന്നതും സംബന്ധിച്ച ഖുര്‍ആന്‍ വചനമിങ്ങനെ : ‘അനുകമ്പാ പൂര്‍ണ്ണമായി അവരോടൊത്ത് (ഭാര്യമാരോട്)  ജീവിതം നയിക്കുക. അവരോട് നിങ്ങള്‍ക്ക് വല്ല അനിഷ്ടവുമുണ്ടെങ്കില്‍ – ഒരു പക്ഷെ ആ അനിഷ്ടകരമായ കാര്യം അല്ലാഹു നിങ്ങള്‍ക്ക് നന്മയാക്കിയേക്കാം (4 : 19) പ്രവാചകന്‍ പറഞ്ഞു : ‘നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ കുടുംബത്തോട് ഏറ്റവും നല്ല സമീപനം പുലര്‍ത്തുന്നവരാണ്. ഞാന്‍ കുടുംബത്തോട് ഏറ്റവും നല്ല നിലയില്‍ വര്‍ത്തിക്കുന്നു.’ (തിര്‍മിദി) പ്രവാചകന്‍ (സ) മറ്റൊരിക്കല്‍ പറഞ്ഞു: ‘സ്ത്രീകളോട് മാന്യമായി പെരുമാറുക’ (ബുഖാരി) വേറൊരിടത്ത് ഇങ്ങനെ കാണാം ‘ഒരു വിശ്വാസി ഒരിക്കലും തന്റെ ഭാര്യയെ വെറുക്കരുത്. അയാള്‍ക്ക അവളിലെ ഒരു സ്വഭാവം ഇഷ്ടപ്പെടുന്നില്ലെങ്കില്‍ മറ്റൊരു സ്വഭാവം അവനെ സന്തോഷിപ്പിക്കുന്നതായിരിക്കും.’ (മുസ്‌ലിം)

ഭാര്യയുടെ സന്തോഷത്തിന് വേണ്ടി ഭര്‍ത്താവ് അവള്‍ക്ക് ഉല്ലസിക്കാനും ആനന്ദിക്കാനുമുള്ള അവസരമൊരുക്കൊടുക്കണം. ഉമ്മുല്‍ മുഅ്മിനീന്‍ ആഇശ(റ) റിപോര്‍ട്ട് ചെയ്യുന്നു. ‘അബീസീനിയക്കാരായ ചിലര്‍ പള്ളിയില്‍ വാളുപയോഗിച്ച് കൊണ്ടുള്ള പ്രത്യേക കായിക പരിപാടി അവതരിപ്പിക്കുമ്പോള്‍ എനിക്ക് അത് കാണാവുന്ന തരത്തില്‍ അല്ലാഹുവിന്റെ ദൂതന്‍ മറ ഒരല്‍പം മാറ്റികൊണ്ട് എന്റെ റൂമിന്റെ വാതിലിനരികില്‍ നിന്നത് ഞാനോര്‍ക്കുന്നു.’ എനിക്ക് കണ്ട് മതിയാവോളം പ്രവാചകന്‍ അവിടെ നിന്നു തന്നു. (ബുഖാരി, മുസ്‌ലിം)

മറ്റൊരു ഹദീസില്‍ ഇങ്ങനെ കാണാം ‘അല്ലാഹുവെ കുറിച്ച സ്മരണയില്ലാത്ത എല്ലാ കാര്യങ്ങളും വെറും വിനോദമാണ്, നാലെണ്ണമൊഴികെ.’ അതില്‍ ഒന്ന് ഒരാള്‍ തന്റെ ഭാര്യയുമൊത്ത് നടത്തുന്ന സല്ലാപമാണ്.

കുടുംബാംഗങ്ങളും സമൂഹവും തന്റെ ഇണയോട് നന്നായി പെരുമാറുന്നു എന്നുറപ്പ് വരുത്താന്‍ ഭര്‍ത്താവ് അവളോടുള്ള തന്റെ ബഹുമാനം പരസ്യമായി പ്രകടിപ്പിക്കണം. അങ്ങിനെയാകുമ്പോള്‍ അവളെ മറ്റുള്ളവര്‍ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യും. അവളെ ഒരിക്കലും അപമാനിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്യരുത്. പ്രത്യേകിച്ച് മറ്റുള്ളവരുടെ മുന്നില്‍ വെച്ച്.

മുആവിയ ബിന്‍ ഹൈദ റിപോര്‍ട്ട് ചെയ്യുന്നു: ‘ദൈവദൂതനോട് ഞാന്‍ ചോദിച്ചു. ‘ഒരു ഭാര്യക്ക് തന്റെ ഭര്‍ത്താവിനോട് എന്തൊക്കെ അവകാശങ്ഹള്‍ ആവശ്യപ്പെടാം. ‘ അവിടന്ന് മറുപടി പറഞ്ഞു ‘നീ തിന്നുമ്പോള്‍ അവളെ തീറ്റിക്കണം, നീ ഉടുക്കുമ്പോള്‍ അവളെ ഉടുപ്പിക്കണം. മുഖത്തടിക്കരുത്. സ്വന്തം വീട്ടില്‍ വെച്ചല്ലാതെ അവളെ പിരിഞ്ഞിരിക്കുകയോ വേര്‍പ്പെടുത്തുകയോ ചെയ്യരുത്.’ (ഇബ്‌നുമാജ, അബൂദാവൂദ്)

മറ്റൊരിക്കല്‍ പ്രവാചകന്‍(സ) പറഞ്ഞു: ‘നിങ്ങളിലാരും അടിമയെ തല്ലുന്നത് പോലെ തന്റെ ഭാര്യയെ അടിക്കരുത്. അങ്ങിനെ രാത്രി അവളുടെ കൂടെ ഉറങ്ങാന്‍ വരുന്ന ്‌വസ്ഥ ഇല്ലാതിരിക്കട്ടെ.’ ആഇശ (റ) പറയുന്നു : ‘അല്ലാഹുവിന്റെ ദൂതന്‍ ഏതെങ്കിലും അടിമയെയോ പത്‌നിമാരെയോ ഒരിക്കല്‍ പോലും തല്ലിയിട്ടില്ല.’ (ബുഖാരി, മുസ്‌ലിം)

കുടുംബപരമായ ഉത്തരവാദിത്വത്തങ്ങളില്‍ ഭര്‍ത്താവിന്റെ താങ്ങും തണലും ഉണ്ടായിരിക്കേണ്ട ഭാര്യയെ കഴിവിന്റെ പരമാവധി അയാള്‍ സഹായിക്കണം. കാരണം അവള്‍ക്ക് വീട്ട് ജോലികള്‍ മുഴുവന്‍ ഒറ്റക്ക് ചെയ്യാന്‍ സാധിക്കുകയില്ല. ഭര്‍ത്താവ് അവളോട് ഭയത്തോടെയും അനുകമ്പയോടെയും സമീപിക്കണം.

ഒരിക്കല്‍ ഒരാള്‍ ആഇശ(റ) നോട് ചോദിച്ചു : ‘എന്തൊക്കെ കാര്യങ്ങളാണ് പ്രവാചകന്‍ വീട്ടില്‍ ചെയ്തിരുന്നത്?’ ആഇശ പറഞ്ഞു: ‘വീട്ടുജോലികളില്‍ അവിടന്ന് കൂടുതല്‍ വ്യാപൃതനായിരുന്നു. അവിടന്ന് വസ്ത്രങ്ങള്‍ തുന്നും, വീട് തൂക്കും, നാല്‍ക്കാലികളെ കറക്കും, അങ്ങാടിയില്‍ ചെന്ന് വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങും. അവിടത്തെ കാലുറ കേടായിട്ടുണ്ടെങ്കില്‍ അത് നന്നാക്കും, വെള്ളം കോരുന്ന പാത്രത്തിന് കയറ് കെട്ടും, ഒട്ടകങ്ങളെ പരിചരിക്കുകയും തീറ്റ കൊടുക്കുകയും ചെയ്യും, അടിമകളോടൊത്ത് അതില്‍ സവാരി നടത്തുകയും ചെയ്യും (സഫീനത്തുല്‍ ബിഹാര്‍) ഇന്നത്തെ മാനവിക സമൂഹത്തിന് എന്നെന്നും മാതൃകയും ഉദാഹരണവുമാണ് അവിടത്തെ ജീവിതം.

വിവ : റുക്‌സാന ശംസീര്‍

Related Articles