Current Date

Search
Close this search box.
Search
Close this search box.

മരണം വരെ അവളെ ഞാന്‍ കൊണ്ടുനടക്കും

HOLDING.jpg

രാത്രി വീട്ടിലെത്തിയപ്പോള്‍ എന്റെ ഭാര്യ അത്താഴം വിളമ്പി. അവള്‍ തിരിഞ്ഞ് നടന്നപ്പോള്‍ ഞാന്‍ അവളുടെ കൈയ്യില്‍ പിടിച്ചിട്ട് പറഞ്ഞു: ”എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട്”. അവള്‍ ഒന്നും പറയാതെ കസേരയില്‍ വന്നിരുന്ന് ധൃതിയില്‍ ഭക്ഷണം കഴിക്കാന്‍ തുടങ്ങി. അവളുടെ കണ്ണുകളില്‍ ദുഃഖം തളംകെട്ടി നില്‍ക്കുന്നത് പോലെ എനിക്ക് തോന്നി. പറയാന്‍ വന്നതൊക്കെ തൊണ്ടയില്‍ കുരുങ്ങി നിന്നു. പക്ഷേ, എനിക്ക് അവളോട് എല്ലാം പറയണമായിരുന്നു. വളരെ ശാന്തനായി ഞാന്‍ പറഞ്ഞു: ”എനിക്ക് വിവാഹമോചനം വേണം”. ഭാവഭേദമൊന്നും കൂടാതെ ശാന്തമായി തന്നെ അവള്‍ ചോദിച്ചു: ”എന്തിന്?” ഞാന്‍ ആ ചോദ്യത്തിന് മറുപടി കൊടുക്കാതെ ഒഴിഞ്ഞു. ഇത് അവളെ ക്ഷുഭിതയാക്കി. അവള്‍ കൈയ്യിലുണ്ടായിരുന്ന സ്പൂണ്‍ വലിച്ചെറിഞ്ഞ് എന്നോട് അലറി: ”നിങ്ങള്‍ ഒരു പുരുഷനല്ല”.

അന്ന് രാത്രി ഞങ്ങള്‍ സംസാരിച്ചില്ല. അവള്‍ പതുക്കെ കരയുന്നുണ്ടായിരുന്നു. നമ്മുടെ ബന്ധത്തില്‍ എന്താണ് പിഴവ് പറ്റിയതെന്ന് അവള്‍ക്ക് അറിയണം. എന്നാല്‍ അവള്‍ക്ക് നല്‍കാന്‍ തൃപ്തികരമായ ഒരു മറുപടി എന്റെ പക്കല്‍ ഇല്ലായിരുന്നു. സത്യത്തില്‍, സോഫിയ എന്നു പേരുള്ള ഒരു സുന്ദരി പെണ്‍കുട്ടിയുമായി ഞാന്‍ അടുപ്പത്തിലായിരുന്നു. എന്റെ ഓഫീസിലെ സഹപ്രവര്‍ത്തകയായിരുന്നു അവള്‍. ഭാര്യയോടുള്ള ഇഷ്ടമെല്ലാം എന്റെ മനസ്സില്‍ അസ്തമിച്ചു പോയിരുന്നു. അവളോട് ഒരു സഹതാപമാണ് തോന്നിയത്.

പിറ്റേന്ന് കുറ്റബോധത്തോടെ ഞാന്‍ ഒരു വിവാഹമോചന കരാര്‍ അവള്‍ക്ക് വെച്ചുനീട്ടി. അതില്‍ നമ്മുടെ വീടും എന്റെ കമ്പനിയുടെ 30 ശതമാനം ഓഹരിയും കാറും അവള്‍ക്ക് നല്‍കുന്നുവെന്ന് ഞാന്‍ എഴുതിയിരുന്നു. അവള്‍ അത് വായിച്ചുനോക്കി രണ്ടായി കീറിക്കളഞ്ഞു. പത്തു വര്‍ഷം എന്റെ കൂടെ കഴിഞ്ഞ സ്ത്രീ പെട്ടെന്ന് എനിക്ക് അപരിചിതയായത് പോലെ. അവള്‍ക്ക് വേണ്ടി സമയവും ധനവും ആരോഗ്യവും കളഞ്ഞതില്‍ എനിക്ക് സങ്കടം തോന്നി. എന്നാല്‍ സോഫിയയോടുള്ള എന്റെ സ്‌നേഹം വളരെ ഗാഢമായിരുന്നു. അവസാനം എന്റെ ഭാര്യ എന്റെ മുന്നില്‍ പൊട്ടിക്കരഞ്ഞു. അത് തന്നെയായിരുന്നു ഞാനും ആഗ്രഹിച്ചത്. കാരണം, അവളുടെ കരച്ചില്‍ എനിക്ക് ഒരു ആശ്വാസമായിരുന്നു. ആഴ്ചകളായി എന്നെ അലട്ടിയിരുന്ന വിവാഹമോചനം എന്ന ആശയം ഇപ്പോള്‍ കുറച്ച കൂടി സ്ഥിരപ്പെട്ടു. പിറ്റേ ദിവസം രാത്രി വളരെ വൈകിയാണ് ഞാന്‍ വീട്ടിലെത്തിയത്. അവള്‍ അപ്പോള്‍ എന്തോ എഴുതുകയായിരുന്നു. ഞാന്‍ അത്താഴം കഴിച്ചിരുന്നില്ല. എന്നാല്‍ വല്ലാത്ത ക്ഷീണം കാരണം ഞാന്‍ ബെഡ്‌റൂമില്‍ ചെന്ന് വസ്ത്രം മാറ്റി കിടന്നു. കുറച്ച് കഴിഞ്ഞ് എഴുന്നേറ്റു നോക്കിയപ്പോഴും അവള്‍ മേശക്കടുത്തിരുന്ന് എഴുതുകയായിരുന്നു. അത് ഗൗനിക്കാതെ ഞാന്‍ വീണ്ടും ചെന്ന് ഉറങ്ങാന്‍ കിടന്നു.

രാവിലെ അവള്‍ തന്റെ നിബന്ധനകള്‍ സമര്‍പ്പിച്ചു. എന്റെ സമ്പത്തില്‍ നിന്നോ വസ്തുവകകളില്‍ നിന്നോ അവള്‍ക്ക് ഒന്നും വേണ്ടായിരുന്നു. എന്നാല്‍ വിവാഹമോചനത്തിന് മുമ്പ് ഒരു മാസത്തെ അവധി വേണമെന്ന് പറഞ്ഞു. ഈ ഒരു മാസം ഒരു സാധാരണ ജീവിതം നയിക്കാന്‍ പരസ്പരം ശ്രമിക്കണമെന്നായിരുന്നു അവളുടെ നിബന്ധന. അതിന് അവള്‍ക്കുള്ള കാരണം ലളിതമായിരുന്നു. നമ്മുടെ മകന് വരുന്ന ഒരു മാസക്കാലയളവില്‍ പരീക്ഷകള്‍ നടക്കുകയാണ്. നാം വേര്‍പിരിയുന്നത് അവന്റെ പഠനത്തെ ബാധിക്കരുത് എന്ന് അവള്‍ കരുതുന്നു. അത് എനിക്ക് സമ്മതമായിരുന്നു. എന്നാല്‍ മറ്റൊരു നിബന്ധന കൂടി അവള്‍ക്കുണ്ടായിരുന്നു. നമ്മുടെ കല്ല്യാണദിവസം ഞാന്‍ അവളെ മണിയറയിലേക്ക് കൈയ്യില്‍ എടുത്തുകൊണ്ടു നടന്നത് ഓര്‍മയുണ്ടോ എന്നവള്‍ ചോദിച്ചു. ഈ ഒരു മാസത്തില്‍ ഓരോ ദിവസവും രാവിലെ ഞാന്‍ അവളെ മണിയറയില്‍ നിന്ന് വീടിന്റെ മുന്നിലെ വാതില്‍ വരെ അതുപോലെ കൊണ്ടുനടക്കണം എന്നായിരുന്നു നിബന്ധന. ഇവള്‍ക്ക് ഭ്രാന്തായോ എന്ന് ഞാന്‍ ചിന്തിച്ചുപോയി. പക്ഷേ, ഒരു മാസത്തേക്കല്ലേ എന്ന് വിചാരിച്ച് അതിനും ഞാന്‍ സമ്മതം മൂളി.

എന്റെ ഭാര്യയുടെ വിചിത്രമായ നിബന്ധനകളെ കുറിച്ച് ഞാന്‍ സോഫിയയോട് പറഞ്ഞു. അവള്‍ ഉറക്കെ ചിരിച്ചുകൊണ്ട് പറഞ്ഞു: ”അവള്‍ എന്ത് തന്ത്രങ്ങള്‍ പ്രയോഗിച്ചാലും വിവാഹമോചനം നേടേണ്ടി വരും”. ഞാന്‍ വിവാഹമോചന സന്നദ്ധത അറിയിച്ചതില്‍ പിന്നെ ഞാനും ഭാര്യയും തമ്മില്‍ ശാരീരിക ബന്ധങ്ങളൊന്നും ഉണ്ടായിട്ടില്ല. കരാര്‍ പ്രകാരമുള്ള ആദ്യ ദിവസത്തില്‍ അവളെയും കയ്യില്‍ വാരിയെടുത്ത് വാതില്‍ക്കലേക്ക് നടക്കുമ്പോള്‍ ഞങ്ങള്‍ ഇരുവരും നിശബ്ദരായിരുന്നു. എന്നാല്‍ ഞങ്ങളുടെ മകന്‍ ഇതുകണ്ട് ചിരിച്ചുകൊണ്ട് കയ്യടിക്കുന്നുണ്ടായിരുന്നു. ”ഉപ്പ ഉമ്മയെ എടുത്തു നടക്കുന്നേ” എന്നവന്‍ വിളിച്ചു പറഞ്ഞ് ചിരിച്ചുകൊണ്ടിരുന്നു. കിടപ്പറയില്‍ നിന്ന് ഹാളും കടന്ന് പുറത്തേക്കുള്ള വാതില്‍ വരെ പത്തു മീറ്റര്‍ അവളെയും എടുത്ത് ഞാന്‍ നടന്നു. അവള്‍ കണ്ണുകളടച്ച് പതുക്കെ പറഞ്ഞു: ”നമ്മള്‍ പിരിയുന്ന കാര്യം നമ്മുടെ മകന്‍ അറിയരുത്”. എന്തോ ചിന്തിച്ചുകൊണ്ട് ഞാന്‍ തലയാട്ടി. ഞാന്‍ വാതില്‍ക്കല്‍ അവളെ ഇറക്കി. അവള്‍ തന്റെ ജോലി സ്ഥലത്തേക്കുള്ള ബസ് കാത്തുനില്‍ക്കാനായി പുറത്തേക്കിറങ്ങി. ഞാന്‍ ഒറ്റയ്ക്ക് ഓഫീസിലേക്ക് ഡ്രൈവ് ചെയ്ത് പോയി.

രണ്ടാമത്തെ ദിവസം കുറച്ച് കൂടി എളുപത്തില്‍ ഞങ്ങള്‍ക്ക് അഭിനയിക്കാനായി. അവള്‍ എന്റെ നെഞ്ചില്‍ തല ചായ്ച്ചു. എനിക്ക് അവളുടെ മുടിയുടെ മണം അനുഭവിക്കാമായിരുന്നു. ഇത്രയും കാലം ഈ പെണ്ണിനെ ശരിക്കും ഒന്ന് ശ്രദ്ധിക്കാന്‍ പോലും എനിക്ക് കഴിഞ്ഞിട്ടില്ല എന്ന് എനിക്ക് തോന്നി. അവളുടെ യുവത്വമൊക്കെ പോയി എന്ന് ഞാന്‍ മനസ്സിലാക്കി. അവളുടെ മുഖത്ത് നേര്‍ത്ത ചുളിവുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അവളുടെ തലമുടി ചെറുതായി നരച്ചു തുടങ്ങിയിരുന്നു. നമ്മുടെ വിവാഹ ശേഷം അവള്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ ഞാന്‍ ഓര്‍ത്തു. ഞാന്‍ എന്താണ് അവള്‍ക്ക് തിരിച്ചു നല്‍കിയതെന്ന് ഞാന്‍ ഒരുവേള ഓര്‍ത്തുപോയി.

നാലാമത്തെ ദിവസം ഞാന്‍ അവളെ കൈയ്യില്‍ എടുത്തപ്പോള്‍ നഷ്ടപ്പെട്ടു പോയ സ്‌നേഹം തിരിച്ചുവരുന്നത് പോലെ എനിക്ക് തോന്നി. തന്റെ ജീവിതത്തിലെ പത്ത് വര്‍ഷങ്ങള്‍ നഷ്ടങ്ങള്‍ മാത്രം സഹിച്ച് എനിക്കായി ഉഴിഞ്ഞുവെച്ച ഒരു പെണ്ണാണ് ഇവള്‍. അഞ്ചാമത്തെയും ആറാമത്തെയും ദിവസം നമ്മള്‍ തമ്മിലുള്ള ഇഷ്ടം കൂടിവരുന്നതായി എനിക്ക് തോന്നി. സോഫിയയോട് ഇക്കാര്യങ്ങള്‍ ഒന്നും ഞാന്‍ പറഞ്ഞിരുന്നില്ല. ആ ഒരു മാസം കഴിയാറായപ്പോഴേക്കും അവളെ എടുത്ത് നടക്കുക എന്ന ജോലി എനിക്ക് അനായാസമായി. അതുമൂലം ഞാന്‍ കൂടുതല്‍ ശക്തനായത് പോലെ. പെട്ടെന്ന് എന്റെ മകന്‍ വന്നു പറഞ്ഞു: ” ഉപ്പാ…ഉമ്മയെ എടുത്ത് പുറത്തേക്ക് കൊണ്ടുപോകാന്‍ സമയമായി…വരൂ”. അപ്പോള്‍ അവള്‍ ആ ദിവസം ധരിക്കാനുള്ള വസ്ത്രങ്ങള്‍ തിരയുകയായിരുന്നു. പക്ഷേ, പാകമായ ഒന്നുപോലും ലഭിച്ചില്ല. എന്റെ വസ്ത്രങ്ങളൊക്കെ വലുതായി എന്നവള്‍ വിലപിച്ചു. അപ്പോഴാണ് ഞാന്‍ ശ്രദ്ധിച്ചത്, അവള്‍ എല്ലും തോലുമായിരിക്കുന്നു. അതുകൊണ്ടാണ് ഇത്ര അനായാസം എനിക്ക് അവളെ എടുത്ത് നടക്കാന്‍ സാധിച്ചത്. കഴിഞ്ഞ പത്തുവര്‍ഷക്കാലം ഞാന്‍ പോലും അറിയാതെ അവള്‍ ഏറെ അനുഭവിച്ചിരിക്കുന്നു. യാന്ത്രികമായി ഞാന്‍ അവളുടെ തലയില്‍ കൈവെച്ചു. മകന്‍ പിന്നെയും വന്ന് ഒച്ചവെച്ചു, ”ഉപ്പാ…ഉമ്മയെ എടുത്ത് കൊണ്ടു പോകാന്‍ സമയമായി”.  ഉമ്മയെ ഉപ്പ എടുത്ത് നടക്കുന്നത് കാണുക എന്നത് ഇപ്പോള്‍ അവന്റെ ജീവിതത്തിന്റെ ഭാഗമായത് പോലെ.

ഭാര്യ അവനെ അടുത്തേക്കു വിളിച്ച് കെട്ടിപ്പുണര്‍ന്നു. അവസാന നിമിഷം മനസ്സ് മാറിയാലോ എന്നു ഭയന്ന് ഞാന്‍ മുഖം തിരിച്ചു. ഞാന്‍ അവളെയും എടുത്ത് ഹാള്‍ വഴി വാതില്‍ക്കലേക്കുള്ള പതിവ് നടത്തം ആരംഭിച്ചു. അവളുടെ കൈകള്‍ എന്റെ കഴുത്തിന് ചുറ്റും വളരെ മൃദുലമായി കിടക്കുന്നു. അവളുടെ ദേഹത്തെ ഞാന്‍ മുറുകെ പിടിച്ചു. പെട്ടെന്ന് ഞങ്ങളുടെ കല്ല്യാണദിവസമാണ് എനിക്ക് ഓര്‍മ വന്നത്. എന്നാല്‍ അവളുടെ ഭാരമില്ലായ്മയും ശോഷിച്ച ശരീരവും എന്നില്‍ സങ്കടമുളവാക്കി.

അവസാന ദിവസം, അവളെയും കയ്യിലെടുത്ത് ഒരു അടി ഞാന്‍ മുന്നോട്ടു വെച്ചു. അപ്പോഴേക്കും മകന്‍ സ്‌കൂളില്‍ പോയിട്ടുണ്ടായിരുന്നു. അവളെ അണച്ചു പിടിച്ച് ഞാന്‍ പറഞ്ഞു: ”സ്‌നേഹത്തിന്റെയും അടുപ്പത്തിന്റെയും കുറവായിരുന്നു നമ്മുടെ ജീവിതത്തില്‍ ഉണ്ടായിരുന്നത്”. ഞാന്‍ വളരെ പെട്ടെന്ന് അവളെ വാതില്‍ക്കല്‍ ഇറക്കി കാറില്‍ കയറി ഓഫീസിലേക്ക് ഡ്രൈവ് ചെയ്തു. മനസ്സ് മാറരുതേ എന്ന് ഞാന്‍ പ്രാര്‍ത്ഥിച്ചു. സോഫിയയുടെ വീട്ടുമുറ്റത്താണ് കാര്‍ ചെന്ന് നിന്നത്. അവിടെ എത്തിയ ഞാന്‍ ആകെ മാറിയിരുന്നു. നേരെ അവളുടെ വീട്ടു വാതില്‍ക്കല്‍ ചെന്നു മുട്ടി. അവള്‍ വന്ന് വാതില്‍ തുറന്നു. ഞാന്‍ പറഞ്ഞു: ”സോഫീ…എനിക്ക് വിവാഹമോചനത്തിന് താല്‍പര്യമില്ല”. അവള്‍ ആകെ അത്ഭുതപ്പെട്ട് എന്നെ തന്നെ നോക്കി നിന്നു. എന്നിട്ട് എന്റെ നെറ്റിയില്‍ കൈവെച്ച് ചോദിച്ചു: ”നിങ്ങള്‍ക്ക് പനിയുണ്ടോ?”. ഞാന്‍ അവളുടെ കൈ പതുക്കെ എടുത്ത് മാറ്റി എന്നിട്ട് പറഞ്ഞു: ”ക്ഷമിക്കണം സോഫീ…എനിക്ക് വിവാഹമോചനത്തിന് താല്‍പര്യമില്ല. പരസ്പരം അറിയാതിരുന്നതാണ് എന്റെയും അവളുടെയും പ്രശ്‌നം. അതുകൊണ്ട് ഞങ്ങള്‍ക്ക് പരസ്പരം സ്‌നേഹിക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ വിവാഹദിവസം ഞാന്‍ അവളെ ഏറ്റി നടന്നത് പോലെ മരണം വരെ നടക്കണം എന്ന് ഞാന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നു.”

അവള്‍ ക്ഷുഭിതയായി എന്റെ മുഖത്ത് ആഞ്ഞടിച്ചു. വാതില്‍ ഉറക്കെ അടച്ച് അവള്‍ കരഞ്ഞു. ഞാന്‍ പതുക്കെ ഗോവണി ഇറങ്ങി കാറില്‍ കയറി അവിടം വിട്ടു. പോകുന്ന വഴിക്ക് ഒരു പൂക്കടയില്‍ കയറി  ഒരു ബൊക്ക ആവശ്യപ്പെട്ടു. ബൊക്കക്ക് പുറത്തുള്ള കാര്‍ഡില്‍ എന്തെഴുതണമെന്ന് കടയിലെ പെണ്‍കുട്ടി എന്നോട് ചോദിച്ചു. ചിരിച്ചുകൊണ്ട് ഞാന്‍ എഴുതി: ”മരണം വരെ നിന്നെ ഞാന്‍ കൊണ്ട് നടക്കും”. ജീവിതത്തിലെ സൂക്ഷ്മാംശങ്ങളാണ് പലപ്പോഴും ദാമ്പത്യബന്ധത്തില്‍ പ്രധാനം. വലിയ പക്വത നടിക്കലല്ല, കുട്ടികളെ പോലെ പരസ്പരം വികൃതിയും സ്‌നേഹവും പങ്കുവെക്കുമ്പോഴേ ദാമ്പത്യം സ്‌നേഹ സമ്പന്നമാകൂ. വലിയ വീടോ കാറോ സ്വത്തുക്കളോ ബാങ്ക് ബാലന്‍സോ കൊണ്ട് യാതൊരു കാര്യവുമില്ല. സ്വന്തം ഇണയെ അറിയാന്‍ കഴിയാത്തിടത്തോളം ഇവയൊക്കെ വ്യര്‍ത്ഥമാണ്. അതുകൊണ്ട് സ്വന്തം ഇണയുടെ അടുത്ത കൂട്ടുകാരനും കൂട്ടുകാരിയുമാകാന്‍ ശ്രമിക്കുക. ചെറിയ ചെറിയ കാര്യങ്ങളില്‍ പരസ്പരം സ്‌നേഹിക്കാനും ശ്രദ്ധിക്കാനും നമുക്ക് സാധിച്ചാല്‍ സ്‌നേഹബന്ധം പരന്നൊഴുകാന്‍ അത് മതിയാകും.

വിവ: അനസ് പടന്ന

Related Articles