Current Date

Search
Close this search box.
Search
Close this search box.

മരിച്ചിട്ടും മരിക്കാത്ത ബന്ധങ്ങള്‍

hands3.jpg

അല്ലാഹുവിന്റെ വിധിയിലും തീരുമാനത്തിലും ഞാന്‍ വിശ്വസിക്കുന്നു. എന്റെ പ്രിയതമയും അരുമസന്താനങ്ങളുടെ ഉമ്മയുമായ അവളുടെ വേര്‍പാട് അല്ലാഹു എനിക്ക് കനിഞ്ഞരുളിയ വലിയ ഒരനുഗ്രഹത്തിന്റെ വേര്‍പാട് കൂടിയായിരുന്നു. വേര്‍പാടിന്റെ വേദന ഞാന്‍ കടിച്ചിറക്കിക്കൊണ്ടിരിക്കുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ സ്മരണയായിരുന്നു അവളോടൊപ്പമുള്ള ജീവിതം.. അവള്‍ യാത്രയായെങ്കിലും അവളോടുള്ള സ്‌നേഹം എന്റെ ഹൃദയത്തില്‍ തങ്ങിക്കൊണ്ടിരിക്കുകയും എന്നില്‍ അത് ഇടപെട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു…അപ്രകാരമായിരുന്നു എനിക്ക് വന്ന അവന്റെ കത്ത്…നിരവധി കഠിനഹൃദയരായ ഭര്‍ത്താക്കന്മാരില്‍ നിന്നും വ്യത്യസ്തമായി ആത്മാര്‍ഥതയും കൂറും കരുണയുമുള്ള ഭര്‍ത്താക്കന്മാരിലൊരാളായിരുന്നു അദ്ദേഹം.

സ്‌നേഹനിധിയായ ആ ഭര്‍ത്താവയച്ച കത്തിന്റെ ബാക്കി ഭാഗം ഞാന്‍ വായിച്ചു. സത്യസന്ധമായ പ്രേമം എത്ര മനോഹരമാണ്! അതിന്റെ വേര്‍പാട് അതിനേക്കാള്‍ കഠോരവുമാണ്! മറ്റൊരാള്‍ക്കും നികത്താനാവാത്ത ഒരു വിടവായിക്കൊണ്ടാണ് പ്രിയതമ യാത്രയായത്.അദ്ദേഹം തുടരുന്നു : കാരണങ്ങള്‍ പലതുണ്ടാകാം. പക്ഷെ, മരണം ഒന്നേയുള്ളൂ.. എന്റെ പ്രിയതമ കാന്‍സറിനാല്‍ പരീക്ഷിക്കപ്പെടുകയുണ്ടായി. അതിന്റെ പ്രതിഫലനങ്ങള്‍ ശരീരത്തില്‍ പ്രകടമാകുകയും ശക്തി ക്ഷയിച്ചു തുടങ്ങുകയും ചെയ്ത മരണത്തിന്റെ മുമ്പേയുള്ള സന്ദര്‍ഭത്തില്‍ അവള്‍ എന്നോട് പറഞ്ഞു : മക്കളെയെല്ലാം കുടുംബത്തില്‍ ഏല്‍പിച്ചുകൊണ്ട് രണ്ടുപേര്‍ക്കും തനിച്ച് ഒരു ഉല്ലാസത്തിനായി പുറപ്പെടേണ്ടതുണ്ട്. അവളുടെ ആഗ്രഹത്തിന് ഞാന്‍ ഉടന്‍ സമ്മതം മൂളി. ഒരു ഹോട്ടിലില്‍ ഞങ്ങള്‍ ഒരുമിച്ചിരുന്നു. ഹോട്ടിലിനു പുറത്ത് കടലിലേക്ക് ചേര്‍ന്നു നില്‍ക്കുന്ന വലിയ ആ മരത്തിന്റെ മുകളില്‍ നമുക്കിരിക്കാം എന്നു അവള്‍ പറഞ്ഞു, ചരിത്രപരമായ ആ കൂടിയിരുത്തത്തിന്റെ ഒടുവില്‍ എന്റെ പേര് വിളിച്ചുകൊണ്ട് അവള്‍ പറഞ്ഞു : എനിക്ക് നിങ്ങളോട് ഒരപേക്ഷയുണ്ട്, എനിക്ക് വേണ്ടി താങ്കള്‍ അതനുസരിക്കണം. നീ എന്താണ് ഉദ്ദേശിക്കുന്നതെന്ന് തുറന്നു പറയൂ എന്ന് ഞാനവളോട് ആവശ്യപ്പെട്ടു. സാധ്യമായ അളവില്‍ ഞാന്‍ അത് നടപ്പില്‍ വരുത്തും എന്നു കൂടി കൂട്ടിച്ചേര്‍ത്തു. അവള്‍ ഗദ്ഗദത്തോടെ പറഞ്ഞു : എന്റെ മരണത്തിന് ശേഷം എന്റെ സഹോദരിയായ ഇന്ന സ്ത്രീയെ താങ്കള്‍ വിവാഹം കഴിക്കണം, അതിലൂടെ എന്റെ മക്കളുടെ കാര്യത്തില്‍ എനിക്ക് സംതൃപ്തിയടയാം. താങ്കള്‍ക്കായി അവളെ ആതിഥ്യമരുളാന്‍ താങ്കള്‍ എന്നെ അനുവദിക്കണം, എന്റെ ശേഷം നമ്മുടെ മക്കളുടെ സംസ്‌കരണത്തിലും വളര്‍ച്ചയിലും അവള്‍ ഉത്തമ സഹായിയാകും..

ഇതു കേട്ട ഉടനെ ദുഖമടക്കാനാവാതെ ഞാന്‍ പൊട്ടിക്കരഞ്ഞു, ആ മറ്റൊരുവളായിരുന്നു എന്നെ ഇത്രമാത്രം കരയിപ്പിച്ചത്. നയനങ്ങളില്‍ നിന്നും കണ്ണീര്‍ തുള്ളികള്‍ ഉറ്റിവീഴ്ന്നുകൊണ്ടിരിക്കവെ അവളുടെ ആവശ്യം നിര്‍ബന്ധമായും പരിഗണിക്കണമെന്ന് അവള്‍ ഉറപ്പിച്ചു പറഞ്ഞുകൊണ്ടേയിരുന്നു. ഞാന്‍ അവളെ ഇഷ്ടപ്പെടുന്നുവെങ്കില്‍ ഈ വസിയ്യത്ത് നിര്‍ബന്ധമായും നടപ്പില്‍ വരുത്തണമെന്ന് അവള്‍ എന്നോട് ആവശ്യപ്പെട്ടുകൊണ്ടിരുന്നു. കാരണം അത് നടപ്പില്‍ വരുത്തുന്നതിലൂടെ മാത്രമേ അരുമ സന്താനങ്ങളുടെ കാര്യത്തില്‍ അവള്‍ക്ക് അല്‍പമെങ്കിലും ആശ്വാസമടയാന്‍ സാധിക്കുകയുള്ളൂ! അപ്രകാരം അവള്‍ ഈ ലോകത്തിന്റെ തിരക്കുകളില്‍ നിന്നും യഥാര്‍ഥ ലോകത്തേക്ക് യാത്രയായതിനു ശേഷം തന്റെ അവകാശത്തില്‍ മറ്റൊരാളെ പങ്കുചേര്‍ക്കാനുള്ള അവളുടെ വസിയത്ത് എന്നെ വേട്ടയാടിക്കൊണ്ടിരുന്നു. അരുമ സന്താനങ്ങളുടെ ജീവിതമോര്‍ത്ത് എന്റെ രോഷത്തിനുമപ്പുറത്തേക്ക് അവള്‍ സമര്‍പ്പിക്കുകയും ഉയരുകയുമായിരുന്നു. അവളുടെ വസിയ്യത്ത് നടപ്പിലാക്കിക്കൊണ്ട്  അവളോട് കൂറ് പുലര്‍ത്തുന്ന ഒരു ഭര്‍ത്താവുമായിത്തീരുന്ന കാര്യത്തെ ഓര്‍ത്തുകൊണ്ട് മാനസികമായ സംഘര്‍ഷത്തില്‍ ഞാന്‍ കഴിഞ്ഞുകൂടി. പ്രിയതമയുടെ സ്ഥാനത്ത് മറ്റൊരാളെ പകരം വെക്കുന്നത് എനിക്ക് ഓര്‍ക്കാനേ കഴിയുന്നില്ല.. ഞാന്‍ അവളുടെ വസിയ്യത്ത് നടപ്പിലാക്കുന്ന കാര്യത്തില്‍ അല്ലാഹുവോട് പലവട്ടം നന്മയെ തേടിക്കൊണ്ടേയിരുന്നു. ഓരോ തവണയും അവളുടെ വസിയ്യത്ത് നടപ്പിലാക്കുന്നതിനായി എനിക്ക് ഹൃദയവിശാലത ലഭിച്ചുകൊണ്ടേയിരുന്നു. പക്ഷെ, അത് എന്നോട് വസിയത്ത് ചെയ്ത സഹോദരിയോടുള്ള അതിക്രമമാകുമോ എന്ന് ഞാന്‍ ഭയപ്പെടുകയും ചെയ്തു. കാരണം എന്നെ വിട്ടു യാത്രയായ ആദ്യത്തെ പ്രേയസിയല്ലാതെ മറ്റൊരാള്‍ക്ക് എന്റെ ഹൃദയത്തിലിടം കൊടുക്കാന്‍ എനിക്ക് സാധിക്കുകയില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിച്ചിരുന്നു.

അതിനാല്‍ അദ്ദേഹത്തോട് ഞാന്‍ പറഞ്ഞു : നിന്റെ സംസാരം ഒരേ സമയം വേദനിക്കുന്ന ഹൃദയത്തിന്റെ ഉള്‍ത്തുടിപ്പും അവളോടുള്ള ആത്മാര്‍ഥതയും കൂറും വഴിഞ്ഞൊഴുകുന്നതാണ്. എങ്കിലും സഹോദരാ, വലിയ കാറ്റിനും കോളിനും ശേഷമാണല്ലോ അനുഗ്രഹത്തിന്റെ മഴ വര്‍ഷിക്കുന്നതെന്ന് നമുക്കറിയാം. മഴക്കുശേഷം മാനത്ത് വിവിധ വര്‍ണങ്ങളിലുള്ള മഴവില്ലുകള്‍ പ്രത്യക്ഷപ്പെടും. ഭൂമി ഹരിതാഭമാകുകയും ചെയ്യും. അതിനാല്‍ എല്ലാ ദുഖത്തെയും ഒരു തുറസ്സ് പിന്തുടരുന്നുണ്ട്, സന്തോഷങ്ങള്‍ക്ക് ശേഷം ദുഖങ്ങള്‍ കുമിഞ്ഞുകൂടുന്നു. അപ്രകാരം തന്നെ ജീവിതത്തിന് വൈവിധ്യങ്ങളായ നിറങ്ങളുണ്ട്. വേദനയില്‍ നിന്നും പ്രതീക്ഷയില്‍ നിന്നും മനുഷ്യജീവിതം ഒരിക്കലും മുക്തമല്ല, സന്തോഷത്തിന്റെയും സന്താപത്തിന്റെയും നിമിഷങ്ങള്‍ അതിനന്യമല്ല, മധുരവും കൈപും നിറഞ്ഞതാണത്. കൂടിച്ചേരലും വേര്‍പിരിയലും സാധാരണമാണ്, അന്ധകാരവും വെളിച്ചവും അതിലുണ്ടാകം, കാലത്തിന്റെ കറക്കത്തിനിടയില്‍ ചക്രവാളങ്ങളില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്നതാണ്. അല്ലാഹു പറഞ്ഞല്ലോ : ‘ജയപരാജയ ദിനങ്ങള്‍ ജനങ്ങള്‍ക്കിടയില്‍ നാം മാറ്റിമറിച്ചുകൊണ്ടിരിക്കും'(ആലു ഇംറാന്‍ 140)

നീ സുന്ദരമായ സഹനശേഷി നിന്നില്‍ ജീവിപ്പിക്കുക! പരീക്ഷണങ്ങളുടെ തീച്ചൂളയില്‍ വെന്തുരുകിയ മനസ്സേ താങ്കള്‍ സന്തോഷിക്കുക! അല്ലാഹു താങ്കളില്‍ നിന്നുള്ള പ്രാര്‍ഥനക്കായി കാത്തിരിക്കുകയാണ്. താങ്കളുടെ അര്‍ഥനയും രഹസ്യഭാഷണവും കേള്‍ക്കാനായി കാതോര്‍ക്കുകയാണ്. നിന്റെ പ്രശ്‌നങ്ങളെല്ലാം അവന്റെ മുന്നില്‍ നിരത്തുക, നിന്റെ പ്രാര്‍ഥനയെ ചുടുകണ്ണീര്‍ കണങ്ങള്‍ കൊണ്ടും ഹൃദയസാന്നിദ്ധ്യം കൊണ്ടും അലങ്കരിക്കുക. വലിയ തുറസ്സ് ലഭിക്കുമെന്നതിനെ കുറിച്ച ശുഭപ്രതീക്ഷയില്‍ കഴിയുക. സുകൃതവാന്മാരുടെ ഓരത്തുതന്നെയാണ് അല്ലാഹുവിന്റെ കാരുണ്യം കുടികൊള്ളുന്നത്. അല്ലാഹു സത്യവിശ്വാസികളുടെ രക്ഷാധികാരിയാണെന്ന കാര്യം തിരിച്ചറിയുക, സൂക്ഷമത പാലിക്കുന്നവരില്‍ നിന്നും അവന്‍ കര്‍മങ്ങള്‍ സ്വീകരിക്കും. പ്രയാസങ്ങളെ അവന്‍ ദൂരീകരിക്കും.

അല്ലാഹു നിനക്ക് നല്‍കുന്ന ഉത്തമ പകരക്കാരിയെ കുറിച്ച് നീ വിമുഖത കാണിക്കേണ്ടതില്ല. ഭീരുക്കളായ ഭര്‍ത്താക്കന്മാര്‍ ജീവിക്കുന്ന കാലത്താണ് നാമുള്ളത്. ഒരു ഭര്‍ത്താവ് തന്റെ ഭാര്യക്ക് പുറമെ മറ്റൊരാളെ വിവാഹം കഴിക്കുകയാണെങ്കില്‍ തന്റെ ഇണയെ അറിയിക്കാതെയാണ് വിവാഹം ചെയ്യുന്നത്. അത് പിന്നീട് വെളിച്ചത്ത് വരുന്നതോടെ ഭാര്യക്കിടയിലും സമൂഹത്തിനിടയിലും അയാള്‍ വഞ്ചകനായി ചിത്രീകരിക്കപ്പെടുന്ന ദുരവസ്ഥയുണ്ടാകുന്നു. അത്തരത്തില്‍ പ്രവര്‍ത്തിക്കുന്ന പുരുഷന്മാരുണ്ട് എന്നത് ശരിയാണ്. എന്നാല്‍ രണ്ടാമതൊരു വിവാഹം കഴിക്കുന്ന സന്ദര്‍ഭത്തില്‍ ഒന്നാമത്തെ ഭാര്യയെ അറിയിക്കണമെന്ന് ശരീഅത്ത് വിധിച്ചിട്ടില്ല. ഞാന്‍ ഇവിടെ ദീനിന്റെ നിയമമാണ് വിവരിച്ചത്. ഇത് വായിക്കുന്ന സ്ത്രീകളുടെ കോപത്തിന് ഞാന്‍ ഇരയാകുമെന്ന എനിക്ക് ഉറപ്പുണ്ട്. മാത്രമല്ല, അവരുടെ പ്രതിരോധത്തിനായി ഞാന്‍ ചലിപ്പിച്ച തൂലികയും മഷിയുമെല്ലാം അവര്‍ വിസ്മരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സ്ത്രീകളെ കുറിച്ചുള്ള പ്രവാചകന്റെ വാക്കുകള്‍ എത്ര അര്‍ഥവത്താണ്. ‘അവര്‍ കുടുംബ ബന്ധത്തെ നിഷേധിക്കുന്നവരാണ്’. കാരണം നീ അവളെ എത്രതന്നെ ആദരിച്ചാലും നിന്റെ പെരുമാറ്റത്തിലോ സ്വഭാവത്തിലോ ചെറിയ വീഴ്ച വരുന്ന ആദ്യ സന്ദര്‍ഭത്തില്‍ തന്നെ നിന്റെ എല്ലാ സല്‍പ്രവര്‍ത്തനങ്ങളും വാക്കുകളും അവര്‍ നിഷേധിക്കാന്‍ തയ്യാറാകും. അല്ലയോ സഹോദരിമാരേ, വരൂ ഈ മഹതിയുടെ മഹനീയമായ മാതൃക നമുക്കൊരു പാഠമാകേണ്ടതുണ്ട്. ജീവിതത്തില്‍ നിന്ന് യാത്രയാകുന്നതിന് മുമ്പ് തന്റെ മക്കളുടെ വിഷമങ്ങള്‍ അവള്‍ സ്വയം വഹിക്കുകയും അവളുടെ സഹോദരിയെ വിവാഹം ചെയ്തു അവരെ സംരക്ഷിക്കാന്‍ ഭര്‍ത്താവിനോട് വസിയ്യത്ത് ചെയ്യുകയും ചെയ്ത സ്ത്രീ. ഇപ്രകാരം എനിക്ക് ചെയ്യാന്‍ സാധിക്കുമോ എന്ന് ഓരോരുത്തരും സ്വയം ചോദിക്കുക. ഇത്തരത്തില്‍ പ്രതികരിക്കാന്‍ കഴിയുന്ന സ്ത്രീകളെ അപൂര്‍വമായേ കാണാന്‍ സാധിക്കുകയുള്ളൂ എന്ന് അനുഭവത്തിന്റെ അടിസ്ഥാനത്തില്‍ എനിക്ക് പറയാന്‍ സാധിക്കും. എന്നാല്‍ ഇഛകള്‍ക്കപ്പുറം അല്ലാഹുവിന്റെ വിധിയില്‍ തൃപ്തിപ്പെടുന്ന ഇത്തരം അപൂര്‍വരെ കൊണ്ട് വാല്യങ്ങള്‍ നിറച്ചെഴുതാന്‍ എനിക്ക് സാധിക്കും.

യൂണിവേഴ്‌സിറ്റിയിലെ അധ്യാപികയായ ഒരു സഹോദരിയുടെ ജീവിതം ഇത്തരത്തിലുള്ളതാണ്. ഇസ്‌ലാമിക പ്രബോധകയായ അവള്‍ക്ക് സന്താനഭാഗ്യം ലഭിക്കാതെ വന്നപ്പോള്‍ മറ്റൊരു വിവാഹത്തെ കുറിച്ച് ഭര്‍ത്താവ് അവളുടെ അഭിപ്രായം ആരായുകയുണ്ടായി. അപ്പോള്‍ മഹതിയുടെ പ്രതികരണം ശ്രദ്ധേയമാണ്: ‘സ്ത്രീകളില്‍ നിന്ന് നിങ്ങള്‍ ഇഷ്ടപ്പെടുന്ന രണ്ടോ, മൂന്നോ, നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക'(അന്നിസാഅ് 3) എന്ന അല്ലാഹുവിന്റെ വചനത്തിന് എങ്ങനെ നമുക്ക് തൃപ്തിപ്പെടാതിരിക്കാനും ഉത്തരം കൊടുക്കാതിരിക്കാനും സാധിക്കും?!. ഇത് ഖുര്‍ആനിന്റെ നിയമമല്ലേ? അതെ, ഇത് ഖുര്‍ആനിന്റെ നിയമമാണ്. സന്താനഭാഗ്യം ലഭിക്കാത്ത മറ്റൊരു പ്രബോധകയോട് അവള്‍ ചോദിച്ചു : നിന്റെ ഭര്‍ത്താവ് ശരീഅത്ത് നിയമപ്രകാരം മറ്റൊരാളെ കൂടി വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചാല്‍ നീ അതിനോട് യോജിക്കുമോ? അവള്‍ പ്രതികരിച്ചു : ഇത് നിയമാണ്, ഖുര്‍ആനില്‍ ആ ഭാഗം നാം നിത്യവും പാരായണം ചെയ്യുന്നു എന്നതും ശരി തന്നെ, എന്നാല്‍ എനിക്ക് ജീവനുള്ള കാലത്തോളം മറ്റൊരാളെ വിവാഹം കഴിക്കാന്‍ ഞാന്‍ അനുവദിക്കുകയില്ല! യഥാര്‍ഥത്തില്‍ അല്ലാഹുവിന്റെ ഈ വചനം മുറുകെ പിടിക്കുന്നതാണ് അവള്‍ക്ക് ഏറ്റവും അനുയോജ്യമായിട്ടുള്ളത്. ‘ഇല്ല, നിന്റെ രക്ഷിതാവിനെത്തന്നെയാണ സത്യം; അവര്‍ക്കിടയില്‍ ഭിന്നതയുണ്ടായ കാര്യത്തില്‍ അവര്‍ നിന്നെ(പ്രവാചകനെ)  വിധികര്‍ത്താവാക്കുകയും, നീ വിധികല്‍പിച്ചതിനെപ്പറ്റി പിന്നീടവരുടെ മനസ്സുകളില്‍ ഒരു വിഷമവും തോന്നാതിരിക്കുകയും, അത് പൂര്‍ണ്ണമായി സമ്മതിച്ച് അനുസരിക്കുകയും ചെയ്യുന്നതു വരെ അവര്‍ വിശ്വാസികളാവുകയില്ല’ (അന്നിസാഅ് 65).

അവള്‍ക്ക് ഇപ്രകാരം പറയാന്‍ സാധിക്കുമായിരുന്നു : അദ്ദേഹത്തിന് മറ്റൊരു വിവാഹം കഴിക്കാന്‍ ഞാന്‍ അനുമതി നല്‍കുന്നു. പക്ഷെ, എന്നെ ത്വലാഖ് ചെല്ലാന്‍ ആവശ്യപ്പെടുക എന്നത് എന്റെ അവകാശത്തില്‍ പെട്ടതാണ്. കാരണം അല്ലെങ്കില്‍ ഞാന്‍ രോഷമുള്ളവളായിട്ടായിരിക്കും കഴിഞ്ഞുകൂടുക. ..അപ്പോള്‍ എനിക്ക് അല്ലാഹുവിന്റെ കല്‍പനക്ക് ഉത്തരം കൊടുക്കാനും അതില്‍ തൃപ്തിയടയാനും സാധിക്കുമല്ലോ. അതോടൊപ്പം ഏതൊരു സ്ത്രീയെയും പോലെ എന്റെ പ്രകൃതി പരമായ രോഷം എനിക്ക് പ്രകടിപ്പിക്കുകയും ചെയ്യാം..ഇത്തരം ഹൃദയങ്ങള്‍ക്ക് എന്റെ വാചകങ്ങള്‍ ഭാരമാകാതിരിക്കാന്‍ ഈ ചരിത്രം ദീര്‍ഘിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എനിക്കും ഇവര്‍ക്കും നേര്‍വഴി പ്രാപിക്കാനായി അല്ലാഹുവിനോട് ഞാന്‍ അര്‍ഥിക്കുകയാണ്. നമ്മുടെ ഹൃദയങ്ങള്‍ക്കെല്ലാം അല്ലാഹുവിന്റെ നിയമങ്ങളും പ്രവാചക ചര്യയും  കലര്‍പ്പില്ലാതെ അംഗീകരിക്കാനുള്ള ഹൃദയ വിശാലത അവന്‍ നല്‍കുമാറാകട്ടെ. ഇതെ സമയം നമ്മുടെ മുസ്‌ലിം സഹോദരിമാരോട് പൊറുക്കുവാനും ഞാന്‍ ആവശ്യപ്പെടുകയാണ്. കാരണം ഇത്തരം മേഖലയില്‍ ഇസ്‌ലാമിക സംസ്‌കാരത്തില്‍ നിന്നകന്നു നില്‍ക്കുന്ന ഒരു സമൂഹത്തിലാണല്ലോ അവര്‍ ജീവിക്കുന്നത്. എല്ലാ അര്‍ഥത്തിലുമുള്ള ബഹുഭാര്യത്വം നിഷേധിക്കുന്ന സംസ്‌കാരമാണല്ലോ നമ്മുടേത്. നിയമാനുസൃതമായി മറ്റൊരു വിവാഹത്തിന് അനുമതി നല്‍കുന്നതിന് പകരം തന്റെ ഭര്‍ത്താവ് ഫ്രന്‍്‌സ് ആയി മറ്റൊരു സ്ത്രീയെ കൊണ്ടു നടക്കുന്നതിന് പ്രാമുഖ്യം നല്‍കുന്ന സ്ത്രീകളും നമ്മുടെ സമൂഹത്തില്‍ കുറവല്ല.

ബഹുഭാര്യത്വത്തെ കുറിച്ച് വേണ്ടത്ര കാഴ്ചപ്പാടൊന്നുമില്ലാതെയാണ് മിക്ക പുരുഷന്മാരും അതിന് മുതിരുന്നത് എന്നത് യാഥാര്‍ഥ്യമാണ്. അതിനുള്ള ശേഷിയില്ലാതെയാണ് മറ്റൊരു ഭാര്യയെ മിക്കവരും സ്വീകരിക്കുന്നത്. മറ്റൊരു സ്ത്രീയുടെ വരവില്‍ ഭാര്യയോട് അക്രമം പ്രവര്‍ത്തിക്കുന്നതിനു പുറമെ, അവളും അവളുടെ സന്താനങ്ങളും സമൂഹത്തില്‍ ഒരര്‍ഥത്തിലുള്ള അരക്ഷിത ബോധം അനുഭവിക്കുന്നത് കാണാം. സൂക്ഷമതയില്ലാത്തതിന്റെ പേരില്‍ മക്കളുടെ പഠനം അവതാളത്തിലാകുന്നതും ജീവിതം തന്നെ വ്യതിചലിച്ചുപോകുന്നതും കാണാം.

ഭാര്യയോട് ആത്മാര്‍ഥതയും കൂറും പുലര്‍ത്തുന്ന സഹോദരാ! ഐഹിക ജീവിതമെന്നാല്‍ സന്തോഷവും സന്താപവുമടങ്ങിയതാണെന്ന് നീ തിരിച്ചറിയുക. സഹനമവലംബിക്കുകയും പ്രതിഫലം കാംക്ഷിക്കുകയും ചെയ്യുക. നിന്റെ ഭാര്യയുടെ വേര്‍പാട് ഒരു പരീക്ഷണമായി നീ മനസ്സിലാക്കുക. അല്ലാഹുവിന്റെ പ്രാപഞ്ചിക നടപടിയുടെ ഭാഗമാണത്. പ്രവാചകന്റെ വിയോഗത്തിലൂടെ ഇതിലും വലിയ പരീക്ഷണമായിരുന്നു മുസ്‌ലിം സമൂഹം അഭിമുഖീകരിച്ചത്. വലിയ പരീക്ഷണങ്ങളെ കുറിച്ചുള്ള ധാരണകള്‍ നിന്റെ പ്രയാസങ്ങള്‍ ലഘൂകരിക്കാനിടയാക്കുന്നതാണ്. നിന്റെ സഹനത്തിന് അല്ലാഹുവിങ്കല്‍ അനന്തമായ പ്രതിഫലമുണ്ടെന്നത് ഖുര്‍ആനിന്റെ വാഗ്ദാനമാണ്.

ദുഖിക്കുക എന്നത് നിന്റെ അവകാശത്തില്‍ പെട്ടതാണ്. നിന്റെ നയനങ്ങള്‍ക്ക് കണ്ണീരൊഴുക്കാനും അവകാശമുണ്ട്. പക്ഷെ, അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നതിലും ക്ഷമയവലംബിക്കുന്നതിലും അല്ലാഹുവിന്റെ ദൂതരില്‍ ഉത്തമ മാതൃകയുണ്ട്. പ്രവാചകന് ദീര്‍ഘ നാളത്തെ കാത്തിരിപ്പിന് ശേഷം കനിഞ്ഞരുളിയ അരുമ സന്താനമായ ഇബ്രാഹീം മരണപ്പെട്ടപ്പോള്‍ പ്രവാചകന്‍ പറഞ്ഞു: ‘എന്റെ കണ്ണുകള്‍ സജലമാണ്, ഹൃദയം ദുഖസാന്ദ്രമാണ്, എന്നാല്‍ അല്ലാഹുവിന് തൃപ്തിയില്ലാത്ത ഒന്നും ഞാന്‍ പറയുകയില്ല. ഇബ്രാഹീം, നിന്റെ മരണത്തില്‍ തീര്‍ച്ചയായും ഞങ്ങള്‍ അങ്ങേയറ്റത്തെ ദുഖത്തിലാണ്’. പ്രവാചകന്റെ നിലപാട് പ്രതിസന്ധിയനുഭവിക്കുന്ന ഏതൊരു മനുഷ്യനുമുള്ള മഹിതമായ മാതൃകയാണ്. മാത്രമല്ല, അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടു കഴിഞ്ഞാല്‍ അവനെ പരീക്ഷിക്കുന്നതാണ്. അതിനാല്‍ അല്ലാഹുവിന്റെ സ്‌നേഹത്തിന് പാത്രീപൂതരാകുന്ന ഭാഗ്യവാന്മാരില്‍ അല്ലാഹു നമ്മെ ഏവരെയും ഉള്‍പ്പെടുത്തട്ടെ എന്നു ഞാന്‍ പ്രാര്‍ഥിക്കുകയാണ്. നിന്റെ യാത്രയായ സഹധര്‍മിണിയുടെ ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമെന്നോണം അവള്‍ നിര്‍ദ്ദേശിച്ച ആ സഹോദരിയെ നീ ഇണയായി തിരഞ്ഞെടുക്കണമെന്ന് ഞാന്‍ നിന്നോട് ഉപദേശിക്കുകയാണ്. വിവാഹിതനായ ഒരു പുരുഷനെയും സന്താനങ്ങളെയും സ്വീകരിക്കാന്‍ വേണ്ടി സമര്‍പ്പിച്ചവളാണ് അവള്‍ എന്ന കാര്യം നീ വിസ്മരിക്കരുത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles