Current Date

Search
Close this search box.
Search
Close this search box.

മാതാപിതാക്കളെ പരിചരിക്കേണ്ടത് മകളോ മരുമകളോ?

daughterinlaw.jpg

ഒരു മനോഹര പുഷ്പം വിടര്‍ന്ന് വര്‍ണവിസ്മയങ്ങളായി വലുതാകുമ്പോഴുണ്ടാകുന്ന ആനന്ദം പോലെ തങ്ങളുടെ കുട്ടികളുടെ ഓരോ വളര്‍ച്ചയിലും ഉയര്‍ച്ചയിലും മാതാപിതാക്കളുടെ മനംനിറയുന്നു. മാതാപിതാക്കള്‍ തങ്ങളുടെ പെണ്‍മക്കളെ അങ്ങേയറ്റത്തെ വാല്‍സല്യത്തിലും സംരക്ഷണത്തിലുമാണ് വളര്‍ത്തുന്നത്. മാതാപിതാക്കളില്‍ നിന്നും മക്കളിലേക്ക് സ്‌നേഹം പലവഴികളിലൂടെ കവിഞ്ഞൊഴികിക്കൊണ്ടിരിക്കുന്നത് കാണാം. അവരുടെ വളര്‍ച്ചക്കായി വര്‍ഷങ്ങളോളം തങ്ങളുടെ വിയര്‍പ്പും അധ്വാനവും ഒഴുക്കിക്കൊണ്ടേയിരിക്കുന്നു. ഒടുവില്‍ വിവാഹപ്രായമെത്തുമ്പോള്‍ കണ്ണീരോടെ ഭര്‍ത്താവിന്റെ കൂടെ അവളെ പറഞ്ഞയക്കാന്‍ അവര്‍ നിര്‍ബന്ധിതരാകുകയും ചെയ്യുന്നു.

സാധാരണ പെണ്‍കുട്ടികള്‍ വിവാഹം കഴിഞ്ഞുള്ള ആദ്യനാളുകളില്‍ താന്‍ കളിച്ചുവളര്‍ന്ന വീടുമായിട്ടും മാതാപിതാക്കളുമായിട്ടും നല്ല ഒരു ഹൃദയബന്ധം കാത്തു സൂക്ഷിക്കുകയും ഇടക്കിടെ അവരെ സന്ദര്‍ശിക്കുകയും ചെയ്യും. പിന്നീട് സന്താനങ്ങളും ജീവിത ചുറ്റുപാടുകളുമായി ജീവിതത്തിരക്കിലേക്ക് നടന്നുനീങ്ങുന്നതോടെ മാതാപിതാക്കളെ സന്ദര്‍ശിക്കല്‍ കുറഞ്ഞുവരുന്നു. ആഴ്ചകള്‍ മാസങ്ങളായി നീണ്ടുപോകുന്നു. പിന്നീട് അതും  ഫോണ്‍വിളികളിലേക്ക് ചുരുങ്ങുന്നു.
തീര്‍ച്ചയായും താലോലിച്ച് വളര്‍ത്തിയ മക്കളുടെ ഈ അകല്‍ച്ച മാതാപിതാക്കളുടെ ഹൃദയങ്ങളെ പ്രകമ്പനം കൊളളിക്കുന്നു. ഇടക്കിടെയുള്ള അവരുടെ സന്ദര്‍ശനവും സാന്ത്വനത്തിന്റെ ചില വര്‍ത്തമാനങ്ങളും മാനസികമായ അനുഭൂതിയും സന്തോഷവും അവര്‍ക്ക് പകര്‍ന്നു നല്‍കിയിരുന്നു.
നാം സ്വന്തത്തോട് ചോദിക്കേണ്ടത് തന്റെ ഉമ്മമാരെയും ഉപ്പമാരെയും ആരിലേക്കാണ് നാം ഉപേക്ഷിച്ചിരിക്കുന്നത് എന്നാണ്. അവരുടെ യുവത്വത്തെയും ചലനാത്മകതയെയും കാലഘട്ടത്തിന്റെ ചംക്രമണത്തില്‍  തിന്ന് തീരുമ്പോഴുള്ള വാര്‍ദ്ധക്യത്തിന്റെ നിസ്സഹായതയില്‍ നാം ആണ്‍മക്കളുടെ ഭാര്യമാര്‍ക്ക് മാത്രമായി അവരെ ഉപേക്ഷിക്കുകയാണോ ചെയ്യുന്നത്. (ഭര്‍ത്താവിന്റെ ഉമ്മ എന്നത് ഒരു മോശമായ പദമായി നേരത്തെ തന്നെ മാധ്യമങ്ങള്‍ സ്ത്രീകളുടെ മനസ്സില്‍ വരച്ചിട്ടുണ്ട്!).

യഥാര്‍ഥത്തില്‍ മാതാപിതാക്കളുടെ സംരക്ഷണത്തിന് ഏറ്റവും ബാധ്യതപ്പെട്ടത് നിര്‍ബന്ധിതാവസ്ഥയില്‍ പരിചരിക്കുന്ന മകന്റെ ഭാര്യയേക്കാള്‍ സ്‌നേഹവും പരിലാളനയും നല്‍കി വളര്‍ത്തിയ സ്വന്തം പെണ്‍മക്കള്‍ തന്നെയാണ്. മറിച്ച് മകന്റെ ഭാര്യമാര്‍ അവരെ പരിചരിക്കുന്നത് ഒന്നുകില്‍ അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടിയോ അല്ലെങ്കില്‍ തന്റെ ഭര്‍ത്താവിനെ തൃപ്തിപ്പെടുത്താന്‍ വേണ്ടിയോ ആയിരിക്കും. എന്നാല്‍ മക്കളുടെ ഭാര്യമാരില്‍ അല്ലാഹുവിന്റെ പ്രീതിയോ ഭര്‍ത്താവിന്റെ അനുസരണമോ കാംക്ഷിക്കാത്തവരുണ്ട്. മാതാപിതാക്കളേക്കാള്‍ തങ്ങളുടെ ഭര്‍ത്താക്കന്മാരെയാണ് അവര്‍ പരിഗണിക്കുക. കാരണം അതുമുതല്‍ ഇനിമുതല്‍ അവളുടെ കാര്യം നോക്കാന്‍ അവന്‍ മാത്രമാണ് ഉണ്ടായിരിക്കുക. ഖേദകരമെന്ന് പറയട്ടെ ചില ഭര്‍ത്താക്കന്മാര്‍ ഭാര്യമാരുടെ താളത്തിനനുസരിച്ച് പ്രതിലോമകരമായ നിലപാടുമായാണ് മുന്നോട്ട് പോവാറ്.

ജോലിക്ക് പോകുന്ന സ്ത്രീകളാണ് ഇവരില്‍ ചിലര്‍. രാവിലെ വീട്ടുജോലികളിലും വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചുവന്ന് മക്കളുടെ പരിപാലനമടക്കമുള്ള നൂറുകൂട്ടം തിരക്കിലായിരിക്കുമവര്‍. ഇതിനൊടുവില്‍ മാതാപിതാക്കളെ പരിചരിക്കാനും സേവനം ചെയ്യാനും അവര്‍ക്ക് സമയം കിട്ടുകയുമില്ല. ഈ തിരക്കുകള്‍ക്കിടയില്‍ ഒന്നോ രണ്ടോ മാസം മാതാപിതാക്കളെ സന്ദര്‍ശിക്കാന്‍ സാധിക്കാതെ വരും. മറ്റു ചിലര്‍ തങ്ങളുടെ ഉത്തരവാദിത്തങ്ങളില്‍ വലിയ വീഴ്ചകള്‍ വരുത്തുന്നത് കാണാം. കേവലം ഫോണ്‍വിളികളില്‍ തങ്ങളുടെ സ്‌നേഹം പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ് ചെയ്യുക. മിക്കവാറും ഇത്തരം സ്ത്രീകള്‍ പരിചരണത്തെകുറിച്ച് ബോധവാന്മാരാകുന്നതിന് മുമ്പ് സമയം അതിക്രമിച്ചിരിക്കുകയാണ് പതിവ്.

സത്രീകള്‍ അവരുടെ വീട്ടകങ്ങളില്‍ അനുഭവിക്കേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളെയും നാം വിലമതിക്കുന്നു. ഈ തിരക്കുകള്‍ക്കിടയില്‍ ഭര്‍ത്താവിനെയും സന്താനങ്ങളെയും തൃപ്തിപ്പെടുത്താന്‍ കഴിയുകയും മാതാപിതാക്കളുടെ തൃപ്തിയും അവകാശവും നിര്‍വഹിക്കേണ്ടി വരികയും ചെയ്യുന്നു.. ചില ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെ മാതാപിതാക്കളെ ശ്രുശ്രൂഷിക്കുന്നത് പോലും വിസമ്മതിക്കുന്നു. എന്റെ അനുഭവത്തിലുള്ള ഒരു സഹോദരി ഇതിനെ ക്രിയാത്മാകമായി മറികടന്നത് എനിക്കോര്‍മ വരികയാണ്. ഭര്‍ത്താവ് സ്വന്തം ഉപ്പയെ പരിചരിക്കാന്‍ പോകുന്നത് പോലും അവളെ തടഞ്ഞിരുന്നു. പിന്നീട് ഭര്‍ത്താവിന്റെ ഉമ്മ രോഗം ബാധിച്ച് കിടപ്പിലായപ്പോള്‍ എല്ലാ അര്‍ഥത്തിലുമുള്ള പരിചരണങ്ങളും അവര്‍ക്കവള്‍ നല്‍കുകയുണ്ടായി. ഭക്ഷണം പാകം ചെയ്താല്‍ മക്കള്‍ക്ക് നല്‍കുന്നതിന് മുമ്പ് ഭര്‍ത്താവിന്റെ മാതാവിന് നല്‍കും. എല്ലാ കാര്യത്തിലും അവര്‍ക്ക് മുന്‍ഗണന നല്‍കുകയുണ്ടായി. ദൈവപ്രീതി കാംക്ഷിച്ചുകൊണ്ടുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഭര്‍ത്താവില്‍ വലിയ മതിപ്പ് സൃഷ്ടിക്കുകയും അയാളുടെ നിലപാടുകളെ തന്നെ മാറ്റിമറിക്കുകയും ചെയ്തു. അതിന് ശേഷം ഭര്‍ത്താവ് തന്നെ അവളുടെ ഉപ്പയെ പരിചരിക്കാന്‍ സൗകര്യമൊരുക്കിക്കൊടുക്കുന്നതിലേക്ക് കാര്യങ്ങള്‍ മാറുകയുണ്ടായി.

മറ്റൊരു ഉമ്മയുടെ ചിത്രം നോക്കൂ. സമ്പത്തും സന്താനങ്ങളുമവള്‍ക്കുണ്ട്. പക്ഷെ, ആണ്‍മക്കള്‍ കച്ചവടത്തിലും ജോലിയിലുമെല്ലാം മുഴുകിക്കഴിയുന്നു. പെണ്‍മക്കള്‍ ജോലിയുള്ളതോടൊപ്പം തന്നെ വിവാഹിതരുമാണ്. ആ മാതാവ് തന്റെ നൊമ്പരങ്ങള്‍ ചുമരുകളോട് പറഞ്ഞുതീര്‍ക്കുകയാണ്. രാത്രിയുടെ അന്ത്യയാമങ്ങളിലും ഏകാന്തതയിലും അവളുടെ തേങ്ങലുകളും വ്യഥകളും അയല്‍വാസികളെ അവള്‍ കേള്‍പിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു. അതിനാല്‍ തന്നെ ഇത്തരം ജോലിക്കാരെ പോലെ വളര്‍ത്തരുത് നിങ്ങളുടെ പെണ്‍മക്കളെ. മറിച്ച് ഉപ്പയെ നോക്കാന്‍ തന്റെ ഭര്‍ത്താവിനെ കൂടി പ്രേരിപ്പിച്ച സ്ത്രീയുടെ മാതൃകയാണ് നിങ്ങള്‍ അനുധാവനം ചെയ്യേണ്ടത്.

അധിക രക്ഷിതാക്കളും തങ്ങളുടെ പെണ്‍മക്കളില്‍ നിന്ന് സാമ്പത്തികമോ ഭൗതികമോ ആയ സഹായങ്ങള്‍ പ്രതീക്ഷിക്കാത്തവരാണ്. പക്ഷെ, അവര്‍ക്കാവശ്യം അവരുടെ ദയാനുകമ്പയും വാല്‍സല്യവുമാണ്. തുടരെത്തുടരെയുള്ള സന്ദര്‍ശനം മാത്രമല്ല അവരുടെ അവകാശത്തില്‍ ഞാന്‍ ഉള്‍പ്പെടുത്തുന്നത്. മാതാപിതാക്കളുടെ അവകാശങ്ങളെ ഖുര്‍ആന്‍ വിവരിക്കുന്നു. ‘നിന്റെ നാഥന്‍ വിധിച്ചിരിക്കുന്നു: നിങ്ങള്‍ അവനെയല്ലാതെ വഴിപ്പെടരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യുക. അവരില്‍ ഒരാളോ രണ്ടുപേരുമോ വാര്‍ധക്യം ബാധിച്ച് നിന്നോടൊപ്പമുണ്ടെങ്കില്‍ അവരോട് ‘ഛെ’ എന്നുപോലും പറയരുത്. പരുഷമായി സംസാരിക്കരുത്. ഇരുവരോടും ആദരവോടെ സംസാരിക്കുക. കാരുണ്യപൂര്‍വം വിനയത്തിന്റെ ചിറക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുക. അതോടൊപ്പം ഇങ്ങനെ പ്രാര്‍ഥിക്കുക: ‘എന്റെ നാഥാ! കുട്ടിക്കാലത്ത് അവരിരുവരും എന്നെ പോറ്റിവളര്‍ത്തിയപോലെ നീ അവരോട് കരുണ കാണിക്കേണമേ.'(അല്‍ ഇസ്രാഅ് 23-24). മാതാപിതാക്കള്‍ക്ക് പുണ്യം ചെയ്യല്‍ ഏറ്റവും അനിവാര്യമായ സമയം അവര്‍ക്ക് സന്താനങ്ങളുടെ സേവനവും സംരക്ഷണവും ആവശ്യമായ സന്ദര്‍ഭമാണ്. കിടപ്പറയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും സാധിക്കാതെ പ്രയാസപ്പെടുന്ന സന്ദര്‍ഭങ്ങളില്‍ പ്രത്യേകിച്ചും. അതിനാല്‍ തന്നെ അലസതയില്‍ നിന്നും അഹങ്കാരത്തില്‍ നിന്നും അല്ലാഹുവിനോട് നിരന്തരമായി അഭയം തേടിക്കൊണ്ടിരിക്കണം. മാതാപിതാക്കളോട് നാം സ്വീകരിക്കുന്ന സമീപനങ്ങള്‍ നമുക്ക് അനുകൂലവും പ്രതികൂലവുമാകും. നാം നമ്മുടെ മാതാപിതാക്കളോട് അനുവര്‍ത്തിക്കുന്നത് തന്നെയായിരിക്കും തങ്ങളുടെ മക്കള്‍ തങ്ങളോടനുവര്‍ത്തിക്കുന്നതും. മാത്രമല്ല നമ്മുടെ സുകൃതങ്ങള്‍ക്ക് പരലോകത്ത് അര്‍ഹമായ പ്രതിഫലം ലഭിക്കുകയും സ്വര്‍ഗപ്രവേശത്തിന് കാരണമാകുകയും ചെയ്യും.
വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles