Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്

old-age.jpg

മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടതിന്റെ പ്രാധാന്യവും വിശ്വാസിയെ സംബന്ധിച്ചടത്തോളം എത്രത്തോളം നിര്‍ബന്ധമായ കാര്യമാണതെന്നും വിവരിക്കേണ്ട ആവശ്യമില്ല. എന്നാല്‍ അതിന്റെ നന്മയും ശ്രേഷ്ഠതയും പൂര്‍ണമായി നേടുന്നതിന് സ്വീകരിക്കേണ്ട പ്രായോഗിക നടപടികള്‍ അറിയേണ്ടത് അനിവാര്യമാണ്. അവയെ കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ഒന്ന്
അല്ലാഹുവിന്റെ പ്രീതി മാത്രം കാംക്ഷിച്ചായിരിക്കണം വിശ്വാസി മാതാപിതാക്കള്‍ക്ക് നന്മ ചെയ്യേണ്ടത്. അല്ലാതെ ആളുകളെ കാണിക്കുന്നതിന് വേണ്ടിയോ പ്രശസ്തിക്ക് വേണ്ടിയോ ആവരുത്. നാട്ടുനടപ്പനുസരിച്ച് തന്റെ ബാധ്യത നിര്‍വഹിക്കലോ, അത് ചെയ്യാത്തതിന്റെ പേരില്‍ ആളുകളുടെ ആക്ഷേപത്തിന് കാരണമാകുമെന്ന ആശങ്കയോ ആയിരിക്കരുത് അതിന് പിന്നിലെ പ്രേരകം. മറിച്ച് മഹത്തായ ഒരു ഇബാദത്ത് എന്ന അര്‍ഥത്തിലാണ് അത് നിര്‍വഹിക്കേണ്ടത്. പ്രവാചകന്‍(സ)യോട് ചോദിച്ചു: ഏറ്റവും ശ്രേഷ്ഠമായ കര്‍മം ഏതാണ്? അദ്ദേഹം പറഞ്ഞു: നമസ്‌കാരം അതിന്റെ സമയത്ത് നിര്‍വഹിക്കല്‍. പിന്നെ ഏതാണ് എന്ന് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘മാതാപിതാക്കള്‍ക്ക് നന്മ ചെയ്യല്‍’ പിന്നെ ഏതാണ് എന്നു ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘ദൈവമാര്‍ഗത്തിലുള്ള സമരം’.

രണ്ട്
മാതാപിതാക്കളോടുള്ള കടമയെ സ്വന്തത്തെ ഓര്‍മപ്പെടുത്തുകയും അതിന് മനസ്സിനെ പാകപ്പെടുത്തലുമാണിത്. അവര്‍ നമുക്ക് വേണ്ടി നിര്‍വഹിച്ചിട്ടുള്ള സേവനങ്ങളും നമുക്ക് വേണ്ടി അനുഭവിച്ചിട്ടുള്ള പ്രയാസങ്ങളും ഓര്‍ത്താല്‍ ഉണ്ടാക്കിയെടുക്കാവുന്ന ഒന്നാണത്. അവരോട് അനിഷ്ടം പ്രകടിപ്പിക്കാന്‍ പരിശീലിക്കുകയും അവരോടുള്ള ഇടപഴകലുകളില്‍ അങ്ങേയറ്റത്തെ ക്ഷമ പാലിക്കുകയും ചെയ്യുക. അവര്‍ എത്ര തന്നെ കോപിച്ചാലും ദേഷ്യപ്പെട്ടാലും സഹനത്തോടെയും സഹിഷ്ണുതയോടെയും നേരിടാന്‍ സ്വന്തത്തിന് പരിശീലനം നല്‍കേണ്ടതുണ്ട്.

യസീദ് ബിന്‍ അബീഹബീബ് പറയുന്നു: ‘മാതാപിതാക്കള്‍ക്കെതിരെ ന്യായം പറയുന്നത് അവരോടുള്ള നിന്ദയാണ്.’ അതായത് സംസാരം കൊണ്ട് അവരെ അതിജയിക്കുന്നത് അവരോടുള്ള നിന്ദയാണ്.
ഹസന്‍ ബസ്വരി ഒരാളോട് പറഞ്ഞു: ഉമ്മയോടൊപ്പം അത്താഴം കഴിക്കുകയും അവര്‍ക്കൊപ്പം സമയം ചെലവഴിച്ച് അവര്‍ക്ക് കണ്‍കുളിര്‍മ സമ്മാനിക്കുകയും ചെയ്യുന്നത് ഐശ്ചിക കര്‍മങ്ങളേക്കാള്‍ എനിക്ക് പ്രിയപ്പെട്ടതാണ്.

മൂന്ന്
മാതാപിതാക്കള്‍ക്കുള്ള നന്മ എന്താണെന്ന് ശരിയായി ഉള്‍ക്കൊള്ളാന്‍ പരിശീലിക്കുക. കേവലം വാക്കുകളിലോ ഏതാനും പ്രവര്‍ത്തനങ്ങളിലോ പരിമിതപ്പെടുന്ന ഒന്നല്ല അത്. മറിച്ച് വിശ്വാസികളുടെ മനസ്സിലും ബുദ്ധിയിലും അടിയുറക്കേണ്ട ഒരു മൂല്യമാണത്. അപ്പോള്‍ അവരുടെ മനസ്സിലും അതിന് ഇടം ഉണ്ടാവും. മാതാപിതാക്കളുടെ ആവശ്യം വര്‍ധിക്കുന്നതിനനുസരിച്ച് അതിന്റെ തോതും വര്‍ധിക്കും.

നാല്
എല്ലാത്തരം നന്മകളും ചെയ്യുക. മനസ്സുകൊണ്ടുള്ള ആത്മാര്‍ഥമായ സ്‌നേഹമാണ് അതില്‍ ഒന്നാമത്തേത്. എപ്പോഴും അവര്‍ക്ക് നന്മയും ഗുണവും ആരോഗ്യവും ആഗ്രഹിക്കല്‍ അതിന്റെ ഭാഗമാണ്. അവര്‍ക്ക് വേണ്ടി നിങ്ങളുടെ കഴിവനുസരിച്ച് ഉദാരമായി ചെലവഴിക്കലാണ് രണ്ടാമത്തേത്. മറ്റാരേക്കാളും നിങ്ങളുടെ ബാധ്യതയാണത്. അവര്‍ക്ക് ഏറ്റവും അവകാശപ്പെട്ടതും നിങ്ങളുടെ ധനമാണ്. അവര്‍ക്ക് വേണ്ടി ഉദാരമായി പണം ചെലവഴിക്കുന്നത് ആത്മാര്‍ഥമായ സ്‌നേഹത്തിന്റെയും അവരോടുള്ള നന്മയുടെ പ്രകടമായ ലക്ഷണമാണ്. ശാരീരികമായ പ്രയാസങ്ങള്‍ സഹിക്കലാണ് മൂന്നാമത്തെ ഇനം. അവര്‍ക്ക് വേണ്ടി ഉറക്കമിളക്കലും അവര്‍ ദേഷ്യപ്പെട്ടാല്‍ സഹനം കൈക്കൊള്ളലും അതിന്റെ ഭാഗമാണ്. തടവിയും തലോടിയും അവരുടെ  വേദന ലഘൂകരിക്കാന്‍ സാധ്യമായതെല്ലാം ചെയ്തുകൊടുക്കണം. വാക്കുകള്‍ കൊണ്ടുള്ള നന്മയാണ് നാലാമത്തേത്. നിര്‍വഹിക്കാന്‍ വളരെ എളുപ്പമാണെങ്കിലും അതുണ്ടാക്കുന്ന സ്വാധീനം അപാരമാണ്. നല്ല വാക്കും പുഞ്ചിരിയും ദാനധര്‍മം പോലെ പുണ്യകരമാണെന്ന് പറയുന്നതിന്റെ കാരണവും അതാണ്.

ഏറ്റവും നന്നായി മാതാപിതാക്കളോട് നന്മ ചെയ്യുന്നതിനും അവരോടുള്ള ബാധ്യതകള്‍ നിര്‍വഹിക്കുന്നതിനും തുണക്കാന്‍ അല്ലാഹുവിനോട് സദാ പ്രാര്‍ഥിക്കുകയും അവന്റെ സാമീപ്യം തേടുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്. സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ തുണക്കുന്നതും അവ എളുപ്പമാക്കുന്നതും അവനാണ്. അല്ലാഹു പറയുന്നു: ”നമ്മുടെ കാര്യത്തില്‍ സമരം ചെയ്യുന്നവരെ നാം നമ്മുടെ വഴികളിലൂടെ നയിക്കുക തന്നെ ചെയ്യും.”

Related Articles